പൊന്നിലും തിളക്കമുള്ള ഓലക്കിരീടം ചൂടി വധൂവരന്മാര്‍; കയ്യടിച്ച് പ്രകൃതി

പൊന്നിലും വലുതാണ് ചിലത്. അജിത- അശോക് ദമ്പതികള്‍ രണ്ടു പെണ്‍മക്കളുടെ കല്യാണം നടത്തിയത് കാണൂ.

പൊന്നിലും തിളക്കമുള്ള ഓലക്കിരീടം ചൂടി വധൂവരന്മാര്‍; കയ്യടിച്ച് പ്രകൃതി

നമുക്കു ലളിതമായ കല്യാണങ്ങള്‍ മതി. ഒരു തരി പൊന്നില്ലാതെയും പൂവില്ലാതെയും പാട്ടില്ലാതെയും ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകള്‍ ഇല്ലാത്ത പ്രകൃതിയുടെ മണമുള്ള കല്യാണങ്ങള്‍. പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയ പ്രകൃതിക്കല്യാണത്തിനു കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. പേരാമ്പ്ര കുന്നുമ്മലില്‍ അജിതയുടെയും അശോക് കുമാറിന്റെയും പെണ്‍മക്കളായ ഹിതയുടെയും മിലേനയുടെയും വിവാഹമാണ് തരംഗമാകുന്നത്.

അജിത- അശോക് ദമ്പതികളുടെ മൂത്ത മകളായ മിലേന കോയമ്പത്തൂരില്‍ തനിക്കൊപ്പം പ്രകൃതിചികിത്സ പഠിച്ച ഡോ:പ്രഭുവിനെയും രണ്ടാമത്തെ മകള്‍ ഹിത പരിസ്ഥിതി പ്രവര്‍ത്തകനായ ഐറീഷ് വത്സമ്മയെന്ന യുവാവിനെയുമാണ് വിവാഹം ചെയ്തത്. ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകളില്‍ മക്കളെ തളച്ചിടാതിരുന്ന അശോക് കുമാറും അജിതയും മക്കളുടെ ഇഷ്ടത്തിന് സന്തോഷപൂര്‍വ്വം സമ്മതം മൂളുകയായിരുന്നു.നാടു നീളെ ക്ഷണമുണ്ടായില്ല. മുറ്റത്ത് പന്തലോ, കതിര്‍ മണ്ഡപമോ ഉയര്‍ന്നില്ല, താലിയോ മതപരമായ യാതൊരു ആചാരങ്ങളോ ഉണ്ടായതുമില്ല. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ഒരുക്കിയ ഓലപന്തലില്‍ തെങ്ങോല കൊണ്ട് ഉണ്ടാക്കിയ തൊപ്പി ധരിച്ച് വധുവരന്‍മാര്‍ നിന്നു. നാട്ടിലെ പ്രായം ചെന്ന കര്‍ഷക ദമ്പതികളായ വെള്ളയപ്പനും പാറയമ്മയും വധുവരന്‍മാര്‍ക്കും പുതുവസ്ത്രങ്ങള്‍ കൈമാറി. വെള്ളയപ്പനും പാറയമ്മയ്ക്കും വധുവരന്‍മാര്‍ വൃക്ഷത്തൈകള്‍ തിരിച്ചും കൈമാറിയതോടെ പുതു ജീവിതം തുടങ്ങുന്നതായി വധുവരന്‍മാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം കൃഷിയിടത്തില്‍ നിന്ന് ശേഖരിച്ച പച്ചക്കറികള്‍ കൊണ്ടായിരുന്നു വിവാഹ സദ്യ. ചടങ്ങിനു സാക്ഷികളാകാന്‍ വന്നവര്‍ക്കെല്ലാം വൃഷത്തൈകള്‍ സമ്മാനിക്കുകയും ചെയ്തു.

ഗ്രീന്‍ വെയ്്ന്‍ എന്ന സംഘനടയുടെ സജീവ പ്രവര്‍ത്തകനായ ഐറീഷ് വത്സമ്മയുടെ വിവാഹക്ഷണകത്ത് നവമാധ്യമങ്ങളില്‍ തരംഗമായിരുന്നു. മതപരമായ യാതോരു ചടങ്ങില്ലാതെയും ഒരു തരി സ്വര്‍ണ്ണത്തില്‍ കുളിപ്പിക്കാതെയും സ്ത്രീധനം പറഞ്ഞ് കച്ചവടം ഉറപ്പിക്കാതെയും ഞാനോളെ എന്റെ ജീവിതത്തിലേയ്ക്ക് കൂടെ കൂട്ടുകയാണ്. തിന്നാന്‍ വേണ്ടി ആരും വരേണ്ടതില്ല. നോണ്‍ വെജും മദ്യവും ഉണ്ടാവുന്നതല്ല. മരത്തൈ വേണ്ടവര്‍ക്കു തന്നു വിടുന്നതാണെന്നും ഐറീഷ് വത്സമ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഐറീഷ് നവമാധ്യങ്ങളില്‍ പങ്കു വെച്ച പോസ്റ്റിനു വന്‍ സ്വീകരണമാണ് ലഭിച്ചത്.

ഫെബ്രുവരി 19 ന് പേരാമ്പ്രയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. പരിസ്ഥിതി പ്രവര്‍ത്തകനായ ശോഭീന്ദ്രന്‍ മാഷ് വധുവരന്മാരെ ജൈവകിരീടം എന്ന ഓലത്തൊപ്പി ധരിപ്പിച്ചതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. വൈകീട്ട് മൂന്നുമണിയോടെ വിവാഹച്ചടങ്ങുകള്‍ അവസാനിച്ചതോടെ പാട്ടു പാടിയും ആര്‍ത്തു വിളിച്ചും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹച്ചടങ്ങുകള്‍ ഗംഭീരമാക്കി. കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നുമൊക്കെ വധുവരന്‍മാരുടെ കൂട്ടുകാര്‍ സൈക്കിളിലാണ് എത്തിയത്. സുഹൃത്തുക്കള്‍ക്കു താമസിക്കാനായി വീട്ടുമുറ്റത്തു ടെന്റുകള്‍ തയ്യാറാക്കിയിരുന്നു.

നമ്മുടെ മക്കളുടെ വിവാഹം എങ്ങനെയാണ് നടത്തേണ്ടത് നമ്മളെ മാത്രം ബാധിക്കുന്ന കാര്യമാണ്. ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ അതില്‍ യാതൊരു കാര്യവുമില്ല. ആരുടെയും കുത്തുവാക്കുകള്‍ക്കു ചെവി കൊടുക്കേണ്ടതുമില്ലെന്ന് അശോക് കുമാറും അജിതയും ഒരേ സ്വരത്തില്‍ പറയുന്നു.

(ചിത്രങ്ങള്‍ക്ക് കടപ്പാട്: മനോജ് നിരീക്ഷരന്റെ ബ്ലോഗ്)