തെലങ്കാന: മുസ്ലീം സംവരണ ബിൽ എതിർക്കുമെന്ന് ബിജെപി

മതത്തിനെ ആധാരമാക്കിയുള്ള സംവരണം സമൂഹത്തിനെ നശിപ്പിക്കുമെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്നും രണ്ടര വർഷത്തെ പ്രവർത്തനത്തിനു ശേഷവും ടി ആർ എസ്സിനു അവരുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും തെലങ്കാന ബിജെപി പ്രസിഡന്റ് കെ ലക്ഷ്മൺ.

തെലങ്കാന: മുസ്ലീം സംവരണ ബിൽ എതിർക്കുമെന്ന് ബിജെപി

മുസ്ലീംങ്ങൾക്കു 12 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള തെലങ്കാന സർക്കാരിന്റെ നീക്കത്തെ എതിർക്കുമെന്നു തെലങ്കാന ബിജെപി പ്രസിഡന്റ് കെ ലക്ഷ്മൺ. മതം ആധാരമാക്കി സംവരണം നൽകുന്നത് ചട്ടവിരുദ്ധമാണെന്നു അദ്ദേഹം അറിയിച്ചു.

ശനിയാഴ്ച സംഘാറെഡ്ഡിയിലെ അംബേദ്കർ ചൗരസ്തയിൽ 12 ശതമാനം മുസ്ലീം സംവരണത്തിനെതിരേ ഒപ്പുശേഖരണം ഉൽഘാടനം ചെയ്യുകയായിരുന്നു ലക്ഷ്മൺ. മതത്തെ ആധാരമാക്കിയുള്ള സംവരണം സമൂഹത്തിനെ നശിപ്പിക്കുമെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്നും രണ്ടര വർഷത്തെ പ്രവർത്തനത്തിനു ശേഷവും ടി ആർ എസ്സിനു അവരുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയനേട്ടങ്ങൾക്കായി മുസ്ലീം സമുദായത്തിനെ പ്രീണിപ്പിക്കാനാണു സംവരണം എന്നും അദ്ദേഹം ആരോപിച്ചു.


എന്നാൽ സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഏതെങ്കിലും വിഭാഗക്കാർക്കു സംവരണം നൽകുന്നതിനെ ബിജെപി എതിർക്കില്ലെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന പിന്നോക്കസമുദായക്കാരുടെ ഉന്നമനത്തിനായി സർക്കാർ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്നു അദ്ദേഹം ചോദിച്ചു.

“നിയമസഭയിൽ മുസ്ലീം സംവരണ ബിൽ അവതരിപ്പിക്കാൻ ബിജെപി അനുവദിക്കില്ല. മുഖ്യമന്ത്രി നിയമസഭയിൽ ബില്ല് പാസ്സാക്കിയെടുക്കുകയാണെങ്കിൽ, കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തി അതിനെ തടസ്സപ്പെടുത്തും,” ലക്ഷ്മൺ പറഞ്ഞു.