ജല്ലിക്കട്ടിൽ തകർന്നടിഞ്ഞു ഭാരതീയ ജനതാ പാർട്ടി, പുറംകാലിൽ അടികൊണ്ടുവീണ പനീർസെൽവവും

ഇന്ത്യയിലെ അതിബുദ്ധിമാൻ എന്ന് സ്വയവിശേഷണവുമായി നടക്കുന്ന സുബ്രഹ്മണ്യസ്വാമി തമിഴ്നാട്ടില്‍ ബിജെപി കരുനീക്കി വന്ന ഭാവി തുലാസിലാക്കിയെന്നല്ല, മറിച്ച് അതിനെ അടച്ചുമൂടി എന്നു തന്നെ പറയാം.

ജല്ലിക്കട്ടിൽ തകർന്നടിഞ്ഞു ഭാരതീയ ജനതാ പാർട്ടി, പുറംകാലിൽ അടികൊണ്ടുവീണ പനീർസെൽവവും

ജയലളിതക്ക് ശേഷം ബിജെപി തമിഴ്നാട്ടിൽ ഒരു വലിയശക്തിയാകും എന്നുള്ള ഒരു കാഴ്ചപ്പാട് എല്ലാ രാഷ്ട്രീയ നിരീക്ഷകരിലുമുണ്ടായിരുന്നു. ജയലളിതക്ക് ശേഷം അണ്ണാ ഡിഎംകെ പല തട്ടായി പിരിയുമെന്നും അങ്ങനെവന്നാല്‍ പനീര്‍സെൽവത്തെ കൂടെനിർത്തി കാര്യങ്ങൾ നടത്താം എന്നെല്ലാമായിരുന്നു ഇവരുടെ കണക്കുക്കൂട്ടലുകള്‍.

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സെല്‍വം നടത്തിയ ആദ്യ ഡൽഹി യാത്രയുടെ ഇംപാക്റ്റ്‌ രണ്ടു ദിവസത്തിനകം തന്നെ പ്രകടമായി. ഇൻകം ടാക്സ് ഡിപ്പാർട്മെന്റിനെ ഉപയോഗിച്ച് തന്റെ ചീഫ് സെക്രട്ടറിയെ റെയ്‌ഡ്‌ ചെയ്യിപ്പിച്ചു ടിയാന്‍ ഹരിശ്രീ കുറിച്ചു. ബിജെപിയുടെ കേന്ദ്ര സർക്കിൾ നിന്നും പകര്‍ന്നു കൊടുത്ത മാന്ത്രികതയായിരുന്നു ഈ നീക്കത്തിന്റെ ബുദ്ധികേന്ദ്രം. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ബിജെപിയുടെ ഗുഡ് ലിസ്റ്റില്‍ ഉള്ള ഒരാളെ നിയമിക്കുക കൂടി ചെയ്തപ്പോള്‍ ഉദ്യോഗസ്ഥ ഭരണം പൂർണമായും കൈപ്പിടിയില്‍ എന്ന തന്ത്രവും വിജയിച്ചു.


തുടര്‍ന്ന്, ഒന്നിന് പുറകെ ഒന്നായി ജയലളിതയുടെ ഏറ്റവും അടുത്ത പലര്‍ക്കും പുറത്തേക്കുള്ള വഴി തുറക്കപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും സാക്ഷാല്‍ സുബ്രഹ്മണ്യം സ്വാമിയുടെ നേരിട്ടുള്ള ഇടപെടല്‍ എല്ലാ മേഖലയിലെയും നിയന്ത്രണം ഏറ്റെടുത്തു. അവരുടെ 'ബ്ലൂ ഐ ബോയ്‌' സെല്‍വം മുഖ്യമന്ത്രി പദത്തില്‍ ഒന്നിരുന്നു കൊടുത്താല്‍ മതിയായിരുന്നു. ജല്ലിക്കട്ട് ഇതെല്ലം പൊളിച്ചടുക്കി. ജല്ലിക്കട്ടിനെ ഏറ്റവുമധികം കൂടുതൽ എതിർത്തത് സുബ്രു തന്നെയായിരുന്നെല്ലോ.

മറീന ബീച്ചിൽ വന്നുകൂടിയ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്വാമി വിശേഷിപ്പിച്ചത്‌ 'പെറുക്കികൾ' എന്നായിരുന്നു.രാഷ്ട്രീയമേ ഇല്ലാതിരുന്ന ഒരു നല്ല ശതമാനം തമിഴരെയും സുബ്രു പിന്നെയും ചൊടിപ്പിച്ചു കൊണ്ടിരുന്നു. ജിഹാദികൾ, മാവോയിസ്റ്റ് ആന്റി ഇന്ത്യൻ. തുടങ്ങിയ പദങ്ങളുടെ ഓളത്തില്‍ 'ദേശഭക്തി' വളര്‍ത്താനുള്ള ഒരു ശ്രമമാണ് സുബ്രു പയറ്റിയത്.

പനീര്‍ സെല്‍വം തമിഴ്നാട് നിയമസഭയിലും അതേ സ്വരത്തിൽ ഏറ്റു പാടി- മറീന ബീച്ചില്‍  കൂട്ടം കൂടിയെത്തിയവരില്‍ ജിഹാദികൾ ഉണ്ടായിരുന്നു പോലും. തമിഴ്മക്കളുടെ വൈകാരികത വ്രണപ്പെട്ടപ്പോള്‍ പനീര്‍ സെല്‍വത്തിന്‍റെ കസേര തെറിച്ചു, ഒപ്പം സുബ്രുവും ഔട്ട്‌!

ഇന്ത്യയിലെ അതിബുദ്ധിമാൻ എന്ന് സ്വയവിശേഷണവുമായി നടക്കുന്ന സുബ്രഹ്മണ്യസ്വാമി തമിഴ്നാട്ടില്‍ ബിജെപി കരുനീക്കി വന്ന ഭാവി തുലാസിലാക്കിയെന്നല്ല, മറിച്ച് അതിനെ അടച്ചുമൂടി എന്നു തന്നെ പറയാം.

ജല്ലിക്കട്ടിൽ ഉണ്ടായ സാമൂഹിക വേർതിരിവും ശ്രദ്ധേയം. ഉയർന്ന ജാതി- താഴ്ന്ന ജാതി, ബ്രാഹ്മണന്‍- അബ്രാഹ്മണന്‍ അങ്ങനെ നീണ്ടു ആ വേര്‍ത്തിരിവ്. കർഷകർ അവരുടെ കാര്‍ഷിക വിളവെടുപ്പുമായി ബന്ധപ്പെട്ടു അവരുടെ മെരുക്കളെവെച്ച് നടത്തുന്ന ആഘോഷത്തെ സുപ്രീം കോടതി തടഞ്ഞു.

തമിഴൻ ചില ചോദ്യങ്ങൾ ചോദിക്കാന്‍ തുടങ്ങിയാതപ്പോഴാണ് കാവേരി ജലം തമിഴ്നാടിനു കൊടുക്കുവാൻ പരമോന്നത കോടതിയുടെ ഉത്തരവുണ്ടായപ്പോൾ കർണാടക സർക്കാർ ഇതിനെ എതിർത്തു. മുല്ലപെരിയാർ വിഷയത്തിലും ഇതുപോലെ തന്നെ സംഭവിച്ചു. അപ്പോഴെല്ലാം ഈ കോടതി എവിടെപ്പോയി?

അവരുടെ ചോദ്യങ്ങൾക്കു മതിയായ ഉത്തരമുണ്ടായില്ല. ജല്ലിക്കട്ടില്‍ നിങ്ങൾ ഇടപെടേണ്ട അതു ഞങ്ങൾ നടത്തും എന്നായി അവരുടെ ഭാവം. പ്രക്ഷോഭം അക്രമത്തിലെ നീങ്ങി സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കി, ജല്ലിക്കട്ട് പുനഃസ്ഥാപിച്ചു.

ജാതീയമായി തിരിഞ്ഞ ജെല്ലിക്കെട്ട് ബിജെപിയുടെ തമിഴ്നാട് മോഹം തകർത്തു. എങ്ങനെയാണ് എന്നല്ലേ? കീഴ്ജാതിക്കാരായ തമിഴിന് ശരിക്കും അറിയാം ഉന്നതജാതി രാഷ്ട്രീയ മുന്നണിയാണ് ഭാരതീയ ജനത പാർട്ടിയെന്ന്. തൊട്ടുകൂടായ്മയും തീണ്ടലും ഏറ്റവുമധികമുള്ള  ഒരു സംസ്ഥാനമാണ് തമിഴ്നാട്. മധുരയ്ക്ക്  സമീപമുള്ള 'ഉത്തപുരം' ഗ്രാമത്തിൽ ഈയുള്ളവൻ പോയിട്ടുണ്ട്. അവിടെ കീഴ്ജാതിക്കാരനെയും മേല്ജാതിക്കാരെയും വേര്‍ത്തിരിക്കുന്ന ഉയരം കൂടിയ മതിലുണ്ട്, കീഴ്ജാതിക്കാര്‍ക്ക് വേറെ കിണർ, ക്ഷൌരം ചെയ്യാന്‍ വേവെവ്വേറെ സലൂണ്‍, ചായക്കടകൾ അങ്ങനങ്ങനെ..

ദ്രാവിഡിയൻ പാർട്ടികളിലെ അഴിമതിയും സ്വന്തക്കാരെ തിരുകികയറ്റുവാനുള്ള അവരുടെ കുബുദ്ധിയും, പെരിയാറിനെ മറന്നുള്ള പോക്കും, വേറികെട്ട ജാതിക്കെതിരെയുള്ള സമരങ്ങൾ എവിടെയും ചെന്നെത്തിച്ചില്ല. സിനിമയിലെ താരങ്ങൾ തമിഴനെ വല്ലാതെ ആകർഷിച്ചു, അവർ അവരെ ഭരിക്കാൻ ഏല്പിച്ചു താരങ്ങൾ അവരെ ഭരിച്ചു, ഗോസ്സിപ്പിനും കുറവുണ്ടായില്ല. ജാതിയകോമരങ്ങൾ പല ആവർത്തി വർഗീയ ലഹളകൾ തൊടുത്തുവിട്ടു, ലക്‌ഷ്യം വോട്ടുകൾ മാത്രമായിരുന്നു.ഇന്നും അത് തുടരുന്നു..

പെറുക്കികൾ എന്ന് തമിഴനെ വിളിച്ചു അധിക്ഷേപിച്ച സുബ്രുവിന്‍റെ  മോഹമായിരുന്നു ചായക്കടയിൽ നിന്നും മുഖ്യമന്ത്രി പദത്തിൽ എത്തിയ പനീർസെൽവത്തെ മുന്നിൽ വച്ചുള്ള കളിയില്‍ തമിഴ്നാട് കൈയ്യിലൊതുക്കാം എന്നുള്ളത്. ജല്ലിക്കട്ടിൽ അത് തകർന്നു. തമിഴ്നാട് ഭരണം ബിജെപിയുടെ സ്വപ്നമായി അവശേഷിക്കുന്നു...