സിനിമാക്കാരേ... ആ ക്രിമിനലുകളുടെ 'പിതൃത്വം' നിങ്ങൾ ചുമന്നാൽ മതി... മലയാളിയ്ക്കു സൌകര്യപ്പെടില്ല

സത്യം പറയാൻ മറൈൻ ഡ്രൈവിൽ പെണ്ണൊരുത്തിയേ ഉണ്ടായിരുന്നുളളൂ. മഞ്ജു വാര്യർ. സംഭവത്തിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് അവർ തുറന്നടിച്ചു. മറ്റുള്ളവരെല്ലാം അഴകൊഴമ്പൻ സാഹിത്യം പറയുകയായിരുന്നു. അറുപൈങ്കിളി സിനിമയിൽ കണ്ടുപഴകിയ അറുബോറൻ വളിപ്പുകൾ.

സിനിമാക്കാരേ... ആ ക്രിമിനലുകളുടെ

സിനിമാതാരം  ആക്രമിക്കപ്പെട്ടതിനെതിരെ ഉയർന്ന പ്രതികരണങ്ങളിൽ രഞ്ജി പണിക്കരുടേതായിരുന്നു ഏറ്റവും തകർപ്പൻ. മനോരമ അതിങ്ങനെ റിപ്പോർട്ടു ചെയ്യുന്നു:

സ്ത്രീയുടെ ശരീരം കാണാൻ ഒളിഞ്ഞു നോക്കുന്ന പരിഷ്കൃത സമൂഹത്തിന്റെ കഴുകൻ കണ്ണുകളാണ് ഇവിടെയുളളത്. വാട്സാപ്പിലും മറ്റും തിരയുന്നത് ഇതിനു വേണ്ടിയാണ്. സ്ത്രീയെ ശരീരമായി കാണുന്നതുകൊണ്ടാണിത്. സ്ത്രീയെ ബഹുമാനിക്കുന്ന ഒരന്തരീക്ഷത്തിലേയ്ക്കു കേരളം മാറണം.

ഇതേ രഞ്ജി പണിക്കരുടെ മകൻ നിതിൻ പണിക്കരുടെ കന്നി സിനിമാ സംരംഭമായിരുന്നു മമ്മൂട്ടി നായകനായ കസബ. അതിലൊരു രംഗം വിഖ്യാതമാണ്.  ഐപിഎസ് മേലുദ്യോഗസ്ഥയുടെ അടിവയറ്റിനു നായകനും സർക്കിൾ ഇൻസ്പെക്ടറുമായ  രാജൻ സഖറിയ കുത്തിപ്പിടിക്കുന്ന രംഗം.

ദോഷം പറയരുതല്ലോ സർക്കിൾ ഇൻസ്പെക്ടറോടു കോർക്കാനിറങ്ങിയപ്പോൾ ഐപിഎസുകാരിയെക്കൊണ്ട് ഒരു ബട്ടണും അഴിപ്പിച്ചു, സംവിധായകൻ. ഒരുമ്പെട്ടിറങ്ങിയ പെണ്ണ് ഇരന്നു വാങ്ങിയെന്നു തോന്നിപ്പിച്ചില്ലെങ്കിൽ നായകന്റെ സൽപ്പേരിനെ ബാധിക്കും. അതു ചെയ്യാൻ പാടില്ല.

പെണ്ണിന് ഐപിഎസു കിട്ടിയിട്ടൊന്നും ഒരു കാര്യവുമില്ല. ആണൊരുത്തൻ പൂണ്ടടക്കം പിടിച്ചാൽ അവൾ തരളിതപുളകിതയാവും. അതാണ് പിതാവു വളർത്തിയ പുത്രൻ്റെ സ്ത്രീ സങ്കൽപം. അങ്ങനെ വാരിപ്പിടിച്ചു ഡയലോഗു വീശുന്ന ആണിനേ  ബോക്സോഫീസിനെ ഇളക്കി മറിക്കാനാവൂ.   സ്ത്രീയെ ബഹുമാനിക്കുന്ന ഒരന്തരീക്ഷത്തിലേയ്ക്ക് കേരളത്തെ മാറ്റാൻ പോന്ന ഇത്തരം കഥാപാത്രങ്ങൾ ഇനിയും ആ തൂലികയിൽ സ്വയംഭൂവാകട്ടെ.

രാജൻ സഖറിയയെ അനശ്വരമാക്കിയ മമ്മൂട്ടിയും  സംഭവത്തിൽ പ്രതികരിച്ചു.  അദ്ദേഹത്തിന്റെ വാക്കുകൾ മനോരമയിലുണ്ട്.   "നമ്മുടെ അമ്മമാർ മനുഷ്യരൂപം പൂണ്ട ഇത്തരം ക്രൂരന്മാരെ പ്രസവിക്കാതെ വീരന്മാരെ പ്രസവിക്കട്ടെ" എന്നായിരുന്നു ആഹ്വാനം. തരക്കേടില്ലാത്ത ആഹ്വാനമാണത്. ക്രൂരതയുടെ ബീജത്തിൽ നിന്ന് വീരപുത്രനെ സൃഷ്ടിക്കണം. അമ്മമാർക്കാണ് ചുമതല. ഗർഭപാത്രം സെലക്ടീവാകേണ്ടി വരുമെന്നു ചുരുക്കം.

സത്യം പറയാൻ മറൈൻ ഡ്രൈവിൽ പെണ്ണൊരുത്തിയേ ഉണ്ടായിരുന്നുളളൂ. മഞ്ജു വാര്യർ. സംഭവത്തിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് അവർ തുറന്നടിച്ചു. മറ്റുള്ളവരെല്ലാം അഴകൊഴമ്പൻ സാഹിത്യം പറയുകയായിരുന്നു. അറുപൈങ്കിളി സിനിമയിൽ കണ്ടുപഴകിയ അറുബോറൻ വളിപ്പുകൾ.

മനുഷ്യൻ നന്നാവുകയേ പോംവഴിയുളളൂവെന്ന് രഞ്ജിത്ത്. അപവാദം പറഞ്ഞു പരത്തുന്ന മാധ്യമങ്ങളെ നിശിതമായി വിമർശിച്ചു,  ഇന്നസെന്റ് എം പി. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇങ്ങനെയൊക്കെ ആകാമോയെന്ന അത്ഭുതം ദിലീപിന്. മലയാളിയുടെ ധാർഷ്ട്യത്തിനു കിട്ടിയ അടിയാണെന്ന് സംവിധായകൻ കമൽ. സമൂഹത്തിൽ മികച്ച ആൺകുട്ടികളെ വാർത്തെടുക്കാൻ മാതാവിന്റെ ശ്രദ്ധ അനിവാര്യമാണെന്ന് സുരേഷ് ഗോപി.ഇനിയൊരിക്കലും ഇങ്ങനെയൊരു സങ്കടകഥ കേൾക്കാനിടയാവരുതേയെന്ന് റഹ്മാൻറെ പ്രാർത്ഥന. നടിയെ തട്ടിക്കൊണ്ടുപോയവരെ മനുഷ്യരെന്ന് വിളിക്കാൻ പോലും കഴിയില്ലെന്ന് മോഹൻ ലാൽ ഫേസ് ബുക്കിൽ.

കടത്തിപ്പറഞ്ഞത് കെപിഎസി ലളിതയാണ്. നൂറു വർഷത്തിലേറെയായുളള സിനിമാ ലോകത്ത് ഇത്തരമൊരു സംഭവം കേട്ടിട്ടേയില്ലെന്ന്.

പാവമാണ് ലളിതച്ചേച്ചി. ഇതേ പൾസർ സുനി മറ്റൊരു യുവനടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കഥ നിർമ്മാതാവ് സുരേഷ് കുമാറും മേനകയും വെളിപ്പെടുത്തിയത് ഇതേവരെ അവരറിഞ്ഞിട്ടില്ല. അവരെ ആരും ഒന്നും അറിയിച്ചിട്ടില്ല.

മുമ്പ് മൂന്നു നടിമാർക്ക് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്ന് സംവിധായകനും നിർമ്മാതാവുമായ ലാൽ. എറണാകുളത്തെ പ്രതിഷേധക്കൂട്ടായ്മയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

എന്നിട്ടും കൊടും ക്രിമിനലുകൾ സിനിമാലോകത്ത് വിലസുന്നതിന് പാവം മലയാളി എന്തു പിഴച്ചു?

അപ്പോൾ, വീരനായകന്മാരെ.. അവരുടെ സൃഷ്ടാക്കളേ... ആരാണ് പ്രശ്നക്കാരൻ..? മലയാളിയോ നിങ്ങളോ...?

മലയാളികളുടെ നിർബന്ധത്തിനു വഴങ്ങിയാണോ നിങ്ങളിൽ പലരും പൾസർ സുനിയെ ഡ്രൈവറാക്കിയത്? മുകേഷിന്റെ ഡ്രൈവറായിരുന്നു ഇതേ സുനി. ഒരു വർഷത്തോളം. ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പാവം നടന് അറിയില്ലായിരുന്നത്രേ. നിഷ്കളങ്കവേഷങ്ങളാണല്ലോ മുകേഷിനെ മുകേഷാക്കിയത്.

ഡ്രൈവറെ നിയമിക്കുന്ന ആരും ആദ്യം കണക്കിലെടുക്കുക, വിശ്വാസ്യതയും പരിചയവുമാണ്. ഒരു പരിചയവുമില്ലാത്ത ആൾക്ക് മുകേഷ് അപ്പോയിന്മെന്റ് ഓഡർ നൽകിയെന്നു നാം വിശ്വസിക്കണമത്രേ. സിനിമയല്ല.., സർ.. ഇത് ജീവിതമാണ്.. ഡയലോഗടിക്കുമ്പോൾ സൂക്ഷിക്കണം.

മാർട്ടിനെങ്ങനെ ആക്രമിക്കപ്പെട്ട താരത്തിന്റെ ഡ്രൈവറായി?  ആരാണ് അയാളെ ചുമതലപ്പെടുത്തിയത്? അയാ ൾ ഫെഫ്കയിൽ അംഗമല്ലെന്ന് അതിന്റെ നേതാവ് ബി ഉണ്ണികൃഷ്ണൻ. പിന്നെങ്ങനെ ഇതൊക്കെ സംഭവിച്ചു?

ആരാണ് അയാളെ ആ കാറിന്റെ വളയമേൽപ്പിച്ചത്?  മലയാളിയാണോ ? അതോ വീരപുത്രന്മാരെ പ്രസവിക്കാത്ത അമ്മമാരോ.. വളിപ്പു ഡയലോഗുകൾക്കും പരക്കൂതറ രംഗങ്ങൾക്കും വിസലിടിക്കുന്ന മലയാളി പുരുഷാരമോ...? കാര്യം പറയുമ്പോൾ തെളിച്ചു പറയണം.

അവരൊന്നുമല്ല, നിങ്ങളാണ് പ്രതികൾ. നിങ്ങളെന്നു വെച്ചാൽ  സിനിമാ പുരുഷന്മാർ...  സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്ന പുരുഷന്മാർ. നിങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം നിങ്ങളേറ്റെടുത്താൽ മതി. അതു ചുമക്കാൻ മലയാളിയെന്ന സർവനാമം വേണ്ട.

നിങ്ങളുടെ ചെക്കുകേസുകൾ. നിങ്ങളുടെ സ്വത്തു തർക്കങ്ങൾ. ഇടനില ചർച്ചകൾ, ഒത്തുതീർപ്പുകൾ, വെട്ടിപ്പിടിക്കലുകൾ. നിങ്ങളുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ. നിങ്ങളുടെ പെൺമോഹങ്ങൾ.. എല്ലാത്തിനും വേണ്ടി നിങ്ങളുണ്ടാക്കിയ അധോലോക സാമ്രാജ്യത്തിന്റെ സംരക്ഷണത്തിന് നിങ്ങൾ ചുമതലപ്പെടുത്തിയ ക്രിമിനലുകളാണ് പൾസർ സുനിയും മാർട്ടിൻ ആന്റണിയും വടിവാൾ സലീമും കൊടുവാൾ പ്രദീപുമൊക്കെ. മംഗലശേരി നീലകണ്ഠന്റെയും രാജൻ സക്കറിയയുടെയുമൊക്കെ യഥാർത്ഥ സന്തതികൾ..

അവരുടെ പിതൃത്വം നിങ്ങളേറ്റാൽ മതി... മലയാളിയ്ക്കു സൌകര്യപ്പെടില്ല.

നടന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്ന് തുറന്നടിച്ച മഞ്ജു വാര്യർക്ക് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ..

Read More >>