മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്കു രാത്രി വിലക്ക്: സ്ത്രീ സ്വാതന്ത്ര്യം കഠിനമെന്‍ കര്‍ത്താവേ

അമ്പതു പിന്നിട്ട മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ സ്ത്രീയോട് 'അച്ചായനെ തൊട്ടുരുമ്മാന്‍ രാത്രി പന്തലില്‍ തന്നെ വരണമല്ലേ' എന്ന് ചോദിക്കുന്ന തരം മാന്യതയാണ് 'വിശ്വാസികളുടെ' ഭാഗത്തു നിന്നും ഉണ്ടായത്.

മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്കു രാത്രി വിലക്ക്: സ്ത്രീ സ്വാതന്ത്ര്യം കഠിനമെന്‍ കര്‍ത്താവേ

നൈതിക് മാത്യു ഈപ്പന്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വെന്‍ഷനാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍. മാരാമണ്ണില്‍ പമ്പയാറില്‍ തെളിയുന്ന മണല്‍പ്പരപ്പില്‍ മാര്‍ത്തോമ്മാ സഭയിലെ സുവിശേഷ പ്രസംഗ സംഘം എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന 122 -ാം കണ്‍വെന്‍ഷന്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആത്മീയ ആഘോഷം.

കുറെയധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാത്രികാലത്ത് പന്തലില്‍ ഉണ്ടായ ചില അനിഷ്ട സംഭവങ്ങള്‍ കാരണം സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ആറരയോടെ സ്ത്രീകള്‍ മണല്‍പ്പുറത്തുനിന്നും മടങ്ങണമെന്ന ക്രമീകരണം ഉണ്ടാക്കി. കാലമിത്ര കഴിഞ്ഞിട്ടും (സ്ത്രീ സുരക്ഷയ്ക്കായി സഭ കൂടുതല്‍ ഒന്നും ചെയ്യാഞ്ഞത് കൊണ്ടാവാം) ആറരയ്ക്കു ശേഷമുള്ള വിലക്ക് ഇപ്പോഴും തുടരുന്നു.


ഓരോ കൊല്ലവും മണല്‍പ്പുറത്ത് പ്രവേശിക്കാനാവാത്തതു കൊണ്ട് ഇരു തീരങ്ങളിലും ഇരുന്ന് പ്രസംഗം കേള്‍ക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു. വാഹന സൗകര്യം കൂടിയതുകൊണ്ടു തന്നെ ദൂരെ നിന്ന് കാറിലും ടൂറിസ്റ്റ് ബസിലും മറ്റുമെത്തി ഒരു ദിവസത്തെ മുഴുവന്‍ യോഗത്തിലും പങ്കെടുത്ത് മടങ്ങുന്ന കുടുംബങ്ങളും നിരവധി. അവരില്‍ പലരുടെയും പുരുഷന്മാര്‍ പന്തലിലും സ്ത്രീകള്‍ കരയിലും ആണ്. ചിലര്‍ കരയില്‍ സ്ത്രീകള്‍ക്കൊപ്പം ഇരിക്കുന്നു. ചിലര്‍ യോഗം തന്നെ ഉപേക്ഷിച്ചു മടങ്ങുന്നു.പന്തലില്‍ ഉള്ളതിന്റെ ഇരട്ടിയിലധികം പൊതുജനം ഈ ഒരാഴ്ച്ച രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഈ പ്രദേശത്ത് വിഹരിക്കുന്നു. പ്രധാനമായും ഇരുകരകളിലുമായി പടര്‍ന്നു കിടക്കുന്ന വാണിജ്യ കേന്ദ്രങ്ങളില്‍. സുരക്ഷ മുന്‍നിര്‍ത്തി തുടങ്ങിയ താത്കാലിക ക്രമീകരണങ്ങള്‍ അന്തഃസത്തയോര്‍ക്കാതെ വിലക്കിന്റെ രൂപത്തില്‍ അനാചാരമായി തുടരുന്നു. സ്ത്രീക്കും പുരുഷനും ഭിന്നലിംഗക്കാര്‍ക്കും ഒരേ സാദ്ധ്യതകള്‍ ലഭ്യമാകുന്ന സമൂഹത്തില്‍ പ്രായോഗികതയെന്ന യുക്തിരഹിതമായ വാദം ഇപ്പോള്‍ അപ്രസക്തമാകുകയാണ്.

മേല്‍പറഞ്ഞ അവസ്ഥകളില്‍ ഉള്ളതിലും എന്തു സുരക്ഷാ ഭീഷണിയാണ് പന്തലിനുള്ളില്‍ ഇരുന്ന് ഒരു യോഗം കേട്ടതു കൊണ്ട് ഉണ്ടാവുക? അപ്പോള്‍ പിന്നെ മാറ്റങ്ങളോടുള്ള അന്ധമായ വിമുഖതയും സ്ത്രീ ചൊല്‍പ്പടിക്കു നില്‍ക്കേണ്ടവളാണെന്ന പൊതു ധാരണയും മാത്രമാണ് ഈ കീഴ്‌വഴക്കത്തിനു പിന്നില്‍. ഈ സാഹചര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ലഘുലേഖ പ്രസിദ്ധീകരിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്ന സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിങ് കമ്മിറ്റി അംഗമായ ഷിജു അലക്‌സ്, മാനേജിങ് കമ്മറ്റിയില്‍ ഈ വിഷയത്തില്‍ പ്രമേയത്തിന് അവതരണാനുമതി തേടുന്നത്. പ്രമേയ അവതരണത്തിനു മുന്നോടിയായി ഷിജു അലക്‌സ് പ്രശസ്തിയ്ക്കു യാതൊരു ആഗ്രഹവും ഇല്ലെന്നും സഭ അനുകൂല നിലപാട് എടുക്കുകയാണെങ്കില്‍ പ്രമേയം പിന്‍വലിക്കാമെന്നും സഭയുടെ കാലികമായ നിലപാടാണ് ആഗ്രഹിക്കുന്നതെന്നും കാണിച്ച് മെത്രാപ്പോലീത്തയ്ക്കു വ്യക്തിപരമായ കത്ത് നല്‍കിയിരുന്നു.എന്നാല്‍ പ്രമേയം അവതരിപ്പിച്ചു തള്ളുകയെന്ന സാമാന്യ മര്യാദ പോലും ഇല്ലാതെ അവതരണാനുമതി സൂത്രത്തില്‍ നിഷേധിക്കുന്ന നിലപാട് സഭ കൈകൊണ്ടപ്പോഴാണ് ഇതിനു പ്രതിഷേധ സ്വഭാവം കൈ വന്നത്. ഇത് ഒറ്റപ്പെട്ട ശബ്ദമാണെന്നായിരുന്നു സഭയുടെ നിലപാട്. മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഒളിച്ചുകളിക്കുന്ന നിലപാടായിരുന്നു സഭാ നേതൃത്വത്തിന്റേത്. കണ്‍വെന്‍ഷന്‍ പത്രസമ്മേളനം മാറ്റി വച്ചിട്ട് പുതിയ സമയം കമ്മിറ്റി അംഗങ്ങളെ മാത്രം അറിയിച്ചു തിടുക്കത്തില്‍ പത്രസമ്മേളനം നടത്തി തടിതപ്പുകയായിരുന്നു സഭാ നേതൃത്വം ചെയ്തത്. പത്രക്കാരുടെ ചോദ്യത്തെ ഭയന്നു മറ്റൊരു പത്ര സമ്മേളനം പൂര്‍ണ്ണമായി ഉപേക്ഷിച്ചു. തെരഞ്ഞെടുക്കപ്പെട്ട വേദിയില്‍ നിലപാട് അറിയിക്കാന്‍ ശ്രമിച്ചതിന് ഷിജു അലക്‌സിന്റെ ജോലി തെറിപ്പിക്കുകയുമാണ് സഭാ നേതൃത്വം ചെയ്തത്.

ഈ കാര്യം ആശയപരമായി ഉയര്‍ത്തുന്നവരെ കയ്യേറ്റം ചെയ്യാനും പച്ചത്തെറികൊണ്ട് അഭിഷേകം നടത്താനുമാണ് 'വിശ്വാസികള്‍' എന്ന് അവകാശപ്പെടുന്നവര്‍ ശ്രമിച്ചത്. അമ്പതു പിന്നിട്ട മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ സ്ത്രീയോട്, 'അച്ചായനെ തൊട്ടുരുമ്മാന്‍ രാത്രി പന്തലില്‍ തന്നെ വരണമല്ലേ' എന്ന് ചോദിക്കുന്ന തരം മാന്യതയാണ് ഈ 'വിശ്വാസി'കളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ പലരുമാണ് ഇന്നലെ ഈ പ്രതിഷേധത്തിനായി അണി നിരന്നത്. ഇവരെ കൂട്ടിക്കൊടുപ്പുകാരായും ഞരമ്പു രോഗികളായും വേശ്യകളായും ചിത്രീകരിക്കാന്‍ ശ്രമം ഉണ്ടായി. പലരെയും ഫെമിനിസ്റ്റുകളായും ഇടതുപക്ഷക്കാരായും മുദ്രകുത്തി. മദ്യനിരോധന കാലത്ത് 'വി എം സുധീരന്‍ ഈ വീടിന്റെ ഐശ്വര്യം' എന്ന് ആക്ഷേപ ഹാസ്യ രൂപത്തില്‍ അല്ലാതെ ആത്മാര്‍ഥമായി വീടിന്റെ മുന്നില്‍ എഴുതിയൊട്ടിച്ച പ്രൊഫ. സി മാമച്ചന്‍ സാര്‍ ഒരു ദിവസം കൊണ്ട് കമ്യൂണിസ്റ്റുകാരനായതു കേട്ട് സമരപ്പന്തലില്‍ ഇരുന്ന് ചിരിച്ചു കാണും.

വിശ്വാസം ആചരിക്കപ്പെടേണ്ടതല്ല, സമൂഹത്തില്‍ കാലികമായി നിര്‍വഹിക്കപ്പെടേണ്ടതാണ് എന്നു വിശ്വസിക്കുന്നവരുടെ കൂട്ടായ്മ മാത്രമാണിത്. സ്ഥലത്തില്ലാതെ പോയതുകൊണ്ടു മാത്രം 'ഞരമ്പു രോഗി' ആവാന്‍ കഴിയാതെ പോയ ഹതഭാഗ്യനാണ് ഞാന്‍. സ്ത്രീകളെ എല്ലാവരേയും രാത്രി പന്തലില്‍ ഇറക്കി യോഗം കേള്‍പ്പിക്കുക എന്നതല്ല ഈ കൂട്ടായ്മയുടെ ലക്ഷ്യം. അത് അവരവരുടെ തീരുമാനമാണ്. എന്നാല്‍, അങ്ങനെ പന്തലില്‍ ഇരുന്ന് യോഗം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സ്ത്രീ പുരുഷ ഭേദമെന്യേ അതിനുള്ള അവകാശം ഉറപ്പുവരുത്തുക മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് സഭയുടെ കാലികമായ ധര്‍മം കൂടിയാണ്.

അതല്ല, മണല്‍പ്പുറത്ത് രാത്രി സ്ത്രീകള്‍ ഇറങ്ങിയാല്‍ അവര്‍ ഉപദ്രവിക്കപ്പെടും എന്നു പറഞ്ഞാലും, പന്തലിന്റെ വിശുദ്ധി നഷ്ടപ്പെടുമെന്ന് പറഞ്ഞാലും സഭ ഇനി കൂടുതല്‍ കൂടുതല്‍ അപഹാസ്യമാകുകയാണ്. അത് തിരിച്ചറിയുകയും പന്തലിനെ ഒരു പൊതു ഇടം (Common Space) എന്ന നിലയില്‍ ഉള്‍ക്കൊള്ളുകയും പ്രഖ്യാപിക്കുകയും, ചരിത്രപരമായ ആ പ്രഖ്യാപനത്തിനു മാര്‍ത്തോമ്മാ സഭ ദീപശിഖയേന്തുകയും ചെയ്യുന്ന കാലം ദൂരെയല്ലയെന്നു തന്നെ പ്രതീക്ഷിക്കുന്നു.

Read More >>