'ചില ചാനലുകളെ'ന്ന് നടന്‍ ലാല്‍ പറഞ്ഞ ഭാഗം മുറിച്ചുമാറ്റി കൈരളി സ്വയം കുറ്റം ഏറ്റെടുത്തു; ചാനലിലെ പരാമര്‍ശം നടിയെ തളര്‍ത്തി

ഇക്കിളി തിരയുന്നതിന്റെ അപകടം കൈരളി ചാനലിനെ തേടിയെത്തിയത് സ്വന്തം ചെയര്‍മാന്‍ വിളിച്ചുചേര്‍ത്ത പൊതുസദസ്സില്‍. ചില ചാനലുകളുടെ നിലപാടുകള്‍ മൂലം നിയമപോരാട്ടത്തില്‍ നിന്നും നടി പിന്മാറാന്‍ തീരുമാനിച്ചു എന്നു വിളിച്ചു പറഞ്ഞത് നടന്‍ ലാലാണ്. കൈരളിയാണ് വിഷയത്തില്‍ മാപ്പ് പറഞ്ഞ ചാനല്‍. ലാലിന്റെ പരാമര്‍ശം പുനഃസംപ്രേക്ഷണത്തില്‍ മുറിച്ചു മാറ്റുകയും ചെയ്തു.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ഇക്കിളി തിരഞ്ഞ കൈരളിക്കു കിട്ടിയ മുഖമടച്ചുള്ള അടിയായിരുന്നു റീമാ കല്ലിങ്കലിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്. 'സുനിയും നടിയും തമ്മില്‍ എന്ത് ? തട്ടിക്കൊണ്ടു പോകലിനിരയായ നടി നേരിട്ടത് ക്രൂര പീഡനങ്ങള്‍: ലൈംഗിക വൈകൃതങ്ങള്‍ക്ക് നിര്‍ബന്ധിച്ച് വീഡിയോയില്‍ പകര്‍ത്തി' എന്ന നിലയിലുള്ള ഞരമ്പു രോഗികള്‍ക്കായുള്ള വാര്‍ത്തകള്‍ കൈരളി വലിയ തലക്കെട്ടുകളില്‍ അവതരിപ്പിച്ചിരുന്നു. നടി നേരിട്ട ക്രൂര പീഡനങ്ങളില്‍ ഇക്കിളി തിരിയുന്ന വാര്‍ത്താ സംസ്‌കാരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായപ്പോള്‍ കൈരളി മാപ്പു പറഞ്ഞു.


തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ ആഘാതം എന്തെന്ന് വ്യക്തമാക്കുന്നതായി നടിക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചാനലിന്റെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കൂട്ടായ്മയില്‍ നടന്‍ ലാല്‍ പറഞ്ഞ വാക്കുകള്‍. അത് ആഴത്തില്‍ പതിച്ചത് കൈരളിയുടെ നെഞ്ചിലാണ്. അതുകൊണ്ടുതന്നെ, 'ചില ചാനലുകള്‍ നടത്തിയ മാധ്യമ വിചാരണയില്‍ മനസു മടുത്തു നടി പിന്മാറാന്‍ ഒരുങ്ങി' എന്ന ലാലിന്റെ പരാമര്‍ശം മുറിച്ചുമാറ്റിയാണ് കൈരളി പുനഃസംപ്രേഷണം ചെയ്തത്. നടിക്കുണ്ടായ ദുരന്തത്തെ ആഘോഷമാക്കി കഥകള്‍ മെനയുന്ന മാധ്യമപ്രവര്‍ത്തനത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് പ്രതിഷേധം ശക്തമാകുമ്പോഴാണ്‌ കൈരളിയുടെ സ്വയം വിമര്‍ശനം.

അതുവരെ ധീരമായി നിന്ന നടിയെ തളര്‍ത്തിയത് എപ്പോഴായിരുന്നു എന്ന് ചാനലിലെ ചില പരാമര്‍ശങ്ങളെ പറ്റി തുറന്നുപറയുന്ന ലാലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.
ലാലിന്റെ വാക്കുകള്‍:

ഈ സങ്കടകരമായ സംഭവം ഉണ്ടായപ്പോള്‍ തന്നെ ആദ്യം അവള്‍ എന്റെ വീട്ടിലേക്കാണ് ഓടി എത്തിയത്. എന്തുചെയ്യണമെന്ന് അറിയാന്‍ പാടില്ലാത്ത അവസ്ഥയില്‍.ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫുക്രിയുടെ സെറ്റില്‍ വച്ച് പരിചയപ്പെട്ടപ്പോള്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. അത് ഓര്‍മ്മ വന്നപ്പോള്‍ പതിനൊന്ന് മണിക്ക് തന്നെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. എറണാകുളത്തുള്ള എല്ലാ ഓഫിസേഴ്സും തിരുവനന്തപുരത്ത് നിന്നുള്ള ഓഫിസേഴ്സും തൊട്ടടുത്ത് നിമിഷം എത്തി. വളരെ പെട്ടെന്നുള്ള ശക്തമായ അന്വേഷണവും കാര്യങ്ങളും അത്ഭുതകരമായ കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. നേരം വെളുത്തിട്ടും ഇവരാരും പോയില്ല. എല്ലാവരും വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. കുറച്ചുപേര്‍ അന്വേഷണത്തിനും തെളിവെടുപ്പിനും ആയിട്ട് പുറത്തേക്ക് പോയി ബാക്കിയുള്ളവര്‍ വീട്ടില്‍ തന്നെയായിരുന്നു. ആദ്യം പൊലീസിന് നന്ദി രേഖപ്പെടുത്തുന്നു.

Image result for kairali people

കുറച്ചു കഴിഞ്ഞപ്പോള്‍ ബെഹ്‌റ സാറ് വിളിച്ചിട്ടുണ്ടായിരുന്നു. എന്താണ് കുട്ടിയുടെ അവസ്ഥ ഞാന്‍ പറഞ്ഞു വല്ലാതെ വിരണ്ട് രക്തംപോലുമില്ലാത്ത അവസ്ഥയിലാണെന്ന്. നമ്മള്‍ ആദ്യം ചെയ്യേണ്ടത് അവളുടെ മാനസികാവസ്ഥ നിലനിര്‍ത്തുക എന്നതാണ്. ഞാനും നാന്‍സിയും മക്കളും പറഞ്ഞ് പ്രശ്നങ്ങളെ നേരിടാനുള്ള മാനസികബലം കൊടുത്തപ്പോള്‍ അവളുടെ അമ്മയും സഹോദരനും എത്തി. നേരം വെളുക്കുമ്പോഴേക്കും അവളെ വിവാഹം ചെയ്യാന്‍ പോകുന്ന ചെറുപ്പക്കാരനും ഓടി എത്തി. അവര്‍ എല്ലാവരും തന്നെ സ്‌ട്രോങ്‌ ആയിട്ടാണ് നില്‍ക്കുന്നത്. അവരെയൊക്കെ എത്ര അളവിലാണെന്ന് അഭിനന്ദിക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഒരു വിധത്തില്‍ പറഞ്ഞുപറഞ്ഞ് അവള്‍ എന്തിനെയും നേരിടാനുള്ള അവസ്ഥയില്‍ എത്തി.ബെഹ്റ സാര്‍ എന്നോട് പറഞ്ഞത് ഇതിനു സമാനമായി മൂന്ന് കേസുകള്‍ അടുത്തകാലത്ത് നിങ്ങളുടെ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട് നടന്നുകഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ആരും അറിയാതെ പോകുന്നു. അപമാനം പേടിച്ചിട്ട് അറിയണ്ടെന്നു കരുതി ആരും പറയുന്നില്ല. ഇതും അങ്ങനെ തീര്‍ന്നുപോകരുത്. അവള്‍ ശക്തമായി തന്നെ നില്‍ക്കണം. അതിന്റെ ഉത്തരവാദിത്ത്വം നിങ്ങള്‍ ഏറ്റെടുക്കണം, അതാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവള്‍ക്ക് ശക്തികൊടുക്കണം.അവളെ വിവാഹം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാരനടക്കം ശക്തമായി നിന്നപ്പോള്‍ അവള്‍ പറഞ്ഞു, ഇനി എന്തും ഫെയ്‌സ് ചെയ്യാന്‍ തയ്യാറാണ്. കോടതിയില്‍ എന്തു വൃത്തികെട്ട ചോദ്യവും വരട്ടെ, അപ്പോഴും ഫെയ്‌സ് ചെയ്യാന്‍ റെഡിയാണ്. ഈ അവസ്ഥയില്‍ പോയ്‌ക്കൊണ്ടിരുന്ന അവള്, ഈ കഴിഞ്ഞദിവസം ചില ചാനലുകളില്‍ വന്ന ഒന്നു രണ്ടു പ്രയോഗങ്ങളില്‍ വല്ലാതെ തളര്‍ന്നു. ഞാന്‍ നേരിട്ട് കണ്ടതാണ് കാര്യങ്ങള്‍. അവള്‍ക്ക് ഫേസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേയ്ക്കായി കാര്യങ്ങള്‍. രമ്യാനമ്പീശന് അറിയാം. അവരെക്കെ കണ്ടോണ്ടിരിക്കുന്നതാണ്. ഇന്നിപ്പോള്‍ അവള്‍ക്ക് പിന്മാറിയാ കൊള്ളാം എന്ന അവസ്ഥയിലേയ്‌ക്കെത്തിയിട്ടുണ്ട്. അവളെ സ്‌ട്രോങ്ങായി നിര്‍ത്താനുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്.അവളെ എങ്ങനെ ശക്തിയോടെ മുന്നില്‍ നിര്‍ത്താം എങ്ങനെ സഹായിക്കാം അതെല്ലാം ചെയ്യണം. അന്ന് അവള്‍ ഓടിക്കിതച്ച് വന്ന് എന്റെ നെഞ്ചില്‍ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോള്‍, ലാല്‍ ചേട്ടാ എന്നു പറഞ്ഞു കരഞ്ഞപ്പോള്‍, അതീ ലോകത്തുളള എല്ലാ സ്ത്രീകളും ഒരുമിച്ച് കരഞ്ഞാലും അത്രയും ശബ്ദം ഉണ്ടാകില്ല.