നിയമസഭാ പ്രസംഗം ഫേസ്ബുക്ക് ലൈവാക്കിയ അസം എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

എത്തിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

നിയമസഭാ പ്രസംഗം ഫേസ്ബുക്ക് ലൈവാക്കിയ അസം എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

താന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം തല്‍സമയം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട അസം എംഎല്‍എയ്ക്കു സസ്പെൻഷൻ. ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ എംഎല്‍എ ആയ അമിനുള്‍ ഇസ്ലാമിനെയാണ് സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമി മൂന്ന് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിക്കുന്നതാണ് അമിനുള്‍ ഇസ്ലാം ഫേസ്ബുക്ക് ലൈവ് വഴി പുറത്തുവിട്ടത്.

തുടര്‍ന്ന് എത്തിക്‌സ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നടപടി പ്രഖ്യാപിച്ചയുടന്‍ ഇസ്ലാമിനോട് നിയമസഭ വിട്ടുപോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. തനിക്ക് തെറ്റുപറ്റിയതായെന്ന് പറഞ്ഞ ഇസ്ലാം സ്പീക്കറുടെ നിര്‍ദ്ദേശം അനുസരിക്കുന്നതായി പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ സമ്മേളനം ലൈവായി പുറത്തുവിടണമെന്നാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കട്ടെയെന്നും എംഎല്‍എ പറഞ്ഞു. നിരവധി എംഎല്‍എമാര്‍ അമിനുള്‍ ഇസ്ലാമിനെതിരേ പരാതി നല്‍കിയിരുന്നു.