ഞായറാഴ്ച്ചക്കത്തി; ഓപ്പറേഷൻ അഡ്വക്കേറ്റ് അഥവാ മാനസാന്തരം വന്ന വക്കീല്‍

സ്ത്രീകളെ പീഡിപ്പിക്കുന്ന കൊടും കുറ്റവാളികളായ പ്രതികളുടെ പണം വേണ്ടെന്നു വെയ്ക്കാൻ അഭിഭാഷകർ തയ്യാറാകണമെന്നായിരുന്നു മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം പറഞ്ഞത്. പൾസർ സുനി ഉൾപ്പെടെയുള്ളവർക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരെ വിമർശിക്കുന്ന തരത്തിൽ ചാനൽ ചർച്ചകളിൽ അവതാരകർ പരമർശം നടത്തിയതിനേയും വിമർശനവിധേയമാക്കുകയാണ് ലേഖകൻ- ഹൈക്കോടതി അഭിഭാഷകൻ രാജേഷ് വിജയൻ എഴുതുന്നു.

ഞായറാഴ്ച്ചക്കത്തി; ഓപ്പറേഷൻ അഡ്വക്കേറ്റ് അഥവാ മാനസാന്തരം വന്ന വക്കീല്‍

അഡ്വക്കേറ്റ് രാജേഷ് വിജയൻ

എനിക്ക് മാനസാന്തരം വന്നിരിക്കുന്നു. കഴിഞ്ഞ 21 വര്‍ഷം സമൂഹത്തിനോട് ചെയ്ത കൊടും ക്രൂരതകള്‍ക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു. ക്രമസമാധാന നില തകര്‍ക്കുന്നത് ഗുണ്ടകളും, കൊട്ടേഷന്‍ സംഘങ്ങളും, കള്ള വാറ്റുകാരും, മയക്കുമരുന്ന് കച്ചവടക്കാരും പോക്കറ്റടിക്കാരും ഒക്കെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഞാന്‍ ജീവിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച്ചത്തെ പത്രങ്ങളും ടിവി ചാനല്‍ ഡിസ്‌കഷനും അണ്ടിക്കമ്പനി സഖാവും ഇപ്പോള്‍ മന്ത്രിയും സര്‍വ്വോപരി വിജിലന്‍സ് കേസിലെ പ്രതിയും നിയമജ്ഞയുമായ മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവനയും കൂടി കേട്ടപ്പോഴാണ് ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് വക്കീലന്‍മാരാണെന്ന തിരിച്ചറിവ് ഉണ്ടായത്.


എന്തൊരു നെറികേടാണ് വക്കീലന്മാർ കാണിക്കുന്നത്. കൊടും കുറ്റവാളികള്‍ക്ക് വേണ്ടി വക്കാലത്ത് എടുത്ത് കോടതിയില്‍ ഹാജരായി കേസ് വാദിക്കുമത്രെ. പോലീസുകാരും, വേണു, അയ്യപ്പദാസ്, ഷാനി, വിനു മുതലായവരും ചില 9 മണി നിയമ വിദഗ്ദരും ചേര്‍ന്നിരുന്ന് തലനാരിഴ കീറി കണ്ടുപിടിക്കുന്ന പ്രതിക്ക് വേണ്ടി വക്കീലന്‍മാര്‍ കോടതിയില്‍ ഹാജരായി കേസ് വാദിക്കുമത്രെ. ഛായ്. ലജജാവഹം.

ശരിയാണ്... സൈക്കിളില്‍ ഡൈനാമോ ഇടാതെ പോയതും, പരസ്യമായി മൂത്രമൊഴിച്ചവര്‍ക്കും, കാറില്‍ സീറ്റ് ബല്‍റ്റ് ഇടാതെ പോയതുമായ ചില കൊടും ഭീകരര്‍ക്കും വേണ്ടി ഞാനും കോടതിയില്‍ ഭീകരരവര്‍ത്തനം നടത്തിയിട്ടുണ്ട്. അതില്‍ ഞാനിന്ന് ഖേദിക്കുന്നു. സമൂഹം എനിക്ക് മാപ്പു തരണം. നോബിള്‍ പ്രൊഫഷന്‍ ആണെന്നൊക്കെ പറഞ്ഞ് സീനിയര്‍ വക്കീലന്‍മാര്‍ പറ്റിച്ചതാ എന്നെ.

പൊതുജന താല്‍പര്യാര്‍ത്ഥം സര്‍ക്കാര്‍ ഇറക്കാന്‍ പോകുന്ന കൊടും ഭീകരരുടെ ആദ്യലിസ്റ്റ് എനിക്ക് ചോര്‍ന്ന് കിട്ടിയിട്ടുണ്ട്. അത് ഇവിടെ കൊടുക്കുന്നു. ഇവരെ സൂക്ഷിക്കുക

1. MK ദാമോദരന്‍ Alias കൊടി ദാമു
കണ്ണൂര്‍ ജില്ലയില്‍ തുടങ്ങിയ ഭീകരപ്രവര്‍ത്തനം ഇപ്പോള്‍ എറണാകുളം കച്ചേരിപ്പടി കേന്ദ്രീകരിച്ച് നടത്തുന്നു. ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒരു വന്‍ ദീകരസംഘത്തിന്റെ ആശാനും തലവനും.

2. B രാമന്‍പിള്ള Alias കഠാരി രാമന്‍
കഠാരി, കൊടുവാള്‍ മുതലായവ ഉപയോഗിച്ച് കൊലപാതകം നടത്തുന്നവരുടെ ആശ്രയകേന്ദ്രം. ഹൈക്കോടതിയില്‍ നിന്ന് കൊലപാതകികള്‍ക് ജാമ്യം എടുത്തുകൊടുക്കുന്നതും പോരാഞ്ഞ് കേരളത്തിലുടനീളം നടന്ന് കൊലപാതകികള്‍ക്ക് വേണ്ടി കേസ് നടത്തുമത്രെ.

3. CC തോമസ് Aliaട വാറ്റു തോമ
അബ്കാരികള്‍ക്കിടയിലെ Catastrophic Don. കടയാടി രാഘവന്‍, കുന്നേല്‍ ഔതക്കുട്ടി മുതലായവരുടെ കുടുംബ വക്കീല്‍. കേരളത്തെ മദ്യപാന ശീലത്തിലേക്ക് തള്ളിയിട്ടതില്‍ പ്രധാനി.

4. രത്‌നസിംഗ് Alias മീഞ്ചന്ത രത്‌നം
ഇപ്പോള്‍ നേരിട്ട് രംഗത്തില്ലെങ്കിലും ഇദ്ദേഹത്തിന്റെ കൊട്ടേഷന്‍ ഗാങ്‌ ഇപ്പോഴും സജീവമാണ്. ആര്‍ക്ക് വേണ്ടിയും വക്കാലത്തിടാന്‍ മടിയില്ലാത്ത മകന്‍ ഷഹീര്‍ കോഴിക്കോടും കൊടുംഭീകരന്‍ മരുമകന്‍ രാജേന്ദ്രന്‍ എറണാകുളത്തും കൊട്ടേഷന്‍ ഏറ്റെടുത്ത് നടത്തുന്നു. Dare Devil Tarin, Assault ശരണ്‍ എന്നിവരാണ് ഗാങ്ങിലെ ഇളമുറക്കാര്‍.

5. CK ശ്രീധരന്‍ Aias കോടാലി ശ്രീധരന്‍
പ്രധാന ഭീകര പ്രവര്‍ത്തനം വടക്കന്‍ ജില്ലകളിലാണെങ്കിലും ചിലപ്പോള്‍ കേരളത്തിലെ മറ്റ് ഭാഗങ്ങളിലും കണ്ടവരുണ്ട്. കൊലപാതകികളെ വെറുതെ വിടീക്കുന്നത് പ്രധാന ഹോബി.

6. മഞ്ചേരി ശ്രീധരന്‍ നായര്‍ Alias ഇരട്ടക്കണ്ണന്‍ ശ്രീധരന്‍
നിരവധി കൊലപാതകികള്‍ക്ക് വേണ്ടി വക്കാലത്ത് എടുത്ത് കേസ് നടത്തിയത് മറച്ച് വച്ച് ഇപ്പോള്‍ DGP ആയി പ്രവര്‍ത്തിക്കുന്നു. ഇത് മേഴ്‌സിക്കുട്ടിയമ്മ അറിഞ്ഞാല്‍ ഉടനടി പുറത്താക്കും.

7. വിജയഭാനു Alias ബുള്ളറ്റ് ഭാനു
തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ ക്രമസമാധാന നില തകര്‍ത്തെറിഞ്ഞ പിതാവിനെ പിന്തുടര്‍ന്ന് കൊട്ടേഷന്‍ രംഗത്തേക്ക് വന്നയാള്‍. ഇപ്പോള്‍ എറണാകുളത്ത് പ്രധാന പ്രവര്‍ത്തനം.. ഇദ്ദേഹത്തിന് തൃശ്ശൂര്‍ ഭാഗത്ത് ബെന്‍സ് ഭാനു എന്നും വട്ടപ്പേരുണ്ട്.

8 സുഖ്‌ദേവ് സിംഗ് Alias സുഖി ഭായ്
കുളപ്പുള്ളി അപ്പന്റെ വക്കീല്‍. പാപ്പാന്‍ കൊലപാതക കേസില്‍ അപ്പന് വേണ്ടി ഹാജരായി. സിറ്റിങ്ങിന്‌ ഒരു ലക്ഷം രൂപയാണ് ഫീസ്. സ്റ്റാന്റ്റിങ്ങിന് വേറെയും. പ്രധാന പ്രവര്‍ത്തനം ഡല്‍ഹിയില്‍.

ഈ ലിസ്റ്റ് അപുര്‍ണ്ണമാണ്. പുതുതലമുറ ഭീകരരുടെയും ജില്ല, മജിസട്രേറ്റ് കോടതികള്‍ മുതലായവ തിരിച്ചുള്ളതും ആയ ലിസ്റ്റ് ഉടന്‍ സര്‍ക്കാര്‍ വക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇവരിലാരെങ്കിലും ഏതെങ്കിലും പ്രതിയുമായ ബന്ധപ്പെടുന്നത് കണ്ടാല്‍ ഉടനടി പൊലീസിനെയോ ചാനല്‍ അവതാരകരെയോ 9 മണി നിയമ വിദഗ്ധരെയോ അറിയിക്കുക. ഫോണ്‍ ചോര്‍ത്താനുള്ളതാണ്.

വാല്‍ക്കഷ്ണം-  ഒരു സംശയം... MK ദാമോദരന്‍ സാര്‍ ക്രിമിനല്‍ പ്രാക്ടീസ് വേണ്ടാ എന്ന് വെച്ചാല്‍ ഈ സര്‍ക്കാര്‍ താഴെ പോവില്ലെ. ഇല്ലാല്ലെ. എന്താല്ലെ.
ഞായറാഴ്ചക്കത്തി