ഇ അഹമ്മദ് യുഗം അവസാനിക്കുമ്പോൾ...

കെ എം സീതി സാഹിബാണ് ഇ. അഹമ്മദെന്ന വിദ്യാർത്ഥിയെ കണ്ടെത്തുന്നത്. എം. എസ്. എഫ് പ്രഥമ കമ്മറ്റിയുടെ കാര്യദർശി സ്ഥാനം അലങ്കരിച്ചു കൊണ്ട് ഇ. അഹമ്മദ് രാഷ്ട്രീയക്കളരിയിലേക്ക് എടുത്തു ചാടി. 1967 ൽ കണ്ണൂരിൽ നിന്ന് നിയമ സഭയിലെത്തിയ അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ആ കിന്നരി തലപ്പാവുകാരൻ വളർച്ചയുടെ പടവുകൾ കയറി.

ഇ അഹമ്മദ് യുഗം അവസാനിക്കുമ്പോൾ...

 നസറുദീന്‍ മണ്ണാര്‍ക്കാട്‌


മലബാറില്‍ നിന്ന് , അതും മുസ്ലിം ലീഗില്‍ നിന്ന് വളര്‍ന്നു വന്ന ഒരു നേതാവ് ലോക രാഷ്ട്രങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നത് ചെറിയ കാര്യമല്ല. ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക ദൂതനായി ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ നിയുക്തനായത് മുതല്‍ ദീര്‍ഘ കാലം ഐക്യ രാഷ്ട്ര സഭയിലും അന്താരാഷ്ട്ര വേദികളിലും സമിതികളിലും ഈ മലബാറുകാരന്‍ ഇന്ത്യയെ പ്രതിനിധീകരികരിച്ചു.

കെ. എം സീതി സാഹിബാണ് ഇ. അഹമ്മദെന്ന വിദ്യാര്‍ത്ഥിയെ കണ്ടെത്തുന്നത്. എം എസ് എഫ് പ്രഥമ കമ്മറ്റിയുടെ കാര്യദര്‍ശി സ്ഥാനം അലങ്കരിച്ചു കൊണ്ട് ഇ. അഹമ്മദ് രാഷ്ട്രീയക്കളരിയിലേക്ക് എടുത്തു ചാടി. 1967 ല്‍ കണ്ണൂരില്‍ നിന്ന് നിയമ സഭയിലെത്തിയ അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ആ കിന്നരി തലപ്പാവുകാരന്‍ വളര്‍ച്ചയുടെ പടവുകള്‍ കയറി.

കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായ വ്യക്തിത്വമായിരുന്നു ഇ അഹമ്മദിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെയാണ് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ പ്രതിനിധിയാവാനുള്ള സൗഭാഗ്യം പലതവണ അദ്ദേഹത്തിന് ലഭിച്ചത്. ആറു തവണയാണ് ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയെ അദ്ദേഹം പ്രതിനിധീകരിച്ചത്.

അറബ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ കനപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കി. മഹാത്മാ ഗാന്ധിയുടെ കാലം മുതല്‍ക്ക് തന്നെ ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ തുടര്‍ന്ന് പോന്ന സമീപനത്തിന്റെ കണ്ണിയായി അദ്ദേഹം തുടര്‍ന്നു. യാസര്‍ അറഫാത്ത് വീട്ടു തടങ്കലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തെ സന്ദര്ശിച്ചു കൊണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പിന്തുണയറിയിക്കാന്‍ നിയുക്തനായതും അദ്ദേഹം തന്നെ. അന്ന് ഏറെ ലോക ശ്രദ്ധ നേടിയ നിലപാടായിരുന്നു ഇന്ത്യയുടെ ഈ ഇടപെടല്‍. ഇറാഖ് ബന്ദി പ്രശ്‌നം അദ്ദേഹം കൈകാര്യം ചെയ്ത രീതിയും ഏറെ പ്രശംസ നേടിയിരുന്നു.

രാഷ്ട്രീയത്തിലെ മുതിര്‍ന്ന തലമുറയുമായും പുതിയ തലമുറയുമായും ഒരുപോലെ ബന്ധം നില നിറുത്തി. ഇന്ദിരാ ഗാന്ധിയും പ്രണബ് മുഖര്‍ജിയും രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സച്ചിന്‍ പൈലറ്റും ആ കൂട്ടത്തില്‍ പെടുന്നു. റയില്‍വേ സഹമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങള്‍ കൊണ്ട് തന്നെയാണ്. വകുപ്പ് മന്ത്രിമാരേക്കാള്‍ പലപ്പോഴും തിളങ്ങി നിന്നത് ഇ. അഹമ്മദെന്ന സഹമന്ത്രിയായിരുന്നു.

പിന്നോക്ക- ന്യൂനപക്ഷ മര്‍ദ്ദിത സമൂഹങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ മുഴങ്ങിയ ഇടറാത്ത ശബ്ദമായിരുന്നു അദ്ദേഹം. 1991 മുതല്‍ അദ്ദേഹം പാര്‍ലമെന്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സ്ഫുടം ചെയ്ത വാക്കുകള്‍ കൊണ്ടും വിട്ടു വീഴ്ച്ചയില്ലാത്ത നിലപാടുകള്‍ കൊണ്ടും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ആരോഗ്യം തളര്‍ത്തിയിരുന്നെങ്കിലും ജനാധിപത്യത്തിന്റെ ശ്രീ കോവിലില്‍ ജീവിതാന്ത്യം വരെ കര്‍മ്മ നിരതനായി.

ബഹു മുഖ പ്രതിഭയായിരുന്നു അദ്ദേഹം. ലോക വേദികളിലെത്തുമ്പോള്‍ വിശ്വ പൗരനായും രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചും നിറഞ്ഞു നിന്നു. പാര്‍ലമെന്റില്‍ സമൂഹത്തിന്റെ മൊത്തം വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി ശബ്ദിച്ചപ്പോള്‍ തന്നെ പിന്നോക്ക സമൂഹങ്ങളുടെ ഭരണഘടനാനുസൃതമായ അവകാശങ്ങള്‍ക്ക് വേണ്ടിയും ശബ്ദിച്ചു.കേരളത്തിലെത്തുമ്പോള്‍ യു. ഡി. എഫിന്റെയും ലീഗിന്റെയും നേതാവായി. മലബാറിലെത്തുമ്പോള്‍ പഴയ കണ്ണൂര്‍ക്കാരനായി.

സുലൈമാന്‍ സേട്ട് സാഹിബിനും ബനാത്ത് വാലാ സാഹിബിനും ശേഷം ലീഗിന് ദേശീയ രാഷ്ട്രീയത്തില്‍ ബാക്കിയുണ്ടായിരുന്ന ഒരു മേല്‍വിലാസം കൂടിയായിരുന്നു ഇ. അഹമ്മദ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ അനാരോഗ്യം ചൂണ്ടിക്കാണിച്ചു എതിരാളികള്‍ നീങ്ങിയപ്പോള്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയാണ് മലപ്പുറം ജനത തങ്ങളുടെ തളരാത്ത പോരാളിയെ ജയിപ്പിച്ചു വിട്ടത്. അദ്ദേഹം വിടവാങ്ങുമ്പോള്‍ ലീഗിന് ഒരു കനത്ത നഷ്ടമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.