കാശ്മീരിലെ ഷോപ്പിയാനില്‍ വീര മൃത്യു വരിച്ച സൈനികന്‍ ശ്രീജിത്തിന്റെ മൃതദേഹം നാളെ സംസ്‌കരിക്കും

വീരമൃത്യു മരിച്ച സൈനികന്‍ ശ്രീജിത്തിന്റെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. മാര്‍ച്ച് പത്തിന് അവധിക്ക് നാട്ടില്‍ വരാനിരിക്കെയാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. നാട്ടിലേയ്ക്ക് വരാനായി ട്രെയിന്‍ ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു.

കാശ്മീരിലെ ഷോപ്പിയാനില്‍ വീര മൃത്യു വരിച്ച സൈനികന്‍ ശ്രീജിത്തിന്റെ  മൃതദേഹം നാളെ സംസ്‌കരിക്കും

പാലക്കാട്: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തില്‍ വീര മൃത്യു വരിച്ച സൈനികന്‍   ശ്രീജിത്തിന്റെ ( 27) മൃതദേഹം നാളെ രാവിലെ പെരിങ്ങോട്ടുകുറുശ്ശിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഇന്നു രാവിലെ 10 മണിക്ക്‌ ജമ്മുകാശ്മീർ മിലിട്ടറി ആസ്ഥാനത്ത്‌ ഔദ്യോഗിക ബഹുമതികളർപ്പിച്ചശേഷം മൃതദേഹം ഡൽഹിയിലെത്തിക്കും. അവിടെ നിന്നും വൈകുന്നേരം 5 മണിക്ക്‌ വിമാനമാർഗ്ഗം കോയമ്പത്തൂരിലേക്ക്‌ പുറപ്പെടും. രാത്രി 10.30 നു കോയമ്പത്തൂരിലെത്തുന്ന മൃതദേഹം ജില്ലാഭരണകൂടം ഏറ്റുവാങ്ങി രാത്രി 12 മണിയോടുകൂടി പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളിയിലെ വീട്ടിലെത്തിക്കും. നാളെ കാലത്ത്‌ 8 മുതൽ 10 മണിവരെ ശ്രീജിത്തിന്റെ ആദ്യവിദ്യാലയമായ എ എൽ പി സ്കൂൾ പരുത്തിപ്പുള്ളിയിൽ പൊതുദർശനത്തിനു വെച്ച ശേഷം 10.30 നു പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.


വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടു കൂടി കാശ്മീരിലെ മൗള്‍ ഗ്രാമത്തില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റ ആക്രമണത്തിലാണ്  പരുത്തിപ്പള്ളി കോട്ടച്ചന്ത കളത്തില്‍ ജനാര്‍ദ്ദനന്‍- ഉഷകുമാരി ദമ്പതികളുടെ മകന്‍ ശ്രീജിത്തിന് ജീവന്‍ നഷ്ടമായത്. കാശ്മീരിലെ സോപിയാനില്‍ 44 രാഷ്ട്രീയ റൈഫിള്‍സിലെ ശിപായി കേഡര്‍ ജവാനാണ് ശ്രീജിത്ത്.


മാര്‍ച്ച് പത്തിന് അവധിക്ക് നാട്ടില്‍ വരാനിരിക്കെയാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. നാട്ടിലേക്ക് വരാനായി ട്രെയിന്‍ ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു. സ്വന്തമായൊരു വീട് വലിയ സ്വപ്‌നമായ ശ്രീജിത്ത് തറവാട് വീടിനോട് ചേര്‍ന്ന് ഒന്നര വര്‍ഷം മുമ്പ് വീടു പണി ആരംഭിച്ചിരുന്നു. പൂര്‍ത്തിയായ ഇരുനില വീട്ടില്‍ ഇനി കുറച്ചു മിനുക്കു പണികള്‍ മാത്രമേ ബാക്കിയുള്ളു. മാര്‍ച്ച് പത്തിന് വന്ന ശേഷം ഗൃഹപ്രവേശം നടത്താനിരിക്കുകയായിരുന്നു.ഇതിനായി സദ്യക്ക് ഒരു മുട്ടനാടിനെ വരെ വാങ്ങി നിര്‍ത്തിയിരുന്നു.

പിന്നെ ഏപ്രില്‍ 15 ന്   കോട്ടായി മുണ്ടന്‍ കാവിലെ വിഷുവേല ആഘോഷം, ഏപ്രില്‍ 30 ന് ചിറ്റമ്മയുടെ മകളുടെ വിവാഹം ഇതിനെല്ലാം വേണ്ടിയാണ് രണ്ടുമാസത്തെ ലീവെടുത്ത് ശ്രീജിത്ത് നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയിരുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ ഓണത്തിന് നാട്ടില്‍ വന്നു പോയതാണ് ശ്രീജിത്ത്.
കോട്ടായി ഹൈസ്‌കൂളില്‍ പ്ലസ് ടു വരെ പഠിച്ച ശ്രീജിത്ത് പിന്നീട് ലക്കിടിയിലുള്ള ഖൈറാത്ത് ഐ ടി സി യില്‍ നിന്ന് ഡീസല്‍ മെക്കാനിക്കില്‍ ബിരുദം നേടിയിരുന്നു. ശേഷം കോയമ്പത്തൂര്‍ ജോലി ചെയ്യുമ്പോഴാണ് ആര്‍മിയില്‍ സെലക്ഷന്‍ കിട്ടുന്നത്. ബംഗളൂരുവിലായിരുന്നു ആദ്യ നിയമനം. പിന്നീട് രാജസ്ഥാനിലേക്ക് പോയി. ആറുമാസം മുമ്പാണ് കാശ്മീരിലേക്ക് സ്ഥലം മാറി പോയത്.

Read More >>