ആറളം ഫാം തൊഴിലാളി സമരം: ഫാമിന്റെ പ്രവർത്തനം പൂർണമായി നിലച്ചു; ഇടപെടാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

വകുപ്പുമന്ത്രി എകെ ബാലനുമായി ബന്ധപ്പെട്ട് സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആറളം ഫാമിൽ സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾക്ക് ഉറപ്പു നൽകി.

ആറളം ഫാം തൊഴിലാളി സമരം: ഫാമിന്റെ പ്രവർത്തനം പൂർണമായി നിലച്ചു; ഇടപെടാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ആറളം ഫാമിൽ നടത്തിവരുന്ന സമരം ഒരാഴ്ച പിന്നിട്ടു. ഫാം ഓഫിസ് ഉപരോധം പൂർണ്ണമായതിനാൽ ഫാമിന്റെ പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്. ഇതിനിടെ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ സന്ദർശിച്ച സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കൾക്ക് വിഷയത്തിൽ വേണ്ടവിധം ഇടപെടാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി. വകുപ്പുമന്ത്രി എകെ ബാലനുമായി ബന്ധപ്പെട്ടു സമരം അവസാനിപ്പിക്കാനാവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി നേതാക്കളോടു പറഞ്ഞു.


ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം പൂർണമായും മുടങ്ങിയതിനെത്തുടർന്നാണു ഫാമിലെ 537 തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതിൽ 308 പേരും ആദിവാസി വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങൾ പട്ടിണിയിലായിട്ടും ബന്ധപ്പെട്ട വകുപ്പുകൾ വിഷയത്തിൽ ഇടപെടാത്തതു തൊഴിലാളികളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്.

ഫാം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ഫാം വൈവിധ്യവൽക്കരണം നടപ്പിലാക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണു തൊഴിലാളികൾ ആരോപിക്കുന്നത്. എന്നാൽ കാർഷിക മേഖലയിലെ വിലത്തകർച്ചയുൾപ്പെടെയുള്ള പ്രശ്നങ്ങളാണു പ്രതിസന്ധിക്കു കാരണമായതെന്ന നിലപാടാണു ഫാം മാനേജ്‌മെന്റ് ഉന്നയിക്കുന്നത്. ശമ്പളത്തിനുൾപ്പെടെ അധികമായി വേണ്ടിവരുന്ന പണം ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അനുവദിക്കണം എന്ന അഭിപ്രായമാണു മാനേജ്‌മെന്റ് മുന്നോട്ടുവെക്കുന്നത്.

Read More >>