ആറളം ഫാമിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് രണ്ടു മാസത്തെ ശമ്പളം മുടങ്ങി

ആദിവാസി പുനരധിവാസമേഖലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് ഡിസംബർ, ജനുവരി മാസത്തെ ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. ഫാമിൽ ജോലി ചെയ്യുന്ന 537 പേരിൽ 308 പേരും ആദിവാസികളാണ്. ആദിവാസികളുടേതടക്കം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായിട്ടും ബന്ധപ്പെട്ട വകുപ്പുകളോ ഉദ്യോഗസ്ഥരോ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.

ആറളം ഫാമിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് രണ്ടു മാസത്തെ ശമ്പളം മുടങ്ങി

ആറളം ഫാമിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നു. കാർഷിക വിളകളുടെ വിലത്തകർച്ച മൂലം പ്രതിസന്ധിയിലായിരുന്ന ഫാമിനെ നോട്ടു നിരോധനവും മാനേജ്‌മെന്റ് പിടിപ്പുകേടും കൂടുതൽ രൂക്ഷമായ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഫാമിലെ തൊഴിലാളികൾക്ക് രണ്ടുമാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്.

ആദിവാസി പുനരധിവാസമേഖലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് ഡിസംബർ, ജനുവരി മാസത്തെ ശമ്പളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. ഫാമിൽ ജോലി ചെയ്യുന്ന 537 പേരിൽ 308 പേരും ആദിവാസികളാണ്. ആദിവാസികളുടേതടക്കം തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായിട്ടും ബന്ധപ്പെട്ട വകുപ്പുകളോ ഉദ്യോഗസ്ഥരോ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.

നവംബർ മാസത്തെ ശമ്പളം മുടങ്ങിയപ്പോൾ തൊഴിലാളികൾ പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്ന് രണ്ട് ഗഡുക്കളായി ശമ്പളം അനുവദിക്കുകയായിരുന്നു. പുതിയ സാഹചര്യത്തിൽ രണ്ടുമാസത്തെ ശമ്പള കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും ശമ്പളം എല്ലാമാസവും അനുവദിക്കണമെന്നും പ്ലാന്റേഷന്‍ തൊഴിലാളികളെ അഗ്രിക്കള്‍ച്ചറല്‍ തൊഴിലാളികളായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരസമിതി അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്.

മാസത്തില്‍ ഒരു കോടിയോളം രൂപയാണ് ശമ്പളം നല്‍കാനും മറ്റുമായി വേണ്ടിവരുന്നത്. ഇതിനുള്ള വരുമാനം ലഭിക്കാഞ്ഞതിനാല്‍ അധികമായി വേണ്ടിവരുന്ന തുക സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ അനുവദിക്കണം എന്നാണ് ഫാം മാനേജ്‌മെന്റിന്റെ നിലപാട്. ഫാമിന്റെ ആധുനിക വൽക്കരണത്തിനും നവീന കൃഷിക്കും വേണ്ടി ഫാം മാനേജ്‌മെന്റ് ഒന്നും ചെയ്യുന്നില്ലെന്നും ഇതാണ് പ്രതിസന്ധിയുടെ പ്രധാനകാരണം എന്നുമാണ് തൊഴിലാളികളുടെ ആരോപണം.

Read More >>