അമല്‍ജ്യോതി കോളേജ് സമരത്തിൽ എസ്എഫ്ഐയെ സിപിഐഎം കണ്ണുരുട്ടിയെന്ന് ആരോപണം; മാനേജ്‌മെന്റ്‌ ചര്‍ച്ചയ്‌ക്കു വഴങ്ങിയപ്പോഴാണ് തല്‍ക്കാലം പിന്‍മാറിയതെന്ന്‌ എസ്‌എഫ്‌ഐ

'എസ്‌എഫ്‌ഐ ഒരു മാര്‍ച്ചും നടത്താന്‍ പോകുന്നില്ല' എന്ന്‌ മാനേജ്‌മെന്റധികൃതര്‍ പരിഹാസത്തോടെ വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു. അത്‌ പോലെത്തന്നെ സംഭവിച്ചു. രാവിലെ മാര്‍ച്ച്‌ നടത്താനാവില്ലെന്ന്‌ എസ്‌എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ഥികളെ അറിയിച്ചു. തുടര്‍ന്നു രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിലെ ബഹുഭൂരിപക്ഷം പേരും ക്ലാസ്‌ ബഹിഷ്‌ക്കരിച്ച്‌ സമരമുഖത്തേക്കിറങ്ങി. ഇതോടെയാണ്‌ എസ്‌എഫ്‌ഐ നേതാക്കള്‍ കോളേജിലെത്തി സമരത്തിന്റെ ചുക്കാന്‍ പിടിച്ചത്‌.

അമല്‍ജ്യോതി കോളേജ് സമരത്തിൽ എസ്എഫ്ഐയെ സിപിഐഎം കണ്ണുരുട്ടിയെന്ന് ആരോപണം;   മാനേജ്‌മെന്റ്‌ ചര്‍ച്ചയ്‌ക്കു വഴങ്ങിയപ്പോഴാണ് തല്‍ക്കാലം പിന്‍മാറിയതെന്ന്‌ എസ്‌എഫ്‌ഐ

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിംഗ്‌ കോളേജ്‌ മാനേജ്‌മെന്റിനെതിരെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ട വിദ്യാര്‍ഥിയെ പുറത്താക്കിയ സംഭവത്തില്‍ എസ്‌എഫ്‌ഐ സമരം ഏറ്റെടുത്തത്‌ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭത്തിലേക്ക്‌ നീങ്ങിയ സാഹചര്യത്തിലെന്ന്‌ ആരോപണം. എന്നാല്‍ എസ്‌എഫ്‌ഐ ഇക്കാര്യം നിഷേധിച്ചു. സമരത്തിനറപ്പുറം ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന്‌ വഴിതെളിഞ്ഞതുകൊണ്ടാണ്‌ തല്‍ക്കാലം പിന്‍മാറിയതെന്നാണ്‌ എസ്‌എഫ്‌ഐ നേതാക്കളുടെ വിശദീകരണം.

കാഞ്ഞിരപ്പള്ളി രൂപതയുടെ നിയന്ത്രണത്തിലുള്ള കോളേജില്‍ ലിംഗസമത്വ വിഷയവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുമായി നിരന്തരമായി കലഹത്തിലാണ്‌ വിദ്യാര്‍ഥികള്‍. കൂടാതെ നിര്‍ബന്ധിത ധ്യാനം, അനാവശ്യ ഫൈന്‍, കാമറ നിരീക്ഷണം, ഗേള്‍സ്‌ ഹോസ്‌റ്റലിലേക്ക്‌ പ്രത്യേക പാലം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. പരീക്ഷ വൈകിയ സാഹചര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ട സിവില്‍ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ഥി മാത്യു ഏലിയാസിനെ കോളേജില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ ബുധനാഴ്‌ച്ച രാവിലെ കോളേജിലേക്ക്‌ മാര്‍ച്ച്‌ നടത്താനായിരുന്നു എസ്‌എഫ്‌ഐയുടെ തീരുമാനം.

' എസ്‌എഫ്‌ഐ ഒരു മാര്‍ച്ചും നടത്താന്‍ പോകുന്നില്ല' എന്നായിരുന്നു മാനേജ്‌മെന്റിന്റെ പരിഹാസം. അതു പോലെത്തന്നെ സംഭവിച്ചു.  മാര്‍ച്ച്‌ നടത്താനാവില്ലെന്ന്‌ എസ്‌എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ഥികളെ അറിയിച്ചു. തുടര്‍ന്ന്‌ 2000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജിലെ ബഹുഭൂരിഭാഗം പേരും ക്ലാസ്‌ ബഹിഷ്‌ക്കരിച്ച്‌ സമരമുഖത്തേക്കിറങ്ങി. ഇതോടെയാണ്‌ എസ്‌എഫ്‌ഐ നേതാക്കള്‍ കോളേജിലെത്തി സമരത്തിന്റെ ചുക്കാന്‍ പിടിച്ചത്‌.

സിപിഐഎം കോട്ടയം ജില്ലാ നേതൃത്വം ഇടപെട്ടാണ്‌ ബുധാനാഴ്‌ച്ച അമല്‍ജ്യോതി കോളേജില്‍ എസ്‌എഫ്‌ഐ നടത്താനിരുന്ന സമരത്തെ പിന്തിരിപ്പിച്ചതെന്ന്‌ എസ്‌എഫ്‌ഐയിലെ ചില നേതാക്കള്‍ത്തന്നെ രഹസ്യമായി വെളിപ്പെടുത്തുന്നത്.  അതേസമയം കോളേജിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചെങ്കിലും മാനേജ്‌മെന്റ്‌ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ പറഞ്ഞതിനാലാണ്‌ തല്‍ക്കാലം സമരത്തില്‍ നിന്ന്‌ പിന്‍മാറിയതെന്ന്‌ എസ്‌എഫ്‌ഐ കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ്‌ വൈശാഖ്‌ ബീന കേരളീയന്‍ നാരദ ന്യൂസിനോട്‌ പറഞ്ഞു. വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരത്തിനിറങ്ങാന്‍ കാരണം എസ്‌എഫ്‌ഐയുടെ ഇടപെടല്‍ മൂലമാണെന്നും വൈശാഖ്‌ കൂട്ടിച്ചേര്‍ത്തു.

കാഞ്ഞിരപ്പള്ളി രൂപതയ്‌ക്ക്‌ സിപിഐഎം നേതൃത്വത്തിലുള്ള സ്വാധീനമാണ്‌ എസ്‌എഫ്‌ഐയ്‌ക്ക്‌ വിനയായതെന്ന്‌ പറയപ്പെടുന്നു. ബിഷപ്പ്‌ മാത്യു അറയ്‌ക്കലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ അടുത്തബന്ധമാണുള്ളത്‌. ദീപിക പത്രത്തിന്റെ മേജര്‍ ഓഹരി ഫാരിസ്‌ അബൂബക്കറിന്‌ വില്‍പ്പന നടത്തുന്നതിനുള്‍പ്പെടെ മുന്‍പന്തിയില്‍ നിന്നത്‌ ഈ ബിഷപ്പായിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു . സിപിഐഎമ്മിലെ ഔദ്യോഗിക നേതൃത്വവുമായി അടുത്ത ബന്ധം രൂപതയ്‌ക്കുണ്ടാകുന്നത്‌ അങ്ങനെയാണ്‌. പി സി ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ ഇടതു സ്ഥാനാര്‍ഥിയാക്കാതിരുന്നിതിന്റെ കാരണവും രൂപത സിപിഐഎമ്മില്‍ ചെലുത്തിയ സമ്മര്‍ദ്ധം മൂലമായിരുന്നെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

അമല്‍ ജ്യോതി കോളേജിലെ വിദ്യാര്‍ഥി പീഢനത്തിന്റെ കഥകള്‍ പുറത്തുവന്നെങ്കിലും എസ്‌എഫ്‌ഐ ഉള്‍പ്പെടെ മൗനത്തിലായിരുന്നു. വിദ്യാര്‍ഥികള്‍ സംഘടനകളുടെ പിന്‍ബലമില്ലാതെ സ്വന്തം നിലയില്‍ സമരത്തിനിറങ്ങിയതോടെയാണ്‌ എസ്‌എഫ്‌ഐ പ്രക്ഷോഭം നയിക്കാനെത്തിയത്‌. തുടര്‍ന്ന്‌ മാനേജ്‌മെന്റധികൃതരുമായി എസ്‌എഫ്‌ഐ ജില്ലാ നേതാക്കള്‍ ചര്‍ച്ച നടത്തി. വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഭാഗികമായി മാനേജ്‌മെന്റ്‌ അംഗീകരിച്ചതായി നേതാക്കള്‍ വ്യക്തമാക്കി. കോളേജില്‍ എസ്‌എഫ്‌ഐ യൂണിറ്റ്‌ രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌.

Read More >>