ഐസാറ്റില്‍ യൂണിറ്റ് രൂപീകരിച്ച് നാലാം ദിവസം ഒരു എസ്എഫ്‌ഐ വിജയഗാഥ: താടിയും തട്ടവും തടഞ്ഞ മാനേജ്‌മെന്റ് മുട്ടുമടക്കി; സംഘടന കൊണ്ട് ശക്തരായി വിദ്യാര്‍ത്ഥികള്‍

യൂണിറ്റ് രൂപീകരിച്ചതിന്റെ രണ്ടാം ദിനം മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം പൊട്ടിപ്പുറപ്പെട്ടു. നാലാം ദിനം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചിരുന്ന മാനേജ്‌മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറായി. വിദ്യാര്‍ത്ഥികള്‍ക്കു നേരേ നടക്കുന്ന സമാനതകളില്ലാത്ത ക്രൂരതയാണു ഐസാറ്റില്‍ യൂണിറ്റ് രൂപീകരിക്കാന്‍ എസ്എഫ്‌ഐയെ പ്രേരിപ്പിച്ചത്.

ഐസാറ്റില്‍ യൂണിറ്റ് രൂപീകരിച്ച് നാലാം ദിവസം ഒരു എസ്എഫ്‌ഐ വിജയഗാഥ: താടിയും തട്ടവും തടഞ്ഞ മാനേജ്‌മെന്റ് മുട്ടുമടക്കി; സംഘടന കൊണ്ട് ശക്തരായി വിദ്യാര്‍ത്ഥികള്‍

സംഘടനാപ്രവര്‍ത്തനത്തിന് കൈവിലങ്ങുകള്‍ ഉണ്ടായിരുന്ന ഐസാറ്റില്‍ രണ്ടു ദിനം കൊണ്ട് സമരവിജയം നേടി എസ്എഫ്ഐ. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ളതാണ് ഈ കോളേജ്. കളമശ്ശേരി ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയില്‍ (ഐസാറ്റ്) വിദ്യാര്‍ത്ഥികള്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറുന്നുണ്ടെന്ന ബോധ്യമാണ് യൂണിറ്റ് രൂപീകരിക്കാന്‍ എസ്എഫ്‌ഐയെ പ്രേരിപ്പിച്ചത്.

ഫെബ്രുവരി പത്താം തിയതിയാണ് ഐസാറ്റില്‍ യൂണിറ്റ് രൂപികരിച്ചത്. പന്ത്രണ്ടാം തിയതി തിങ്കളാഴ്ച 10 മണിയോടെ മാനേജ്‌മെന്റിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ഐസാറ്റിനു മുന്നില്‍ സമരം തുടങ്ങി. അതു വരെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ച മാനേജ്‌മെന്റ് രണ്ടാം ദിനം ചര്‍ച്ചയ്ക്ക് തയ്യാറായി. യൂണിറ്റ് രൂപീകരിച്ചതിന്റെ നാലാം നാള്‍ എസ്എഫ്‌ഐയുടെ സമരം വിജയം കണ്ടു. സ്വാശ്രയ കോളേജുകളിലെ സംഘടനാവിജയത്തിന്റെ മാതൃകയായി ഐസാറ്റ് സമരം.
മാനേജ്‌മെന്റിനു എതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പരാതി പുറത്തു വന്നതോടെയാണ് എസ്എഫ്‌ഐ സമരരംഗത്തിറങ്ങിയത്. തൊട്ടടുത്തുള്ള കൊച്ചിന്‍ സര്‍വ്വകലാശാലയിലെ എസ്എഫ്ഐ പ്രവര്‍ത്തകരാണ് യൂണിറ്റ് ഇടുന്നതിന് പിന്തുണയുമായെത്തിയത്.

തട്ടമിടുന്നതും താടി വളര്‍ത്തുന്നതുമെല്ലാം ഐസാറ്റില്‍ അച്ചടക്ക ലംഘനമാണ്. ലിഫ്റ്റുപയോഗിക്കുന്നതിനും  കോളേജ് ഗ്രൗണ്ട് ഉപയോഗിക്കുന്നതിനുമെല്ലാം ഇവിടെ വിലക്കുണ്ട്. എതിര്‍ക്കുന്നവരുടെ മാതാപിതാക്കളെ കോളേജില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ് കോളേജ് മാനേജ്‌മെന്റിന്റെ രീതി. തൊട്ടതിനും പിടിച്ചതിനും ഒക്കെ വിദ്യാര്‍ത്ഥികള്‍ ഫൈന്‍ നല്‍കണം. മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ കോളേജില്‍ അപ്രഖ്യാപിത വിലക്കുണ്ട്- സഹികെട്ട വിദ്യാര്‍ത്ഥികളാണ് സംഘടിക്കാന്‍ തീരുമാനിച്ചത്.

താടി വടിക്കാന്‍ ഷേവിങ് സെറ്റ് കോളേജ് അധികൃതര്‍ വക


ഇന്റേണല്‍ മാര്‍ക്കിന്റെ പേരു പറഞ്ഞാണ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികളെ ചൊല്‍പ്പടിയ്ക്കു നിര്‍ത്തുന്നത്. താടിയും മുടിയും വളര്‍ത്തുന്നത് അധ്യാപകര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് ഇവിടെ. താടി വളര്‍ത്തിയാല്‍ 100 രൂപ പിഴ അടയ്ക്കുന്നതിനൊപ്പം അധ്യാപകരുടെ വക ശാരീരികമായ ഉപദ്രവവും സഹിക്കണം. താടി വടിച്ചില്ലെങ്കില്‍ കോളേജ് സ്റ്റോറില്‍ നിന്ന് ഷേവിങ് സെറ്റ് വാങ്ങി വടിച്ചതിനു ശേഷം മാത്രമാണ് ക്ലാസില്‍ കയറാനാവുക. ഷേവ് ചെയ്താല്‍ അലര്‍ജിയുണ്ടെന്ന് കാണിച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കാണിച്ച കുട്ടിയോട് ഫൈനില്‍ നിന്ന് ഒഴിവാകാന്‍ സര്‍ട്ടിഫിക്കറ്റ് പോക്കറ്റിനുള്ളില്‍ സൂക്ഷിക്കാനും എപ്പോള്‍ ചോദിച്ചാലും ഹാജാരാക്കാനും നിര്‍ദ്ദേശിച്ചതായി കുട്ടികള്‍ പരാതിപ്പെടുന്നു.ചാര നിറത്തിലുള്ള സോക്‌സിനു പകരം വേറേ എന്തെങ്കിലും നിറം ഉപയോഗിച്ചാല്‍ കടുത്ത അച്ചടക്ക ലംഘനമായിട്ടായിരിക്കും വ്യാഖ്യാനിക്കുക. അച്ചടക്ക നടപടിയുടെ പേരില്‍ ഭീമമായ തുകയാണ് കുട്ടികള്‍ക്ക് ഫൈന്‍ ആയി നല്‍കേണ്ടി വരുക. വൈസ് പ്രിന്‍സിപ്പല്‍ വിന്‍സെന്റ് ജോണ്‍, രാജു പരമേശ്വരന്‍, സിസ്റ്റര്‍ ഡയാന സോളമന്‍, ജോസ് മാത്യു തുടങ്ങിയ അധ്യാപകര്‍ അച്ചടക്കത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ശാരിരീകവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നു കാണിച്ച് വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിനു പരാതി നല്‍കിയിരുന്നു.

അസുഖം മൂലം ആശുപത്രിയില്‍ പോകണമെങ്കില്‍ പോലും ട്യൂട്ടര്‍, എച്ച്ഒഡി, പ്രിന്‍സിപ്പല്‍ എന്നിവരുടെ അനുമതി വാങ്ങണം. ഇടവേളയായി അനുവദിക്കുന്ന പത്ത് മിനിട്ട് സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ കാന്റീനില്‍ എത്തി കാപ്പി കുടിച്ചു കഴിഞ്ഞില്ലെങ്കില്‍ അധ്യാപകര്‍ ഭക്ഷണ സാധനങ്ങള്‍ എടുത്ത് വലിച്ചെറിയുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ഇപ്പോള്‍ ഇടവേള അഞ്ചു മിനിട്ടായി വെട്ടിക്കുറച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.

ശബരിമലയ്ക്കു പോകാന്‍ മാലയിട്ട വിദ്യാര്‍ത്ഥിയുടെ താടി നിര്‍ബന്ധിച്ചു വടിപ്പിച്ചു


വിദ്യാര്‍ത്ഥികളുടെ മതപരമായ ആചാരങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നതും അവേഹളിക്കുന്നതും പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ശബരിമലയ്ക്കു മാലയിട്ട വിനീത് എന്ന വിദ്യാര്‍ത്ഥിയുടെ മാല ഊരിച്ചതായും നിര്‍ബന്ധിച്ച് താടി വടിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത് ഐസാറ്റാണെന്നും ഇത്തരം കാര്യങ്ങള്‍ ഇവിടെ അനുവദിക്കാനാകില്ലെന്നുമായിരുന്നു മാനേജ്മെന്റ് നിലപാടെന്ന് വിനീത് നാരദാ ന്യൂസിനോടു പറഞ്ഞു. ലീവ് എടുത്താല്‍ അന്നേ ദിവസം ക്ലാസ് എടുത്ത എല്ലാവരുടെയും എച്ച്ഒഡിയുടെയും പ്രിന്‍സിപ്പലിന്റെയും ഒപ്പ് വാങ്ങിയാല്‍ മാത്രമാണ് ക്ലാസില്‍ കയറാന്‍ സാധിക്കുക.


തട്ടം ധരിച്ചാല്‍ കോപ്പിയടിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തല്‍


മുസ്ലിം വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ നിസ്‌ക്കരിക്കാന്‍ പോകുന്നതിന് അപ്രഖ്യാപിത വിലക്കുണ്ട്. നിസ്‌ക്കരിക്കാന്‍ പോയാല്‍ അറ്റന്‍ഡന്‍സ് നിഷേധിക്കുമെന്ന് കുട്ടികള്‍ പറയുന്നു. തട്ടം ധരിച്ച് ക്ലാസില്‍ എത്തുന്നതിന് കോളേജില്‍ അപ്രഖ്യാപിത വിലക്കുണ്ട്. പരീക്ഷയ്ക്കു കോപ്പി അടിക്കും, ലാബിലെ മെഷീനുകളില്‍ തട്ടം കുടുങ്ങുമെന്ന കാര്യങ്ങള്‍ ആരോപിച്ച് തട്ടം നിര്‍ബന്ധിച്ച് ഊരി വെപ്പിക്കുന്നതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ടെക്സ്റ്റ് ബുക്ക് ഉപയോഗിക്കാന്‍ 1500 രൂപ വാടക


ആറു ടെക്സ്റ്റ് ബുക്കിന് 1500 രൂപയാണ് ഈടാക്കുന്നത്. ഈ പുസ്തകം പഠനം പൂര്‍ത്തിയാക്കുമ്പോള്‍ തിരിച്ചു കൊടുക്കണം. ഇത് ഉപയോഗിക്കാനുള്ള വാടകയാണ് 1500 രൂപ. ഇതൊടൊപ്പം കോഷന്‍ ഡിപ്പോസിറ്റെന്നു പറഞ്ഞ് 1000 രൂപ കൂടി വാങ്ങും. പുസ്തകത്തില്‍ കുത്തിവരയ്ക്കുകയോ കീറുകയോ ചെയ്താല്‍ 1000 രൂപ തിരിച്ചു കൊടുക്കില്ല.

യാതൊരു ആശ്വാസവും ഇല്ലാത്ത ആശ്വാസ് ഫണ്ട്


കോളേജില്‍ പ്രവര്‍ത്തിക്കുന്ന ആശ്വാസ് സെന്ററിനെ കുറിച്ചാണ് കൂടുതല്‍ ആരോപണം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഫൈനില്‍ നിന്ന് കിട്ടുന്നതടക്കമുള്ള തുക ചെലവഴിക്കുന്നതെന്നാണ് മാനേജ്മെന്റിന്റെ വാദമെങ്കിലും ഇതിനെപറ്റിയുള്ള കണക്കുകള്‍ മാനേജ്മെന്റ് ഇതു വരെ പുറത്തു വിട്ടിട്ടില്ല. ഓരോ കുട്ടിയ്ക്കും നിര്‍ബന്ധിതമായി കോളേജില്‍ നിന്ന് 50 രൂപയുടെ 20 കൂപ്പണുകള്‍ വിതരണം ചെയ്യും. ഇത് വിറ്റ് തുക ഏല്‍പ്പിച്ചില്ലെങ്കില്‍ കുട്ടികളുടെ കോഷന്‍ ഡിപ്പോസിറ്റില്‍ നിന്നാണ് ഈടാക്കുക.10,000 രൂപ അഡ്മിഷന്‍ എടുക്കുമ്പോള്‍ തന്നെ കോഷന്‍ ഡിപ്പോസിറ്റായി ഈടാക്കും. പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് 4000 രൂപ മാത്രമാണ് ഈ ഇനത്തില്‍ തിരികെ കൊടുത്തത്. ചോദിച്ചപ്പോള്‍ ആശ്വാസ് ഫണ്ടിലേയ്ക്കാണ് 6000 രൂപ എടുത്തത് എന്നാണ് വിശദീകരണം. 85,000 രൂപയാണ് വര്‍ഷം ഫീസ് ഇനത്തില്‍ മാത്രം ഈടാക്കുന്നത്. ബസ് ചാര്‍ജും ആശ്വാസ് ഫണ്ടും, ഫൈനും മറ്റു ചാര്‍ജുകളും കഴിയുമ്പോള്‍ തുക ലക്ഷങ്ങള്‍ കടക്കും. ആശ്വാസ് ഫണ്ട് ആതുര സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് മാനേജ്മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു കണക്കുകളും ഇതു വരെ ഹാജരാക്കിയില്ല.

ആര്‍ട്സിനും സ്പോര്‍ട്സിനും കൂടി ഒറ്റ ദിനം


ആര്‍ട്സിനും സ്പോര്‍ട്സിനുമായി കോളേജുകളില്‍ ദിവസങ്ങള്‍ അനുവദിക്കുമ്പോള്‍ ഐസാറ്റില്‍ രണ്ടിനും കൂടി ഒറ്റ ദിനമാണ്. ആര്‍ട്സിന്റെയും സ്പോര്‍ട്സിന്റെയും പേരില്‍ അധിക ദിവസങ്ങള്‍ ഒരു തരത്തിലും അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. മാനേജ്മെന്റിന്റെ ഈ നിലപാടാണ് പെട്ടെന്നൊരു സമരം പൊട്ടിപ്പുറപ്പെടാന്‍ കാരണം. സമരത്തിനു സന്നദ്ധരായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വന്നപ്പോള്‍ എസ്എഫ്ഐ പിന്തുണ നല്‍കുകയായിരുന്നു.


പ്ലെയ്സ്‌മെന്റ് പരസ്യത്തില്‍ മാത്രം: തൊട്ടതിനും പിടിച്ചതിനുമൊക്കെ പിഴ


വിജയിക്കുന്ന 98% പേര്‍ക്കും പ്ലെയ്സ്‌മെന്റ് എന്ന പരസ്യം കൊടുക്കുന്ന മാനേജ്മെന്റ് എത്ര പേര്‍ക്ക് പ്ലെയ്‌സ്‌മെന്റ് നല്‍കുന്നതെന്ന് വ്യക്തമാക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. തൊട്ടാവാടി പിടിച്ചു കിടക്കുന്ന പ്ലേ ഗ്രൗണ്ട് കുട്ടികള്‍ക്കായി വിട്ടു കൊടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

2016 മാര്‍ച്ചില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ട് സീനിയേഴ്സ് ഐഡി കാര്‍ഡ് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് കോളേജില്‍ പ്രവേശിപ്പിച്ചില്ലെന്നും പീന്നീട് കോളേജില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ വീടിന്റെ ടെറസിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ടോയ്‌ലെറ്റില്‍ വെള്ളം അമൂല്യമാണ് എന്ന സ്റ്റിക്കര്‍ കീറിയെന്ന് ആരോപിച്ച് ആ ബ്ലോക്കിലുള്ള എല്ലാ വിദ്യാർത്ഥികളിൽ നിന്നും 600 രൂപയാണ് ഫൈന്‍ ഇനത്തില്‍ മാനേജ്മെന്റ് ഈടാക്കിയത്. ആയിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കോളേജ് ബസ്സിനായി വര്‍ഷത്തില്‍ 6500 രൂപ ഈടാക്കിയിരുന്നിടത്ത് ഒറ്റയടിക്ക് 13500 രൂപയായി വര്‍ദ്ധിപ്പിച്ചതും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനു കാരണമാക്കി. ലിഫ്റ്റ് അധ്യാപകര്‍ക്കു മാത്രമാണ് ഉപയോഗിക്കാന്‍ അനുവാദമുള്ളത്. അഞ്ചാം നിലയില്‍ ആണെങ്കിലും അസുഖം ആണെങ്കിലും വിദ്യാര്‍ത്ഥികള്‍ നടന്നു തന്നെ പോകണം.


ഗേള്‍സ് ഹോസ്റ്റല്‍ എന്ന ശിക്ഷ


കോണ്‍വെന്റിലാണ് ഗേള്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. 5 മണിക്കു മുമ്പ് കോണ്‍വെന്റില്‍ കയറണമെന്നാണ് ചട്ടം. ലാപ്പ്‌ടോപ്പ് രാത്രിയാണ് ചാര്‍ജ് ചെയ്യുന്നതെങ്കില്‍ 10 രൂപയും രാവിലെയാണെങ്കില്‍ 15 രൂപയും ഈടാക്കും. രാത്രി എട്ടര കഴിഞ്ഞു ഫോണ്‍ ഉപയോഗിച്ചാല്‍ പിഴയും ശകാരവും ഉണ്ട്.

സമരം പൊളിക്കാന്‍ നീക്കം


സമരം ചെയ്ത കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്താനും മാനേജ്മെന്റ് നീക്കം നടത്തിയിരുന്നു. സമരം പൊളിക്കാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികളുടെ ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ലെന്നും കോളേജിന്റെ സത്‌കീർത്തിയ്ക്കു കളങ്കം വരുത്താൻ കരുതിക്കൂട്ടി ചെയ്തതാണെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്.സമരത്തിന്റെ എല്ലാ ഘട്ടത്തിലും വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തുന്ന സമീപനമായിരുന്നു മാനേജ്മെന്റിന്റേത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നാരദാ ന്യൂസിന്റെ പ്രതിനിധികളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ഗേറ്റില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തടഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ ബഹളം വച്ചതിനു ശേഷം മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു അകത്തേയ്ക്കു പ്രവേശിക്കാന്‍ കഴിഞ്ഞത്.

യൂണിറ്റ് രൂപീകരിച്ചതിന്റെ നാലാം ദിവസം വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ ഉപരോധിച്ചതോടെ സമരം വിജയം കണ്ടു. ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് എസ്എഫ്ഐ നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് അറിയിച്ചുവെങ്കിലും നിങ്ങളോട് ഒന്നും സംസാരിക്കാനില്ലെന്ന് മാനേജര്‍. ഫാ. ക്ലെമന്റ് വള്ളുവാശ്ശേരിയും ഡയറക്ടര്‍ ഡോ: ബാബു ടി ജോസും നിലപാട് എടുത്തതോടെ പുറത്ത് സമാധാനപരമായി സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചു ക്യാംപസിനുള്ളില്‍ പ്രവേശിക്കുകയും പുറത്തേയ്ക്കുള്ള ഗേറ്റുകള്‍ അടച്ച് അധ്യാപകരെ ഉപരോധിക്കുകയുമായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി മാനേജ്മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാകുകയും താത്കാലികമായ പരിഹാരം ഉണ്ടാക്കുകയും ചെയ്തു. അടുത്ത ചൊവ്വാഴ്ച വരെ സമയം അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ എല്ലാ ഡിമാന്റുകളും അംഗീകരിക്കാമെന്നുമുള്ള മാനേജ്മെന്റിന്റെ ഉറപ്പിനെ തുടര്‍ന്നാണു സമരം അവസാനിച്ചത്. എസ്എഫ്ഐ നേതാക്കളുമായി മാനേജ്മെന്റ് ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെ മുതല്‍ ക്ലാസില്‍ കയറി.

വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വച്ച 18 ഓളം ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പില്‍ തത്കാലം സമരം അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചു. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുകയാണെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നു സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി ശ്യാം നാരദാ ന്യൂസിനോടു പറഞ്ഞു.തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണു വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മാനേജ്മെന്റിന് നിവേദനം നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കളമശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. ജയകൃഷ്ണന്‍ ഇടപ്പെട്ടതിനെ തുടര്‍ന്നാണ് നിവേദനം സ്വീകരിച്ചത്.

മാനേജ്മെന്റ് വിളിച്ചു ചേര്‍ത്ത മാതാപിതാക്കളുടെ യോഗത്തിലും മാനേജ്മെന്റ് വിരുദ്ധ വികാരമാണ് അലയടിച്ചത്. അമിതമായ ഫൈന്‍ ഈടാക്കുന്നതിനെതിരെയായിരുന്നു ഭൂരിഭാഗം മാതാപിതാക്കളും സംസാരിച്ചതും. അമിതമായി ഫൈന്‍ ഒരു കാരണവശാലും ഈടാക്കില്ലെന്നും സമരത്തിന്റെ പേരില്‍ ആര്‍ക്കുമെതിരെ നടപടികള്‍ എടുക്കില്ലെന്നും മാനേജ്മെന്റ് എസ്എഫ്ഐയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. അനുകൂലമായ തീരുമാനത്തില്‍ നിന്ന് അധികൃതര്‍ മലക്കം മറിയുന്ന അവസ്ഥ ഉണ്ടായാല്‍ ഈ കോളേജില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിയമപരമായി നീങ്ങാനും മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും യുവജന കമ്മീഷനും പരാതി നല്‍കാനും എസ്എഫ്ഐ ആലോചിക്കുന്നുണ്ട്.എസ്എഫ്ഐയുടെ കൊടിമരം കോളേജ് ക്യാംപസില്‍ ഉടന്‍ ഉയരും. സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കളായ മിഥുന്‍ കെ അന്‍സാലി, ശ്യാം മോഹന്‍ദാസ് എന്നിവര്‍ ഐസാറ്റില്‍ ഇനി എസ്എഫ്ഐയെ നയിക്കും. എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സച്ചിന്‍ കുര്യാക്കോസ്, കളമശ്ശേരി ഏരിയാ സെകട്ടറി ബാലു രവീന്ദ്രന്‍, ഏരിയാ പ്രസിഡന്റ് രാകേഷ് ജയമോഹന്‍ തുടങ്ങിയവരാണ് ഐസാറ്റിലെ സമരത്തിനു നേതൃത്വം നല്‍കിയത്.

ചിത്രങ്ങള്‍: ശ്രീജിത്ത് കെ.ജി