അണ്ണാ ഡിഎംകെയുടെ 130 എം എല്‍ ഏമാര്‍ സുരക്ഷിതരെന്നു സര്‍ക്കാര്‍ വക്കീല്‍

എം എല്‍ ഏമാരെ രഹസ്യകേന്ദ്രത്തിലെയ്ക്കു മാറ്റിയതുമായി ബന്ധപ്പെട്ടു അഡ്വ കെ ബാലു ഹേബിയസ് കോര്‍പ്പസ് ബഞ്ചിനു നല്‍കിയ പരാതിയ്ക്കു മറുപടി നല്‍കുകയായിരുന്നു സര്‍ക്കാര്‍ വക്കീല്‍ വി എം രാജേന്ദ്രന്‍.

അണ്ണാ ഡിഎംകെയുടെ 130 എം എല്‍ ഏമാര്‍ സുരക്ഷിതരെന്നു സര്‍ക്കാര്‍ വക്കീല്‍

ശശികലയ്ക്കു പിന്തുണ അറിയിച്ച 130 അണ്ണാ ഡിഎംകെ എം എല്‍ ഏമാരും ചെപോക്കിലെ എം എല്‍ ഏ ക്വാട്ടേഴ്‌സില്‍ സുരക്ഷിതരാണെന്നു സര്‍ക്കാര്‍ വക്കീല്‍ വി എം രാജേന്ദ്രന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. എം എല്‍ ഏമാരെ രഹസ്യകേന്ദ്രത്തിലെയ്ക്കു മാറ്റിയതുമായി ബന്ധപ്പെട്ടു അഡ്വ കെ ബാലു ഹേബിയസ് കോര്‍പ്പസ് ബഞ്ചിനു നല്‍കിയ പരാതിയ്ക്കു മറുപടി നല്‍കുകയായിരുന്നു രാജേന്ദ്രന്‍.

എം എല്‍ ഏമാരെ ഭീഷണിപ്പെടുത്തി ഈസ്റ്റ് കോസ്റ്റ് റോഡിലെ ഒരു റിസോര്‍ട്ടിലേയ്ക്കു മാറ്റിയെന്നായിരുന്നു പരാതി. പനീര്‍ശെല്‍വത്തിനു പിന്തുണ നല്‍കാതിരിക്കാന്‍ വേണ്ടിയാണു അവരെ തടവില്‍ വയ്ക്കുന്നതെന്നും പരാതിയില്‍ പറയുന്നു.


അതിനിടെ എം എല്‍ ഏമാര്‍ റിസോര്‍ട്ടില്‍ ഉണ്ടെന്ന വാര്‍ത്തകളും ഫോട്ടോകളും പരന്നിരുന്നു. സ്ത്രീകളായ 22 എം എല്‍ ഏമാര്‍ ഡല്‍ഹിയിലേയ്ക്കു പോകാനൊരുങ്ങുന്നെന്ന വാര്‍ത്തയും പരന്നിരുന്നു. എയര്‍പോര്‍ട്ടില്‍ അവരെ കണ്ടെന്നും പിന്നീട് അവര്‍ യാത്ര റദ്ദാക്കിയെന്നും പിന്നീട് കിംവദന്തികള്‍ പരന്നു.

എം എല്‍ ഏമാര്‍ ബന്ദികളെപ്പോലെ തടവിലാക്കപ്പെട്ടെന്നു ഡി എം കെ നേതാവ് സ്റ്റാലിന്‍ ആരോപിച്ചു. എം എല്‍ ഏമാരെ കുറ്റവാളികളെപ്പോലെ കൊണ്ടുപോകാന്‍ ശശികലയ്ക്കു എന്തു അധികാരമാണുള്ളതെന്നു ചോദിച്ച് തമിഴ് സിനിമാതാരം ഖുശ്ബുവും രംഗത്തെത്തിയിട്ടുണ്ട്.