പരസ്പരം പുറത്താക്കി അണ്ണാ ഡി എം കെ നേതാക്കള്‍

ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുമ്പോള്‍ പനീര്‍ശെല്‍വവും മധുസൂദനനും സന്നിതിതരായിരുന്നെന്നതും അവര്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നെന്നതും ഇപ്പോഴത്തെ തീരുമാനങ്ങളുമായി കൂട്ടിവായിക്കേണ്ടതാണു.

പരസ്പരം പുറത്താക്കി അണ്ണാ ഡി എം കെ നേതാക്കള്‍

അണ്ണാ ഡി എം കെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും ശശികലയെ നീക്കിയതായി പാര്‍ട്ടി അദ്ധ്യക്ഷന്‍ ഇ മധുസൂദനന്‍. തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ മെമ്മോറാണ്ടത്തിലാണു ഇടക്കാല ജനറല്‍ സെക്രട്ടറി പദവി നിലനില്‍ക്കുന്നതല്ലെന്നും അതു പാര്‍ട്ടി നിയമങ്ങള്‍ക്കു എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചതു. ഉടനെത്തന്നെ മധുസൂദനനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ശശികലയുടെ ഉത്തരവും വന്നതോടെ അണ്ണാ ഡി എം കെയിലെ പോരു മുറുകി.


മധുസൂദനന്‍ പാര്‍ട്ടി നിയമങ്ങള്‍ മറികടന്നെന്നും പാര്‍ട്ടിയ്ക്കു അപകീര്‍ത്തി ഉണ്ടാക്കിയെന്നുമാണു ശശികലയുടെ ആരോപണം. എം എല്‍ ഏ ആയ കെ എ സെങ്കോട്ടിയനെയാണു മധുസൂദനനു പകരക്കാരനായി നിയമിച്ചിരിക്കുന്നതു.

അതേ സമയം പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ തയ്യാറായിക്കൊള്ളാന്‍ മധുസൂദനന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു. അമ്മ (ജയലളിത) ഉണ്ടായിരുന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള തിയ്യതി നിശ്ചയിക്കാന്‍ പറയുമായിരുന്നു. അമ്മ  അല്ലാതെ വേറെയാരും നാമപത്രിക നല്‍കാറില്ലാത്തതിനാല്‍ അവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമായിരുന്നു എന്നു മധുസൂദനന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നയങ്ങളും പരിപാടികളും തീരുമാനിക്കാനുള്ള അധികാരം ജനറല്‍ കൗണ്‍സിലിനാണു. ജനറല്‍ കൗണ്‍സിലിന്‌റെ തീരുമാനം എല്ലാ അംഗങ്ങള്‍ക്കും ബാധകമാണു, അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറിയാകാന്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി അംഗമായിരിക്കണമെന്ന നിബന്ധനയും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതുകൊണ്ടു ശശികല തല്‍സ്ഥാനത്തിരിക്കാന്‍ അയോഗ്യയാണെന്നും കൂട്ടിച്ചേര്‍ത്തു.

ശശികലയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുമ്പോള്‍ പനീര്‍ശെല്‍വവും മധുസൂദനനും സന്നിഹിതരായിരുന്നെന്നതും അവര്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നെന്നതും ഇപ്പോഴത്തെ തീരുമാനങ്ങളുമായി കൂട്ടിവായിക്കേണ്ടതാണു.