ടോംസ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും; പെണ്‍ഹോസ്റ്റലില്‍ കയറുന്ന ചെയര്‍മാനു തിരിച്ചടി- നാരദാ ഇംപാക്ട്‌

പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ മരണത്തിനു മുന്‍പു തന്നെ നാരദാ ന്യൂസ് സ്വാശ്രയ പീഡന വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. സ്വാശ്രയ പീഡനത്തിനെതിരെ നാരദാ ന്യൂസ് നടത്തിയ അന്വേഷണമാണ് വെള്ളാപ്പള്ളി കോളേജിലും ലോ അക്കാദമിയിലും അമല്‍ജ്യോതിയിലും സമരങ്ങളായി രൂപപ്പെട്ടത്. മറ്റക്കര ടോംസ് കോളജ് ഫോർ സ്റ്റാർട്ട് അപ്സിലെ വിദ്യാർത്ഥി പീഡനവും ആദ്യമായി പൊതുജനങ്ങളെ അറിയിച്ചത് നാരദാ ന്യൂസ് ആണ് - ടോംസ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും എന്ന തീരുമാനത്തിലൂടെ സ്വാശ്രയ പീഡനങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി നല്‍കുന്നത്.

ടോംസ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും; പെണ്‍ഹോസ്റ്റലില്‍ കയറുന്ന ചെയര്‍മാനു തിരിച്ചടി- നാരദാ ഇംപാക്ട്‌

മറ്റക്കര ടോംസ് കോളേജ് അടുത്ത വര്‍ഷം മുതലില്ല - സ്വാശ്രയ പീഡനത്തിനെതിരെ നാരദാ ന്യൂസ് ഇംപാക്ട്. കോളേജിന്റെ അടുത്തവര്‍ഷത്തെ അഫിലിയേഷന്‍ റദ്ദാക്കുമെന്നു സാങ്കേതിക സര്‍വകലാശാല അറിയിച്ചു. നിലവിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ എഐസിടിഇയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും സര്‍വകലാശാല വ്യക്തമാക്കി. നിലവിലുള്ള കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച സ്ഥാപനത്തില്‍ പഠനം തുടരാനാവും.

സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ത്ഥി പീഡനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ഉപസമിതി ടോംസ് കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാറിനു ശുപാര്‍ശ നല്‍കിയിരുന്നു. ടോംസ് എന്‍ജിനിയറിങ്‌ കോളേജ് വളഞ്ഞ വഴിയിലൂടെയാണ് അംഗീകാരം നേടിയെടുത്തതെന്ന് കോളേജില്‍ അന്വേഷണം നടത്തിയ സാങ്കേതിക സര്‍വകലാശാലാ അധികൃതര്‍ കണ്ടെത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അടക്കം വിവിധ പ്രശ്നങ്ങളും സമിതി കണ്ടെത്തിയിരുന്നു.


വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം കേരള സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ വി സി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കോളേജിന്റെ ക്രമക്കേടുകളെകുറിച്ച് അന്വേഷിച്ചത്. വിശദമായ റിപ്പോര്‍ട്ടാണ് സര്‍വകലാശാല രജിസ്ട്രാര്‍ സര്‍ക്കാരിനു കൈമാറിയത്. അന്വേഷണത്തോട് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സഹകരിച്ചു. തെളിവുകളും നല്‍കി.

മറ്റക്കരയിലെ പ്രശ്‌നങ്ങള്‍ പുറംലോകമറിഞ്ഞത് നാരദ വാര്‍ത്തയെ തുടര്‍ന്നായിരുന്നു. രാത്രികാലങ്ങളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറി വഷളത്തരം കാണിക്കുന്ന ചെയര്‍മാന്‍ ടോം ടി ജോസഫിന്റെ നടപടികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തുവന്നിരുന്നു. ചെയര്‍മാന്‍ അച്ഛനെ ചേര്‍ത്ത് ലൈംഗിക കഥ മെനഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചു എന്നതടക്കം പരാതികളേറെയാണ്. നിലവില്‍ ചെയര്‍മാന്‍ ഒളിവിലാണ്.

ഇക്കാര്യങ്ങല്‍ പുറത്തുവന്നതോടെ എസ്എഫ്ഐ സമരം ഏറ്റെടുത്തു കോളേജ് അടിച്ചു തകര്‍ത്തു. സാങ്കേതിക സര്‍വകലാശാല നടത്തിയ തെളിവെടുപ്പില്‍ നൂറോളം വിദ്യാര്‍ത്ഥികളാണ് ചെയര്‍മാനെതിരെ മൊഴി നല്‍കിയത്.

Read More >>