'ചിന്നമ്മ'യ്ക്കെതിരെ നടി രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ചിന്നമ്മ’ ശശികല നടരാജൻ തമിഴ് നാടിന്റെ മുഖ്യമന്ത്രിയാകുന്നതിൽ പ്രതിഷേധങ്ങളും ട്രോളുകളും പരക്കുന്നു. ചിത്രം എന്ന എക്കാലത്തേയും ഹിറ്റ് സിനിമയിലെ നായിക രഞ്ജിനിയും തന്റെ പ്രതികരണവുമായി രംഗത്തെത്തി.

‘ചിന്നമ്മ’ ശശികല നടരാജൻ തമിഴ് നാടിന്റെ മുഖ്യമന്ത്രിയാകുന്നതിൽ പ്രതിഷേധങ്ങളും ട്രോളുകളും പരക്കുന്നു. സിനിമാതാരം കമലഹാസൻ ട്വിറ്ററിലൂടെ വ്യംഗ്യമായി ശശികലയെ പരിഹസിച്ചിരുന്നു. മലയാളത്തിലെ ട്രോളുകളെ അനുസ്മരിപ്പിക്കും വിധം സിനിമയിലെ രംഗങ്ങൾ ചേർത്തു തമിഴ് ട്രോളുകൾ വാർത്തകളിൽ ഇടം പിടിച്ചു.

ചിത്രം എന്ന മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമയിലെ നായിക രഞ്ജിനിയും തന്റെ പ്രതികരണവുമായി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു അവർ വിയോജിപ്പ് അറിയിച്ചത്.
“ഞാൻ തമിഴ് നാട്ടിലെ ജനങ്ങൾക്കു വേണ്ടിയാണു ശബ്ദമുയർത്തുന്നത്. ശശികല നടരാജനെ മുഖ്യമന്ത്രിയായി എങ്ങിനെ വരവേൽക്കാൻ സാധിക്കും? അമ്മയുടെ ജോലിക്കാരി എന്നല്ലാതെ അവർക്കു എന്തു യോഗ്യതയാണുള്ളത്. തമിഴ് നാട്ടിലെ ജനങ്ങൾ വിഡ്ഡികളാണെന്നാണോ മണ്ണാർഗുഡി മാഫിയ കരുതുന്നത്? തമിഴ് നാടിനോടുള്ള എന്റെ അപേക്ഷയാണ്, ഈ അരാജകത്വത്തിനെതിരെ പ്രതിഷേധിക്കൂ. രഞ്ജിനി ആഹ്വാനം ചെയ്തു. ജല്ലിക്കട്ടിനു വേണ്ടി ചെറുപ്പക്കാരുടെ ശക്തി ലോകം കണ്ടതാണ്. ഇപ്പോൾ ഈ വിഡ്ഡിത്തം വലിച്ചെറിയാനുള്ള ജനങ്ങളുടെ ശക്തി കാണാൻ എനിക്കാഗ്രഹമുണ്ട്. അണ്ണാ ഡിഎംകെ സ്ഥാപിച്ചതു സ്നേഹമയനായ നടനും മുഖ്യമന്ത്രിയുമായിരുന്ന എം ജി ആർ ആണ്. അദ്ദേഹത്തിന്റെ മരണശേഷം ‘അമ്മ’ ആ ജോലി ഏറ്റെടുക്കുകയും അവരുടെ ഭാഗം ഭംഗിയാക്കുകയും ചെയ്തു.

തമിഴ് മക്കളേ, ശശികല എന്ന ക്രിമിനലിനെ മുഖ്യമന്ത്രി ആകുന്നതിൽ നിന്നും തടഞ്ഞ് അണ്ണാ ഡിഎംകെയെ രക്ഷിക്കൂ. ഒരു നേതാവിനു നല്ല യോഗ്യതകളും പ്രധാനപ്പെട്ട പദവി ഏറ്റെടുക്കാനുള്ള പരിചയവും വേണം. മുഖ്യമന്ത്രിയാകാൻ അതിലും കൂടുതൽ വേണം. അമ്മയുടെ അവസാനസമയത്തു ശശികല എല്ലാവരേയും തടഞ്ഞു നിർത്തിയതു ജനങ്ങൾക്കു അറിയാം. തമിഴ് നാടിനെ ദൈവം രക്ഷിക്കട്ടെ. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഈ ക്രിമിനൽ സംഘത്തിനെ പുറത്താക്കും എന്നു ആത്മാർഥമായും പ്രതീക്ഷിക്കുന്നു…” രഞ്ജിനെ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.