ക്യാൻസർ ബാധിച്ചപ്പോൾ മരണം അനുഭവിച്ചു; ശേഷമാണ് ജീവിതത്തിന്റെ അർഥം മനസ്സിലായത്

"കുട്ടികൾ നമ്മുടെ സ്വപ്നങ്ങൾ നടപ്പിലാക്കാൻ ജനിച്ചവരല്ലെന്ന് മനസ്സിലാക്കിയാൽത്തന്നെ ആശ, നിരാശ എന്നിവയൊന്നും ഉണ്ടാവില്ല. കുട്ടികൾ വേറെ വേറെ വ്യക്തികളാണ്. അങ്ങിനെ കരുതിയാണ് ഞാൻ മകളെ വളർത്തിയത്." വികടനിൽ വന്ന ഗൗതമിയുമായുള്ള അഭിമുഖത്തിന്റെ പരിഭാഷ.

ക്യാൻസർ ബാധിച്ചപ്പോൾ മരണം അനുഭവിച്ചു; ശേഷമാണ് ജീവിതത്തിന്റെ അർഥം മനസ്സിലായത്

മകൾ എന്തു ചെയ്യുന്നു? അവരെ തിരശ്ശീലയിൽ കാണാൻ കഴിയുമോ?

എനിക്ക് എല്ലാം തന്നെ എന്റെ മകൾ സുബ്ബുലക്ഷ്മിയാണ്. 17 വയസ്സുള്ള ഒരു പെൺകുട്ടിയ്ക്ക് എത്രത്തോളം പ്രാധാന്യം കൊടുക്കണമോ അത്രയും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഇത് പരീക്ഷാക്കാലമാണ്. എല്ലാ മാതാപിതാക്കളെപ്പോലെയാണ് ഞാനും. മകൾ പരീക്ഷ നന്നായി എഴുതാനായി രാപ്പകലില്ലാതെ കൂടെയിരിക്കുന്നു. അടുത്തത് എന്ത് പഠിക്കണമെന്ന് പരീക്ഷയ്ക്ക് എത്ര മാർക്ക് വാങ്ങുമെന്നതിനെ ആശ്രയിച്ചിരിക്കും. ഇപ്പോൾ ജീവിതം വളരെ നന്നായി പോകുന്നുണ്ട്.


എന്റെ മകൾക്ക് ക്രിയേറ്റീവ് ആയ ജീവിതം ആണ് ആഗ്രഹം. പുതുമയുള്ള കാര്യങ്ങളിൽ താല്പര്യമുണ്ട്. ഫിലിം മേക്കിങ്, സാഹിത്യം, ചരിത്രം എന്നിങ്ങനെ താല്പര്യമില്ലത്തത് ഒന്നുമില്ല. അതിനേക്കാൾ പ്രധാനമാണ് അവർ അടുത്ത് ചെയ്യാൻ പോകുന്ന ബിരുദപഠനം.

അവർ ഇപ്പോഴും കുട്ടിയല്ലേ…! തൽക്കാലം അഭിനയത്തിലൊന്നും നോട്ടമില്ല. എന്ത് ജീവിതം വേണമെന്ന് അവർ തന്നെ തീരുമാനിക്കട്ടെ. ഒരു അമ്മ എന്ന നിലയിൽ ഞാൻ അവരുടെ തീരുമാനത്തിനെ പിന്തുണയ്ക്കും.

[caption id="attachment_83156" align="alignleft" width="390"] മകൾ സുബ്ബലക്ഷ്മിയ്ക്കൊപ്പം ഗൌതമി[/caption]

സിംഗിൾ പേരന്റിങ്ങിൽ ‘അച്ഛന്റെ’ വേഷവും അണിഞ്ഞ് വളർത്തുന്നതിന്റെ അനുഭവം എങ്ങിനെ?

തുടക്കം മുതലേ സിംഗിൾ പേരന്റ് ആയിരുന്നു. അച്ഛൻ, അമ്മ എന്നിങ്ങനെ വേർപെടുത്തി കാണാൻ കഴിയാത്ത വിധം തന്നെയാണ് എന്റെ മകളെ വളർത്തിയത്. കുഞ്ഞുങ്ങളെ വളർത്തുന്നത് ചാലഞ്ച് ആണ്. കുഞ്ഞുങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളെ മനസ്സിലാക്കി വളർത്തണം. അല്പം പോലും മിസ്സ് ആയാൽപ്പോലും, നമ്മൾ ചെയ്യേണ്ടത് ശരിയായി ചെയ്തില്ലെന്ന് കുട്ടികളുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കാം. കുട്ടികൾ നമ്മുടെ സ്വപ്നങ്ങൾ നടപ്പിലാക്കാൻ ജനിച്ചവരല്ലെന്ന് മനസ്സിലാക്കിയാൽത്തന്നെ ആശ, നിരാശ എന്നിവയൊന്നും ഉണ്ടാവില്ല. കുട്ടികൾ വേറെ വേറെ വ്യക്തികളാണ്. അങ്ങിനെ കരുതിയാണ് ഞാൻ മകളെ വളർത്തിയത്. മകളുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് ഞാൻ ജോലി പോലും മാറ്റി വച്ചത്.

അതേ സമയം, അവർ കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കുന്നതിനും അനുവദിക്കാറുണ്ട്. ചെറുപ്പത്തിൽ എനിക്ക് ഒറ്റയ്ക്കിരിക്കാനായിരുന്നു ഇഷ്ടം. ആൾക്കൂട്ടത്തിനിടയിൽ എന്ത് ചെയ്യണമെന്ന് എനിക്കറിയാതെ പോകും. അതെനിക്ക് ഇഷ്ടമായിരുന്നു. എന്റെ നായ്ക്കുട്ടി, എന്റെ വീട് എന്നിങ്ങനെയായിരുന്നു. എന്റെ മകൾ സോഷ്യൽ ടൈപ്പ് ആണ്. അവർ എല്ലാവരോടും എളുപ്പത്തിൽ ഇടപഴകും.

അവർ ടീനേജിൽ ആയതിനാൽ ധാരാളം വിഷയങ്ങൾ പങ്കുവയ്ക്കാറുണ്ട്. ശരീരം, മനസ്സ്, രാഷ്ട്രീയം എന്നിങ്ങനെ തുടങ്ങി ഒരു പ്രശ്നം വന്നാൽ എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് വരെ ഞങ്ങൾ സംസാരിക്കും. എപ്പോഴും ആരെങ്കിലും വന്ന് സഹായിക്കുകയൊന്നുമില്ലല്ലോ. നമ്മൾ തന്നത്താൻ തയ്യാറാകണം. സന്തോഷം വരുമ്പോൾ അതും കൈകാര്യം ചെയ്യാൻ അറിയണം. ഇങ്ങനെ, ബാലൻസ്ഡ് ആയ മനോനിലയിൽ എന്തും നേരിടാനുള്ള പക്വതയോടെയാണ് അവരെ വളർത്തിയിരിക്കുന്നത്. എന്റെ മകൾ നന്നായി എഴുതും. ധാരാളം വായിക്കുന്നുണ്ട്. സ്പോർട്ട്സ് ഇഷ്ടമാണ്. യാത്രകൾ വളരെ ഇഷ്ടമാണ്. ആർട്ട് ഇഷ്ടമാണ്. അവരുടെ അവസ്ഥയെ ഞാനും ആസ്വദിക്കുന്നു.

ഞങ്ങളുടെ പുതിയ യാത്ര നന്നായി പോയിക്കൊണ്ടിരിക്കുന്നു. അതിനായി ഞാൻ എന്തെങ്കിലും ത്യാഗം ചെയ്തെന്നൊന്നും പറയില്ല. ഒന്നിനെ തിരഞ്ഞെടുക്കുമ്പോൾ മറ്റൊന്ന് വിട്ടുപോയെന്ന് തോന്നും. അത് സ്വാഭാവികമാണ്. എന്റെ ജീവിതത്തിലും അതുതന്നെയാണ് ചെയ്തത്.

ജോലിയ്ക്ക് പോയി സമ്പാദിച്ച് കുടുംബം നടത്തണം എന്ന അവസ്ഥയൊന്നും എനിക്കില്ല. അതുകൊണ്ട്, എന്റെ കുഞ്ഞിന്റെയൊപ്പം കഴിയാവുന്ന വിധത്തിലുള്ള തൊഴിൽ തിരഞ്ഞെടുത്തു. ജോലിയ്ക്കും പോയി കുട്ടികളേയും നോക്കുന്ന എല്ലാ അമ്മമാരേയും ഞാൻ നമിക്കുന്നു എന്ന് പറയുന്നവരുടെയടുത്ത് കുട്ടികളെ വളർത്തുന്നതിനുള്ള ടിപ്സ് ധാരാളം കാണും.

പുതിയ ഒരു സുഹൃത്ത് അല്ലെങ്കിൽ ജോലി കിട്ടുമ്പോൾ നമ്മൾ പതുക്കെയേ മനസ്സിലാക്കൂ. അതേ പോലെ കുട്ടികളെപ്പറ്റിയുള്ള ചെറിയ കാര്യങ്ങളും തേടിത്തേടി മനസ്സിലാക്കണം. നമുക്ക് അവരിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്. നമ്മളാണ് മുതിർന്നവർ, നമുക്കേ എല്ലാം അറിയൂ എന്ന് വിചാരിച്ചാൽ ഒന്നും പഠിക്കാൻ പറ്റില്ല.

എന്റെ ജീവിതത്തിന്റെ സൗന്ദര്യത്തെ എന്റെ മകളുടെ സ്നേഹത്തിലാണ് മനസ്സിലാക്കുന്നത്. അവർക്കായി ആരംഭിക്കുന്ന ഏത് വിഷയത്തിലും ആ സൗന്ദര്യം തനിയേ വന്നുകയറും.

തന്നെ തേടിയെത്തുന്ന പ്രശ്നങ്ങളെ എങ്ങിനെ നേരിടുന്നു?

കഠിനമായ അവസ്ഥകളെ നേരിടാൻ തീർച്ചയായും ആത്മവിശ്വാസം വേണം. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ ആത്മവിശ്വാസം സ്വയം തന്നെ എടുത്തണിയണം. ചെറിയ കാര്യങ്ങളാണ് വലിയ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുക.

ഗൗതമിയുടെ ‘ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ’ എന്താണ് ചെയ്യാൻ പോകുന്നത്?

ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ വരും. ഒരെണ്ണം ശരിയാക്കുമ്പോഴേയ്ക്കും അടുത്തത് വരും. അത് എനിക്ക് താങ്ങാൻ പറ്റുമോ? എന്ന തരത്തിൽ മറ്റൊന്ന് വരും. എന്നാൽ, എല്ലാം താണ്ടുന്നതാണ് ജീവിതം. അങ്ങിനെ താണ്ടുമ്പോൾ നമുക്കും തീർച്ചയായും മാറ്റങ്ങൾ വരും.

എനിക്ക് ക്യാൻസർ ബാധിച്ചപ്പോൾ മരണം അനുഭവിക്കാൻ കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് ജീവിതത്തിന്റെ അർഥം മനസ്സിലായത്. ജീവിതം എങ്ങിനെ ജീവിക്കണമെന്ന് ഞാൻ പഠിച്ചു. ക്യാൻസർ അനുഭവം എനിക്ക് ധാരാളം പഠിപ്പിച്ച് തന്നു.

കീമോതെറാപ്പി പോലെയുള്ള ചികിത്സകളെ എനിക്ക് താങ്ങാൻ കഴിഞ്ഞതും അതുകൊണ്ടാണ്. അടിസ്ഥാനപരമായി ഞാൻ സൂക്ഷിച്ചു വന്നിരുന്ന എന്റെ ആരോഗ്യം, ആഹാരരീതി, ചിട്ടയുള്ള ജീവിതം എന്നിങ്ങനെ. ജീവിതം നന്നായി അനുഭവിക്കാൻ ഒരു ടൂൾ വേണം. ഈ ആലോചനയിൽ തുടങ്ങിയതാണ് ‘ലൈഫ് എഗെയ്ൻ ഫൗണ്ടേഷൻ’.

കുട്ടികളോടൊപ്പവും സ്ത്രീകൾക്കൊപ്പവും നിറയെ ജോലി ചെയ്യണം. കുഞ്ഞുങ്ങളായിരിക്കുമ്പോഴേ അവരുടെ ജീവിതശൈലിയും ചിന്താരീതിയും എല്ലാം നന്നായി കെട്ടിപ്പടുക്കണം. അതാണ് ഫൗണ്ടേഷൻ വഴി ചെയ്യാൻ പോകുന്നത്.  ഇനിയും നിറയെ പദ്ധതികൾ ഉണ്ട്.

ഗൗതമിയെ സിനിമയിൽ വീണ്ടും കാണാൻ കഴിയുമോ?

കഴിഞ്ഞ 10 വർഷങ്ങളായി ഞാൻ ക്യാമറയുടെ പിന്നിൽ ജോലി ചെയ്തു വരുന്നുണ്ട്. അത് തുടരും. എനിക്ക് ഇഷ്ടമുള്ള ഫാഷൻ ഡിസൈനർ ജോലി ചെയ്യുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നിലേയ്ക്ക് വരുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. ജീവിതം കുറച്ചു കുറച്ചായി സെറ്റിൽ ആയി വരുന്നത് ഇപ്പോഴാണ്. അത് ആസ്വദിക്കുകയാണിപ്പോൾ.കടപ്പാട്: യാഴ് ശ്രീദേവി, വികടൻ

Story by