ഇതരസംസ്ഥാനക്കാരായ കുട്ടികളുടെ കണ്ണിൽ മുളകുപൊടി വിതറി; അമ്മയുടെ കൈ തല്ലിയൊടിച്ചു; ഇതാ സാംസ്കാരിക പ്രവർത്തകന്റെ യഥാർത്ഥ മുഖം

എൻഡോസൾഫാൻ ദുരിത ബാധിതരെക്കുറിച്ചും യുദ്ധക്കെടുതികളെക്കുറിച്ചും ഫോട്ടോപ്രദർശനം സംഘടിപ്പിച്ച് പ്രസിദ്ധനായ മധു ചീമേനിയാണ് തന്റെ മകനെ പരിക്കേൽപ്പിച്ചെന്ന് ആരോപിച്ച് ഉത്സവപ്പറമ്പിൽ ബലൂൺ വിൽക്കുകയായിരുന്ന നാടോടി കുട്ടികളുടെ കണ്ണിൽ മുളകുപൊടി വിതറുകയും അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തത്.

ഇതരസംസ്ഥാനക്കാരായ കുട്ടികളുടെ കണ്ണിൽ മുളകുപൊടി വിതറി; അമ്മയുടെ കൈ തല്ലിയൊടിച്ചു; ഇതാ സാംസ്കാരിക പ്രവർത്തകന്റെ യഥാർത്ഥ മുഖം

സ്വന്തം മകന്റെ ദേഹത്ത് കല്ലെടുത്തെറിഞ്ഞെന്നാരോപിച്ച് സാംസ്കാരിക പ്രവർത്തകൻ കാട്ടിക്കൂട്ടിയത് മനുഷ്യത്വമില്ലായ്മ. ഉത്സവ സ്ഥലത്ത് ബലൂൺ വിൽക്കുകയായിരുന്ന പിഞ്ചു കുട്ടികളുടെ കണ്ണിൽ മുളകുപൊടി വീശുകയും മർദിക്കുകയും തടയാനെത്തിയ കുട്ടികളുടെ അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. കാസർഗോഡ് ജില്ലയിലെ ചീമേനിക്ക് സമീപമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.

[caption id="attachment_82012" align="alignleft" width="206"]

മധു ചീമേനി[/caption]

പ്രമുഖ സാംസ്കാരിക പ്രവർത്തകനും എൻഡോസൾഫാൻ, യുദ്ധം എന്നിവയുടെ കെടുതികളെക്കുറിച്ച് ചിത്ര പ്രദർശനം നടത്തുകയും ചെയ്യുന്ന മധു ചീമേനിയാണ് വില്ലൻ. വെസ്റ്റ് എളേരി പാടാർകുളങ്ങര ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ മധുവിന്റെ പത്ത് വയസ്സുകാരനായ മകന് നാടോടി സംഘത്തിലെ കുട്ടികളുടെ കയ്യിൽ നിന്നും നെറ്റിയ്ക്കു പരിക്കേറ്റെന്ന് ആരോപിച്ചാണ് പ്രശ്നം തുടങ്ങിയത്. തുടർന്ന് കോപാകുലനായി അമ്പലപ്പറമ്പിലെത്തിയ മധു ബലൂൺ വിറ്റു നടന്നിരുന്ന സംഘത്തിലെ കുട്ടികളാണ് തന്റെ മകനെ കല്ലെടുത്തെറിഞ്ഞ് പരിക്കേൽപ്പിച്ചത് എന്ന് ആക്രോശിച്ചു കൊണ്ട് അവരെ ആക്രമിക്കുകയായിരുന്നു.

കയ്യിൽ കരുതിയ മുളകുപൊടി കുട്ടികളുടെ കണ്ണിലേക്ക് വിതറുകയും അതിഭീകരമായ മർദനം അഴിച്ചു വിടുകയുമായിരുന്നു. കുട്ടികളുടെ രക്ഷക്കായി ഓടിയെത്തിയ അമ്മയ്ക്കും കിട്ടി കടുത്ത മർദനം. കുട്ടികളെ കെട്ടിപിടിച്ചു സംരക്ഷിക്കാൻ ശ്രമിച്ച അമ്മയുടെ കയ്യുടെ എല്ല് പൊട്ടി. സാംസ്കാരിക പ്രവർത്തകനും സർവോപരി മനുഷ്യസ്നേഹിയുമായ മധുവിന്റെ അക്രമത്തെ അമ്പരപ്പോടെ നോക്കിക്കണ്ട നാട്ടുകാർ അതിലിടപെടുമ്പോഴേക്കും മധു ഇത്രയും ചെയ്തു തീർത്തിരുന്നു.

തുടർന്ന് നാട്ടുകാർ അറിയിച്ച പ്രകാരം ചിറ്റാരിക്കൽ പോലീസ് സ്ഥലത്തെത്തുകയും മധുവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. നാട്ടുകാരിൽ ചിലർ അമ്മയെയും കുഞ്ഞുങ്ങളെയും സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോവുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
കുട്ടികളെയടക്കം ശാരീരികമായി ഉപദ്രവിക്കുകയും എല്ലിന് പൊട്ടൽ ഉണ്ടാകത്തക്ക രീതിയിൽ സ്ത്രീയെ ഗുരുതരമായി മർദിക്കുകയും ചെയ്തതിനാൽ വധശ്രമം ഉൾപ്പെടെ ഗൗരവകരമായ വകുപ്പുകൾ ചേർത്ത് കേസെടുക്കണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

എന്നാൽ സഹകരണബാങ്ക് ജീവനക്കാരൻ കൂടിയായ മധുവിന്റെ സഹപ്രവർത്തകരിൽ ചിലർ വിഷയത്തിൽ ഇടപെടുകയും ആശുപത്രിയിൽ നിന്നും നാടോടി സംഘത്തെ പുറത്തിറക്കി 25000 രൂപ നൽകി പറഞ്ഞു വിടുകയും പോലീസിൽ സ്വാധീനം ചെലുത്തി മധുവിനെ മോചിപ്പിക്കുകയും ചെയ്തു എന്ന ആരോപണമാണ് ഇപ്പോൾ നാട്ടുകാർ ഉയർത്തുന്നത്.
എന്നാൽ ഉല്സവസ്ഥലത്ത് ബഹളം നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്ത് ചെന്ന് പ്രിവന്റീവ് അറസ്റ്റ് എന്ന നിലയിൽ മധുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു എന്നതാണ് ചിറ്റാരിക്കൽ പോലീസ് നാരദാ ന്യൂസിനോടു പറഞ്ഞത്. ചില നാടോടികൾക്ക് പരിക്കേറ്റിരുന്നെന്നും അവരെ അപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോയതായും ചിറ്റാരിക്കൽ പോലീസ് പറയുന്നു. എന്നാൽ പരാതിയുമായി ആരും എത്താതിരുന്നതിനെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കേസുകളൊന്നും രെജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചിറ്റാരിക്കൽ പോലീസ് നാരദാ ന്യൂസിനോടു പറഞ്ഞു.

[caption id="attachment_82013" align="aligncenter" width="610"] മധു ചീമേനിയുടെ യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനം[/caption]

സിപിഐഎം പ്രവർത്തകൻ കൂടിയായ മധുവിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ നിന്നും പ്രാദേശിക നേതൃത്വത്തിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

എന്നാൽ തന്റെ മകനെ രൂക്ഷമായി ആക്രമിച്ച സംഘത്തിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത് എന്ന നിലപാടിലാണ് മധു ചീമേനി. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മധു പറയുന്നത്. വ്യക്തമായി പരാതി വരാത്തതിനാൽ നടപടിയെടുക്കാൻ കഴിയില്ല എന്നാണ് പോലീസും ബന്ധപ്പെട്ട വകുപ്പുകളും പറയുന്നത്. തന്റെ മകനെ നാടോടികൾ ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി മധുവും പരാതി നൽകിയിട്ടില്ല.

Read More >>