പൊലീസിനെതിരെ കേസുകൊടുത്ത അമ്മയോട് പ്രതികാരം: ബത്തേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കുട്ടിയെ ഇടിച്ചു രക്തം ഛര്‍ദ്ദിപ്പിച്ചു; എസ്‌ഐയുടെ ഇരട്ടപ്പേര് ആക്ഷന്‍ ഹീറോ ബിജു

പ്രായപൂര്‍ത്തിയാകാത്ത ബാലനുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റടക്കം ആശുപത്രിയില്‍. മോഷണക്കേസില്‍ കുടുക്കാനും ശ്രമം. കുട്ടിയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. ആക്ഷന്‍ ഹീറോ ബിജു എന്ന ഇരട്ടപ്പേരുള്ള എസ്ഐയുടെ ക്രൂരതയില്‍ നടുങ്ങി ബത്തേരി

പൊലീസിനെതിരെ കേസുകൊടുത്ത അമ്മയോട് പ്രതികാരം: ബത്തേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കുട്ടിയെ ഇടിച്ചു രക്തം ഛര്‍ദ്ദിപ്പിച്ചു; എസ്‌ഐയുടെ ഇരട്ടപ്പേര് ആക്ഷന്‍ ഹീറോ ബിജു

പ്രായപൂര്‍ത്തിയാകാത്ത ബാലനുള്‍പ്പെടെ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ബത്തേരി പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഇതില്‍ ബാലന്‍ മര്‍ദ്ദനത്തെത്തുടര്‍ന്ന് രക്തം ചര്‍ദ്ദിച്ചു. ബാലന്റെ അമ്മ ഒരു കേസുമായി ബന്ധപ്പെട്ട് എസ്‌ഐ കൈക്കൂലി ചോദിച്ചതിനെതിരെ പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യം തീര്‍ക്കാനാണ് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് ആരോപണം. മോഷണക്കേസ് തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും നടന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ബത്തേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ ഇടപെട്ടിട്ടുണ്ട്. എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലാണ് അക്രമണം നടന്നത്.


ബത്തേരി സ്വദേശികളായ രാഹുല്‍ (16) നിധീഷ് (18), സിദ്ദിഖ് (18), എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഡിവൈഎഫ്ഐ തൊടുവട്ടി യൂണിറ്റ് പ്രസിഡന്റാണ് നിധീഷ്. തിരുനെല്ലി യൂണിറ്റ് ജോയിന്റ് സെക്രട്ടറിയാണ് സിദ്ധീഖ്. അതേ യൂണിറ്റിലെ വൈസ് പ്രസിഡന്റാണ് രാഹുല്‍. 14 വയസില്‍ ഡിവൈഎഫ്ഐ അംഗത്വം നേടിയതു മുതല്‍ പ്രദേശത്തെ ശക്തനായ പ്രവര്‍ത്തകനാണ് രാഹുല്‍.

രണ്ടുവര്‍ഷം മുന്‍പ് ചുമതലയെടുത്ത എസ്‌ഐക്കെതിരെ കൈക്കൂലി അടക്കമുള്ള കേസുകളുണ്ട്. സ്വന്തമായി നിയമങ്ങള്‍ നടപ്പാക്കുകയാണ് ഇയാളുടെ രീതി. ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് മര്‍ദ്ദിക്കുന്നതടക്കം ശൈലികളാണ്. സ്വന്തമായി നിയമം നടപ്പാക്കുന്നതിനാല്‍ എസ്‌ഐ ബിജു ആന്റണിയെ ആക്ഷന്‍ ഹീറോ ബിജു എന്നാണ് നാട്ടുകാര്‍ വെറുപ്പോടെ വിളിക്കുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് നിധീഷും സിദ്ധിഖും സഞ്ചരിച്ചിരുന്ന ബൈക്ക് ഒമ്നിവാനില്‍ ഇടിച്ചു. വാനുടമയ്ക്ക് പരാതി ഇല്ലായിരുന്നതിനാല്‍ കേസില്ല. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് സ്റ്റേഷനിലെത്തി എല്ലാ ദിവസവും സ്റ്റേഷനിലെത്തി ഒപ്പ് വെയ്ക്കാന്‍ നിധീഷിനും സിദ്ദിഖിനും നിര്‍ദ്ദേശം നല്‍കി.

സാധാരണ വൈകിട്ട് 6.30ന് സ്റ്റേഷനിലെത്താറുള്ള ഇവരെ എഎസ്‌ഐ സലാം ചൊവ്വാഴ്ച ഫോണില്‍ വിളിച്ച് 5 മണിക്ക് സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ ഇവരെ എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ പോലീസ് മര്‍ദ്ദിച്ചു. കാരണം തിരക്കിയപ്പോള്‍ തിരുനെല്ലി റേഷന്‍ കടയില്‍ നടന്ന മോഷണത്തില്‍ ഇവര്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസിന് കാണിക്കാനായില്ല. പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇരുവരും പോയത് അറിയാവുന്ന രാഹുല്‍ സുഹൃത്തുക്കള്‍ മടങ്ങിവരാതായതോടെയാണ് തിരക്കി സ്റ്റേഷനിലെത്തിയത്. രാഹുലിന്റെ അ്മ്മ എസ്ഐക്കെതിരെ കൈക്കൂലി ചോദിച്ചതിന് കേസ് കൊടുത്തിരുന്നു. രാഹുലിനെ തിരിച്ചറിഞ്ഞതോടെ അക്രമണം ശക്തമായി.

ഇതോടെ പ്രായപൂര്‍ത്തിയാകാത്ത രാഹുലിനേയും എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് മര്‍ദ്ദിക്കാന്‍ തുടങ്ങി. മറ്റ് രണ്ടുപേരും മോഷണക്കുറ്റം സമ്മതിച്ചതായും ഇനി നീ കൂടി സമ്മതിക്കമണമെന്നും ആവശ്യപ്പെട്ട് പോലീസ് രാഹുലിനെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. പരിശോധനയ്ക്ക് ശേഷം തിരികെയെത്തിയപ്പോള്‍ സ്റ്റേഷനിലെത്തിയ സഹോദരനൊപ്പം സിദ്ധിഖിനെ മാത്രം ജാമ്യത്തില്‍ വിട്ടു. രാത്രി 10.30ഓടെ നിധീഷിനേയും രാഹുലിനേയും വിട്ടയയ്ക്കുകയും രാവിലെ സ്റ്റേഷനില്‍ ജാമ്യക്കാരുമായി വന്ന് ഫൈന്‍ അടക്കണമെന്നും ആവശ്യപ്പെട്ടു.

എന്തിന് ഫൈന്‍ അടക്കണമെന്ന് ചോദിച്ചപ്പോള്‍ പോലീസ് ചീത്ത വിളിച്ച് സ്റ്റേഷനില്‍ നിന്ന് തള്ളിപ്പുറത്താക്കി. പിന്നീട് വീട്ടിലെത്തിയ രാഹുല്‍ രക്തം ചര്‍ദ്ദിച്ചു. ഇതെത്തുടര്‍ന്ന് വീട്ടുകാര്‍ സമീപത്തെ ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ വളരെ നിരുത്തരവാദിത്തപരമായ നിലപാടാണ് സ്വീകരിച്ചത്. പുറമെ പരുക്കൊന്നും കാണാനില്ലെന്ന് പറഞ്ഞ് രാഹുലിനെ അഡ്മിറ്റാക്കാതെ തിരിച്ചയച്ചു. ഇന്ന് രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. പിന്നീട് ഇവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തയാളെയടക്കം ക്രൂരമര്‍ദ്ദനത്തിനിരയായിക്കിയ പോലീസ് നടപടിക്കെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

പൊലീസ് ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സപോലും നിഷേധിക്കപ്പെട്ടത്. പൊലീസ് കംപ്ലേന്റ് അതോറിറ്റിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജു സിനിമയെ അനുകരിക്കുന്ന എസ്ഐയാണ് ബത്തേരി എസ്ഐ ബിജു ആന്റണിയും. മട്ടാഞ്ചേരിയില്‍ ഗര്‍ഭിണിയായ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും ഒപ്പമെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അക്രമിക്കപ്പെട്ടിരുന്നു. പൊലീസ് പീഡനത്തെ തുടര്‍ന്ന് സിപിഐ നേതാവ് കൊല്ലത്ത് മരിച്ചതും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സ്വന്തം നിയമം നടപ്പാക്കുന്ന എസ്ഐയെ മാറ്റാന്‍ നാട്ടുകാരും രാഷ്ട്രീയപ്പാര്‍ട്ടികളും പലവട്ടം ശ്രമിച്ചെങ്കിലും കുപ്രസിദ്ധി മൂലം സ്ഥലം മാറ്റാനാവാത്ത അവസ്ഥയിലാണ്. മറ്റൊരിടത്തും സ്വീകരിക്കപ്പെടില്ല. നിലവില്‍ കുട്ടിയ്ക്കു നേരെ നടന്നത് ക്രൂരമായ അക്രമണമാണ്. രാഹുലിന്റെ അമ്മയോടുള്ള പ്രതികാരമാണ് അയാള്‍ തീര്‍ത്തത്- ഡിവൈഎഫ്ഐ ബത്തേരി ഈസ്റ്റ് മേഖല സെക്രട്ടറി ആഷ്മി ഐസക് പറഞ്ഞു.

Read More >>