കോഴഞ്ചേരിയിൽ ആറാം ക്ലാസുകാരിയ്ക്ക് മർദ്ദനം; സമരത്തിന്റെ മറവില്‍ ഗേള്‍സ് സ്‌കൂളില്‍ എബിവിപി-കെഎസ്‌യു ആക്രമണം

ലോ അക്കാദമിയിലെ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന വിദ്യാഭ്യാസ ബന്ദിനിടെയാണ് എബിവിപി- കെഎസ്‌യു പ്രവര്‍ത്തകര്‍ ഒരുമിച്ചെത്തി കോഴഞ്ചേരി ഗേള്‍സ് സ്‌കൂളിനു നേരെ ആക്രമണം നടത്തിയത്. ക്ലാസ് മുറിയിലേക്ക് കയറിയ പ്രവര്‍ത്തകര്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈ തിരിച്ചൊടിക്കാന്‍ ശ്രമിച്ചു.

കോഴഞ്ചേരിയിൽ ആറാം ക്ലാസുകാരിയ്ക്ക് മർദ്ദനം; സമരത്തിന്റെ മറവില്‍ ഗേള്‍സ് സ്‌കൂളില്‍  എബിവിപി-കെഎസ്‌യു  ആക്രമണം

പത്തനംതിട്ട കോഴഞ്ചേരിയില്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌കൂളിൽ അറുപതോളം എബിവിപി- കെഎസ്‌യു പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചു വിട്ടു. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. സ്‌കൂളിലെ ആറാം ക്ലാസില്‍ കയറിയാണ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഈ സ്‌കൂളില്‍ സമരങ്ങളോ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രകടനങ്ങളോ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇക്കാര്യം സ്‌കൂളിലെ അധ്യാപകര്‍ പ്രവര്‍ത്തകരോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ തയ്യാറായില്ല. തങ്ങളെ തള്ളിമാറ്റി ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആറാം ക്ലാസിലേയ്ക്ക് കയറുകയായിരുന്നുവെന്ന് അധ്യാപകര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ക്ലാസിലേയ്ക്ക് അതിക്രമിച്ച് കയറിയവര്‍ വിദ്യാര്‍ത്ഥികളുടെ ബാഗും മറ്റും വലിച്ചെറിയുകയായിരുന്നു. ഇതേ സമയം മറ്റൊരു വിഭാഗം സ്കൂളിന്റെ ജനല്‍ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ക്കുകയായിരുന്നു.


ആറാം ക്ലാസില്‍ പഠിക്കുന്ന മേഘാ മാത്യു എന്ന വിദ്യാര്‍ത്ഥിനിയുടെ കൈപിടിച്ചു തിരിച്ചു. മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ അധ്യാപകര്‍ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കി ഇവരെ പിന്നീട് വിട്ടയച്ചു.

[caption id="attachment_78517" align="aligncenter" width="495"] സ്കൂളിന് മുന്നിൽ എബിവിപി-കെഎസ്‌യു പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു[/caption]അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിന്റെ ഭീതി ഇതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുമാറിമാറിയിട്ടില്ലെന്ന് ബ്ലേക്ക് പഞ്ചായത്തംഗം ബിജിലി പി ഈശോ പറഞ്ഞു. പല വിദ്യാര്‍ത്ഥിനികളും സ്‌കൂളിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണം നടത്തിയവര്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ കോഴഞ്ചേരി സി ഐയ്ക്കും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. കണ്ടാലറിയാവുന്ന അന്‍പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് നാരദാ ന്യൂസിനോട് പറഞ്ഞു. ആക്രമണം നടത്തിയവര്‍ എബിവിപി- കെഎസ്‌യു പ്രവര്‍ത്തകരാണെന്നാണ് ലഭിച്ച വിവരമെന്ന് സിഐ അനിൽ ബി പറഞ്ഞു.

Read More >>