സ്ത്രീവിരുദ്ധ ഡയലോഗുകളും വഷളനായക അഴിഞ്ഞാട്ടവും നിര്‍ത്താന്‍ ആഷിഖ്

കച്ചവട സിനിമയെ മൊത്തത്തില്‍ വിമര്‍ശിച്ച് സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ആഞ്ഞടിച്ച് ആഷിഖ് അബു.

സ്ത്രീവിരുദ്ധ ഡയലോഗുകളും വഷളനായക അഴിഞ്ഞാട്ടവും നിര്‍ത്താന്‍ ആഷിഖ്

നടിക്കു നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് സിനിമാ ലോകം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ സ്വയം വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു. 'ചീപ് ത്രില്‍സിനും കയ്യടികള്‍ക്കും വേണ്ടി അങ്ങേയറ്റം സ്ത്രീവിരുദ്ധ ഡയലോഗുകളും തമാശകളെന്ന പേരിലുള്ള വഷളനായക അഴിഞ്ഞാട്ടവും ഇനി മുതല്‍ ചെയ്യില്ലയെന്ന് എഴുത്തുകാരും സംവിധായകരും താരങ്ങളും തീരുമാനിച്ചാല്‍ അതാവും നമുക്ക് ഈ നാടിനോട്, ഈ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതി''- ആഷിക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


സാമ്പത്തികമായി ചരിത്രവിജയമായ മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന സിനിമയില്‍ നമിതയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശൈലി വിമര്‍ശിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ കസബയില്‍ സ്ത്രീ കഥാപാത്രങ്ങളെ ഉടനീളം അവഹേളിക്കുകയായിരുന്നു. മായാ മോഹിനിയടക്കം ദിലീപ് സിനിമകളിലേറെയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ സ്ത്രീയെ അവഹേളിച്ചു.


നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലും സ്ത്രീ കഥാപാത്രങ്ങളെ ലൈംഗികമായി അധിക്ഷേപിക്കുന്നുണ്ട്. നടി അക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സിനിമയിലെ സ്ത്രീവിരുദ്ധത ഉടനീളം ചോദ്യചെയ്യപ്പെടുന്നതിനിടയിലാണ് ആഷിഖിന്റെ ധീരമായ ചോദ്യം ചെയ്യല്‍.

ആണത്തഹുങ്കും ആങ്ങളകളിക്കും അപ്പുറം സ്ത്രീയെ വ്യക്തിയായി അംഗീകരിക്കാന്‍ കഴിയേണ്ടതുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകളും ശക്തമാണ്.

നടി അക്രമിക്കപ്പെട്ടതിനു ശേഷം സിനിമയില്‍ നിന്നും ശക്തമായ പ്രതികരണവുമായി ആദ്യം മുതല്‍ ആഷിഖ് സജീവമാണ്. ആഷിഖിന്റെ പങ്കാളിയും നടിയുമായ റിമയുടെ ഇടപെടലിനെ തുടര്‍ന്നാണ് കൈരളി നടിക്കെതിരെ അപമാനകരമായ വാര്‍ത്ത പിന്‍വലിച്ച് മാപ്പു പറഞ്ഞത്.