സമ്മേളന പരസ്യം നല്‍കാന്‍ ആകാശവാണി വിസമ്മതിച്ചതായി ജമാഅത്തെ ഇസ്‌ലാമി; പ്രചരണത്തില്‍ കഴമ്പില്ലെന്ന് അധികൃതര്‍

'ഇസ്‌ലാം സന്തുലിതമാണ്' എന്നതാണ് ഈമാസം 26ന് നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ടാഗ്‌ലൈന്‍. ഇത് ഒഴിവാക്കണമെന്നാണ് ആകാശവാണി അധികൃതര്‍ അറിയിച്ചതെന്ന്‌ പരിപാടിയുടെ പ്രചരണ കോഡിനേറ്റര്‍ നൗഷാദ് നാരദാ ന്യൂസിനോടു പറഞ്ഞു. എന്നാല്‍ ആകാശവാണിയില്‍ മത-രാഷ്ട്രീയ-സാസ്‌കാരിക സംഘടനകളുടെ സമ്മേളനങ്ങളുടെ പരസ്യം നല്‍കുമ്പോള്‍ അതില്‍ നിന്നും ടാഗ്‌ലൈന്‍ (പ്രമേയം) ഒഴിവാക്കിയാണ് നല്‍കുന്നതെന്നാണ് അധികൃതരുടെ പ്രതികരണം.

സമ്മേളന പരസ്യം നല്‍കാന്‍ ആകാശവാണി വിസമ്മതിച്ചതായി ജമാഅത്തെ ഇസ്‌ലാമി; പ്രചരണത്തില്‍ കഴമ്പില്ലെന്ന് അധികൃതര്‍

ടാഗ്‌ലൈന്‍ ഉള്‍പ്പെടുത്തിയുള്ള ജില്ലാ സമ്മേളനത്തിന്റെ പരസ്യം നല്‍കാന്‍ ആകാശവാണി വിസമ്മതിച്ചതായി ജമാഅത്തെ ഇസ്‌ലാമി. പരസ്യം ആകാശവാണിയുടെ അനന്തപുരി എഫ്എംല്‍ നല്‍കാമെന്നേറ്റ അധികൃതര്‍ പിന്നീട് ടാഗ്‌ലൈന്‍ ഒഴിവാക്കണമെന്നു നിര്‍ബന്ധം പിടിച്ചതായാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പരാതി. ഇതു സംബന്ധിച്ച് പരിപാടിയുടെ പ്രചരണ കോഡിനേറ്റര്‍ നൗഷാദും ആകാശവാണി അധികൃതരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്.


[audio mp3="http://ml.naradanews.com/wp-content/uploads/2017/02/COMMUNICATION-BTWN-NOUSHAD-AND-AAKASAVANI-OFFICERS.mp3"][/audio]

പരസ്യത്തിനുള്ള എഗ്രിമെന്റ് ഒപ്പിട്ട് സമര്‍പ്പിക്കുന്നതോടനുബന്ധിച്ച് ചാര്‍ജ് ഡിഡി ആയി അടയ്ക്കാനുള്ള നടപടികള്‍ക്കു തൊട്ടുമുമ്പാണ് ആകാശവാണിയില്‍ നിന്നും ഇത്തരമൊരു അറിയിപ്പ് ലഭിക്കുന്നതെന്ന് പരിപാടിയുടെ പ്രചരണ കോഡിനേറ്റര്‍ നൗഷാദ് നാരദാ ന്യൂസിനോടു പറഞ്ഞു. അതിനുമുമ്പ് പരിപാടിയുടെ പരസ്യത്തെ കുറിച്ചു സംസാരിച്ചപ്പോഴും റെക്കോര്‍ഡ് ചെയ്ത സിഡി നല്‍കുമ്പോഴും അധികൃതര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നില്ലെന്നും എന്നാല്‍ പിന്നീട് എന്താണ് ഇത്തരമൊരു നിലപാടെടുക്കാന്‍ കാരണമെന്നു ആവര്‍ത്തിച്ചുചോദിച്ചെങ്കിലും കൃത്യമായ മറുപടി തന്നില്ലെന്നും നൗഷാദ് വ്യക്തമാക്കി.

'ഇസ്‌ലാം സന്തുലിതമാണ്' എന്നതാണ് ഈമാസം 26ന് നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ടാഗ്‌ലൈന്‍. ഇത് ഒഴിവാക്കണമെന്നാണ് ആകാശവാണി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞമാസം 24നാണ് ജില്ലാ സമ്മേളനത്തിന്റെ പരസ്യം നല്‍കാനുണ്ടെന്നു പറഞ്ഞ് താന്‍ ആകാശവാണി പരസ്യവിഭാഗമായ കൊമേഴ്‌സ്യല്‍ ബ്രോഡ്കാസ്റ്റിങ് സര്‍വീസില്‍ (സിബിഎസ്) വിളിക്കുന്നത്. അന്ന് പരസ്യം നല്‍കാമെന്നു പറഞ്ഞ അധികൃതരുടെ നിര്‍ദേശപ്രകാരം സ്‌ക്രിപ്റ്റ് അയക്കുകയും പിറ്റേന്ന്, പരസ്യം റെക്കോര്‍ഡ് ചെയ്ത സിഡി ഓഫീസില്‍ എത്തിക്കുകയും ചെയ്‌തെന്നും നൗഷാദ് പറഞ്ഞു.തുടര്‍ന്ന് എഗ്രിമെന്റ് പേപ്പര്‍ നല്‍കി അത് പൂരിപ്പിച്ച് ഒപ്പിട്ടുകൊടുക്കാന്‍ പറഞ്ഞു. അതിനുമുമ്പ് പരസ്യചാര്‍ജ് ബാങ്ക് വഴി ബന്ധപ്പെട്ട അക്കൗണ്ടിലേക്കു അയക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് പണം അടയ്ക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് പരസ്യവിഭാഗത്തില്‍ നിന്നും സുരേഷ്‌കുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ വിളിച്ചിട്ട് 'ഇസ്‌ലാം സന്തുലിതമാണ്' എന്ന ടാഗ്‌ലൈന്‍ ഒഴിവാക്കിയാലേ സമ്മേളനത്തിന്റെ പരസ്യം നല്‍കാനാവൂ എന്നുപറഞ്ഞത്. എന്നാല്‍ എന്താണു കാരണമെന്നു ചോദിച്ചിട്ടു പറഞ്ഞില്ലെന്നും മീറ്റിങ്ങിലെ തീരുമാനമാണെന്നും ഡയറക്ടര്‍ ഓഫീസില്‍ ഇല്ലെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഫോണ്‍ വെക്കുകയും ചെയ്തതായും നൗഷാദ് പറഞ്ഞു.

പിറ്റേന്ന് താന്‍ വിളിച്ചപ്പോള്‍ ഇതേ കാര്യം ആവര്‍ത്തിച്ചതായും തുടര്‍ന്ന് പ്രോഗ്രാം എക്‌സിക്യൂട്ടീവുമായി സംസാരിച്ചപ്പോള്‍ അദ്ദേഹവും കാരണം പറയാതെ ടാഗ്‌ലൈന്‍ ഒഴിവാക്കിത്തന്നാല്‍ പരസ്യം നല്‍കാമെന്നാണു പറഞ്ഞതെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.അതേസമയം, ആകാശവാണിയില്‍ മത-രാഷ്ട്രീയ-സാസ്‌കാരിക സംഘടനകളുടെ സമ്മേളനങ്ങളുടെ പരസ്യം നല്‍കുമ്പോള്‍ അതില്‍ നിന്നും ടാഗ്‌ലൈന്‍ ഒഴിവാക്കിയാണ് നല്‍കുന്നതെന്നും ഇതാണ് രീതിയെന്നും സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍ വിമലസേനന്‍ നായര്‍ നാരദാ ന്യൂസിനോടു പറഞ്ഞു.
പരിപാടിയുടെ വിശദാംശങ്ങളും അത് ആര് നടത്തുന്നു എന്നും മാത്രമാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇത് പൊതുനിലപാടാണ്. മറ്റൊരു താല്‍പര്യവും ഇതിനുപിന്നിലില്ല. മുമ്പും പല മതസംഘടനകളുടെ സമ്മേളനങ്ങളുടേയും പരിപാടികളുടേയും പരസ്യങ്ങളും ഈ രീതിയിലാണ് കൊടുത്തിട്ടുള്ളത്.

ആര്‍ വിമലസേനന്‍ നായര്‍ (സ്റ്റേഷൻ ഡയറക്റ്റർ)പ്രോഗ്രാം എക്‌സിക്യുട്ടീവ് പാര്‍ത്ഥന്റെ പ്രതികരണം
ആദ്യം സ്‌ക്രിപ്റ്റ് ചോദിച്ചിരുന്നു. എന്നാല്‍ അത് അവര്‍ നല്‍കിയില്ല. തുടര്‍ന്ന് റെക്കോര്‍ഡ് ചെയ്തു നല്‍കിയ സിഡി കേട്ടപ്പോഴാണ് ഇത്തരമൊരു ടാഗ്‌ലൈന്‍ അതിലുണ്ടെന്നു മനസ്സിലാവുന്നതും അത് പരസ്യത്തില്‍ കൊടുക്കാന്‍ കഴിയില്ലെന്നു വിളിച്ച് അറിയിക്കുന്നതും.

അതേസമയം, ഏതെങ്കിലും മതപരമായ വിഷയം പ്രതിപാദിക്കുന്ന പരസ്യങ്ങള്‍ നല്‍കരുത് എന്നാണ് ഓള്‍ ഇന്ത്യ റേഡിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പരസ്യമാനദണ്ഡങ്ങളില്‍ ഒന്ന്. അതുകൊണ്ടുതന്നെ ഇസ്ലാമിനെക്കുറിച്ചുള്ള പരസ്യം എന്നു തോന്നിക്കുന്ന വാചകം ഉൾപ്പെടുത്താൻ കഴിയില്ല എന്ന ആകാശവാണി തിരുവനനന്തപുരം എഫ്എം നിലയത്തിന്റെ നിലപാടിനെ നിയമപരമായി ചോദ്യം ചെയ്യാനാവില്ല.