സംഘപരിവാര്‍ ബാന്ധവത്തെച്ചൊല്ലി ആദിവാസി ഗോത്രമഹാസഭയില്‍ കലാപം; സംസ്ഥാന സെക്രട്ടറി രാജിവച്ചതോടെ സംഘടന വീണ്ടും പിളര്‍പ്പിലേക്ക്

എന്‍ഡിഎയുടെ വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ബിജു കാക്കത്തോട് ജെആര്‍എസിന്റെ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. സംഘടനയില്‍ നിന്ന് കൂടുതല്‍ രാജി അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം. മാര്‍ച്ച് മാസത്തോടെ പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജു കാക്കത്തോട് നാരദ ന്യൂസിനോട് പറഞ്ഞു. അതേസമയം, ആദിവാസി ഗോത്രമസഭയുടെ ഗീതാനന്ദന്‍ വിഭാഗം മുത്തങ്ങ സമരത്തിനിടെ വെടിയേറ്റു മരിച്ച ജോഗിയുടെ മകന്‍ ശിവനെ അധ്യക്ഷനാക്കി പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു

സംഘപരിവാര്‍ ബാന്ധവത്തെച്ചൊല്ലി ആദിവാസി ഗോത്രമഹാസഭയില്‍ കലാപം; സംസ്ഥാന സെക്രട്ടറി രാജിവച്ചതോടെ സംഘടന വീണ്ടും പിളര്‍പ്പിലേക്ക്

സംഘപരിവാര്‍ ബാന്ധവത്തെച്ചൊല്ലി ആദിവാസി ഗോത്രമഹാസഭയില്‍ വീണ്ടും കലാപം. വിഷയത്തില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന സെക്രട്ടറി ബിജു കാക്കത്തോട് രാജിവെച്ചതോടെയാണ് സംഘടന രണ്ടാമതും പിളര്‍പ്പിലേക്ക് നീങ്ങുന്നത്.

ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി കെ ജാനു ജെആര്‍എസ് (ജനാധിപത്യ രാഷ്ടീയ സഭ) രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമായതോടെയാണ് ഗോത്രമഹാസഭയില്‍ ആദ്യ പിളര്‍പ്പുണ്ടായത്. 2016 മെയ് മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജാനു എന്‍ഡിഎയുടെ ബത്തേരി മണ്ഡലം സ്ഥാനാര്‍ഥിയാകുകയും ചെയ്തിരുന്നു.


ഈ സമയത്ത് എം ഗീതാനന്ദന്റെ നേതൃത്വത്തിലാണ് പിളര്‍പ്പുണ്ടായത്. അതിനു
പിന്നാലെയാണിപ്പോള്‍ ബിജു കാക്കത്തോട് മുത്തങ്ങ ദിനത്തില്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത്.

എന്‍ഡിഎയുടെ വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ബിജു കാക്കത്തോട് ജെആര്‍എസിന്റെ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. സംഘടനയില്‍ നിന്ന് കൂടുതല്‍ രാജി അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നാണ് വിവരം. മാര്‍ച്ച് മാസത്തോടെ പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് ബിജു കാക്കത്തോട് നാരദ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ആദിവാസി ഗോത്രമസഭയുടെ ഗീതാനന്ദന്‍ വിഭാഗം മുത്തങ്ങ സമരത്തിനിടെ വെടിയേറ്റു മരിച്ച ജോഗിയുടെ മകന്‍ ശിവനെ അധ്യക്ഷനാക്കി പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ശിവന്‍ നിലവില്‍ ജാനു വിരുദ്ധ വിഭാഗത്തിന്റെ ആക്ടിങ്‌ ചെയര്‍മാനാണ്. സംഘാടക സമിതി രൂപീകരിച്ചെന്നും ആറു മാസത്തിനകം സമ്മേളനം നടത്താനാണ് തീരുമാനമെന്നും എം ഗീതാനന്ദന്‍ വ്യക്തമാക്കി. അതേസമയം സി കെ ജാനു വിഭാഗം ഏറെക്കുറെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.

ജാനു സംഘടനയില്‍ ശ്രദ്ധിക്കാതെ പൂര്‍ണ്ണമായും ജെആര്‍എസിന്റെ പ്രവര്‍ത്തനത്തിലേക്ക് മാറിയതാണ് വീണ്ടും പിളര്‍പ്പുണ്ടാകാന്‍ കാരണമായി എതിര്‍വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ജാനു വിഭാഗം നയിക്കുന്ന ഗോത്രമഹാസഭ പൂര്‍ണ്ണമായും സംഘപരിവാറിന്റെ കീഴടങ്ങിയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സംഘടനയ്ക്ക് പ്രവര്‍ത്തിക്കാനുള്ള ഫണ്ട് നല്‍കുന്നത് ബിജെപിയാണെന്ന് എതിര്‍വിഭാഗം ആരോപിക്കുന്നു. അതേസമയം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ സി കെ ജാനു തയ്യാറായില്ല.

2002ല്‍ ആദിവാസി ഗോത്രമഹാസഭ രൂപീകരിക്കുമ്പോള്‍ 39 പ്രസീഡിയം അംഗങ്ങളാണുണ്ടായിരുന്നത്. 2016ലെ പിളര്‍പ്പോടെ ജാനു പക്ഷത്ത് ആറ് പേര്‍ മാത്രമായി ചുരുങ്ങി. എം ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും ചെയ്തു. പ്രസീഡിയം കമ്മിറ്റിയുടെ പ്രവര്‍ത്തനം തന്നെ അവതാളത്തിലായ അവസ്ഥയാണിപ്പോള്‍. അതേസമയം ബിജു കാക്കത്തോടിനൊപ്പം നിലവില്‍ ജാനുവിനൊപ്പം നില്‍ക്കുന്ന പ്രസീഡിയം അംഗങ്ങളാരും പോകില്ലെന്നാണ് വിവരം.

ബിജു പുതിയ സംഘടന രൂപീകരിക്കുന്നതോടെ ജാനു വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആദിവാസി ഗോത്രമഹാസഭയുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലയ്ക്കും. ഇത് മുതലെടുത്താണ് സംഘടന ശക്തിപ്പെടുത്താന്‍ എം ഗീതാനന്ദനും കൂട്ടരും ജോഗിയുടെ മകന്‍ ശിവനെ മുന്നില്‍നിര്‍ത്തി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ നീക്കം നടക്കുന്നത്. ജെആര്‍എസില്‍ നിന്നു കൂടി ചിലര്‍ ബിജുവിനൊപ്പം പോയേക്കുമെന്നാണ് വിവരം. അതേസമയം ആദിവാസി വിഷയത്തില്‍ ബിജെപി വാക്കു പാലിക്കുന്നില്ലെന്ന പരോക്ഷവിമര്‍ശനവുമായി സി കെ ജാനു രംഗത്തുവന്നിരുന്നു.

Read More >>