ചോരയില്‍ കുതിര്‍ന്ന ആ ബാഡ്ജ് ഒരു സംഘാടകനെ ഓര്‍മ്മിപ്പിക്കുന്നു, സഖാവ് അഫ്‌സലിനെ...

സിപിഐഎം കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ഓഫീസിലെത്തി കുളിച്ച് വെളുപ്പിനെ തന്നെ കലോത്സവത്തിരക്കിലേയ്ക്ക് ഇറങ്ങിയ ഒരു വിദ്യാര്‍ത്ഥി നേതാവ് വിടപറഞ്ഞു... അഹമ്മദ് അഫ്സലിനെ ആര്‍ക്കും മറക്കാനാവില്ല.

ചോരയില്‍ കുതിര്‍ന്ന ആ ബാഡ്ജ് ഒരു സംഘാടകനെ ഓര്‍മ്മിപ്പിക്കുന്നു, സഖാവ് അഫ്‌സലിനെ...

ചോരയില്‍ കുതിര്‍ന്ന് പിന്നിളകിയ നിലയില്‍ കാറിന്റെ പിന്‍സീറ്റില്‍ നിന്നു കിട്ടിയ ബാഡ്ജിലേയ്ക്കു നോക്കി സുഹൃത്തുക്കള്‍ ഒന്നും പറയാനാകാതെ നിന്നു. ബാഡ്ജില്‍ അഫ്‌സല്‍ എന്ന പേരും ഫോണ്‍ നമ്പറും കുറിച്ചിട്ടിരുന്നു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ കാസര്‍ഗോഡ് നായമാര്‍ മൂല പാണലത്ത് വച്ച് വാഹനാപകടത്തില്‍ മരിച്ച എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഹമ്മദ് അഫ്‌സലിനെക്കുറിച്ച് (24)നാട്ടുകാര്‍ക്കും സഖാക്കള്‍ക്കും പറയാനുള്ളത് നന്‍മകള്‍ മാത്രം.


എല്‍ബിഎസ് കോളേജില്‍ നടക്കുന്ന സര്‍വ്വകലാശാല കലോത്സവത്തിനു വേണ്ടി രാപകല്‍ പ്രവര്‍ത്തിച്ചിരുന്നു അഫ്‌സല്‍. കലോത്സവം പടയിറങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിത ദുരന്തമെത്തിയത്. കലോത്സവത്തിലെ അക്കമഡേഷന്‍ കമ്മിറ്റി കണ്‍വീനറായിരുന്നു.. കലോത്സവത്തിനെത്തുന്ന വിശിഷ്ടാത്ഥികള്‍ക്കു വേണ്ടി സൗകര്യം ഏര്‍പ്പെടുത്താനും യാത്രയാക്കാനും അഫ്‌സല്‍ ഉറക്കമൊഴിച്ചു. എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജത്ത് സുഹൈലയെ കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രയാക്കി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കണ്ണീരോടല്ലാതെ സുഹൈലയ്ക്ക് സഹപ്രവര്‍ത്തകനെ ഓര്‍ത്തെടുക്കാന്‍ കഴിയുമായിരുന്നില്ല. മിതഭാഷിയും ധീരനുമായ ഒരു സഖാവിനെയാണ് പ്രസ്ഥാനത്തിനു നഷ്ടമായതെന്ന് സുഹൈല ഇടറുന്ന തൊണ്ടയോടെ പറഞ്ഞു വയ്ക്കുന്നു. കലോത്സവത്തിന്റെ ഊര്‍ജ്ജമായ അഫ്‌സലിന്റെ മരണം അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരു പോലെ തളര്‍ത്തുന്നതായിരുന്നു.

[caption id="attachment_81915" align="aligncenter" width="700"] അഹമ്മദ് അഫ്‌സല്‍ അനുസ്മരണം[/caption]

ചെന്നിക്കരയെന്ന പാര്‍ട്ടി ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന അഫ്‌സല്‍ ബാലസംഘത്തിലൂടെയാണ് വളര്‍ന്നത്. മികച്ച സംഘാടക മികവായിരുന്നു അഫ്‌സലിനെ ഏവര്‍ക്കുമിടയില്‍ പ്രിയങ്കരനാക്കിയതെന്ന് സുഹൃത്ത് രതീഷ് പറയുന്നു. എഞ്ചീനിയറിംഗ് പഠനത്തിനു ശേഷം ഉപരിപഠനത്തിനു ചേരണമെന്ന മോഹം ബാക്കിയാക്കിയാണ് അഫ്‌സല്‍ വിട വാങ്ങിയത്. വിദ്യാനഗറിലുള്ള സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി കുളിച്ച ശേഷമാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ 4.50 ന് കലോത്സവ നഗരിയില്‍ നിന്ന് തിരിച്ചത്. റെയില്‍വേ സ്റ്റേഷനിലെത്തി തിരികെ വരുന്ന വഴി അപകടത്തില്‍പ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയും കലോത്സവ വേദിയില്‍ അഫ്‌സലിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഒരു തവണ കലോത്സവ വേദിയില്‍ എത്തിയവര്‍ക്ക് അഫ്‌സലിനെ തിരിച്ചറിയാതിരിക്കാനാവില്ല. എവിടെയും തന്റെ സാന്നിധ്യം അഫ്‌സല്‍ പ്രവൃത്തി കൊണ്ട് കുറിച്ചിടുമായിരുന്നു. സൗമ്യനും മിതഭാഷിയാണ് അഫ്‌സലെന്ന് കൂട്ടുകാര്‍ പറയുന്നു. പാണലത്തുണ്ടായ അപകടം ലോറി ഡ്രൈവറുടെ കൈപ്പിഴവാണെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും അഫ്‌സലിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു.

ഇന്ന് നടക്കേണ്ടിയിരുന്ന കലോത്സവ പരിപാടികള്‍ അഫ്‌സലിന്റെ മരണത്തോടെ മാറ്റിവെച്ചിരുന്നു. തിങ്കളാഴ്ചയായിരിക്കും ഇന്ന് നടക്കേണ്ടിയിരുന്ന പരിപാടികള്‍ നടക്കുക. അതേസമയം നാളത്തെ പരിപാടികള്‍ക്ക്് മാറ്റമുണ്ടാകില്ല. കലോത്സവത്തിന്റെ മറ്റു സംഘാടകരായ വിനോദ് പുല്ലൂര്‍ (23), നാസര്‍ (23) തുടങ്ങിയവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആദൂര്‍ അബ്ദുല്ല, സൈനബ ദമ്പതികളുടെ മകനാണ്. ദേശാഭിമാനി കാസര്‍കോട് ബ്യൂറോ ലേഖകന്‍ മുഹമ്മദ് ഹാഷിം, ഹാരിസ് എന്നിവര്‍ സഹോദരങ്ങളാണ്.

Story by
Read More >>