മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ കൈവിട്ടുവെങ്കിലും വേദിയില്‍ 'ലാ ലാ ലാന്‍ഡ്' തരംഗം; കെയ്സി അഫ്ലെക്ക് നടന്‍: എമ്മ സ്റ്റോണ്‍ നടി

മികച്ച നടി, സംവിധായകന്‍ തുടങ്ങി ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്‍ഡ് സ്വന്തമാക്കിക്കഴിഞ്ഞു. 14 നോമിനേഷനുകളില്‍ നിന്നുമാണ് ആറ് പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചത്...

മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ കൈവിട്ടുവെങ്കിലും വേദിയില്‍

മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ ലാ ലാ ലാന്‍ഡിനെ പിന്തള്ളി മൂണ്‍ ലൈറ്റ് സ്വന്തമാക്കി. ആദ്യം പുരസ്‌കാരം ലാ ലാ ലാന്‍ഡിന് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് മൂണ്‍ ലൈറ്റിനാണെന്ന് തിരുത്തുകയായിരുന്നു. കെയ്സി അഫ്ലെക്കാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കെയ്സി അഫ്ലെക് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്.

ലാ ലാ ലാന്‍ഡിലെ അഭിനയത്തിന്റെ മികവില്‍ എമ്മ സ്റ്റോണാണ് മികച്ച നടിക്കുള്ള ഓസ്‌കാര്‍ നേടിയത്. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ലിയൊനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച നടിക്കുള്ള അവാര്‍ഡ് സമ്മാനിച്ചത്.

ലാ ലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡാമിയന്‍ ചാസെല്ലെയ്ക്കാണ് മികച്ച സംവിധായകനുള്ള ഓസ്‌കര്‍ ലഭിച്ചത്. ഈ വിഭാഗത്തില്‍ ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ എന്ന നേട്ടം ഇതോടെ 32കാരനായ ചാസെല്ല കരസ്ഥമാക്കി.

മികച്ച നടി, സംവിധായകന്‍ തുടങ്ങി ആറ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്‍ഡ് സ്വന്തമാക്കിക്കഴിഞ്ഞു. 14 നോമിനേഷനുകളില്‍ നിന്നുമാണ് ആറ് പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചത്.