ദുരിതമേ വിട... ടോഗോ ജയിലില്‍ നിന്നെത്തിയ അവര്‍ പിറന്ന മണ്ണിനെ തൊട്ടു, കാത്തിരുന്ന കണ്ണുകളേയും...

ചെയ്യാത്ത കുറ്റത്തിന് മൂന്നര വര്‍ഷം ടോഗോ ജയിലിലായിരുന്ന അഞ്ച് മലയാളി യുവാക്കളും ഒടുവില്‍ നാട്ടിലെത്തി. വൈകിട്ട് 7.15നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

ദുരിതമേ വിട... ടോഗോ ജയിലില്‍ നിന്നെത്തിയ അവര്‍  പിറന്ന മണ്ണിനെ തൊട്ടു, കാത്തിരുന്ന കണ്ണുകളേയും...

ടോഗോ ജയിലിലായിരുന്ന അഞ്ച്  മലയാളി യുവാക്കള്‍ നാട്ടില്‍ തിരിച്ചെത്തി. ഗോഡ്‌വിന്‍ ആന്റണി, നിധിന്‍ ബാബു, തരുണ്‍ ബാബു, ഷാജി അബ്ദുള്ളക്കുട്ടി, നവീന്‍ ഗോപി,എന്നിവരാണ് 7.15 ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. കാത്തിരിപ്പിന്റെ അവസാന നിമിഷത്തിനായി ഉയര്‍ന്ന ഹൃദയതാളവുമായി അവരെ സ്വീകരിക്കാന്‍ പ്രിയപ്പെട്ടവരും എത്തിയിരുന്നു.

അഞ്ച് മണിയായപ്പോഴേക്കും ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തില്‍ പ്രിയപ്പെട്ടവരെ കാത്തുനിന്നു. നാരദാന്യൂസ് പ്രതിനിധികളും അവര്‍ അഞ്ചു പേരെയും കാത്ത് വിമാനത്താവളത്തിലെത്തിയിരുന്നു. പിന്നീടുളള ഒന്ന് രണ്ട് മണിക്കൂറുകള്‍ മൂന്നര വര്‍ഷം പോലെയാണ് കടന്നു പോയതെന്ന് കുടുംബാംഗങ്ങളുടെ മുഖഭാവം അടയാളപ്പെടുത്തിയിരുന്നു. 7. 40ന് മാത്രമേ തങ്ങളുടെ പ്രിയപ്പെട്ടവര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങൂ എന്നറിഞ്ഞിട്ടും പുറത്തേയ്ക്ക് വരുന്ന ഓരോരുത്തരിലേക്കും പ്രിയപ്പെട്ടവരെ തിരഞ്ഞ് അവര്‍ കണ്ണെറിഞ്ഞുകൊണ്ടേയിരുന്നു.


[caption id="attachment_78598" align="alignleft" width="329"] ഗോഡ്‌വിനും ഭാര്യ നീതുവും[/caption]

പ്രിയ ഭര്‍ത്താവിനെ കാണാന്‍ ഗോഡ്വിന്‍ ആന്റണിയുടെ ഭാര്യ നീതു നേരത്തെ നാട്ടിലെത്തിയിരുന്നു.. ദുബായില്‍ ഒരു ഇ കൊമേഴ്സ് സ്ഥാപനത്തിലാണ് അവര്‍ ജോലി ചെയ്യുന്നത്. ഒടുവില്‍ ഗോഡ്വിനെ കണ്ടപ്പോള്‍ കാത്ത് വെച്ച സന്തോഷമെല്ലാം നിറകണ്ണുകളോടെ ആശ്ലേഷത്തില്‍ കുതിര്‍ന്നു. ഗോഡ്വിന്റെ പിതാവ് ആന്റണിയും എത്തിയിരുന്നു.

മോചനം സാധ്യമാക്കിയ എല്ലാവരോടും നന്ദിയുണ്ടെന്ന് ആന്റണി പറഞ്ഞു. അഭിഭാഷകന്‍ നിസാര്‍ കോച്ചേരി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരോടെല്ലാം നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. ആന്റണിയുടെ അഞ്ച് മക്കളില്‍ നാലാമത്തെയാളാണ് ഗോഡ്‌വിന്‍.

തങ്ങളെല്ലാം ഏറെ ക്ഷീണിതരാണ്, ശരിക്കുറങ്ങിയിട്ട് കുറെ നാളായി. അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളെ കാണാമെന്നും തരുണ്‍ ബാബു പറഞ്ഞു. തരുണിന്റെ സഹോദരന്‍ നിധിന്‍ ബാബുവും ജയിലിലായിരുന്നു. നിധിന്റെ ഭാര്യ ലിനിനയും അമ്മ അനീഷാ ബാബുവും ഇവരെ സ്വീകരിക്കാനെത്തി.
രണ്ട് മക്കളെ കാണാതിരിക്കുന്നതിന്റെ വേദന പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...ഇടയ്ക്കിടെ മൊബൈല്‍ ഫോണില്‍ മക്കളുടെ ഫോട്ടോ
കാണുന്നതാണ് ചെറിയ ആശ്വാസം. -അനീഷാ ബാബു പറഞ്ഞു

ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. പോസീറ്റീവായി നേരിടുക...കോണ്‍സുലേറ്റ് ഹെല്‍പ്പ് ചെയ്തു- നിധിന്‍ ബാബു പറഞ്ഞു.

എടത്തല സ്വദേശി ഷാജി അബ്ദുള്ളക്കുട്ടിയുടെ ഉമ്മ റംലയാണ് മകനെ സ്വീകരിക്കാനെത്തിയത്. ഇതൊക്കെ നിയോഗമായിരിക്കും, ദൈവം രക്ഷിച്ചു, ഏറെ സന്തോഷമുണ്ടെന്നും റംല പറഞ്ഞു.

[caption id="attachment_78599" align="aligncenter" width="541"] പ്രിയപ്പെട്ടവരെ കാത്ത്[/caption]

ടോഗോ ജയിലില്‍ കഴിയുന്നവരുടെ മോചനവാര്‍ത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ലോകത്തെ അറിയിച്ചത്. കപ്പല്‍ ജോലിക്കായി 2013 ജൂണ്‍ 22 ന് ടോഗോയില്‍ എത്തിയതായിരുന്നു യുവാക്കള്‍. കടല്‍ക്കൊള്ളക്കാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കപ്പലിലാണ് ഇവര്‍ എത്തപ്പെട്ടത്. തുടര്‍ന്നു മോഷണം, മോഷണശ്രമം, സംഘം ചേര്‍ന്ന് ഗുണ്ടാ പ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി ടോഗോ പോലീസ് അഞ്ചുപേരേയും അറസ്റ്റുചെയ്യുകയായിരുന്നു.

[caption id="attachment_78600" align="aligncenter" width="516"] വിമാനത്താവളത്തിന് പുറത്തേയ്ക്ക്[/caption]

ടോഗോ കോടതി വിചാരണയില്‍ യുവാക്കള്‍ക്കു മോഷണകുറ്റത്തില്‍ നാല് വര്‍ഷം തടവു ശിക്ഷ ലഭിച്ചിരുന്നു. കപ്പലിലെ സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന കുറ്റത്തിനാണ്ഇവര്‍ക്ക് ശിക്ഷലഭിച്ചത്. മറ്റു കുറ്റങ്ങളൊന്നും തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്നു യുവാക്കളുടെ മോചനത്തിനായി  നിസാര്‍ കോച്ചേരിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.നിരപരാധിത്വം തെളിയിക്കാനായി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും വിചാരണ ഓരോ തവണയും മാറ്റി വയ്ക്കുകയാണുണ്ടായത്. രാഷ്ട്രീയപരമായ ചില കാരണങ്ങള്‍ കൂടി കൊണ്ടാണ് ഇവരുടെ മോചനം വൈകുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഒടുവില്‍ കുടൂംബാംഗങ്ങള്‍ ദില്ലിയിലെത്തി വിദേശകാര്യ സെക്രട്ടറിമാരെ കാണുകയും സുഷമ സ്വരാജിന് നിവേദനം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും നിരന്തരമായി ഉണ്ടായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് യുവാക്കളുടെ മോചനം സാധ്യമായത്.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയോ?

മുംബൈ വഴി കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യാ വിമാനത്തില്‍ മന്ത്രി വി എസ് സുനില്‍കുമാറും, എം പി കെ സി വേണുഗോപാലും ഉണ്ടായിരുന്നിട്ടും വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ആരുമെത്തിയില്ലെന്ന്  ബിജെപി നേതാവ് സി ജി രാജഗോപാല്‍ ആരോപിച്ചു. എന്നാല്‍ രാഷ്ട്രീയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് അഭിഭാഷകനും നാട്ടിലെത്തിയവരുടെ ബന്ധുക്കളും പ്രതികരിച്ചു.

Read More >>