ആഗ്രഹിക്കുന്നതു നടപ്പിലാക്കാനുള്ള വേദി രാഷ്ട്രീയം തന്നെ: ശിവകാമി ഐഎഎസ്

ദളിത് ഐഎഎസ് ഉദ്യോഗസ്ഥ, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയായി ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായിരിക്കുന്ന ശിവകാമി തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ആഗ്രഹിക്കുന്നതു നടപ്പിലാക്കാനുള്ള വേദി രാഷ്ട്രീയം തന്നെ: ശിവകാമി ഐഎഎസ്

ദളിത് ഐഎഎസ് ഉദ്യോഗസ്ഥ, എഴുത്തുകാരി, രാഷ്ട്രീയക്കാരി: എന്തു വ്യത്യാസമാണ് തോന്നുന്നത്?

രാഷ്ട്രീയക്കാർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്ന തൊഴിലാളിയെപ്പോലെ ആകുകയാണ് എന്നെപ്പോലുള്ള ഉദ്യോഗസ്ഥർക്ക് പലപ്പോഴും ചെയ്യേണ്ടിവരുന്നത്. പുതിയ ആശയങ്ങൾ, സൃഷ്ടികൾ പോലെയുള്ളവയ്ക്ക് ഇടമില്ല. എഴുത്തുലോകത്തിലാകട്ടെ, എന്നെ ബാധിക്കുന്ന വിഷയങ്ങളെപ്പറ്റി സ്വാതന്ത്ര്യത്തോടെ എഴുതുന്നു. നമ്മൾ എന്ത് ആഗ്രഹിക്കുന്നുവോ അതു നിറവേറ്റാനുള്ള കളമായിട്ടാണ് രാഷ്ട്രീയത്തിനെപ്പറ്റി തോന്നിയിട്ടുള്ളത്.


താങ്കളുടെ ‘പുതിയ കോടങ്കി’ എന്ന മാസികയെപ്പറ്റി…

1995 ൽ നടന്ന ലോക തമിഴ് സമ്മേളനത്തിലാണ് ‘തമിഴ് സാഹിത്യം’ രാഷ്ട്രീയപരമായി അംഗീകരിക്കാൻ തുടങ്ങിയത്. അപ്പോൾ ദളിത് സാഹിത്യമായി വായിക്കപ്പെട്ട രചനകൾ മുഴുവനായും പ്രസിദ്ധീകരിക്കാനായി തുടങ്ങിയതാണ് ‘പുതിയ കോടങ്കി’ എന്ന മാസിക. 2001 വരെ ത്രൈമാസികയായിരുന്നു. ഇപ്പോൾ, മാസികയായി പ്രസിദ്ധീകരിക്കുന്നു.

നോവലുകളിലാണ് അധികം ശ്രദ്ധ കൊടുക്കുന്നതെന്ന് തോന്നുന്നല്ലോ?


അങ്ങിനെ ഒറ്റയടിയ്ക്ക് പറയാൻ പറ്റില്ല. ഒരു കവിതാസമാഹാരവും നൂറു കണക്കിനു ചെറുകഥകളും എഴുതിയിട്ടുണ്ട്. നോവൽ എഴുതുന്നതിലെ സൗകര്യം എന്താണെന്നാൽ, ഒരു വലിയ ജീവിതം ഭൂപടത്തിലെന്ന പോലെ ഇടതടവില്ലാതെ വിവരിക്കാൻ സൗകര്യമാണ്. നോവൽ എഴുതുന്നതാണ് എനിക്കിഷ്ടം എന്നും പറയാം. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ‘ഉയിർ’ എന്ന നോവൽ ചേർത്ത് ആറു നോവലുകൾ എഴുതിക്കഴിഞ്ഞു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ദ്രാവിഡ പ്രസ്ഥാനവും ഗ്രാമങ്ങൾ തോറും വായനശാലകൾ തുറന്നിട്ടുണ്ട്. അറിവിന്റെ ലോകത്തു നിന്ന് രാഷ്ട്രീയത്തിലേയ്ക്കു വന്ന താങ്കൾ അതുപോലെ എന്തെങ്കിലും ചെയ്യുന്നുണ്ടോ?


ഞങ്ങളുടെ ‘സമൂഹ സമത്വപ്പട’ യുടെ ആഭിമുഖ്യത്തിൽ തെന്നിന്ത്യയിലെ ദളിത് എഴുത്തുകാരും കലാകാരന്മാരും ഉൾപ്പെട്ട സംഘം രൂപീകരിച്ച് ദളിത് ജനതയുടെ ജീവിതം പറയുന്ന, അവരുടെ ഉന്നമനത്തിന് ഉതകുന്ന, എന്തു സൃഷ്ടിയായിരുന്നാലും അതിനെ ആ സമ്മേളനങ്ങളിൽ പരിചയപ്പെടുത്താൻ പോകുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ സ്കൂൾ പാഠ്യപദ്ധതിയിൽത്തന്നെ സാഹിത്യം ഉൾപ്പെടുത്തുന്നതാണു നല്ലതെന്നു തോന്നുന്നു. പലർക്കും അതു നല്ല പരിചയപ്പെടുത്തൽ ആകും.

അടുത്ത പദ്ധതി എന്താണ്?

‘രാഷ്ട്രീയ സ്ത്രീകൾ’ എന്ന പേരിൽ ഞാൻ എഴുതിയ നീണ്ട ലേഖനങ്ങൾ ‘ഇടതുകാൽ നുഴൈപ്പു’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൂടാതെ, ഇംഗ്ലീഷിൽ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുന്നു.

(കടപ്പാട്: കെ കെ മഹേഷ്, ദി ഹിന്ദു, തമിഴ് എഡിഷൻ / മൊഴിമാറ്റം: ജയേഷ് എസ്)

Read More >>