ജീവിച്ചിരുന്നെങ്കില്‍ മുന്തിരിത്തോപ്പുകള്‍ ലാലിനെ വച്ച് പത്മരാജനെടുക്കുമായിരുന്നോ?

പത്മരാജന്‍ ജീവിച്ചിരുന്നെങ്കില്‍ പീഡിപ്പിക്കപ്പെട്ട നായികയെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുന്ന സിനിമ മോഹന്‍ലാലിനെ നായകനാക്കി ഇന്ന് ചെയ്യാനാകുമോ എന്നതു പോലെ അനേകം ചോദ്യങ്ങളുയരും. പത്മരാജ സിനിമകളിലൂടെ സഞ്ചരിക്കുകയാണ് കെ കെ സിസിലു. പത്മരാജന്‍ സിനിമകള്‍ സൃഷ്ടിക്കാതായിട്ട് കാല്‍ നൂറ്റാണ്ട് തികഞ്ഞു.

ജീവിച്ചിരുന്നെങ്കില്‍ മുന്തിരിത്തോപ്പുകള്‍ ലാലിനെ വച്ച് പത്മരാജനെടുക്കുമായിരുന്നോ?

മലയാള ചലച്ചിത്ര മേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്കു തുടക്കംകുറിക്കുന്നത് അറുപതുകളുടെ അവസാനത്തിലും എഴുപതുകൾക്കു ശേഷവുമാണ്. അക്കാലത്തു വളരെയേറെ മികച്ച ചിത്രങ്ങളും ചലച്ചിത്ര പ്രതിഭകളും കടന്നുവരികയുണ്ടായി. അടൂരും ജി അരവിന്ദനും കെ പി കുമാരനും എം ടി വാസുദേവൻ നായരും കെ ജി ജോർജും ജോൺ എബ്രഹാമും അങ്ങനെ നിരവധി പ്രതിഭകൾ അവരുടെ സർഗ്ഗസൃഷ്ടികൊണ്ടുതന്നെ മലയാള സിനിമയിൽ  നവതരംഗം സൃഷ്ടിച്ചു.

വ്യത്യസ്തമായ അന്വേഷണങ്ങളിലൂടെ വർണ്ണങ്ങളുടെയും  കാഴ്ചകളുടെയും ചിന്തയുടെയും ഒരു വലിയ ലോകം തുറന്നിട്ടു. റിയലിസവും പ്രമേയത്തിന്റെ സമ്പുഷ്ടതയും ഭാഷയുടെ ലാവണ്യവും സാഹിത്യത്തിന്റെ ഊർജ്ജവും രാഷ്ട്രീയവും ജനകീയതയും എല്ലാം ഉൾക്കൊള്ളുന്നതരം അന്വേഷങ്ങൾ ആയിരുന്നു അക്കാലത്തു നടന്നത്. ചിലർ സാമ്പ്രദായിക രീതികൾക്കകത്തു തന്നെ പരിഷ്കരണങ്ങൾ കൊണ്ടുവന്നപ്പോൾ മറ്റുചിലർ അതിൽനിന്നു പുറത്തുകടക്കുകയും സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായി സിനിമയെ കാണുകയും ചെയ്തു. ജോൺ ഉൾപ്പെടെയുള്ളവർ ജനകീയ നിർമ്മാണവും ബദൽ അന്വേഷണങ്ങളുമായി നീങ്ങി.


ഭാവുകത്വപരവും നൈതികവുമായ പുതിയ അന്വേഷണങ്ങൾ അക്കാലത്തെ സിനിമകളെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. ഇത്തരം അന്വേഷണങ്ങളുടെ ഭാഗവും തുടർച്ചയും ആയിരിക്കുമ്പോൾ തന്നെ വ്യത്യസ്തമായി അടയാളപ്പെടുത്തപ്പെട്ട പ്രതിഭകളിൽ ജനങ്ങൾക്കിടയിൽ ശക്തമായ സ്വാധീനവും സ്വീകാര്യതയും ലഭിച്ച കലാകാരനാണ് പദ്മരാജൻ.

മുഖ്യധാരയോ സമാന്തരധാരയോ എന്നതിനപ്പുറം സിനിമയെ സിനിമയായിതന്നെ കാണാനും ഇടപെടാനും ഉള്ള ചില ശ്രമങ്ങൾ അദ്ദേഹത്തിൽ കാണാവുന്നതാണ്.

ജനങ്ങളെ സിനിമയിൽനിന്ന് അകറ്റുന്നതിൽ ഒരു പരിധിവരെ  'അവാർഡ് സിനിമകളും' 'സമാന്തരധാരകളും' അക്കാലത്തു വഹിച്ച പങ്കു ചെറുതായിരുന്നില്ല. വലിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും ജനങ്ങളുടെ സിനിമയോടുള്ള ആഭിമുഖ്യത്തെ വളർത്താൻ പലരും പരാജയപ്പെടുകയാണുണ്ടായത്. ബുദ്ധിജീവിതവും രാഷ്ട്രീയാതിപ്രസരവും അതിന്റെ തന്നെ ചില ഏച്ചുകെട്ടലുകളും വരേണ്യതയെ ഉറപ്പിക്കുന്നതിനു സഹായകമായി.  ജനകീയ സിനിമാ സങ്കല്പങ്ങളുടെ തുടർച്ച നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു.

ഇതിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു പദ്മരാജൻ സിനിമകൾ.  മാത്രമല്ല, മുഖ്യധാര എന്നുപറഞ്ഞു പ്രചരിച്ചവ വൻവ്യവസായമായി മാത്രം സിനിമകളെ കാണാനും തുടങ്ങി. ഒരേ സമയം സിനിമയെ കല എന്ന രീതിയിലും വ്യവസായം എന്ന രീതിയിലും പരിഗണിക്കാനായിരുന്നു പദ്മരാജന്റെ ശ്രമം. തന്റെ കലയിലൂടെ താൻ അഭിമുഖീകരിക്കുന്ന ആത്മസംഘർഷങ്ങളെയും വിമർശനങ്ങളെയും തുറന്നുവിടാനും എല്ലാത്തരം പ്രേക്ഷകനെ പരിഗണിക്കാനുമുള്ള ശ്രമം പദ്മരാജൻ നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ താനുൾപ്പെടെയുള്ളവർ ജീവിച്ച  അക്കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തോടു സംവദിക്കുന്നതിൽ അദ്ദേഹത്തിന്റെ എഴുത്തുകൾക്കും സിനിമകൾക്കും വലിയ പങ്കു നിർവഹിക്കാനായി. സമാനതകൾ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഓരോ ചിത്രവും ഓരോ രാഷ്ട്രീയ പ്രശ്നങ്ങളോടുള്ള കലാകാരന്റെ സർഗ്ഗാത്മക ഇടപെടലുകൾ ആയിരുന്നു. എന്നിരുന്നാലും നിലവിലുള്ള സങ്കല്പങ്ങളെ ഉടച്ചു വാർക്കാൻ അത് പ്രാപ്തമായിരുന്നോ?

കഥ, പ്രമേയം, അഭിനയം എന്നിവ സാധാരണ പ്രേക്ഷകന്റെ ആസ്വാദന ഘടകങ്ങളായിരിക്കെ ഇത്തരം ചേരുവകൾ എല്ലാം ഉൾപ്പെടുത്തുകയും എല്ലാ ചിത്രങ്ങളിലും അതു പിന്തുടരുകയും ചെയ്തു. ഇത് പദ്മരാജന്റെ സിനിമകളുടെ  പ്രധാന സവിശേഷതയായി  കണ്ടെത്താനാവും.  എടുത്ത ചിത്രങ്ങളിലെല്ലാം മെച്ചപ്പെട്ട നിലവാരം പുലർത്തിയിരുന്നു, അദ്ദേഹം. താൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയത്തെ സാമൂഹികമായി തന്നെ ബോധ്യപ്പെടുത്താനും സംഘർഷങ്ങളിലും വീക്ഷണകോണിലും ആസ്വാദകനുകൂടി ഇടപെടാൻ അവസരം ഒരുക്കുന്നതിലും അദ്ദേഹം ശ്രദ്ധ നൽകുന്നുണ്ട്. അതിന് അപവാദമായതു വളരെക്കുറച്ചു ചിത്രങ്ങൾ മാത്രമായിരിക്കും. അതുതന്നെ പദ്മരാജന്റെ ആദ്യകാലത്തെ ചിത്രങ്ങളിൽ ചിലതുമാണ്.

മനുഷ്യന്റെ വികാര-വിചാരങ്ങളെ ശക്തമായി സ്പർശിച്ച, പടം വിട്ടിറങ്ങിയാലും പിന്തുടരുന്ന കഥാപാത്രങ്ങൾ ഇന്നും പദ്മരാജന്റെ ചിത്രങ്ങളെ മധ്യവർഗ മലയാളിയുടെ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും ഇനിയും ആഘോഷിച്ചിട്ടില്ലാത്ത ഉത്സവമാണ് പദ്മരാജന്റെ സൃഷ്ടികൾ.

അതിൽതന്നെ മുഖ്യമായ പങ്ക് പദ്മരാജന്റെ എഴുത്തുകൾക്കുണ്ട്. പദ്മരാജൻ സംവിധാനം ചെയ്ത ചിത്രങ്ങൾ മാത്രമല്ല, കഥയും തിരക്കഥയും എഴുതിയവയും ഇന്നും ജനമനസിൽ ആഴ്ന്നിറങ്ങിയവയാണ്. പ്രത്യേകിച്ചു പദ്മരാജൻ - ഭരതൻ  കൂട്ടുകെട്ടിൽ പിറന്നുവീണത്. 'ഓർമ്മ' തന്മാത്രയായി ബ്ലെസ്സി എടുത്തപ്പോഴും 'ശാലിനി എന്റെ കൂട്ടുകാരി' മോഹൻ എടുത്തപ്പോഴും ജോഷിയുടെ ഈ തണുത്ത വെളുപ്പാൻ കാലത്തും ഐ വി ശശിയുടെ കരിമ്പിൻപൂവിനക്കരെയും കാണാമറയത്തും കെ ജി ജോർജിന്റെ രാപ്പാടികളുടെ ഗീതവും ഒക്കെ വളരെ വ്യത്യസ്തമായ അനുഭവങ്ങളാണു നൽകുന്നത്.


സിനിമ എന്ന കലയെയും വ്യവസായത്തെയും ജനങ്ങൾക്ക് ആസ്വാദ്യകരമായി, ലാഭകരമായി നിലനിർത്തുമ്പോൾ പോലും അക്കാലഘട്ടത്തോട് നീതി പുലർത്താൻ പദ്മരാജൻ സിനിമകൾക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല, പ്രണയവും വിരഹവും അത്രയേറെ ആഴത്തിൽ അലിയിച്ചു ചേർക്കാൻ അദ്ദേഹത്തിന്റെ സിനിമകൾക്കായി. തൂവാനത്തുമ്പികളിലെ ക്ലാരയും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ  സോളമനും ഉദാഹരണങ്ങൾ. എന്നാൽ ഉദാഹരണങ്ങളെടുത്തു പറയാൻ കഴിയാത്തവിധം ഓരോ ചിത്രങ്ങളും പ്രണയ കാവ്യങ്ങൾ തന്നെയാണ്.  ഇത്രയേറെ യുവത്വത്തെ പിടിച്ചു കുലുക്കിയ സംവിധായകർ മലയാളത്തിൽ നാമമാത്രമാണ്.
"ഞാൻ എപ്പോളും ഓർക്കും. ഓരോ  മുഖം കാണുമ്പോളും ഓർക്കും"
"മുഖങ്ങളുടെ എണ്ണം അങ്ങനെ കൂടിക്കൊണ്ടിരിക്കുവല്ലേ, അങ്ങനെ കൂടിക്കൂടി ഒരു ദിവസം ഇതങ്ങു മറക്കും"
"മറക്കുവാരിക്കും .. അല്ലെ ?"
"പിന്നെ... മറക്കാതെ"
"പക്ഷെ എനിക്ക് മറക്കണ്ട"

തൂവാനത്തുമ്പികളിൽ ക്ളാരയെക്കൊണ്ട് പദ്മരാജൻ ഇതു പറയിപ്പിക്കുന്നത് യാദൃച്ഛികമായി കാണാനാവില്ല. പ്രണയവും രതിയും ബന്ധവും എല്ലാം ഇഴചേർത്ത് തന്റെ രാഷ്ട്രീയത്തെ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്, പദ്മരാജൻ തന്റെ കഥാപാത്രങ്ങളിലെല്ലാം. ജാതീയമായ വേലിക്കെട്ടുകൾ നിലനിൽക്കുമ്പോൾ പോലും  ലൈംഗികത ആസ്വദിച്ച സമൂഹം ഇവിടെയുണ്ട്. എന്നാൽ ആ സമൂഹത്തിൽ നിന്ന് പ്രണയം മഹത്തരമാണെന്നു ശക്തമായി പറഞ്ഞു വയ്ക്കുകയാണ് പദ്മരാജൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ.  ഫ്യൂഡൽ ജീർണ്ണതകളോടു കലഹിച്ച്‌ ആധുനികതയോട് അടുക്കുകയും അതേ സമയം ആധുനികതയോട് വിമർശനാത്മകമായി സമീപിക്കുകയുമാണ് പദ്മരാജന്റെ പല സിനിമകളും. ആധുനികതയോടും അതിന്റെ രാഷ്ട്രീയത്തോടും ഉള്ള കലഹവും ഭയവും ലയനവും ഒക്കെയായിരുന്നു പദ്മരാജന്റെ ചിത്രങ്ങളുടെ കാതൽ എന്നു പറയാം.

എല്ലാ ചിത്രങ്ങളിലും സസൂക്ഷ്മം വായിക്കാവുന്ന ചില രാഷ്ട്രീയസമസ്യകൾ പദ്മരാജൻ പങ്കുവയ്ക്കുന്നുണ്ട്. അവയെല്ലാം ഒരുപോലെയോ സ്ഥായിയായോ നിൽക്കുന്നവയല്ല എന്ന് അദ്ദേഹത്തോടുള്ള പലരുടെയും വിമർശനങ്ങളിൽനിന്നു ബോധ്യമാകും. ആഘോഷിക്കപ്പെട്ടതുപോലെതന്നെ അത്രയേറെ വിമർശിക്കപ്പെടുകയും ചെയ്ത കലാകാരനാണദ്ദേഹം. അത്തരം വിമർശനങ്ങളെപ്പോലും ആധുനികതയുമായും അതിനോടുള്ള പദ്മരാജന്റെ സമീപനങ്ങളുമായും ബന്ധപ്പെടുത്തി പരിശോധിക്കുന്നത് രസകരമാണ്

ആ നഷ്ടം നവംബറിന്റേതായിരുന്നില്ല


കാലത്തിനും ദേശത്തിനും സംസ്കാരത്തിനും ഉള്ളിൽ ചിലതു നാം ഒതുക്കി നിർത്താറുണ്ട്. പലപ്പോഴും ചിലതവയിൽനിന്നു വഴിവിട്ടുപോവും; എല്ലാത്തിനും അപ്പുറത്തേക്ക് അത് സഞ്ചരിക്കും 'അപഥ സഞ്ചാരങ്ങൾ' വ്യവസ്ഥക്കകത്ത് ഉണ്ടാക്കുന്ന സങ്കീർണ്ണതകൾ വലുതാണ്. കാലത്തെ ആധുനികത അത്രമേൽ അടയാളപ്പെടുത്തിയിരിക്കുന്നുവെങ്കിലും ചില ന്യായവാദങ്ങൾ എല്ലാറ്റിനും ഉണ്ടാവും. ആധുനികാനന്തര സ്വാതന്ത്ര്യബോധം സമൂഹത്തിൽ പ്രണയത്തോടും ബന്ധങ്ങളോടുമുള്ള ധാരണകളെ പൊളിച്ചെഴുതുന്നതും അതുണ്ടാക്കുന്ന സങ്കീർണതകളും ആണ് നവംബറിന്റെ നഷ്ടം എന്ന സിനിമ. ഫ്യൂഡൽ വ്യവസ്ഥ അടിച്ചേൽപ്പിച്ച ധാർമ്മികതയെയും മൂല്യബോധങ്ങളെയും ശക്തമായി വിമർശിക്കുന്ന ഈ സിനിമ മറുവശത്ത് ആധുനികത സൃഷ്‌ടിച്ച സ്വാതന്ത്ര്യസങ്കൽപ്പങ്ങളുമായി ഒത്തുപോവാൻ കഴിയാതെ  സംഘർഷത്തിൽ ഏർപ്പെടുകയാണ്. പിന്തിരിപ്പനായ ബോധങ്ങൾക്ക് എതിർനിൽക്കുമ്പോൾത്തന്നെ ശരീരം, മാനം തുടങ്ങിയ ബോധ്യങ്ങൾ പിന്തുടരുകയും ചെയ്യുന്നു.

അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ


പ്രണയവും ലൈംഗികതയും സ്വാതന്ത്ര്യവും ശക്തമായി അവതരിപ്പിക്കാനുള്ള മറ്റൊരു ശ്രമമായിരുന്നു 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ'. മലയാളിപുരുഷന്റെ ലൈംഗികതയും വിവാഹ വിവാഹേതര ബന്ധങ്ങൾ എന്നിവയിൽ ഉൾപ്പെടെതുടരുന്ന കപടസദാചാരബോധങ്ങളെയും നർമ്മരസത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു. നായർ സമുദായത്തിൽ മുൻകാലങ്ങളിൽ നിലനിന്നിരുന്ന മരുമക്കത്താഴം, സംബന്ധം, ഒഴിമുറി ഉൾപ്പെടെയുള്ളവയെ ബന്ധിപ്പിച്ചു സ്വാതന്ത്ര്യത്തെ അവതരിപ്പിക്കുകയാണ്. ശരീരവും രതിയും സ്വാതന്ത്ര്യത്തിലേക്കും ആനന്ദത്തിലേക്കുമുള്ള അതിന്റെ ചിറകുകൾ തുറന്നിടുകയാണീ ചിത്രത്തിൽ. രതിയെയും അതിൽനിന്നു വ്യത്യസ്തമായി ബലാത്സംഗത്തെയും അവതരിപ്പിക്കുന്നു ഇതിൽ. രതിയും ബലാത്സംഗവും ഒന്നല്ലെന്നു സ്ഥാപിക്കയും അവ തമ്മിലുള്ള വ്യത്യാസത്തെയും അവതരിപ്പിക്കുകയുമാണ് ഈ സിനിമയിൽ. രതി ആനന്ദം നൽകുമ്പോൾ അങ്ങേയറ്റത്തെ ഹിംസയാണു ബലാത്സംഗവും പീഡനവും നൽകുന്നത്. ജനാധിപത്യ സങ്കല്പങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഹിംസകളെ എതിർക്കുമ്പോൾതന്നെ രതിയെ, അതിന്റെ ജൈവികതയെ, അതിന്റെ ആനന്ദത്തെ, രസകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു. രതിയെയും ജനാധിപത്യവിരുദ്ധമായ ആക്രമണത്തെയും ഇവക്കിടയിലെ വ്യത്യസ്തതകളെയും അകലങ്ങളെയും വളരെ സൂക്ഷ്മതയിൽ അടയാളപ്പെടുത്താനും സംവിധായകൻ മറക്കുന്നില്ല.

മലയാളക്കരയിലെ ദേശാടനക്കിളികൾ


സ്നേഹത്തിന്റെ കാഹളം മുഴക്കി ആ കിളികൾ ഇവിടെയുമെത്തി. തന്റെ ഹൃദയത്തിൽ കേറിക്കൂടിയ ആ കിളികളെ കഥയുടെ ഒരു നീലാകാശം വരച്ച് അതിൽ അദ്ദേഹം പറത്തിവിട്ടു. പരസ്പരം പ്രണയിക്കുന്നവർക്കു പറന്നുനടക്കാൻ അങ്ങനെ ലെസ്ബിയൻ കിളികൾ പറന്നുയർന്നു. അങ്ങനെ മലയാളത്തിൽ ആദ്യത്തെ ലെസ്ബിയൻ ചലച്ചിത്രം, 'ദേശാടനക്കിളി കരയാറില്ല' എന്നസിനിമ പിറവികൊണ്ടു. വിമർശനങ്ങൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും ലോകത്തെല്ലാംതന്നെ ഭിന്നലൈംഗികതയുമായി ബന്ധപ്പെട്ട വലിയ ചർച്ചകൾ നടക്കുമ്പോൾതന്നെയാണു മലയാളത്തിലും ഇത്തരം ഒരു ചിത്രം പദ്മരാജൻ പരിചയപ്പെടുത്തുന്നത്. തങ്ങളെ അംഗീകരിക്കാത്ത ഒരു സമൂഹത്തോടു നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന കിളികളെയാണ് അദ്ദേഹം പറത്തിവിടുന്നത്. അതിൽ പ്രണയമില്ല, രതിയില്ല, സൗഹൃദം മാത്രമാണ് എന്നുള്ള ചില ഉപരിപ്ലവ വിമർശനങ്ങൾ പലരും പറയാറുണ്ടെങ്കിലും അത്തരം വിമർശനങ്ങൾ പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചുമുള്ള ഹെട്രോ സെക്ഷൽ ആയിട്ടുള്ള ബോധ്യങ്ങളിൽനിന്നാണു വന്നിട്ടുള്ളതെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ

"ഇന്നലെ"യിൽനിന്ന് പുതിയ ലോകത്തിലേക്ക്


വർത്തമാനകാലത്തുനിന്നു കയ്യെത്തി പിടിക്കാൻ കഴിയാത്ത ഭൂതകാലത്തെ ഓർക്കാൻ ശ്രമിക്കുന്നവരും വർത്തമാനത്തിൽ ജീവിക്കുന്നവരും ഇന്നലെ എന്ന അദ്ദേഹത്തിന്റെ സിനിമയിൽ കണ്ടെത്താം നഷപ്പെട്ട ഒരു ഭൂതകാലം പല മനുഷ്യരിലും നാം കാണാറുള്ളതാണ് എങ്കിലും എല്ലാ നഷ്ടപ്പെടലുകളും നഷ്ടപ്പെടലുകൾ ആവണമെന്ന് നിർബദ്ധമൊന്നുമില്ലല്ലോ!

നഷ്ടങ്ങളും ഭൂതകാലത്തെക്കുറിച്ചുള്ള മറവിയും, വർത്തമാനവും, സ്വപ്നങ്ങളിലേക്ക് കൈയെത്തി നിൽക്കുന്ന ഭാവിയും എല്ലാമുണ്ട് 'ഇന്നലെ'യിൽ.

ഭൂതകാലത്തിൽ തന്റെ ഭാര്യയായിരുന്നവൾ ഇന്നു ഭാര്യയല്ലെന്നും തനിക്ക് അറിയാത്ത (മനസിലാവാത്ത) തനിക്കു ബന്ധപ്പെടാൻ കഴിയാത്ത മറ്റൊരു ലോകമാണെന്നും അറിയുന്ന നരേന്ദ്രൻ എന്ന കഥാപാത്രം അവിടം വിട്ടു പോവുന്നു. സദാചാര പുരുഷന്റെ എല്ലാ ലക്ഷണങ്ങളും മുഖത്തുണ്ടെങ്കിലും തനിക്കു പരിചിതമല്ലാത്ത ആളോടൊപ്പം അയാൾക്കു ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവുകൂടി നൽകുന്നുണ്ട് ആ തിരിച്ചുപോക്ക്. അതുകൊണ്ടു തന്നെ അയാളിൽ ഒരു ലോക മനുഷ്യനെ കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. സ്നേഹമില്ലാത്ത, പരിചിതമല്ലാത്ത, പരസ്പരം മനസിലാക്കാൻ കഴിയാത്ത ലോകത്തിൽ ജീവിതം എപ്പോഴും ഇന്നലെ മാത്രമാണ്.

പീഡനത്തിന് ഇരയാക്കപ്പെട്ട നായികയെ പ്രണയിക്കുന്ന മലയാളി നായകൻ


സൂര്യനെല്ലി പെൺകുട്ടി ഇന്നും തടവിലാണ്, നിലവിലെ വ്യവസ്ഥയുടെ തടവിലാണ്, ആൺ ബോധങ്ങളുടെ തടവിലാണ്.  ഇത് ഇന്നത്തെ കേരളത്തിന്റെ പരിഛേദമാണ്. നമ്മുടെ മുഖ്യധാരാ സിനിമകൾ ആയാലും സമാന്തര സിനിമകൾ ആയാലും ഇതിന് അപവാദമല്ല. എന്നാൽ ഇത്രയേറെ  പുരോഗമനവും ശാസ്ത്രീയതയും നവജനാധിപത്യവും  ഒന്നുമല്ലാതിരുന്ന കാലത്താണ് നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമ പദ്മരാജൻ എടുക്കുന്നത്.

പീഡനത്തിന് ഇരയാക്കപ്പെട്ട തന്റെ പ്രണയിനിയുമായി സോളമൻ നാടുവിടുകയാണ്. “ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതുപോലൊരു പടം അദ്ദേഹം മോഹൻലാലിനെ വച്ച് ഇപ്പൊ എടുക്കുമായിരുന്നോ?”സാങ്കല്പിക ചോദ്യമാണെങ്കിലും അദ്ദേഹം അങ്ങനെ വിചാരിച്ചാൽ പോലും ഒരു പക്ഷെ അതുനടക്കണം എന്നില്ല. അത്രയേറെ ആൺ ബോധം നമ്മുടെ സിനിമാക്കാരെ അടക്കി ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത് ചാരിത്ര്യത്തെക്കുറിച്ചും മാനത്തെ കുറിച്ചും ഉള്ള നമ്മൾ മലയാളിയുടെ ബോധം അത്രമേൽ ശക്തമാണ്. സ്ത്രീയെ ശരീരമായി മാത്രം കാണുന്ന പൊതുബോധത്തെ ലോകത്തിനുമുന്നിൽ സോളമൻ എന്ന കഥാപാത്രത്തിലൂടെ മറിച്ചിടുകയാണ്, പദ്മരാജൻ. എങ്കിലും അത്തരം നായകന്മാർ ഇല്ലാത്ത യഥാർത്ഥ ജീവിതത്തിൽ അത്ര ശുഭകരമായി ക്ളൈമാക്സ് ആയിരിക്കില്ലല്ലേ!

അയാളല്ലാത്ത അപരന്‍


ഒരാൾ അയാൾ അല്ലാതെ ഒരു ജീവിത കാലം മുഴുവൻ ജീവിക്കേണ്ടിവരുക എന്നതു ചിന്തിക്കാൻ തന്നെ പ്രയാസമാണ്. ഇത്തരമൊരു കഥാപാത്രത്തെയാണ് അപരൻ എന്ന സിനിമ കൈകാര്യം ചെയ്യുന്നത്. തന്റെ ജീവിതത്തിൽ ഇടപെടുന്ന അപരനെ അയാൾക്കു പരിചയമില്ല. ഇന്നലെവരെ അയാൾ പരിചയിച്ച ലോകമല്ല. തന്റേതല്ലാത്ത വ്യവഹാരങ്ങളോടെല്ലാം അയാൾ പൊരുതുന്നു. പൊരുതി പൊരുതി ജീവിക്കാൻ തുടങ്ങുന്നു. അതുണ്ടാക്കുന്ന സങ്കീര്‍ണ്ണതയിലും വൈകാരികതയിലും അയാൾ കടന്നുപോവുന്നു.

കരിയിലക്കാറ്റുപോലെ


പ്രണയവും രതിയും പോലെ 'ബന്ധങ്ങൾ', അവ മനുഷ്യരിൽ പ്രവർത്തിക്കുന്ന യാഥാർഥ്യങ്ങളെ അഭിമുഖീകരിച്ച ചിത്രങ്ങളിൽ ഒന്നാണ് കരിയിലക്കാറ്റുപോലെ. പരസ്പരം പിരിഞ്ഞു കോർക്കപ്പെട്ട കാമനകൾ, കരുതലുകൾ, വെറുപ്പുകൾ തുടങ്ങി എല്ലാറ്റിലും നിന്നു മുക്തമാക്കപ്പെടുന്ന ജീവിതം അവശേഷിപ്പിക്കുന്നത് എന്തായിരിക്കും? ദുർബലതകളെ വിമര്‍ശന വിധേയമാക്കുന്ന അസ്തിത്വാന്വേഷണം. അതിൽ കവിഞ്ഞ് ഒന്നുമില്ലാതെ ആ സിനിമ അവസാനിപ്പിക്കു
ന്നു.

ഫയല്‍വാന്‍ എന്ന പലതും


"ഒരിക്കൽ തോറ്റാൽ പിന്നെ ഫയൽവാനു ജീവിതമില്ല അവൻ എല്ലാവരാലും അവഗണിക്കപ്പെട്ടു ജീവിക്കേണ്ടിവരും അല്ലെങ്കിൽ നാടുവിടേണ്ടിവരും"

പഴയ കാലത്തിന്റെ നീതിയിൽ അരികുവൽക്കരിക്കപ്പെട്ട ജീവിതമാണ് ഫയൽവാൻ. ജന്മിനാടുവാഴിത്തത്തിന്റെ ഉപകരണമായി നിലനിന്ന ഒന്നാണത്. എങ്കിലും ആധുനികതയുടെ മുഖംമൂടി അണിഞ്ഞ ഗ്രാമം അദൃശ്യവൽക്കരിക്കുന്നത് കാലഹരണപ്പെട്ട മൂല്യങ്ങളെ മാത്രമല്ല, മറിച്ചു ചില വ്യത്യസ്ത ജീവിതങ്ങളെക്കൂടിയാണ്.


ഇവയിലെല്ലാം പൊതുവായി കണ്ടെത്താൻ കഴിയുന്നത് ആധുനികതയോടുള്ള സംവാദങ്ങൾ ആണ്. പുതിയ കാലത്തിലേക്കു തുറന്നുവച്ച കണ്ണുകൾപോലെ എല്ലാം ഒപ്പിയെടുക്കുക മാത്രമായിരുന്നില്ല, അതിൽ തന്റെ ആശങ്കകളും തെളിമയും എല്ലാം പ്രകാശിപ്പിക്കുക കൂടിയായിരുന്നു പദ്മരാജൻ. അതുകൊണ്ടു തന്നെ ഓരോ ചിത്രങ്ങളും എടുത്ത് ഒരു പെട്ടിയിൽ ഒതുക്കിവയ്ക്കുക ബുദ്ധിമുട്ടായിരിക്കും. മാത്രവുമല്ല കൊമേഴ്സ്യൽ എന്നോ അവാർഡ് -സമാന്തര സിനിമകൾ എന്നോ ഉള്ള കാറ്റഗറികളിലൊന്നും അയാളെ കെട്ടിയിടാൻ കഴിയില്ല. അത്രയേറെ ലളിതവും സാധാരണ മനുഷ്യനിലേക്കിണങ്ങി നിൽക്കുന്നതുമാണ് പദ്മരാജൻ സിനിമകൾ.

അതുകൊണ്ടു തന്നെ അവരുടെ സംഘര്‍ഷങ്ങളും ഭയങ്ങളും പ്രതീക്ഷകളും എല്ലാം ആ സിനിമകളിൽ ഓരോന്നിലും പ്രതിഫലിക്കുന്നതുകാണാം. നമ്മളിലൊരാളായി സിനിമയോടൊപ്പം ഓരോ കാലത്തെയും അതാതു മനുഷ്യർക്കൊപ്പം നടന്ന സിനിമയായി നമുക്കവ അനുഭവപ്പെടും