ബിരിയാണിയുടെ നാട്ടിലെ കലോത്സവത്തിന് മാംസാഹാരമില്ല; കാരണം വിചിത്രം: ആർക്കുമത് നിർബന്ധമില്ല!

സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നത് അത്യുഗ്രന്‍ തലശ്ശേരി ബിരിയാണിയുടെ നാട്ടില്‍. എന്നിട്ടും കലോത്സവത്തിന്‍റെ കലവറയില്‍ ബിരിയാണി പോയിട്ട് മാംസാഹാരം ഒന്നുമില്ല- അധികൃതരുടെ ഉത്തരം കേള്‍ക്കൂ.

ബിരിയാണിയുടെ നാട്ടിലെ കലോത്സവത്തിന് മാംസാഹാരമില്ല; കാരണം വിചിത്രം: ആർക്കുമത് നിർബന്ധമില്ല!

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാലങ്ങളായി മാംസാഹാരം വിളമ്പാറില്ല. എന്നാൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് മാംസാഹാരം വിളമ്പാറുണ്ടുതാനും. മുമ്പൊരിക്കൽ കലോത്സവത്തിനു കുട്ടികൾക്ക് ചിക്കൻ വിളമ്പാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീടത് വേണ്ടെന്നുവയ്ക്കുകയും ചെയ്തു. മത്സരാർത്ഥികൾക്ക് ഭക്ഷണ ശേഷം ആലസ്യം ഉണ്ടാകാനിടയുണ്ടെന്ന് ചില ഒഫീഷ്യലുകൾ ചൂണ്ടിക്കാണിച്ചതോടെയാണു സംഘാടകരന്ന് മാംസാഹാരം വിളമ്പുന്നതിൽ നിന്നു പിന്തിരിഞ്ഞത്.


പറശ്ശിനിക്കടവ് മുത്തപ്പന്റെയും തലശ്ശേരി ബിരിയാണിയുടെയും നാട്ടിൽ വീണ്ടുമൊരിക്കൽക്കൂടി ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം എത്തുമ്പോൾ അതിഥികൾക്ക് സസ്യാഹാരം മാത്രമാവുന്നതിനു കൂടുതൽ ന്യായങ്ങൾ നിരക്കുകയാണ്. മുമ്പൊന്നും പറഞ്ഞുകേൾക്കാത്ത വാദഗതികൾ. അവ ഇങ്ങനെയൊക്കെയാണ്:

ഒരു നേരം പരമാവധി 13,000-15,000 പേര്‍ക്കുള്ള ഭക്ഷണമാണ്‌ പന്തിയില്‍ ഒരുക്കുന്നത്‌. ഇതില്‍ 1800 പേര്‍ മാത്രമാണ്‌ മത്സരാര്‍ഥികള്‍. അവശേഷിക്കുന്നതെല്ലാം അധ്യാപകര്‍, സംഘാടകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, ഒഫീഷ്യലുകള്‍, രക്ഷിതാക്കള്‍. ഇത്രയും പേര്‍ക്ക്‌ മാംസാഹാരം തയ്യാറാക്കുകയെന്നത്‌ സംഘാടകരെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ് - മാംസാഹാരം ഇല്ലാത്തതിന്‍റെ വിശദീകരണം ഇങ്ങനെ തുടങ്ങുന്നു.

[caption id="attachment_74072" align="alignnone" width="5472"] പഴയിടം മോഹനന്‍ നമ്പൂതിരി[/caption]

ഇത്തവണ 25 ലക്ഷം രൂപയാണ്‌ കലോത്സവ ഭക്ഷണത്തിനായി അനുവദിച്ചിരിക്കുന്നത്. അതേസമയം 15 ലക്ഷത്തോളം രൂപയുടെ പച്ചക്കറികളും തേങ്ങയും കുരുമുളകും ഏത്തക്കായകളുമൊക്കെ കുട്ടികളില്‍ നിന്നു ശേഖരിച്ചു. ഓരോ വര്‍ഷവും കലവറ നിറയ്‌ക്കുന്നത്‌ ഇത്തരം ശേഖരണത്തിലൂടെയാണ്‌. മാംസാഹരമാണെങ്കില്‍ ഇത്തരം ശേഖരണ പദ്ധതികള്‍ അസാധ്യമാണ്‌ - സംഘാടകര്‍ പറയുന്നു.

കാരണം പറയുന്നത് ഇതൊക്കെ:  ഇപ്പോഴനുവദിച്ചതിന്റെ ഇരട്ടിത്തുകയെങ്കിലും വേണ്ടിവരും ഒരുനേരമെങ്കിലും മാംസാഹാരം വിളമ്പാന്‍. കലോത്സവത്തിലെ മത്സരാര്‍ഥികള്‍ ഭക്ഷണം കഴിച്ചശേഷവും മണിക്കൂറുകളോളം കാത്തിരുന്നശേഷമാണ്‌ പലപ്പോഴും വേദിയിലെത്തുക. മാംസാഹാരം കഴിച്ചാലുണ്ടാകുന്ന ആലസ്യം കലാവതരണത്തിന് തടസ്സമാകുകയും ചെയ്യും.

അതായത്, മാംസം കഴിച്ചാല്‍ ആലസ്യമുണ്ടാകും എന്നതില്‍ അധികൃതര്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. വാദം ഉറപ്പിക്കാൻ, 57 വര്‍ഷവും ഇതുവരെ സംസ്ഥാന കലോത്സവത്തില്‍ മാംസാഹാരം വിളമ്പിയിട്ടില്ലെന്നു ആവർത്തിക്കുകയുംചെയ്യുന്നു.അതേസമയം ജില്ലാ കലോത്സവങ്ങളില്‍ ചിലയിടങ്ങളില്‍ മാംസാഹാരം വിളമ്പാറുണ്ടല്ലോ എന്നാർക്കും സംശയിക്കാം. അതിനു മറുപടിനൽകാൻ സംഘാടകർ കൂടുതൽ 'ശാസ്ത്രീയ വിശദീകരണ'ങ്ങളിലേക്ക് കടക്കും: മാംസം വിളമ്പാമെന്നു തീരുമാനിച്ചാൽതന്നെ കഴുകി വൃത്തിയാക്കലും അവശിഷ്ടങ്ങള്‍ സംസ്‌കരിക്കലും നിലവിലെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ്‌. ഭക്ഷണശേഷമുള്ള അവശിഷ്ടം വലിയ തോതില്‍ മാലിന്യപ്രശ്‌നം സൃഷ്ടിക്കും.

ഏഴുദിവസത്തെ കലോത്സവത്തിനിടെ ഒന്നോ രണ്ടോ ദിവസം മാംസാഹാരം വിളമ്പിയാലും അത്‌ പ്രശ്നമാണോ എന്നാണല്ലോ പിന്നെയുള്ള ന്യായമായ ചോദ്യം. അതും വലിയ മാലിന്യ നിർമാർജനപ്രശ്നങ്ങൾ ഉണ്ടാകുമെന്നു പറയുന്നു സംഘാടകർ. "കലോത്സവ വേദികൾ പ്രധാനമായും നഗരത്തിലാണ്‌ ഉണ്ടാകുക. സസ്യാഹാരമായിട്ടുപോലും മാലിന്യം നീക്കം ചെയ്യല്‍ വെല്ലുവിളിയാണ്" -  ഭക്ഷണക്കമ്മിറ്റിയിലെ പി രാധാകൃഷ്‌ണന്‍ പറയുന്നു.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ത്തന്നെയാണ്‌ ഇത്തവണയും ഭക്ഷണപ്പുര സജീവമായിരിക്കുന്നത്‌. നൂറ്റമ്പതോളം തൊഴിലാളികള്‍ രാപ്പകല്‍ വിശ്രമമില്ലാതെ പാചകം തുടരുകയാണ്‌. 12 വർഷമായി പഴയിടം കലോത്സവത്തിനു രുചി പകരാന്‍ എത്തിയിട്ട്‌. രാവിലെ ഏഴരയോടെ പ്രാതലും ഉച്ചയ്‌ക്ക്‌ 12.30ന്‌ ഉച്ചഭക്ഷണവും 3.30ന്‌ ചായയും പലഹാരങ്ങളും. രാത്രി 7.30ന്‌ അത്താഴം. അതുകൊണ്ടുതന്നെ ഊട്ടുപുരയിലെ തൊഴിലാളികള്‍ സദാസമയവും ജോലിയില്‍ വ്യാപൃതരാകാതെ വഴിയില്ലെന്ന്‌ 12 വര്‍ഷത്തോളമായി പഴയിടത്തിനൊപ്പമുള്ള പ്രധാന പാചകക്കാരന്‍ വേണു പറയുന്നു.

പഴയിടത്തിന്റെ മുഖ്യസഹായിക്കുമുണ്ട് മാംസാഹാരം വിളമ്പുന്നതിന് ഒരു തടസ്സം പറയാൻ. "മാംസാഹാരം വിളമ്പുകയെന്നത്‌ അസാധ്യമാണ്‌. അത്‌ തയ്യാറാക്കുന്നതിനുള്ള സമയവും പ്രശ്‌നങ്ങളുമാണ്‌ തടസ്സം" - വേണു പറയുന്നു.ഭക്ഷണശാലയിലേക്ക്‌ 22,000 കിലോ അരിയാണ്‌ വേണ്ടത്‌. 24,000 കിലോ പച്ചക്കറി, 8500 ലിറ്റര്‍ പാല്‍, 5000 ലിറ്റര്‍ തൈര്‌, 30,000 തേങ്ങ, മൂന്നുലക്ഷം വാഴയില, മൂന്നുലക്ഷം ലിറ്റര്‍ വെള്ളവും. ഇതാണ്‌ ഏഴുദിവസത്തെ കലോത്സവത്തിന് മൊത്തം വേണ്ടി വരുന്ന സാധനങ്ങള്‍. വിറകടുപ്പിന്റെ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. അഞ്ചുവര്‍ഷത്തിലധികമായി ഗ്യാസ്‌ അടുപ്പുകളാണ്‌ ശീലം. 200 ഗ്യാസ്‌ സിലിണ്ടറുകളാണ്‌ ഉപയോഗിച്ചുവരുന്നത്‌.

എല്ലാ വിശദീകരണങ്ങളും മുഖവിലക്കെടുക്കാം. എന്നാൽ ഇങ്ങനെയുമുണ്ട് മാംസാഹാര വിരുദ്ധതക്ക് ഒരു ന്യായം: "കലോത്സവത്തിനെത്തുന്നവര്‍ക്ക്‌ മാംസാഹാരം നിര്‍ബന്ധമില്ല. എല്ലാവരും സസ്യാഹാരം കഴിക്കുന്നവരുമാണ്‌. നിലവിലെ സാഹചര്യത്തില്‍ സസ്യഭക്ഷണം മാത്രമായാൽ ഭക്ഷ്യവിഷബാധയോ മറ്റ്‌ പ്രശ്‌നങ്ങളോ ഉണ്ടാവില്ല" - സംഘാടകര്‍ പറയുന്നു.

അങ്ങനെയുണ്ടോ? അതോ, കലോത്സവത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുന്നത്‌ സംബന്ധിച്ചൊരു ചര്‍ച്ചതന്നെ വേണ്ടതില്ലെന്ന കടുംപിടുത്തംകൊണ്ടോ?