നമ്മൾ എംടിക്ക് കാവൽ നിൽക്കുമ്പോഴും കമൽ വേട്ടയാടപ്പെടുകയാണ്: മമ്മൂട്ടിയുടെ മൗനത്തിന്റെ ഉത്തരങ്ങൾ

മതനിരപേക്ഷവാദികൾക്ക് പിടികിട്ടാത്ത സംഘപരിവാർ കാര്യപരിപാടി, കമലിന്റെ അനുഭവത്തിൽ നിന്ന്, മമ്മൂട്ടിയെന്ന മുസ്ലിം കലാകാരന് സഹജാവബോധംകൊണ്ട് പിടികിട്ടിയതാണെങ്കിലോ? എം ടി യെ ആക്രമിച്ചതിനോടുള്ള മമ്മൂട്ടിയുടെ മൗനത്തിന്റെ ഉത്തരങ്ങൾ തേടുന്നു.

നമ്മൾ എംടിക്ക് കാവൽ നിൽക്കുമ്പോഴും കമൽ വേട്ടയാടപ്പെടുകയാണ്: മമ്മൂട്ടിയുടെ മൗനത്തിന്റെ ഉത്തരങ്ങൾ

എന്തൊരു അവസരവാദിയായ കരിയറിസ്റ്റാണ് ഭരത് മമ്മൂട്ടിയെന്ന് ആലോചിച്ചിരുന്നു. തന്റെ സഹപ്രവർത്തകനായ കമലിനെ വർഗ്ഗീയമായി വളഞ്ഞിട്ടാക്രമിച്ചിട്ടും മിണ്ടിയിട്ടില്ല!

തന്നെ അവിസ്മരണീയനാക്കിയ ഒട്ടേറെ കഥാപാത്രങ്ങളുടെ സ്രഷ്ടാവായ എം ടി ആക്രമിക്കപ്പെട്ടപ്പോഴും മമ്മൂട്ടി മിണ്ടിയിട്ടില്ല. മോഹൻലാലല്ല മമ്മൂട്ടി. കൈരളി ടി.വി.യുടെ സംരംഭകരിലൊരാളായി വരാനുള്ള ക്ഷണം ഒരൊറ്റ വിരട്ടു വന്നതോടെ നിരാകരിച്ചതാണ് ലാലിനെക്കുറിച്ച് ഏതാണ്ടെല്ലാവർക്കുമറിയാവുന്ന കഥ. എന്നാൽ, ഡിവൈഎഫ്ഐയുടെ ദേശീയ സമ്മേളനവേദിയിൽ വരെ ചെല്ലാനും, ഇന്ത്യക്കുമേൽ അന്നു കരിനിഴൽ തീർത്തു തുടങ്ങിയിരുന്ന ഫാസിസ്റ്റ് വിപത്തിനെക്കുറിച്ച് സുധീരം പറയാനും മടിച്ചിരുന്നില്ല മമ്മൂട്ടി.


ആ മമ്മൂട്ടി ആദായ നികുതിയുടെയോ ആനക്കൊമ്പിന്റെയോ പേരിലുള്ള ഭയംകൊണ്ട് മൗനം പൂളുന്നതാവാൻ സാധ്യതയില്ല. വേറെന്തോ കാതലായ ആശങ്കയില്ലാതെ എം ടിയെ പിന്തുണക്കാൻ മമ്മൂട്ടി വരാതിരിക്കില്ല.

മതനിരപേക്ഷവാദികൾക്ക് പിടികിട്ടാത്ത സംഘപരിവാർ കാര്യപരിപാടി, കമലിന്റെ അനുഭവത്തിൽ നിന്ന്, മമ്മൂട്ടിയെന്ന മുസ്ലിം കലാകാരന് സഹജാവബോധം കൊണ്ട് പിടികിട്ടിയതാണെങ്കിലോ?

ആവാനാണ് സാധ്യത, നൂറു തരം. കോഴിക്കോട്ട് നടന്ന 'എം ടി ഐക്യദാർഢ്യ പരിപാടി'യിൽ മുഖ്യാതിഥികൂടി ആയതോടെ കമലിനു നേരിടേണ്ടിവന്നിരിക്കുന്ന വിഷലിപ്ത ആക്രമണം കാര്യങ്ങളെ അങ്ങനെകൂടി കാണാൻ നിർബന്ധിതമാക്കുന്നു.

എംടിയും കമലും ഒരുപോലെയല്ല!

എം ടി ആക്രമിക്കപ്പെട്ടപ്പോൾ കേരളത്തിലുണ്ടായ പ്രതിരോധം ശുഭകരം തന്നെ. പക്ഷെ, എത്രയ്ക്ക്?

എം ടിക്കുള്ള ഐക്യദാർഢ്യത്തിലേക്ക് ഒട്ടും വൈകാതെ കുതിച്ചിട്ടുണ്ട് കേരളം. പക്ഷെ, ആ വേഗത മാത്രമല്ല, ആ സ്ഥായിത്വവും ഉണ്ടായിട്ടില്ല കമലിനു വേണ്ടിയുള്ള പടയണിയ്ക്ക്. എം ടിയല്ലല്ലോ കമൽ എന്ന മറുചോദ്യം ഇപ്പോഴേ ചെവിയിലെത്തുന്നു. അതെന്താ, എം ടിക്കും കമലിനും പന്തിഭേദം? മഹാനായ എഴുത്തുകാരനും ശരാശരി സിനിമക്കാരനുമെന്നതാണോ ഇവർ തമ്മിലെ വ്യത്യാസം?

അങ്ങനെ കരുതുന്നവരുണ്ടാവാം. എന്നാൽ, 'എം ടി ഐക്യദാർഢ്യസദസ്സി'നും കമലിനു വേണ്ടിയുള്ള പ്രതിരോധത്തിനും മുന്നിട്ടിറങ്ങിയവർ ഈ വരേണ്യ - ജനപ്രിയ വിഭജനം അംഗീകരിക്കുന്നവരല്ല, ഉറപ്പ്. ഫാസിസത്തിന്റെ ദംഷ്ട്ര പതിയുന്നോ എന്ന ആശങ്കയാണ് എം ടിയുടെതായാലും കമലിന്റെതായാലും മതനിരപേക്ഷ പക്ഷത്തുനിന്നുയർന്ന പ്രതിരോധത്തിന് അടിസ്ഥാനം. എം ടിക്ക് പാവനത്വമോ കമലിന് കലാപരമായ അധമത്വമോ കാണില്ല അവർ, തത്ത്വത്തിലെങ്കിലും.

ആ വിഷമുള്ള് കമലിനുചുറ്റും ഇന്നും പറന്നുനടക്കുന്നു


പക്ഷെ, യാഥാർത്ഥ്യങ്ങളെ കീഴ്ക്കാംതൂക്കാക്കുന്ന പ്രത്യയശാസ്ത്രം അത്ര സമഭാവന പുലർത്തുന്നതല്ലല്ലോ. അത് ചിലതിനെ പാവനവും മറ്റു ചിലതിനെ അധഃകൃതവുമായി തോന്നിച്ചെന്നു വരാം. എം ടിയെ നായാടാൻ തുനിഞ്ഞപ്പോൾ 'ഇതു കേരളമാണെ'ന്നോർമ്മിപ്പിച്ച നാവുകൾ കമലിനു നേർക്കുയർന്ന കുരകളോട് 'വിഭാഗീയതയുണ്ടാക്കാൻ തുനിയരു'തെന്ന് പായാരം പറഞ്ഞതേ കേട്ടുള്ളൂ. വിഭാഗീയതയുണ്ടാക്കിയാൽ എന്താ, എന്നവർ തുടർന്നും ചോദിച്ചു. 'ഓ, നിങ്ങൾ ഉണ്ടാക്കിക്കോളൂ' എന്നു പറയുകയായിരുന്നു നമ്മുടെ മൗനം. അല്ലെങ്കിൽ എന്തുകൊണ്ടാണ് എം ടി - കമൽ ഐക്യദാർഢ്യസദസ്സെന്ന സാധ്യത ആവിയായിപ്പോയിട്ടുണ്ടാവുക? കമലിനെയെറിഞ്ഞ വിഷമുള്ള് ഇന്നുമയാൾക്കു ചുറ്റും വധോദ്വിഗ്നതയോടെ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കെ വിശേഷിച്ചും?

ഒരു പരാമർശംകൊണ്ടാണ് എം ടി ആക്രമണത്തിന് ശരവ്യനായത്. പറഞ്ഞതു പിൻവലിക്കുകയെങ്കിലും ചെയ്യാൻ, പ്രത്യേകിച്ചൊന്നും പറയുകകൂടി ചെയ്തിട്ടില്ല കമൽ! എ എൻ രാധാകൃഷ്ണനെന്ന ബി ജെ പി നേതാവിന്റെ അത്യാവേശമില്ലെങ്കിൽ എം ടിയുടെ നോട്ടു വിമർശത്തെ 'ജനാധിപത്യപര'മായും 'സഹിഷ്ണുത'യോടെയും കൈകാര്യം ചെയ്യുന്നതിന്റെ ' ഉദാത്ത' മാതൃകകൾ കാണിച്ചു തരുമായിരുന്നു സംഘപരിവാരപക്ഷം. സ്വാഭിപ്രായപ്രകടനത്തിനുള്ള എം ടിയുടെ അവകാശത്തിനുവേണ്ടി നിരക്കാനും, ആ സഹിഷ്ണുതയുടെ പേരിൽ മൃദുഹിന്ദുത്വ പക്ഷത്തുനിന്ന് കൂടുതൽ മാർക്ക് സ്കോർ ചെയ്യാനും സംഘപരിവാരത്തിനു കഴിഞ്ഞില്ലെന്ന് വേണമെങ്കിൽ ആശ്വസിക്കാം. പക്ഷെ, എത്രയ്ക്കാശ്വസിക്കാം?

ഭരിച്ചു തുടങ്ങിയത് ഭീതി; തെഴുക്കാൻ പോകുന്നത് മൗനങ്ങൾ

എ എൻ രാധാകൃഷ്ണന്റെ എം ടിക്കെതിരായ പരാമർശത്തെ, കാത്തിരിക്കുകയായിരുന്നെന്ന പോലെ പൊലിപ്പിക്കുകയായിരുന്നുവോ മതനിരപേക്ഷ പക്ഷം? എ എൻ രാധാകൃഷ്ണനും സംഘപരിവാരവും മനസ്സിൽക്കാണാത്ത വിധം എം ടി വിവാദം കത്തിപ്പിടിച്ചതോടെ സംഘപരിവാരത്തിന് വലിയ ക്ഷീണം പറ്റിയെന്നതാണോ യാഥാർത്ഥ്യം? അതോ, ഒരു വിമതസ്വരം പോലും ഫാസിസ്റ്റ് രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്ന ഭീതിയാണോ ഇതോടെ സ്ഥാപിക്കപ്പെട്ടത്?

കൂടുതൽ എഴുത്തുകാരും കലാപ്രവർത്തകരും ഹിന്ദുത്വ തരംഗത്തിനെതിരെ നിരക്കുമെന്നോ, അതോ, 'ആപത്ത്' മുൻകൂട്ടിക്കണ്ടുകൊണ്ടുള്ള മൗനങ്ങൾ കൂടുതലായി തെഴുക്കുമെന്നോ? ഏതാണ് വാസ്തവത്തിൽ സംഭവിക്കാൻ പോകുന്നത്?

മ്മൾ ചുറ്റി നടക്കുമ്പോഴും അവർ ഇരയിൽ കണ്ണുറപ്പിക്കുന്നു

ഉത്തരം അവ്യക്തമാണെന്നു തോന്നാം. എന്നാൽ, സംഘപരിവാരത്തിന്റെ ഒളിയജണ്ടകളിൽ ബോധ്യമുള്ളവർക്ക് സംശയിക്കേണ്ടി വരില്ല. ദീർഘമായി ഉപന്യസിക്കേണ്ടതില്ലാത്ത വിധം അതു വ്യക്തമാണ്. നമ്മൾ എം ടിക്ക് കാവൽ നിൽക്കുമ്പോഴും അവർ കമലിനെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഉദാഹരണത്തിന്, ഈ പോസ്റ്റ് വായിച്ചു നോക്കാം

കമലിനോടേ അവർ വായടയ്ക്കാൻ പറഞ്ഞിട്ടുള്ളൂ. എം ജി എ സിനോടില്ല. സുഗതകുമാരിയോടില്ല. എം ടിയോട് ഒന്നേ പറഞ്ഞിട്ടുള്ളൂ. 'പറയുമ്പോൾ എല്ലാം പറയണം' - അത്രമാത്രം. എം ടിയെ ആക്രമിക്കരുതെന്നുകൂടി അവർ അണികളോട് ആഹ്വാനം ചെയ്യുന്നു. ഇതാ, നോക്കൂ:ഈയൊരു ആനുകൂല്യവും കമലിനു നൽകിയിട്ടില്ല. കണ്ണടച്ചു തീരുംമുമ്പയാൾ കമാലുദ്ദീനും ദേശീയഗാന വിരുദ്ധനും ദേശദ്രോഹിയുമായി. 'എം ടി ഐക്യദാർഢ്യസദസ്സി'ൽ പങ്കെടുത്ത് ഏവർക്കുമറിയുന്ന ചിലതു പറഞ്ഞതോടെ വിവരംകെട്ടവനും മന്ദനുമായി! ഹിന്ദു മുന്നണി നേതാവ് ശശികലയുടെ ഫാസിസ്റ്റ് വായിലൂടെ ചതഞ്ഞരഞ്ഞു വരുമ്പോഴേക്കും 'അടിച്ചു കൊല്ലേണ്ട മുസ്ലിം പട്ടി'യായും ഇനി കമൽ മാറുമെന്ന് തീർച്ച!നുണക്കോട്ടയിൽ കല്ലെറിഞ്ഞതിന് നടുങ്ങിയുണരേണ്ടി വരുന്നവരുണ്ട്


ഇതെന്തായാലും എം ടി വാസുദേവൻ നായർക്ക് അനുഭവിക്കേണ്ടി വരില്ല. ഫാസിസത്തിന്റെ നുണക്കോട്ടയിൽ ഒരു കല്ലെറിഞ്ഞതിന്റെ ആത്മാഭിമാനം എം ടിയെപ്പോലെ കമലിനുമുണ്ടാകാം. എന്നാൽ, തനിക്കൊപ്പമുള്ളവരിൽ നിന്നു പോലും ഉയിർത്തുപൊന്തുന്ന കാളക്കണ്ണിനെക്കുറിച്ചുള്ള ദുഃസ്വപ്നവുമായി ഈ ദിനങ്ങളിലെ രാത്രികളിലൊന്നിലും കമലിനെപ്പോലെ എം ടി വാസുദേവൻ നായർക്ക് നടുങ്ങിയുണരേണ്ടിവരാനിടയില്ല.

പ്രതിഭാശാലിയായ മഹാനടൻ മമ്മുട്ടിയും ഞെട്ടിയുണരുന്നുണ്ടാവണം - 'ധീരോദാത്ത-ഉത്തമ' പുരുഷ ബിംബങ്ങൾ വാരിയെറിഞ്ഞ് താൻകൂടിയുണ്ടാക്കിയ മലയാളജീവിതഭാവുകത്വം തന്നെത്തന്നെ വിഴുങ്ങാനായുന്ന ഘോരമൃഗമായിമാറുന്ന ദുഃസ്വപ്നക്കാഴ്ചകളിൽ.

ഉണർന്നെണീക്കുന്ന പശ്ചാത്താപവിവശമാവേണ്ട പകലുകളിൽ, കമലിനു പിറകെയുള്ള വിഷച്ചീളിന്റെ മുരൾച്ചയും ചെവിയിലലയ്ക്കുമ്പോൾ, മമ്മൂട്ടി എങ്ങിനെ മൗനം ഭഞ്ജിക്കുമെന്നാണ് നമ്മൾ കരുതേണ്ടത്?

സത്യമല്ലേ, ഭയം മാത്രമല്ലേ ഇവർക്ക് കാവൽ? സനാതന ബുദ്ധികളുടെ ചോരിവായിലെല്ലാം ദംഷ്ട്രകൾ വിരിയുന്ന നാളുകളാണല്ലോ.

Read More >>