പെരുമ്പാവൂര്‍ കെഎംപി കോളേജ്‌: പൊലീസുകാരുടെ മുന്നില്‍ തൂങ്ങിച്ചാകാന്‍ പറഞ്ഞ് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പരാതിയുമായി അനുപമ

'നീ പോയി തൂങ്ങി ചാകെടീ' വായ് പൊത്തിപ്പിടിച്ച് മുഖത്തടിച്ചു കൊണ്ട് പ്രിന്‍സിപ്പല്‍ ദീപ പറയുകയാണ്. ഇടക്കിടെ മുടി കുത്തിപ്പിടിച്ചും അടിക്കുന്നുണ്ട്. കെ എം പരീതും കുറച്ച് പോലീസുകാരും ഇതിന് കാഴ്ച്ചക്കാരായി ഉണ്ട്. ഓരോ അടിക്കും സന്തോഷം സഹിക്കാനാവാതെ എല്ലാവരും ചിരിക്കുന്നുമുണ്ട് - സ്വാശ്രയകോളേജുകളുടെ വക്താവായി ചാനലുകളില്‍ വരുന്ന കെ.എം പരീത് ചെയര്‍മാന്റെ കോളേജിലെ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയായ അനുപമ പറയുന്നു.

പെരുമ്പാവൂര്‍ കെഎംപി കോളേജ്‌: പൊലീസുകാരുടെ മുന്നില്‍ തൂങ്ങിച്ചാകാന്‍ പറഞ്ഞ് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പരാതിയുമായി അനുപമ

'നീ അങ്ങിനെ തൂങ്ങി ചത്താല്‍ ഞങ്ങള്‍ കേസ് വേറെ വല്ല രീതിയിലും ആക്കും' തൂങ്ങി ചാകാന്‍ പറഞ്ഞ് മുഖത്തടിക്കുന്ന പ്രിന്‍സിപ്പാളിനെ അനുകൂലിച്ച് അടുത്തു നിന്നിരുന്ന പൊലിസുകാരനാണ് ഇത് പറയുന്നത്.

ഇതെല്ലാം കണ്ടും കേട്ടും രസിച്ച് ഇരുന്നു ചിരിക്കുകയാണ്, കോളേജിന്റെ ഉടമയും സ്വാശ്രയ
എഞ്ചിനിയറിങ്ങ് കോളേജുകളുടെ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാവുമായ കെ എം പരീത് . ഇപ്പോള്‍ ചാനലിലെ അന്തിച്ചര്‍ച്ചകളില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ചും മറ്റും വാ തോരാതെ പ്രസംഗിക്കുന്നത് ഈ നേതാവാണ്.


പെരുമ്പാവൂര്‍ കെഎംപി സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജില്‍ ലക്ഷങ്ങള്‍ വിദ്യാഭ്യാസ വായ്പയെടുത്ത് ഒരുപാടു പ്രതീക്ഷകളുമായി പഠിക്കാനെത്തിയ അനുപമ മുരാരിയെന്ന വിദ്യാര്‍ത്ഥിനിക്ക് ഉണ്ടായ അനുഭവമാണു മുകളില്‍ വായിച്ചത്. കോളേജില്‍ ചേര്‍ന്നു മാസങ്ങള്‍ക്കകം പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ജീവനും കൊണ്ട് രക്ഷപ്പെട്ട അനുപമ തന്റെ അനുഭവം നാരദാ ന്യൂസിനോട് വിശദീകരിച്ചു. അനുപമയുടെ വാക്കുകൾ:


[caption id="attachment_73063" align="alignright" width="200"] അനുപമ[/caption]

പാമ്പാടി കോളേജില്‍ ഒരു പക്ഷെ ജിഷ്ണുവിന് ഉണ്ടായതിനെക്കാള്‍ ക്രൂരമായ അനുഭവമാണ് അവിടെ എനിക്കുണ്ടായത്. പക്ഷെ അവിടെ ഞാന്‍ ഒറ്റപ്പെട്ടില്ല. സീനിയേഴ്‌സും മറ്റു വിദ്യാര്‍ത്ഥികളും എനിയ്ക്കു വേണ്ടി സമര രംഗത്തിറങ്ങി. പക്ഷെ എന്നിട്ടും വലിയ കാര്യങ്ങള്‍ ഒന്നും ഉണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. അന്ന് എനിക്കു വേണ്ടി സമരരംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും രണ്ടു വര്‍ഷത്തെ പരീക്ഷ എഴുതാന്‍ മാനേജ്‌മെന്റ് അനുവാദം കൊടുത്തിട്ടില്ല.ആ കോളേജില്‍ പഠിക്കാനാവില്ലെന്നു തോന്നിയതിനാല്‍ ടി. സി ചോദിച്ചു. അതാദ്യം തന്നില്ല. 'നീ ഇവിടെ തന്നെ പഠിക്കണം, നിന്നെ വേറെ എവിടേയ്ക്കും വിടില്ല, എന്നാലേ എനിയ്ക്കു നിന്നെ ഒന്നു ശരിക്കു പഠിപ്പിക്കാന്‍ കഴിയൂ എന്നാണ് അന്നത്തെ പ്രിന്‍സിപ്പല്‍ ദീപ പറഞ്ഞത്. പിന്നെ ടി സി കിട്ടണമെങ്കില്‍ കൈക്കൂലിയായി അഞ്ചു ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു.

പിന്നീട് സ്പീക്കറായ പി ശ്രീരാമകൃഷ്ണന്‍, മുന്‍ എംപി പി രാജീവ് എന്നിവരും എസ് എഫ് ഐ നേതാക്കളും ഇടപെട്ടാണ് ടി സി തിരിച്ചു കിട്ടിയത്. പക്ഷെ വേറെ ഒരു എഞ്ചിനിയറിങ്ങ് കോളേജിലും അഡ്മിഷന്‍ കിട്ടാത്ത വിധത്തിലാണ് അവര്‍ കാര്യങ്ങള്‍ ചെയ്തത്. യൂണിവേഴ്‌സിറ്റിയില്‍ എക്‌സാം രജിസ്ടര്‍ ചെയ്തത് കാന്‍സല്‍ ചെയ്ത ലെറ്റര്‍ തന്നില്ല. പിന്നെ അഡ്മിഷന്‍ തരാം എന്നു പറഞ്ഞ കോളേജിലെല്ലാം അവര്‍ പറഞ്ഞു മുടക്കുകയും ചെയ്തു.

[caption id="attachment_73061" align="alignleft" width="236"] കോളേജ് ഉടമ പരീത്[/caption]

എഞ്ചിനിയറിങ്ങ് മോഹങ്ങളുമായി പഠിച്ച അനുപമ ഇപ്പോള്‍ തൊടുപുഴ കോപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയില്‍ ഒന്നാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുമ്പ് പെരുമ്പാവൂര്‍ കെഎംപി കോളേജില്‍ നടന്ന പീഡനങ്ങളെ പറ്റി അനുപമ തന്നെ പറയുന്നത് കേള്‍ക്കുക.

2015 വര്‍ഷമാദ്യമാണ് സംഭവങ്ങള്‍ക്കു തുടക്കം. ഫിസിക്‌സ് അദ്ധ്യാപകനായ ജിബിനെ മാനേജ്‌മെന്റ് നിസ്സാര കാര്യത്തിനു പിരിച്ചു വിടുന്നതോടെയാണു പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഈ അധ്യാപകനു നിയമനം നല്‍കിയിരുന്നത്. ഇദ്ദേഹത്തിന്റെ പിതാവിന് അസുഖമായതിനാല്‍ പെട്ടെന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

ഇക്കാര്യത്തിനു പെട്ടെന്ന് ഒന്നോ രണ്ടോ ദിവസം അദ്ദേഹത്തിനു ലീവെടുക്കേണ്ടി വന്നിരുന്നു. തുടര്‍ന്നു കോളേജിലെത്തിയ അദ്ധ്യാപകനോടു ജോലിയില്‍ നിന്നു പിരിഞ്ഞു പോകാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ കൊടുത്ത പണം തിരിച്ചു കിട്ടില്ലെന്നു കരുതി പിരിഞ്ഞു പോകാന്‍ അദ്ധ്യാപകനും തയ്യാറായി.

സാര്‍ ക്ലാസ്സില്‍ വന്നു ഞങ്ങളോടു യാത്ര പറയുകയായിരുന്നു. അത്രയും കാലം പഠിപ്പിച്ച പരിചയം വച്ച് അതിനുള്ള അവകാശമൊക്കെ സാറിനുള്ളതല്ലേ? സാര്‍ ക്ലാസ്സില്‍ വന്നു യാത്ര പറയുമ്പോള്‍ വൈസ് പ്രിന്‍സിപ്പല്‍ വന്നു സാറിനോട് ഇറങ്ങിപ്പോടാ എന്നു പറഞ്ഞു. ഇതു കുട്ടികളെ വളരെ വിഷമിപ്പിച്ചു. ഇതിന്റെ പേരില്‍ പിറ്റേന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ കയറിയില്ല. നന്നായി പഠിപ്പിക്കുന്ന സാറായിരുന്നു അദ്ദേഹം. സാറിനെ തിരിച്ചെടുക്കണം എന്നു പറഞ്ഞു കുട്ടികള്‍ സമരം തുടങ്ങി. സമരം മുന്നോട്ടു കൊണ്ടു പോകാനായി ഒരു വാട്‌സപ്പ് ഗ്രൂപ്പ് തുടങ്ങി. ഇതിന്റെ അഡ്മിന്‍ ആയിരുന്നു ഞാന്‍.

[caption id="attachment_73062" align="aligncenter" width="634"]
പെരുമ്പാവൂര്‍ കെഎംപി സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളേജ്[/caption]

സമരത്തിന്റെ ഒന്നാമത്തെ ദിവസം തന്നെ ഞങ്ങള്‍ പെണ്‍കുട്ടികളെ നിരീക്ഷിക്കാന്‍ പ്രിന്‍സിപ്പല്‍ രണ്ട് അദ്ധ്യാപികമാരെ ചുമതലപ്പെടുത്തി. ഇവര്‍ ഞങ്ങളോടൊപ്പം ഹോസ്റ്റലില്‍ തന്നെയാണു താമസിച്ചിരുന്നത്. എന്നേയും കൂട്ടുകാരിയേയും ഹോസ്റ്റലിലെ മറ്റു മുറികളില്‍ പ്രവേശിപ്പിക്കരുത് എന്നിവർ നിര്‍ദ്ദേശം കൊടുത്തിരുന്നു. വൈകീട്ട് ഞാനും കൂട്ടുകാരിയും ഹോസ്റ്റലിലെ മറ്റൊരു കൂട്ടുകാരിയുടെ മുറിയില്‍ എത്തിയപ്പോള്‍ അദ്ധ്യാപികമാരായ രസ്‌നയും നിഖിലയും അവിടെയെത്തി. രാത്രി ഏതവന്‍ വന്നാലും നീയൊക്കെ മുറി തുറന്നു കൊടുക്കുമോയെന്നു കൂട്ടുകാരിയോടു ചോദിച്ചു. പിന്നെ ഞങ്ങളെ ബാത്ത് റൂമിലിട്ടു പൂട്ടി അവര്‍ പോയി. പിന്നീടു കുറെ കഴിഞ്ഞാണു തുറന്നു വിട്ടത്.

പിറ്റേന്ന് ഒരു ഞായറാഴ്ച, രാവിലെ പ്രിൻസിപ്പൽ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ വന്നു. ഞങ്ങളുടെ ഫോൺ പിടിച്ചുവാങ്ങി. പെൺകുട്ടികളിൽ സമരത്തിനു മുന്നിൽ നിന്നിരുന്നു ഞങ്ങൾ ചിലർ. പ്രത്യേകിച്ച് ഞാൻ. അവർ ഫോണിൻറെ പാസ് കോഡ് ഭീഷണിപ്പെടുത്തി വാങ്ങുകയും ചെയ്തു. പിന്നീട് അവർ ഫോണെല്ലാം ഒരു കവറിലാക്കി കൊണ്ടു പോയി. കുറച്ചു കഴിഞ്ഞ് വാർഡൻ പറഞ്ഞു, പ്രിൻസിപ്പൽ വിളിക്കുന്നു എന്ന്. പ്രിൻസിപ്പൽ പുറത്തു കാറിൽ ഇരിക്കുന്നു. ഞാൻ ചെന്നു. ഏസി കാറിൽ അവർ ഇരുന്നുകൊണ്ട് എന്നെ  നട്ടുച്ച വെയിലത്തു നിർത്തി ചോദ്യം ചെയ്യൽ തുടങ്ങി. വാട്സപ്പിൽ സമരത്തിനു പിന്തുണ നൽകുന്ന എൻറെ സന്ദേശങ്ങൾ ആയിരുന്നു, ആ ചോദ്യം ചെയ്യലിൻറെ പുറകിൽ. ദേഷ്യവും സങ്കടവും കടിച്ചമർത്തി ആ വെയിലത്ത് അവരുടെ മുന്നിൽ നിന്നു.

അവസാനം അവർ പറഞ്ഞു: "നീ പോയി ഹോസ്റ്റൽ റൂമിന്റെ ഫാനിൽ തൂങ്ങിച്ചാവെടീ... അതെനിക്ക് ഒതുക്കിത്തീർക്കാൻ അറിയാം". ഇത്രയും കൂടിയായപ്പോൾ ഞാൻ തിരിച്ചു ചൂടായി. തലകറങ്ങി വീണ എന്നെ അവർ കാറിൽ കേറ്റി അവരുടെ ഫോണിലെ ഭക്തിഗാനം കേൾപ്പിച്ചു... ഞാൻ നന്നാവട്ടെ എന്നു പറഞ്ഞുകൊണ്ട്. പിന്നീട് എന്നെ ഹോസ്റ്റലിൽ തിരിച്ചു വിട്ടു. ഫോൺ കൊണ്ടുപോയ ദിവസം തൊട്ട് അവർ എൻറെ വാട്സപ്പിൽ ആണ്. എന്നെ ഓൺലൈൻ കാട്ടുന്നും ഉണ്ടെന്ന് കൂട്ടുകാർ പറഞ്ഞു. ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ അവര്‍ എന്റെ ഫോണിന്റെ ലോക്ക് നമ്പറിനൊപ്പം ഫേസ് ബുക്ക് പാസ്‌വേര്‍ഡും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.

പിറ്റേന്നു കോളേജിൽ ചെന്നപ്പോൾ ടീച്ചർ പ്രിൻസിപ്പാളിനെ കണ്ടിട്ടു ക്ലാസിൽ കയറിയാൽ മതിയെന്നു പറഞ്ഞു. അങ്ങനെ രാവിലെ 8.30തൊട്ട് ഞാൻ ഓഫീസിൻറെ മുന്നിൽ ആണ്. 8.45നു ക്ലാസ് തുടങ്ങി. കുറച്ചു സമയത്തിനു ശേഷം പ്രിൻസിപ്പൽ എന്റെ ക്ലാസിൽ കേറി എൻറെ കൂട്ടുകാരിയെ അപമാനിച്ചു. അവളെ 'തന്തയ്ക്കും തള്ളയ്ക്കും പിറക്കാത്തവൾ' എന്നു വിളിച്ചു. വേറൊരു കുട്ടിയോടും മോശമായി പെരുമാറി. അവൾ കരഞ്ഞുകൊണ്ട് എൻറെ അടുത്തു വന്നു നിന്നു. പിന്നീടു പ്രിൻസിപ്പൽ ആൺകുട്ടികൾ മാത്രമുള്ള ക്ലാസിൽ കയറി ഒരു കുട്ടിയുടെ മുടിയിൽ പിടിച്ചു വലിച്ച് അവൻറെ മുഖത്തടിച്ചു. അവനു ക്രൂര മര്‍ദ്ദനം തന്നെ കിട്ടി.

രാവിലെ എട്ടര മുതല്‍ ഉച്ച വരെ എന്നെ പ്രിന്‍സിപ്പാളിന്റെ റൂമിനു മുന്നില്‍ വരാന്തയില്‍ നിറുത്തി. ഒന്നിരിയ്ക്കാന്‍ പോലും സമ്മതിച്ചില്ല. എനിക്കു സമരത്തിനു സപ്പോർട്ട് ചെയ്തു മെസ്സേജ് അയച്ചു എന്നതിന്റെ പേരിൽ സീനിയര്‍ വിദ്യാര്‍ത്ഥിനിയായ ദീപ്തിയുടെ വീട്ടുകാരെ വിളിച്ചുവരുത്തിയിരുന്നു. പ്രിൻസിപ്പൽ ഓഫീസിലേയ്ക്കു വന്നു. മണിക്കൂറുകളായി പുറത്തു നിൽക്കുന്ന എന്നെ അവർ കണ്ട ഭാവം കാണിച്ചില്ല. ആ ചേച്ചിയുടെ അച്ഛനും സഹോദരനും ഓഫീസിൽ കേറി പ്രിൻപ്പാളിനോടു സംസാരിച്ചു.

ഇനി നിങ്ങളുടെ കുട്ടി ഇവിടെ പഠിച്ചാൽ എന്നാൽ കഴിയുന്ന ശിക്ഷ അവൾക്ക് നൽകും എന്നാണ് പ്രിൻസിപ്പാൾ അവരോടു പറഞ്ഞത്. അവർ ടി.സി വാങ്ങാൻ തയ്യാറായി. ചേച്ചിയുടെ സഹോദരൻ ഞങ്ങളുടെ കാര്യം തിരക്കി.  'ആ കുട്ടികൾ മണിക്കൂറുകളായി പുറത്തു നിൽക്കുകയാണ്, ഇതാണോ ഇവിടുത്തെ സംസ്കാരം,' എന്ന് ഏട്ടൻ ചോദിച്ചു. അപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു, "അവരുടെ ഫോണിൽ വൃത്തികെട്ട വീഡിയോസും ഫോട്ടോകളും ഉണ്ട്. അതു കണ്ടാൽ മനസ്സിലാകും, അവരിവിടെ ഇനി പഠിക്കണ്ട എന്ന്."

പുറത്തു വന്ന് ചേട്ടൻ എന്നോടു കാര്യം പറഞ്ഞു. ശരിക്കും ഞെട്ടി. ഇത്രയും നീചയാവാൻ പ്രിൻസിപ്പാളിനു കഴിഞ്ഞല്ലോ എന്നോർത്തു. ഇല്ലാത്തൊരു കാര്യം എന്റെ ഫോണിൽ ഉണ്ടെന്ന് അവർ പ്രചരിപ്പിച്ചതറിഞ്ഞപ്പോൾ സങ്കടം തോന്നി. അതിലുപരി ദേഷ്യവും. ഈ സമയം മുകളിൽ പ്രിൻസിപ്പളിനെതിരെ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ടായിരുന്നു. എല്ലായിടത്തും അതു മുഴങ്ങി. സമരനിര താഴെയെത്തിയപ്പോൾ അവർ കണ്ടത് കരഞ്ഞുകൊണ്ടു നിൽക്കുന്ന എന്നെയാണ്.

സീനിയർ ചേട്ടന്മാർ കാര്യം തിരക്കി. പ്രിൻസിപ്പൽ പറഞ്ഞ വൃത്തികേടുകൾ ഞാനവരോടു പറഞ്ഞു. ഞങ്ങളുടെ ഫോണിൽ വേണ്ടാത്തത് ഒന്നുമില്ല എന്ന ഉറപ്പും നൽകി. ഇതുകൂടി ആയപ്പോൾ സമരത്തിനു ശക്തി കൂടി. രാഷ്ട്രീയക്കാർ ഇടപെട്ടു. പത്രക്കാർ ചാനലുകൾ എല്ലാവരും വന്നു. പ്രിൻസിപ്പളിന്റെ വികൃതമായ സ്വഭാവത്തെക്കുറിച്ച്‌ അവരൊക്കെയും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഞാൻ അപ്പോഴും സമരത്തിനു പിന്തുണ നൽകിയിരുന്നു. ഒരു കോളേജിലെ എല്ലാ കുട്ടികളും ഒരേ മനസ്സോടെ നിൽക്കുന്നതിൽ അഭിമാനം തോന്നി. സമരം മുറുകുന്നതു കണ്ട് പ്രിൻസിപ്പൽ ഞങ്ങൾക്കെതിരെ ഉന്നയിച്ച വാദം തിരിച്ചെടുത്തു, അവരുടെ ഫോണിൽ ഒന്നുമില്ല, ഞാൻ ചുമ്മാ പറഞ്ഞതാണ് എന്ന്... പക്ഷേ സമരം ശക്തമായി. കോളേജ് പൂട്ടി.

പിന്നെ അടുത്ത ദിവസം പ്രിൻസിപ്പളും ചെയർമാനും ഹോസ്റ്റലിൽ വന്നു. ഞാൻ ആയിരുന്നു അവരുടെ ലക്ഷ്യം. എല്ലാവരുടേയും ഫോൺ തിരിച്ചു നൽകി എല്ലാരോടും വീട്ടിൽ പോകാൻ പറഞ്ഞു. എന്നെ ഓഫീസിലേയ്ക്കു വിളിച്ച് ഭീഷണിപ്പെടുത്തി. പ്രിൻസിപ്പൽ എന്നെ തല്ലി. എന്നെ വീട്ടിൽ പോകാൻ സമ്മതിക്കില്ലാ എന്നും പറഞ്ഞു.

എന്നെ മുടിക്കു പിടിച്ചും വാ പൊത്തിപ്പിടിച്ചും തല്ലുന്ന പ്രിന്‍സിപ്പല്‍ ദീപ, എല്ലാം കണ്ടും കേട്ടും രസിക്കാന്‍ കോളേജിന്റെ ഉടമസ്ഥന്‍ കെ പി പരീതും. ഞാന്‍ എന്തെങ്കിലും സംസാരിക്കാന്‍ ശ്രമിച്ചാല്‍ അപ്പോള്‍ വാ പൊത്തി അടിയാണ്. സംഗതി ഗുരുതരമെന്നു കണ്ടപ്പോള്‍ സീനിയർ വിദ്യാര്‍ത്ഥികള്‍ പൊലീസിനെ അറിയിച്ചു. ബന്ധിയാക്കപ്പെട്ട് മര്‍ദ്ദനത്തിന് ഇരയാകുന്നതില്‍ നിന്നു രക്ഷിക്കാനാണു പൊലിസ് വരുന്നത്. പൊലിസ് എത്തിയപ്പോഴാണ് അവിടെ കോണ്‍ഗ്രസ് നേതാവു കൂടിയായ കെ പി പരീതിനെ കണ്ടത്. സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കും എന്നു പറഞ്ഞതു പോലെ ഉടന്‍ പൊലിസ് അവരോടൊപ്പമായി. പിന്നെ പൊലിസിന്റെ സാന്നിദ്ധ്യത്തിലായി മര്‍ദ്ദനം. 'നീ തൂങ്ങിച്ചാകണം, ജീവിക്കരുത് എന്നു പറഞ്ഞാണു പ്രിന്‍സിപ്പലിന്റെ അടി. ' 'അങ്ങനെ നീയതു ചെയ്താല്‍ ആ സാറിന്റെ പേരുമായി ചേര്‍ത്തു കേസില്ലാത്ത വിധത്തില്‍ ഞങ്ങള്‍ ആക്കിക്കോളാം,' ഒരു പൊലിസുകാരന്‍ പ്രിന്‍സിപ്പലിനും കെ. പി പരീതിനും ഉറപ്പു കൊടുത്തു.

ഇനി പൊലിസ് പറഞ്ഞ മറ്റേ സാര്‍ ആരെന്നു പറയാം. ജിബിന്‍ സാറിനെ അകാരണമായി പിരിച്ചു വിട്ടപ്പോള്‍ അതിനെതിരെ പ്രതികരിച്ച അദ്ധ്യാപകനാണ് ഈ സാര്‍. കോഴിക്കോടുള്ള സാറാണ്. സാര്‍ സമരത്തെ അനുകൂലിക്കുന്നുവെന്നു തോന്നിയപ്പോള്‍ ഭീഷണിപ്പെടുത്തിയാണ് പറഞ്ഞു വിട്ടത്. ആദ്യം കോളറില്‍ പിടിച്ചു തല്ലിയിരുന്നു. ഇനി നീ പെരുമ്പാവൂര്‍ നിന്നാല്‍ കൊന്നു കളയുമെന്നു പരീതിന്റെയും മറ്റും ഭീഷണിയുണ്ടായിരുന്നു. ഈ സാറുമായി പെണ്‍കുട്ടികളുടെ പേരു ബന്ധപ്പെടുത്തി പറയല്‍ പ്രിന്‍സിപ്പാളിന് ഒരു ഹോബിയായിരുന്നു.

ഞാനും ആ സാറും തമ്മിൽ ഇഷ്ടത്തിൽ ആണെന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞു. എൻറെ അദ്ധ്യാപകനോട് അങ്ങനൊരിഷ്ടം എനിക്കില്ല എന്നു ഞാനും വാദിച്ചു. അപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു, അദ്ധ്യാപകൻ ആണേലും പത്തിരുപത്തിനാലു വയസുള്ള പയ്യൻ അല്ലേയെന്ന്. അപ്പോൾ പൊലീസ് പറഞ്ഞു, ഇനി ചത്താൽ അതു സാറിന്റെ പേരു വച്ച് വേറെ കേസ് ആക്കുമെന്ന്... ശരിക്കും തകർന്നു പോയെന്നു തന്നെ പറയാം. പിറ്റേന്ന് എൻറെ അച്ഛൻ വന്നു. വീട്ടിൽ എത്തിയപ്പോൾ ഇനി സമരത്തിനു പോകണ്ട എന്ന ഉപദേശം. പ്രിൻസിപ്പൽ എന്റെ അച്ഛനേയും ഭീഷണിപ്പെടുത്തിയിരിക്കുന്നു.

തോറ്റുകൊടുക്കാൻ തോന്നിയില്ല. ഞങ്ങള്‍ എല്ലാവരും ഒന്നിച്ചു തുടങ്ങിയ സമരം ആണ്... അതിന്റെ അവസാനംവരെ ഒന്നിച്ചുണ്ടാകണം എന്നുറപ്പിച്ചു. ഇടയ്ക്കുവച്ച് ചില രാഷ്ട്രീയ പാർട്ടികളും കുട്ടികളും ഒഴിഞ്ഞുമാറി. എങ്കിലും സങ്കടം തോന്നിയില്ല. ചിലർ കൂടെ ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ മീറ്റിംഗ്‌ വിളിച്ചു കൂട്ടി. അതിൽ ചിലരുടെ മാതാപിതാക്കൾ പങ്കെടുത്തു. എത്രതന്നെ ആയാലും പ്രിൻസിപ്പൽ ഒട്ടും താഴ്ന്നുതന്നില്ല. അവരുടെ പൈശാചിക ചിന്തകളും അഹങ്കാരവും അങ്ങനെ തന്നെ നിന്നു. അവർ ഒരു സ്ത്രീ ആണോ? സ്ത്രീകൾ ഇത്രയും വൃത്തികെട്ട രീതിയിൽ പെരുമാറുന്നതു ഞങ്ങൾ ആദ്യമായാണ് കാണുന്നത്.

പരീക്ഷാ ദിനങ്ങൾ അടുത്തതിനാൽ സമരം ഒത്തുതീർപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിച്ചു. വൈസ് പ്രിൻസിപ്പലിനെ മാറ്റാം എന്നും പ്രിൻസിപ്പൽ ഇനി മോശമായി പെരുമാറില്ല എന്നും ചെയർമാൻ ഉറപ്പു നൽകി സമരം അവസാനിപ്പിച്ചു. പക്ഷേ ക്ലാസ് തുടങ്ങിയതിനു ശേഷവും പ്രിൻസിപ്പൽ തന്റെ കൈയിലിരിപ്പു മാറ്റിയില്ല. ഇടയ്ക്കിടയ്ക്കു ഞങ്ങളില്‍ ചിലരെ അവർ ഉപദ്രവിക്കാൻ തുടങ്ങി. സഹികെട്ടപ്പോൾ അവസാനം പഠനം നിർത്താൻ ഞാൻ തീരുമാനിച്ചു. ചില ആരോഗ്യപ്രശ്നങ്ങളാൽ ഇവിടെ ഇനി പഠിക്കാനാകില്ല എന്നു ഞാൻ പറഞ്ഞു. അതിനോട് ആ കോളേജ് പ്രിൻസിപ്പാളിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: "നിനക്കു ഞാൻ ബൂസ്റ്റ് കലക്കിത്തരാടീ..."

സർട്ടിഫിക്കറ്റ് തിരിച്ചു ചോദിച്ച എന്നോട് അവർ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം കൊടുക്കാതെ സർട്ടിഫിക്കറ്റ് വാങ്ങാൻ നോക്കി. അതിനിടെ ചില സഖാക്കളെ പരിചയപ്പെട്ടു.

ഒടുവിൽ അന്നത്തെ എം എല്‍ എ  ശ്രീരാമകൃഷ്ണൻ സാർ, മുൻഎം പി പി രാജീവ് സാർ, അവരോടൊക്കെ സഹായം ചോദിച്ചു. സഹായിക്കും എന്നെനിക്ക് ഉറപ്പുംനൽകി. പിന്നീട് എറണാകുളം ടെക്നോസ് കൺവീനർ ശ്രീനാഥ് സഖാവിനേയും പരിചയപ്പെട്ടു... ശ്രീനാഥ് സഖാവ് വഴി യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളേയും. ഇവരുടെ എല്ലാം സഹായത്താൽ എനിക്ക് എന്റെ സർട്ടിഫിക്കറ്റ് തിരിച്ചുകിട്ടി.

നെഹ്രു കോളേജിലെന്ന പോലെ ഇവിടേയും ഇടി മുറിയ്ക്കു സമാനമായ മുറിയുണ്ട്. അവിടേയ്ക്ക് എന്നേയും കൂട്ടുകാരി ദീപികയേയും കൊണ്ടു പോയി. പ്രിന്‍സിപ്പാളിന്റെ മുറിക്ക് അടുത്താണു വെളിച്ചമില്ലാത്ത ഈ മുറി. ഞാന്‍ ഈ മുറിയില്‍ ആദ്യം കയറിയില്ല. ദീപികയെ അവര്‍ ആദ്യം കയറ്റി. അര മണിക്കൂര്‍ കഴിഞ്ഞ് ഇറങ്ങിയ ദീപിക പുറത്തു വന്നതും ബോധംകെട്ടുവീണു. അവളെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോയി. ഇതു കൊണ്ട് എനിയ്ക്ക് ആ മുറിയില്‍ കയറേണ്ടി വന്നില്ല.

പ്രതിസന്ധികള്‍ക്കിടയിലും ഒരു വര്‍ഷം അവിടെ പഠിച്ചു. പക്ഷെ ഒന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. ഹാള്‍ ടിക്കറ്റ് തരണമെങ്കില്‍ പതിനായിരം രൂപ വേണമെന്നു പറഞ്ഞു. കിട്ടിയില്ല. എനിക്കു കിട്ടിയ ഒരു പതിനായിരത്തിന്റെ ചെക്ക് കോളേജ്  വഴി മാറ്റി കിട്ടാന്‍ വേണ്ടി കൊടുത്തിരുന്നു. ആ പതിനായിരവും പോയി.

നിലമ്പൂര്‍ ആണ് എന്റെ വീട് . അച്ഛന്‍ മുരാരിക്ക് കൃഷിയാണു തൊഴില്‍. നിലമ്പൂര്‍ എടക്കര ഫെഡറല്‍ ബാങ്കില്‍ നിന്ന് ഒന്നര  ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണു പഠനം തുടങ്ങിയത്. ആ തുക തിരിച്ചടക്കാന്‍ സാധിച്ചിട്ടില്ല.

എനിയ്ക്ക് ഓര്‍മ്മയില്‍ വന്ന കാര്യങ്ങളിൽ ചിലതു മാത്രമാണിത്. എല്ലാം ചേര്‍ത്തു പറയണമെങ്കില്‍ ഒരാഴ്ച്ച സമയം അതിനു വേണ്ടി മാത്രം വരും. അനുപമ പറഞ്ഞു നിര്‍ത്തി.