2500 വര്‍ഷം പഴക്കമുള്ള ജല്ലിക്കട്ടും കാളക്കൊമ്പിലെ സ്വര്‍ണ്ണവും!

സുപ്രീം കോടതി ജല്ലിക്കട്ട് നിരോധിച്ചത് തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കാരണമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും സിനിമാതാരങ്ങളുമെല്ലാം ജല്ലിക്കെട്ടിനായി മുറവിളിക്കുന്നു- എന്താണ് ജല്ലിക്കട്ട് എന്ന് പരിചയപ്പെടുത്തുകയാണിവിടെ.

2500 വര്‍ഷം പഴക്കമുള്ള  ജല്ലിക്കട്ടും കാളക്കൊമ്പിലെ സ്വര്‍ണ്ണവും!

തമിഴ്‌നാടിന്റെ പരമ്പരാഗത ആചാരമായ ജല്ലിക്കട്ട് സുപ്രീം കോടതി നിരോധിച്ചതിനെതിരെ പ്രക്ഷോഭം നടക്കുകയാണ്. നാനാതുറകളിലുള്ള പ്രമുഖരും ജനങ്ങളും ജല്ലിക്കട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെടുന്നു. അനുകൂലമായ കോടതി വിധി വരാത്തതു കൊണ്ട് ഇത്തവണ ജല്ലിക്കട്ട് ഇല്ലാതെ തമിഴർക്ക് പൊങ്കൽ ആഘോഷിക്കേണ്ടി വന്നു. മൃഗസ്നേഹികൾ ജല്ലിക്കട്ടിനെ എതിർക്കുമ്പോൾ അങ്ങിനെയൊന്നും ഇല്ലെന്ന് തമിഴർ പറയുന്നു. എന്താണ് ഈ ജല്ലിക്കട്ട്?

‘ജല്ലി’ എന്നാൽ കാളയുടെ കൊമ്പിൽ കെട്ടിയിരിക്കുന്ന സ്വർണ്ണം അല്ലെങ്കിൽ വെള്ളി നാണയങ്ങൾ ആണ്. വിരണ്ടോടുന്ന കാളയുടെ കൊമ്പിൽ നിന്നും ആ സ്വർണ്ണം എടുക്കുന്നയാൾ വിജയിയാകുന്നു. സമ്മാനവും ആ സ്വർണ്ണം/വെള്ളി തന്നെ. സിനിമകളിൽ കാണിക്കുന്നതു പോലെ കാളയെ കൊമ്പിൽ പിടിച്ചു നിർത്തി വീരസ്യം കാണിക്കുന്നതല്ല ജല്ലിക്കട്ട്. വേലി ജല്ലിക്കട്ട്, വാടിവാസൽ ജല്ലിക്കട്ട്, വടം ജല്ലിക്കട്ട് എന്നിങ്ങനെ പലതരം ഉണ്ട്. സംഘകാലസാഹിത്യത്തിലും ജല്ലിക്കട്ടിനെ പരാമർശിക്കുന്നുണ്ട്.


ജല്ലിക്കട്ട്, ഏറുതഴുവൽ, മഞ്ചുവിരട്ട് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു ഈ കായികവിനോദം. പൊങ്കലിന്റെ ഭാഗമായാണ് ജല്ലിക്കട്ട് നടത്തുന്നത്. പ്രാചീനകാലം മുതലേ തമിഴ്നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമാണെന്ന് പറയപ്പെടുന്നു. മധുരയ്ക്കടുത്തു നിന്നും കണ്ടെത്തിയ ഒരു കളിമൺ ശില്പത്തിൽ ജല്ലിക്കട്ടിന് സമാനമായ രൂപം കണ്ടെത്തിയിരുന്നു. ഏതാണ്ട് 2500 വർഷങ്ങൾ പഴക്കമുണ്ടാകും ആ ശില്പത്തിന് എന്നാണു പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നത്. എന്നുവച്ചാൽ അത്രയും വർഷങ്ങൾ പഴക്കമുണ്ട് ജല്ലിക്കട്ടിനെന്നും അർത്ഥം.ഏറ്റവും ആരോഗ്യമുള്ള കാളകളെ പ്രത്യേകം തീറ്റിപ്പോറ്റി പരിശീലിപ്പിച്ച് തയ്യാറാക്കിയാണു ജല്ലിക്കട്ടിന് എത്തിക്കുന്നത്. ഇത്തരം കാളകൾക്കു വിപണിയിലും വില അധികമാണ്. കാളക്കുട്ടി ആയിരിക്കുമ്പോഴേ അതിനെ ചെറിയ മൽസരങ്ങളിൽ പങ്കെടുപ്പിച്ചു പരിശീലിപ്പിക്കുന്നു. അപരിചിതർ അടുത്തു വന്നാൽ ആക്രമിക്കുന്ന വിധത്തിലായിരിക്കും കാളകളെ പരിശീലിപ്പിക്കുക. അതു തന്നെയാണ് ജല്ലിക്കട്ടിനെ സാഹസികവിനോദം ആക്കുന്നതും.ജല്ലിക്കട്ടിൽ ആളപായം സംഭവിക്കാൻ സാധ്യത അധികമാണ്. പരിക്കുകൾ ഏൽക്കാൻ അതിനേക്കാൾ സാധ്യതയുണ്ട്. തല, കഴുത്ത്, നട്ടെല്ല്, കാലുകൾ എന്നിവയ്ക്കാണ് പ്രധാനമായും അപകടം പിണയുക.

ജല്ലിക്കട്ടിന് ആവേശം പെരുക്കാൻ ലഹരിമരുന്നുകൾ, മദ്യം എന്നിവയൊക്കെ കൊടുക്കുന്ന ഏർപ്പാടും ഉള്ളതിനാൽ, വൈദ്യപരിശോധനയ്ക്ക് ശേഷമേ കാളകളെ മൽസരത്തിന് അനുവദിക്കുമായിരുന്നുള്ളൂ.

Story by