നമ്മുടെ ക്യാമ്പസുകളില്‍ എന്താണു സംഭവിക്കുന്നത്‌?

വിപ്ലവത്തിനും പ്രണയത്തിനും സംഘടനാപ്രവര്‍ത്തനത്തിനുമൊക്കെ ലക്ഷ്‌മണരേഖ വരച്ചാണ്‌ ഇപ്പോള്‍ കലാലയങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ക്കു നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്‌. ക്ലാസ്‌ മുറികള്‍ മുതല്‍ ക്യാമ്പസുകള്‍ വരെ നീളുന്ന നിരീക്ഷണങ്ങള്‍. പ്രിന്‍സിപ്പലിന്റെ മുറിയിലിരുന്നാല്‍ കോളജിന്റെ മുക്കും മൂലയും ടിവിയില്‍ കാണാം. അവര്‍ക്ക്‌ ഇഷ്ടമില്ലാത്തതു കണ്ണില്‍പെട്ടാല്‍ ഇന്റേണല്‍ മാര്‍ക്കും കോണ്‍ടാക്‌റ്റ്‌ സര്‍ട്ടിഫിക്കറ്റും പറഞ്ഞ്‌ കണ്ണുരുട്ടും. പ്രതികരിക്കുന്നവരെ പലകാരണങ്ങള്‍ ഉണ്ടാക്കി കോളജില്‍ നിന്ന്‌ പുറത്താക്കും. ഒരു തലമുറയെ സ്വതന്ത്രമായി നില്‍ക്കാനും ചിന്തിക്കാനും പഠിപ്പിച്ച മുക്കം എന്‍ഐടിയില്‍പോലും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിയന്ത്രണം കൊണ്ടുവന്നു കഴിഞ്ഞു

നമ്മുടെ ക്യാമ്പസുകളില്‍ എന്താണു സംഭവിക്കുന്നത്‌?

പന്ത്രണ്ടു  വര്‍ഷം മുമ്പു തമിഴ്‌നാട്ടിലെ മധുരയിലുള്ള ഒരു സ്വാശ്രയ കോളജില്‍ നാടിനെ നാണിപ്പിക്കുന്ന സംഭവം നടന്നു. സ്റ്റാര്‍ പദവിക്കു കോളേജിനു യോഗ്യതയുണ്ടോ എന്നു പരിശോധിക്കാന്‍ നാക്‌ (നാഷണല്‍ അസസ്‌മെന്റ്‌ ആന്റ്‌ അക്രഡിറ്റേഷന്‍ കൗണ്‍സില്‍) സംഘം ബാംഗ്ലൂരില്‍ നിന്നെത്തി. നഗരത്തില്‍ നിന്നു കുറച്ച് അകലെയാണു കോളേജ്‌ സ്ഥിതി ചെയ്യുന്നത്‌.

വന്നിറങ്ങിയ സംഘത്തിനു നഗരമധ്യത്തില്‍ തന്നെ കോളെജ് വന്‍ സ്വീകരണം ഒരുക്കിയിരുന്നു. പെണ്‍കുട്ടികള്‍ സാരിയും ദാവണിയുമൊക്കെ ചുറ്റിയും മുല്ലപ്പൂ ചൂടിയുമൊക്കെ ക്യാമ്പസുകളില്‍ ഓടി നടക്കുന്നുണ്ടായിരുന്നു. പരിശോധനയ്‌ക്ക്‌ മുമ്പു കോളജ്‌ അധികാരികള്‍ നാക്‌ സംഘവുമായി അടച്ചിട്ട മുറിയില്‍ രഹസ്യ കൂടിക്കാഴ്‌ച്ച നടത്തി. കൂട്ടത്തില്‍ ഏറ്റവും സുന്ദരികളായ കുട്ടികളെ വിളിച്ച്‌ നാക്‌ സംഘത്തിനൊപ്പം കുറച്ചുസമയം ചെലവഴിക്കാന്‍ യാതൊരു ഉളുപ്പുമില്ലാതെയാണ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ അറിയിച്ചത്‌. കുട്ടികള്‍ പ്രശ്‌മുണ്ടാക്കിയതോടെ നാക്‌ സംഘം പെട്ടിയും തൂക്കി സ്ഥലം വിട്ടു. ഒടുവില്‍ സംഭവം പുറംലോകമറിയാതെ ഒതുക്കി. പതിവ്‌ പോലെ ഇന്റേണല്‍ മാര്‍ക്കും കോണ്‍ടാക്ട്‌ സര്‍ട്ടിഫിക്കറ്റുമൊക്കെ പറഞ്ഞ്‌ കോളജ്‌ അധികൃതികള്‍ കുട്ടികളെ വിരട്ടി. ചില മാധ്യമങ്ങള്‍ വൈകിയാണെങ്കിലും ലഭ്യമായ വിവരമനുസരിച്ചു വാര്‍ത്ത നല്‍കി.


മംഗലാപുരത്തെ ചില നഴ്‌സിംഗ്‌ കോളജിലേക്ക്‌ എത്തുമ്പോള്‍ അതിലും ഭീകരമാണു കാര്യങ്ങള്‍. മാനേജ്‌മെന്റിലെ ചിലരുടെ ഇംഗിതത്തിനു വഴങ്ങാത്ത പെണ്‍കുട്ടികളെ പലകാരണങ്ങളുണ്ടാക്കി ദ്രോഹിച്ച കഥകള്‍ പലപ്പോഴായി പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു. അയല്‍സംസ്ഥാനങ്ങളിലെ ഈ കോളജുകളില്‍ നിന്നു നമ്മുടെ ക്യാമ്പസുകളിലേക്ക്‌ അധികം ദൂരമില്ലെന്നു തന്നെയാണ്‌, പാമ്പാടി നെഹ്‌റു കോളജ്‌ വിദ്യാര്‍ഥി ജിഷ്‌ണു പ്രാണോയിയുടെ മരണത്തിലൂടെ വ്യക്തമാകുന്നത്‌.

ഇങ്ങനെയൊന്നുമായിരുന്നില്ല നമ്മുടെ കലാലയങ്ങള്‍


അടിയന്തരാവസ്ഥ കാലത്താണ്‌ നമ്മുടെ കലാലയങ്ങള്‍ ഏറ്റവും കൂടുതല്‍ ജ്വലിച്ചുനിന്നത്‌. ഇന്ദിരാ ഗാന്ധിയുടെ ഫാസിസത്തിനെതിരെ ഒളിഞ്ഞുംതെളിഞ്ഞും പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌ത പാരമ്പര്യമുണ്ട്‌ കേരളത്തിലെ ക്യാമ്പസുകള്‍ക്ക്‌. അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ മികച്ച നേതാക്കളെ സംഭാവന ചെയ്‌ത കലാലയങ്ങളായിരുന്നു കേരളത്തിലേതെന്നതിനു തര്‍ക്കമില്ല. അടിയന്തരാവസ്ഥ കാലത്തു വിപ്ലവത്തിന്റെ തീകോരിയിട്ട ക്യാമ്പസുകളാണു പലപ്പോഴും ഭരണകൂടത്തിന്റെ ക്രൂരതയ്‌ക്കെതിരെ തിളച്ചുമറിഞ്ഞത്‌. കോഴിക്കോട്‌ ആര്‍ഇസിയിലെ (ഇന്നത്തെ എന്‍ഐടി) രാജന്റെ മരണമൊക്കെ ഇതുമായി കൂട്ടിവായിക്കാവുന്നതാണ്‌. നക്‌സല്‍ പ്രസ്ഥാനങ്ങളോടു കൂറു പുലര്‍ത്തിയും കൂടെ നിന്നുമാണു പല ക്യാമ്പസുകളും ഭരണകൂടഭീകരതയ്‌ക്കെതിരെ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടത്‌.

പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ മെഡിക്കല്‍ കോളജുകളില്‍ വരെ പ്രതിഷേധം അലയടിച്ച ഭൂതകാല മേന്‍മയില്‍ നിന്ന്‌ സ്വാശ്രയകോളജുകളിലേക്കുള്ള ദൂരം യഥാര്‍ഥത്തില്‍ പുരോഗമനപരമായ സാഹചര്യങ്ങളില്‍ നിന്നുള്ള പിന്‍നടത്തമായേ വിശേഷിപ്പിക്കാനാകൂ. പാരലല്‍കോളജ്‌ എന്ന സംവിധാനം തന്നെ തകര്‍ക്കപ്പെട്ടപ്പോള്‍ കയ്യില്‍ കാശുള്ളവന്റെ വീട്ടിലെ കുട്ടികള്‍ക്കു നിറഞ്ഞാടാന്‍ നമ്മുടെ ക്യാമ്പസുകള്‍ അരാഷ്ട്രീയതയുടെ കമ്പളം പുതച്ചു.

അറുപതുകളിലും എഴുപതുകളിലുമൊക്കെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു ജനദ്രോഹപരമായ എന്തു പ്രവൃത്തിയുണ്ടായാലും ആദ്യപ്രതികരണം ഉണ്ടായിരുന്നതു ക്യാമ്പസുകളില്‍ നിന്നായിരുന്നു. പിന്നീട്‌ അതെല്ലാം പൊതുസമൂഹം ഏറ്റെടുക്കുകയായിരുന്നു പതിവ്‌. സമരം മുളയ്‌ക്കുന്ന ക്യാമ്പസുകളായിരുന്നു ആ കാലഘട്ടത്തിന്റെ ഏറ്റവും മനോഹരമായ പ്ലാറ്റഫോം. വിപ്ലവവും പ്രണയും സര്‍ഗാത്മകതയും പെയ്‌തിറങ്ങിയിരുന്ന ക്യാമ്പസുകളില്‍ നിന്ന്‌ ന്യൂജന്‍ കാലത്തേക്കു വരുമ്പോള്‍ അരാഷ്ട്രീയതയുടെ ആഴക്കടലിലാണ്‌ കലാലയങ്ങളെന്ന്‌ നിസംശയം പറയാനാകും. നിരവധി ഉദാഹരണങ്ങള്‍ ഓരോ ദിനങ്ങള്‍ കഴിയുംതോറും നിരത്താനാകും. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മുഴങ്ങുന്നതിനപ്പുറത്തേക്ക്‌ നമ്മുടെ ക്യാമ്പസുകള്‍ ഇപ്പോള്‍ പൂമരച്ചുവടുകള്‍ മാത്രമായി അവശേഷിച്ചിരിക്കുന്നുവെന്നത്‌ നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്‌.

തൊണ്ണൂറുകളുടെ രണ്ടാംപകുതി മുതല്‍തന്നെ കേരളത്തിലെ ക്യാമ്പസുകളില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ തുടങ്ങിയിരുന്നു. മികച്ച വിദ്യാര്‍ത്ഥി നേതാക്കളുടെ അഭാവമായിരുന്നു ക്യാമ്പസുകളുടെ മാറ്റത്തിനു കാരണമായത്‌. ഇതിനിടെ സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവും വിദ്യാര്‍ത്ഥി സംഘടനകളെ ഗ്രസിച്ച അരാഷ്ട്രീയതയും പുതിയ കാലത്തെ ക്യാമ്പസുകളെ ഇങ്ങനെയൊക്കെയാക്കി മാറ്റി.

വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാവി


ഫലപ്രദമായ ഇടപടെലുകളുടെ അഭാവമാണു ന്യൂജന്‍കാലത്തെ വിദ്യാര്‍ത്ഥി സംഘടകളുടെ പ്രധാന പ്രതിസന്ധി. അനീതിയോടു സമരസപ്പെടുന്ന പൊതുസമൂഹത്തിന്റെ പരിച്ഛേദമായി ക്യാമ്പസുകള്‍ മാറുന്നതില്‍ അത്ഭുതപ്പെടാനാവില്ല. ഇപ്പോഴത്തെ ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ യോഗ്യത ബോധമില്ലായ്‌മയാണെന്നു പറഞ്ഞാല്‍ അതിശയോക്തിക്കു ലവലേശം ഇടമില്ലാതാകും. കലാലയ തിരഞ്ഞെടുപ്പു കാലത്തെ അടിയും ഇടിയും തൊഴിയും മാത്രമാണു പുതിയ തലമുറയ്‌ക്ക്‌ വരുംകാലങ്ങളില്‍ ഉയര്‍ത്തിക്കാട്ടാനാവുക എന്നതിലേക്കു മാത്രമായി കാര്യങ്ങള്‍ ചുരുങ്ങുന്നു.

എസ്‌എഫ്‌ഐയും കെഎസ്‌ യുവും എബിവിപിയും എംഎസ്‌എഫുമൊക്കെ പുതിയ കാലത്ത്‌ എന്തു സംഭാവനങ്ങളാണു നല്‍കുന്നതെന്നു ചിന്തിച്ചാല്‍ മനസ്സിലാകും, കാര്യങ്ങളുടെ കിടപ്പ്‌. ഭരണകൂട അടിച്ചമര്‍ത്തലും സ്വാതന്ത്ര്യ ദാഹവുമായിരുന്നു ജെഎന്‍യുവിനെ പൊട്ടിത്തെറിപ്പിച്ചതെങ്കിലും അതിലും ഭീകരമായ അവസ്ഥയിലേക്ക്‌ കേരളത്തിലെ ക്യാമ്പസുകള്‍ നീങ്ങുമ്പോഴാണ്‌ അരാഷ്ട്രീയവത്‌ക്കരിക്കപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകള്‍ പലപ്പോഴും കയ്യുംകെട്ടി നില്‍ക്കുന്നത്‌. ഈയടുത്തകാലങ്ങളിലുണ്ടായ പ്രധാനസംഭവവികാസങ്ങളായ നോട്ട്‌ നിരോധനം, ദേശീയഗാന വിവാദം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്തു നിലപാടെടുത്തെന്നു പരിശോധിക്കാവുന്നതാണ്‌.

അരാഷ്ട്രീയത വലിയ അളവോളം ഗ്രസിച്ച നമ്മുടെ ക്യാമ്പസുകളില്‍ ജിഷ്‌ണുമാര്‍ ഇനിയും പിടഞ്ഞുവീഴും. അപ്പോഴും രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളായി നില്‍ക്കാനേ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്‌ ആവുകയുള്ളുവെന്നതിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്‌.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ കലാലയങ്ങളില്‍ റാഗിംഗ്‌ കുറഞ്ഞതിന്റെ പ്രധാനകാരണം രാഷ്ട്രീയ ഇടപടെലുകള്‍ തന്നെയായിരുന്നു. എന്നാല്‍ ഫാസിസം പുതിയ രൂപത്തിലും ഭാവത്തിലും ക്യാമ്പസുകളെ വരിഞ്ഞുമുറുക്കുന്ന കാലത്തിന്റെ സന്തതികളായി നിസ്സഹായരാവാനേ പുതിയ തലമുറയ്‌ക്കു കഴിയുന്നുള്ളുവെന്നതാണു വസ്‌തുത. കേരളത്തില്‍ ഈയടുത്തകാലത്തു ശ്രദ്ധേയമായ എത്ര വിദ്യാര്‍ത്ഥി സമരമുണ്ടായിട്ടുണ്ട്‌? സ്വാശ്രയ കോളജ്‌ വിഷയങ്ങളില്‍ എസ്‌എഫ്‌ഐയും കെഎസ്‌ യുവും നടത്തുന്ന രാഷ്ട്രീയ ഗിമ്മിക്കുകള്‍ക്ക്‌ അധികം ആയുസ്സുണ്ടാകാറുമില്ല. തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ബീഫ്‌ സമരം മാത്രമാണ്‌ ഈയടുത്തകാലത്തു സോഷ്യല്‍ മീഡിയയിലെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം. അതിനപ്പുറത്തേക്ക്‌ ഒരടി മുന്നോട്ടു നീങ്ങാനാവാതെ കിതയ്‌ക്കുകയാണു പ്രബുദ്ധ കേരളത്തിലെ ക്യാമ്പസുകള്‍.

സ്വതന്ത്രവും ധീരവും ജൈവാത്മകവുമായ ഇടപെടലുകളില്‍ നിന്നാണു കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരു ഘട്ടത്തില്‍ കാലത്തിനൊപ്പം സഞ്ചരിച്ചിരുന്നത്‌. എന്നാലിപ്പോള്‍ പൊളിറ്റിക്കല്‍ ടൂളുകളായി അധഃപതിക്കുന്ന വിദ്യാര്‍ഥി സംഘടനകളാണ്‌ ക്യാമ്പസുകളെ അനക്കമറ്റ തണല്‍മുറ്റങ്ങളാക്കി മാറ്റുന്നത്‌. നിലപാടില്ലായ്‌മയുടെ ഈറ്റില്ലമാകുന്ന കേരളത്തിലെ ക്യാമ്പസുകള്‍ ചിന്തയറ്റവരുടെ ശവപറമ്പായിക്കൊണ്ടിരിക്കുന്നു. അംഗങ്ങളുടെ എണ്ണത്തിന്റെ മേനി പറയുന്നതിലപ്പുറം ഇടപെടലുകളുടെ രാഷ്ട്രീയമാണു നാളെയുടെ ക്യാമ്പസുകള്‍ക്കെങ്കിലും ആവശ്യം.

എല്ലാവര്‍ക്കും സ്വാശ്രയം


സ്വാശ്രയ കോളജുകള്‍ കൂണ്‍ കണക്കെ മുളച്ചുപൊങ്ങിക്കൊണ്ടിരിക്കുന്ന കാലത്താണു കലാലയങ്ങളുടെ സ്വഭാവത്തിലും ഘടനയിലും വ്യാപകമായ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങിയത്‌. പ്രഫഷണല്‍ മേഖലയിലുള്‍പ്പെടെ മതിയായ സീറ്റുകളില്ലാതെ അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടില്‍ നിന്നാണ്‌ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തു സ്വാശ്രയകോളജ്‌ എന്ന ആശയംതന്നെ രൂപപ്പെട്ടത്‌. ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങി സ്വാശ്രയ സ്ഥാപനങ്ങള്‍ തടിച്ചുകൊഴുത്തപ്പോള്‍ അണ്‍ എയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ ചിട്ടവട്ടങ്ങളിലേക്ക്‌ ഇത്തരം കോളജുകള്‍ അതിവേഗം മാറി. വിദ്യാര്‍ത്ഥികളെ അച്ചടക്കം പഠിപ്പിക്കാനും സിലബസ്‌ തലയില്‍ കുത്തിക്കയറ്റിവെയ്‌ക്കാനും രാഷ്ട്രീയ നിലപാടുകളെ ക്യാമ്പസിനു പുറത്തുനിര്‍ത്താനും സ്വാശ്രയ സ്ഥാപനങ്ങള്‍ തിട്ടൂരമിറക്കുമ്പോള്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നിന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കു കാര്യമായി പ്രതികരിക്കാനുള്ള ശേഷിയും നഷ്ടമായി.

സ്വയംഭരണം ഔദ്യോഗികമായി പതിച്ചുകിട്ടാത്ത കോളജുകള്‍പോലും തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ക്കു വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുതുടങ്ങി. ആണ്‍-പെണ്‍കുട്ടികള്‍ എന്ന വേര്‍തിരിവ്‌ ഉണ്ടാക്കാന്‍ പ്രത്യേകം തന്നെ ഇവര്‍ ശ്രദ്ധിച്ചു. കോഴിക്കോട്‌ ഫാറൂഖ്‌ കോളജ്‌ സമരമൊക്കെ ഈ സാഹചര്യത്തിലാണ്‌ ഉടലെടുക്കുന്നത്‌.

സ്വാശ്രയ കോളജുകള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച്‌ നമ്മുടെ കലാലയ വിദ്യാഭ്യാസം മറ്റൊരു ദിക്കിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഉന്നത വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന ജോലി എന്നതിനപ്പുറത്തേക്ക്‌ വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ കടന്നുപോകാത്ത രീതിയിലേക്ക്‌ സ്വാശ്രയ സ്ഥാപനങ്ങള്‍ തങ്ങളുടെ ലക്ഷ്യം നടപ്പാക്കിത്തുടങ്ങി. കോടികളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും വിപുലീകരിച്ചുകൊണ്ടിരിക്കുന്നു.

പത്തൊമ്പത്‌ സ്വാശ്രയ മെഡിക്കല്‍ കോളജുകളും 121 എഞ്ചിനീയറിംഗ്‌ കോളജുകളുമാണ്‌ കേരളത്തിലുള്ളത്‌. 5000ത്തോളം സ്വാശ്രയ നഴ്‌സിംഗ്‌ സീറ്റുകളും ഇതര സീറ്റുകളും ഉണ്ട്‌. വിദ്യാഭ്യാസം വാണിജ്യവത്‌ക്കരിക്കപ്പെടുന്ന കാലത്ത്‌ അതിന്‌ ഏറ്റവും വലിയ സംഭാവനകള്‍ നല്‍കുന്നതും ഇത്തരം സ്വാശ്രയ സ്ഥാപനങ്ങളാണ്‌. സര്‍ക്കാര്‍ സംവിധാനത്തെപ്പോലും അനുസരിക്കാതെയാണ്‌ സ്വാശ്രയ ലോബികള്‍ സ്വതന്ത്രമായി വിഹരിക്കുന്നത്‌. വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തി പഠിപ്പിക്കുകയെന്ന തന്ത്രം സ്വാശ്രയ സ്ഥാപനങ്ങളോളം മറ്റാര്‍ക്കും വശവുമില്ല.

നിരീക്ഷണ ക്യാമറകള്‍ക്ക്‌ നടുവിലെ പഠിപ്പിസ്റ്റുകള്‍


വിപ്ലവത്തിനും പ്രണയത്തിനും സംഘടനാപ്രവര്‍ത്തനത്തിനുമൊക്കെ ലക്ഷ്‌മണരേഖ വരച്ചാണ്‌ ഇപ്പോള്‍ കലാലയങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നീക്കങ്ങള്‍ക്കു നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്‌. ക്ലാസ്‌ മുറികള്‍ മുതല്‍ ക്യാമ്പസുകള്‍ വരെ നീളുന്ന നിരീക്ഷണങ്ങള്‍. പ്രിന്‍സിപ്പലിന്റെ മുറിയിലിരുന്നാല്‍ കോളജിന്റെ മുക്കും മൂലയും ടിവിയില്‍ കാണാം. അവര്‍ക്ക്‌ ഇഷ്ടമില്ലാത്തതു കണ്ണില്‍പെട്ടാല്‍ ഇന്റേണല്‍ മാര്‍ക്കും കോണ്‍ടാക്‌റ്റ്‌ സര്‍ട്ടിഫിക്കറ്റും പറഞ്ഞ്‌ കണ്ണുരുട്ടും. പ്രതികരിക്കുന്നവരെ പലകാരണങ്ങള്‍ ഉണ്ടാക്കി കോളജില്‍ നിന്ന്‌ പുറത്താക്കും. ഒരു തലമുറയെ സ്വതന്ത്രമായി നില്‍ക്കാനും ചിന്തിക്കാനും പഠിപ്പിച്ച മുക്കം എന്‍ഐടിയില്‍പോലും വിദ്യാര്‍ഥികള്‍ക്കിടയില്‍ നിയന്ത്രണം കൊണ്ടുവന്നു കഴിഞ്ഞു. എം ജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എം സി ജെ വിദ്യാര്‍ഥികള്‍ തലതിരിഞ്ഞ സംവിധാനത്തിനെതിരെ സമരം തുടര്‍ന്നപ്പോള്‍ പല വിദ്യാര്‍ത്ഥികളും കോളജിന്‌ പുറത്തായി. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഇപ്പോഴും ഭീഷണിയുടെയും നിരീക്ഷണത്തിന്റെയും നടുവിലാണ്‌ ഇവിടുത്തെ വിദ്യാര്‍ഥികള്‍. ചങ്ങനശ്ശേരി എസ്‌ ബി കോളജില്‍ കാന്റീനില്‍പോലും ആണ്‍-പെണ്‍ തരംതിരിവിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നിട്ട്‌ അധികകാലമായിട്ടില്ല. ഫറൂഖ്‌ കോളജില്‍ ലിംഗസമത്വം ചോദ്യം ചെയ്‌ത വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടുകൊണ്ടാണു മാനേജ്‌മെന്റ്‌ പകവീട്ടിയത്‌.

നിരീക്ഷണ ക്യാമറകൾക്കു നടുവില്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളെ പഠിപ്പിസ്റ്റുകളാക്കി മാറ്റുന്നതിനപ്പുറത്തേക്കു പുതിയ കാലത്തു കലാലയങ്ങള്‍ക്കു മറ്റു ദൗത്യങ്ങളൊന്നുമില്ല. കുട്ടികളുടെ പഠിപ്പിനെക്കുറിച്ച്‌ മാത്രം മാതാപിതാക്കളും ചിന്തിക്കുമ്പോഴാണ്‌ ജിഷ്‌ണുവിന്റെ പോലുള്ള ദുരന്തങ്ങള്‍ സംഭവിക്കുക.

പ്രതികരണശേഷിയറ്റൊരു തലമുറയെ സൃഷ്ടിക്കുന്നതില്‍ പുതിയ കാലത്തെ കലാലയങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌. നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും പൊളിറ്റിക്കലായി മറികടക്കാന്‍ കഴിയുകയാണ്‌ വേണ്ടത്‌. സമരം പെയ്‌തിറങ്ങുന്ന ക്യാമ്പസുകളാണ്ടായാലെ ജിഷ്‌ണുവിനെപ്പോലുള്ള കുട്ടികള്‍ക്ക്‌ നീതി ലഭിക്കുകയുള്ളു. കൊടിയുടെ നിറം നോക്കി പക്ഷം ചേരുന്നതിനപ്പുറത്തേക്കു ക്യാമ്പസുകള്‍ക്കു ജ്വലിക്കാനായാലെ നിലവിലെ മലീമസമായ വ്യവസ്ഥിയെ മറികടക്കാന്‍ സാധിക്കുകയുള്ളു.