ശമ്പളമുണ്ണാൻ 60 പേർ; പണി മുഴുവൻ പുറംകരാർ: സർക്കാരിന് എന്തിനാണീ സ്ഥാപനം?

ഐടി അധിഷ്ഠിത വിജ്ഞാന വ്യാപനത്തിനു വേണ്ടി യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥാപനമാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ. വർഷാവർഷം ബജറ്റു വിഹിതമായി നാലു കോടിയോളം രൂപ സർക്കാർ സഹായമായി ലഭിക്കുന്ന സ്ഥാപനം. കൃഷി, മൃഗസംരക്ഷണം, ഡയറി വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ പ്രചാരണത്തിനു വേണ്ടി 1969ലാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിച്ചത്. എന്നാൽ ഏറെക്കുറെ എല്ലാ പണികളും പുറം കരാർ മൂലമാണ് നിർവഹിക്കുന്നത്.

ശമ്പളമുണ്ണാൻ 60 പേർ; പണി മുഴുവൻ പുറംകരാർ: സർക്കാരിന് എന്തിനാണീ സ്ഥാപനം?

തങ്ങളെ സർക്കാർ നോക്കുകുത്തിയാക്കുന്നുവെന്ന് മെട്രോ മനോരമ വഴി നിലവിളിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോ റേഡിയോ പരിപാടികൾ പോലും ചെയ്യുന്നത് പുറം കരാർ വഴി. തിരുവനന്തപുരത്ത് ആറ്റുകാലിലുള്ള ഓസ്കാർ എന്ന സ്വകാര്യ സ്ഥാപനമാണ് എഫ്ഐബിയ്ക്കു വേണ്ടി ഞാറ്റുവേല എന്ന റേഡിയോ പരിപാടി തയ്യാറാക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ഈ പരിപാടിയ്ക്കു വേണ്ടി ചെലവഴിച്ചത്. സ്വാമിനാഥൻ കമ്മിഷൻ കുട്ടനാട്ടിലെ കർഷകർക്ക് നിർദ്ദേശിച്ചിരുന്ന കമ്മ്യൂണിറ്റി റേഡിയോ ഫണ്ട് വകമാറ്റിയാണ് എഫ്ഐബി ഞാറ്റുവേല തയ്യാറാക്കുന്നത്.

ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ നടക്കുന്നതെന്ത്?


ഐടി അധിഷ്ഠിത വിജ്ഞാന വ്യാപനത്തിനു വേണ്ടി യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത സ്ഥാപനമാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ. വർഷാവർഷം ബജറ്റു വിഹിതമായി നാലു കോടിയോളം രൂപ സർക്കാർ സഹായമായി ലഭിക്കുന്ന സ്ഥാപനം. കൃഷി, മൃഗസംരക്ഷണം, ഡയറി വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ പ്രചാരണത്തിനു വേണ്ടി 1969ലാണ് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥാപിച്ചത്. എന്നാൽ ഏറെക്കുറെ എല്ലാ പണികളും പുറം കരാർ മൂലമാണ് നിർവഹിക്കുന്നത്.

വീഡിയോ ക്യാമറയുടെ കഥ


പത്തുവർഷമായി വാടകയ്ക്കെടുത്ത വീഡിയോ ക്യാമറയാണ് എഫ്ഐബി ഉപയോഗിക്കുന്നത്. അതും സ്ഥാപനത്തിൽ നിന്നു വിരമിച്ച വീഡിയോഗ്രാഫറുടെ ക്യാമറ. പണ്ടു സ്വന്തമായി ഒരു വീഡിയോ ക്യാമറ എഫ്ഐബിയ്ക്കുണ്ടായിരുന്നു. ആറു മാസത്തിനുള്ളിൽ അതു കേടായി. പ്രവർത്തനക്ഷമമാക്കാനുള്ള ക്ഷമയൊന്നും ആർക്കുമുണ്ടായില്ല.

ആറു വർഷത്തിനു മുമ്പാണ് ഈ വീഡിയോ ഗ്രാഫർ സർവീസിൽ നിന്നു വിരമിച്ചത്. പിന്നീടു ദൂരദർശനിൽ സ്ട്രിംഗർമാരുടെ പാനലിൽ കയറിപ്പറ്റി. ഇദ്ദേഹത്തിന്റെ ക്യാമറയാണ് വർഷങ്ങളായി വാടകയ്ക്ക് എഫ്ഐബി ഉപയോഗിക്കുന്നത്. വാടക സർക്കാരാണു കൊടുക്കുക. ഇത്രയും കാലമായിട്ടും ഒരു വീഡിയോ ക്യാമറ പോലും സ്വന്തമായി വാങ്ങി ഉപയോഗിക്കാൻ കഴിയാത്ത സ്ഥാപനമാണ് തങ്ങളെ നോക്കുകുത്തിയാക്കുന്നേയെന്നു നിലവിളിക്കുന്നത്

മന്ത്രി അന്വേഷിക്കണം, പത്തറുപതു പേർ ശമ്പളം പറ്റുന്നത് എന്തിനു വേണ്ടിയെന്ന്...


പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറാണ് സ്ഥാപനത്തിന്റെ തലവൻ. റാങ്ക് ജോയിന്റ് ഡയറക്ടറുടേത്. അതിനു കീഴെ രണ്ടോ മൂന്നോ ഡെപ്യൂട്ടി ഡയറക്ടർമാർ, അവർക്കു കീഴെ അസിസ്റ്റന്റ് ഡയറക്ടർമാർ. അവർക്കു താഴെ അഗ്രിക്കൾച്ചർ ഓഫീസർമാർ. പിന്നെ സാങ്കേതിക വിഭാഗവും ക്ലറിക്കൽ സ്റ്റാഫും. അങ്ങനെ ആകെ പത്തറുപതു പേരുള്ള സ്ഥാപനം.

എന്താണിവരുടെ ജോലിയെന്നു മന്ത്രി അന്വേഷിക്കണം. കേരള കർഷകൻ, ഹരിതദളം, തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് എഫ്ഐബി പുറത്തിറക്കുന്നത്. ലേ ഔട്ടും അച്ചടിയുമെല്ലാം സ്വകാര്യ പ്രസുകളിൽ. കേരള കർഷകൻ എന്നൊരു ഇ- ജേണലുണ്ട്. അതിനു വേണ്ടി പ്രതിമാസം 25000 രൂപ പ്രതിഫലം നൽകി കരാർ ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ സ്വന്തം ഫോട്ടോഗ്രാഫറോ വീഡിയോഗ്രാഫറോ ഇല്ല. എല്ലാം പുറം കരാറാണ്.

അപ്പോഴെന്താണ് എഫ്ഐബിയിലെ ഉദ്യോഗസ്ഥരുടെ ജോലി? ഉള്ളടക്ക നിർമ്മാണത്തിലും വ്യാപനത്തിലും ഇവരുടെ സംഭാവനയെന്ത്...?
മര്യാദയ്ക്ക് ഒരു പത്രക്കുറിപ്പുപോലും എഴുതാനറിയാത്തവരാണ് ഏഷ്യാനെറ്റിലെ പരിപാടി തയ്യാറാക്കുന്നത്...

ഈ ഡയലോഗ് ബിജു പ്രഭാകർ ഐഎഎസിന് ഓർമ്മയുണ്ടോ ആവോ? ഇക്കഴിഞ്ഞ ഒക്ടോബർ 25ന്റെ കൃഷി ഡയറക്ടറുടെ ചേമ്പറിൽ കിസാൻ പദ്ധതിയെക്കുറിച്ചു നടന്ന യോഗത്തിൽ പങ്കെടുത്തവരിൽ പലർക്കും ഈ ഡയലോഗ് ഓർമ്മയുണ്ട്. പതിമൂന്നു വർഷമായി തങ്ങൾ ചെയ്തുവരുന്ന പരിപാടി എഫ്ഐബിയെ ഏൽപ്പിക്കാൻ തയ്യാറാണെന്ന് ഐഐഐടിഎംകെ രേഖാമൂലവും വാക്കാലും പലവട്ടം കൃഷി വകുപ്പിനെ അറിയിച്ചിരുന്നതാണ്. എഫ്ഐബിയെ ഒരു വർഷത്തിനുള്ളിൽ പൂർണ സ്വയംഭരണ സ്ഥാപനമാക്കണമെന്നും ഒരു പ്രൊഫഷണൽ യൂണിറ്റായി മാറ്റണമെന്നും അതുവരെ ഐഐഐടിഎംകെ തന്നെ ഈ പരിപാടി ചെയ്യണമെന്നും ആ യോഗത്തിൽ തീരുമാനിച്ചതുമാണ്.

ആ യോഗത്തിൽ പങ്കെടുത്ത പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സുരേഷ് മുതുകുളം വിചിത്രമായ ഒരഭ്യർത്ഥന ഡയറക്ടർക്കു മുന്നിൽ വച്ചിരുന്നു. ആകെ ഒരു അസിസ്റ്റന്റ് ഡയറക്ടറുള്ളത് ദൂരദർശന്റെ നൂറുമേനി പരിപാടിയുടെ മേൽനോട്ടച്ചുമതലയിലാണെന്നും എഫ്ഐബിയിലെ ജോലിഭാരം ലഘൂകരിക്കാൻ മതിയായ ജീവനക്കാരെ വേണമെന്നുമായിരുന്നു അഭ്യർത്ഥന. നിലവിലുള്ള ജീവനക്കാരുടെ വിവരങ്ങൾ ശമ്പളസ്കെയിലടക്കം സമർപ്പിക്കാനായിരുന്നു കൃഷി ഡയറക്ടറുടെ മറുപടി.

സ്വയംഭരണത്തിന്റെ മുറവിളി എന്തിനു വേണ്ടി?


സർവീസിൽ നിന്നു വിരമിക്കുന്ന ബ്യൂറോക്രാറ്റുകൾക്കു സ്വാധീനമുണ്ടെങ്കിൽ തുടർന്നും ലാവണങ്ങൾ ലഭിക്കും. കോടികളുടെ സർക്കാർ ഫണ്ട് സ്വകാര്യകരാറുകൾ വഴി വീതം വച്ചു ജീവിക്കുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോ ഇപ്പോൾത്തന്നെ ഏറെ സാധ്യതകളുള്ള വെള്ളാനയാണ്. എഫ്ഐബിയിലെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അടുത്തിടെയാണ് സർവീസിൽ നിന്നു വിരമിച്ചത്. വിരമിക്കൽ ആഘോഷങ്ങൾ തകൃതിയായി നടക്കുന്ന സമയത്താണ് ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കു വേണ്ടി മെട്രോ മനോരമ രംഗത്തിറങ്ങിയത്.

ആ ഉന്നതനാര്? മനോരമയുടെ താൽപര്യമെന്ത്? അക്കഥ ഉടൻ...

(തുടർന്നു വായിക്കുക: രാജു നാരായണസ്വാമിയുടെ കള്ളക്കളിക്കു കരണത്തടിക്കുംവിധം മുഖ്യമന്ത്രിയുടെ തിരിച്ചടി; ഐഐഐടിഎംകെയിൽ നിന്നു കൃഷിവകുപ്പിലെ വിജിലൻസുകാർ ഓടിയത് പ്രാണനുംകൊണ്ട്)

Read More >>