കമലിനും സക്കീർ ഹുസൈനും ബിസ്മില്ലാ ഖാനും പാകിസ്ഥാനിലേക്കുള്ള ബസ് റെഡിയാണോ?

എവിടെനിന്നെന്നറിയാതെ ജാതിവാലുകൾ മുളയ്ക്കുന്ന കാലമാണിത്. ചിലർ സ്വമേധയാ വാലെടുത്തണിയുമ്പോൾ ചിലർക്കു നിർബന്ധപൂർവ്വം വാലു ചാർത്തിക്കൊടുക്കുന്നൂ, മറ്റു ചിലർ. ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥിനേതാവ് രോഹിത് വെമുലയുടെ വാക്കുകളിൽ പറഞ്ഞാൽ മനുഷ്യൻ അവന്റെ സമീപസ്ഥ സ്വത്വത്തിലേക്കു ചുരുങ്ങുന്നു. സ്വത്വം ഒരു പേരിലേക്കു ചുരുങ്ങുന്നു. സംവിധായകൻ കമലിനെതിരായ ആക്രോശങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയത്തിലെ മതധ്വനികളുടെ ഉപയോഗത്തെയും അതിനെ നേരിടുന്ന രീതിയെയും പരിശോധിക്കുന്നു, നാരദാ ന്യൂസ് എഡിറ്റർ മാത്യു സാമുവൽ...

കമലിനും സക്കീർ ഹുസൈനും ബിസ്മില്ലാ ഖാനും പാകിസ്ഥാനിലേക്കുള്ള ബസ് റെഡിയാണോ?

കമലിനു കമാലുദ്ദീന്‍ എന്ന പേരുള്ള കഥ അടുത്ത കാലത്തു മാദ്ധ്യമങ്ങളില്‍ കൂടിയാണു വായിച്ചറിഞ്ഞത്. എന്‍റെ പേരു വച്ചു ഞാന്‍ ഏതു രാജ്യത്തേയ്ക്കാണു പോകേണ്ടത് എന്ന ചോദ്യവുമായി അലെന്‍സിയര്‍ എന്ന പച്ചയായ മനുഷ്യൻ നടത്തിയ തെരുവിലെ പ്രതിഷേധവും മലയാളക്കര രണ്ടുകൈയും നീട്ടി സ്വീകരിച്ചു...

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യം ഇപ്പോഴാണ് അര്‍ത്ഥമില്ലാതാകുന്നത്. രാഷ്ട്രീയത്തില്‍ പോലും പേരിനുള്ളിലെ മതവും ജാതിയും പലപ്പോഴും നിര്‍ണ്ണായക ഘടകമായി മാറുന്നുണ്ട്. ഈയുള്ളവന്‍റെ ഒരു ക്ലാസിക് ഓര്‍മ്മ പങ്കു വയ്ക്കട്ടെ:


പത്തനാപുരം കോളജിലെ കലാലയ രാഷ്‌ട്രീയമാണു രംഗം. ഈയുള്ളവൻ അപ്പോള്‍ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു. പേരിനു മാത്രമാണു പഠനം; കലാലയജീവിതത്തിന്‍റെ എല്ലാ രസവും ആസ്വദിച്ചുള്ള കുറേ നാളുകള്‍ എന്ന വിശേഷണമായിരിക്കും കൂടുതല്‍ ഉചിതം.

ക്യാമ്പസില്‍ കൂടുതലും വിദ്യാര്‍ത്ഥിനികളാണ്. കെഎസ്‌യു സ്ഥിരമായി ജയിക്കുന്ന ഒരു ക്യാമ്പസാണ് ഇത്. ക്രൈസ്തവ കുടുംബത്തിൽ നിന്നും വരുന്ന വിദ്യാർത്ഥീ വിദ്യാർത്ഥിനികളാണ് ഇവിടെ കൂടുതല്‍.

തെരഞ്ഞെടുപ്പായി... എസ്എഫ്ഐയുടെ പാനലില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കുന്നത് അജി എ എന്ന വിദ്യാര്‍ത്ഥിയാണ്. എതിര്‍സംഘടനയിലാണ് എങ്കിലും വ്യക്തിപരമായി എനിക്ക് ഏറെ മതിപ്പുള്ള ഒരു യുവാവാണ് ഇദ്ദേഹം. പഠനത്തിലും ടിയാന്‍ പിന്നിലല്ല. ഇടപെടുന്ന ഓരോ വിഷയത്തിലും അജിയ്ക്ക് ചെറുപ്പം മുതല്‍ തന്നെ വ്യക്തമായ ധാരണയുണ്ട്. ചെറുപ്പം മുതല്‍ എന്നു പറയാന്‍ കാരണമുണ്ട്. ലോവർ പ്രൈമറി ക്ലാസ് മുതൽ ഒരുമിച്ചു പഠിക്കുന്ന എന്‍റെ അയല്‍വാസി കൂടിയാണ് അജി. ക്ലാസിക് സിനിമകള്‍ കാണാനും നല്ല പുസ്തകങ്ങള്‍ വായിക്കാനും ഈ സൗഹൃദം എന്നെ വളരെ പ്രേരിപ്പിച്ചിട്ടുണ്ട്. പുറംലോകത്തേക്കുള്ള ഒരു വാതില്‍ ഇവയാണ് എന്നു സ്കൂള്‍-കോളേജ് പഠനകാലത്ത് എന്നെ മനസിലാക്കിയ ആള്‍ കൂടിയാണ് അജി.

അജിയുടെ എതിര്‍സ്ഥാനാര്‍ഥിയായി കെഎസ്‌യു അവതരിപ്പിച്ചത് 'അത്ര പോരാ' എന്ന ഫീലിംഗ് ആദ്യമേ ഉണര്‍ത്തുന്ന ഒരാളെയായിരുന്നു. ആള്‍ ക്രിസ്ത്യാനിയാണ്. (പേരു മനപ്പൂര്‍വ്വമായി പറയുന്നില്ല) ഒരു സാഹചര്യത്തിലും എന്തു കുന്തം പറഞ്ഞാലും കേട്ടാലും മനസിലാകാത്തവൻ. പക്ഷെ ആശാന്‍റെ കൈയില്‍ കുറെ കവലപ്രസംഗങ്ങള്‍ സ്റ്റോക്ക് ഉണ്ടാകും. കൂടുതലും ബാലകൃഷ്ണപിള്ളയുടെ പ്രസംഗങ്ങള്‍ ആയിരിക്കും. അത് അങ്ങനെത്തന്നെ അവതരിപ്പിക്കാന്‍ പോലും ടിയാന് അറിയില്ല. പിന്നെ കുറച്ചു മസാല കൂടിയിട്ട് എങ്ങനെയെങ്കിലും അവതരിപ്പിക്കും. അങ്ങനെ ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കെഎസ്‌യുവിന്‍റെ പാനല്‍ ഒരുങ്ങി.

ഈയുള്ളവനും ആ പാനലില്‍ കൗൺസിലർ സ്ഥാനത്തേക്ക് ഒരു കൈ നോക്കുന്നുണ്ട്. ജയിക്കണം എങ്കില്‍ ആരോടെങ്കിലും വോട്ടു 'തെണ്ടണം', പ്രത്യേകിച്ചു പെൺകുട്ടികളോട്! അതു ക്യാമ്പസിന്‍റെ നാട്ടുനടപ്പാണ്. ഇക്കാര്യത്തില്‍ ഞാന്‍ ഭൂലോകപരാജയമാണ് എന്ന് അവര്‍ക്കു തന്നെ തോന്നി കാണും - അവര്‍ എനിക്കു ഫ്രീയായി ചില ഉപദേശങ്ങളും തന്നു. ക്ലാസും ബാച്ചും ഒന്നും നോക്കേണ്ട, അഞ്ചാറു പെണ്‍കുട്ടികളെ എങ്കിലും ലൈന്‍ വലിക്കണം. അതില്‍ മൂന്നോ നാലോ പേരു പ്രചാരണത്തിനിറങ്ങിയാലും നീ രക്ഷപ്പെട്ടു. എവിടുന്ന് ? മൂന്നോ നാലോ പേരു പോയിട്ട് ഒരാളെ പോലും എനിക്കു പ്രചാരണത്തിനിറങ്ങാനും മാത്രം ലൈന്‍ ഇടാന്‍ പറ്റിയില്ല. (ബുദ്ധിയുള്ളവര്‍ പണ്ടേ അതൊക്കെ പയറ്റിയിരുന്നു..)

ജയിക്കില്ല എന്ന് ഉറപ്പാണ്‌, അതിനാല്‍ തന്നെ പിന്മാറാനും ശ്രമിച്ചു... പക്ഷെ നടന്നില്ല. പാനല്‍ തികയണമല്ലോ... ഞാനും നിന്നു! തോല്‍വി പലതും ഏറ്റുവാങ്ങി ശീലിച്ച എനിക്ക് അതിലൊരു വ്യാകുലതയും ഇല്ല എന്നുള്ളതാണു സത്യം.

കോളേജ് യൂണിയന്‍ ചെയര്‍മാനായി അജി ജയിക്കണം എന്നാണു ഞാന്‍ ആഗ്രഹിച്ചത്. കാരണം അയാള്‍ അതിനു യോഗ്യനാണ് എന്ന് എനിക്കു നല്ല ബോധ്യവുമുണ്ട്.അജിയ്ക്ക് വേണ്ടി, പാര്‍ട്ടിയല്ല കഴിവിന്‍റെ മാനദണ്ഡം എന്നു ഞാന്‍ പലരോടും വാദിക്കുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പു കോലാഹലം അവസാനിക്കാൻ പോകുന്നു... കെഎസ്‌യുവിന്‍റെ മുഖ്യസാരഥി തോൽവി ഏതാണ്ട് ഉറപ്പിച്ച രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. അജിയ്ക്കു ക്യാമ്പസില്‍ നല്ല മേല്‍ക്കോയ്മയുണ്ടെന്ന് ഏകദേശം ഉറപ്പായി. അപ്പോഴാണ്‌ എതിര്‍സ്ഥാനാര്‍ഥി അവസാനത്തെ തുറുപ്പ് ചീട്ടായ വര്‍ഗ്ഗീയത ഇറക്കുന്നത്‌.

അന്നു വരെ അജി എ. എന്നു സംബോധന ചെയ്തിരുന്നത്, പിന്നീടങ്ങോട്ട്‌ അജി അഹമ്മദ് എന്നായി വിശേഷണം. 'അജി അഹമ്മദ്' വേണോ മാമോദീസ വെള്ളം വീണ ഞാന്‍ വേണോ' എന്നായി ഇദ്ദേഹത്തിന്‍റെ ലൈന്‍. ഞാന്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തു. തെരഞ്ഞെടുപ്പു കമ്മറ്റികളില്‍ ഞാന്‍ ഇതിനെതിരെ എന്‍റെ എതിര്‍പ്പുകള്‍ പരസ്യമായി തന്നെ വാദിച്ചു. ഫലമുണ്ടായില്ല എന്നു പറയുന്നില്ല, എന്നെ കാലു വാരാനുള്ള തീരുമാനത്തില്‍ അവര്‍ ഒന്നിച്ചെത്തി. എനിക്ക് ഒരു വില്ലന്‍ പരിവേഷവും ചാര്‍ത്തിക്കിട്ടി.

ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ അജി തോറ്റു! കെഎസ്‌യു പാനല്‍ ജയിച്ചപ്പോള്‍ ഈയുള്ളവന്‍ മാത്രം ജയിച്ചില്ല! എനിക്കു ചാര്‍ത്തിക്കിട്ടിയ വില്ലന്‍ പരിവേഷം ഒന്നുകൂടി ബലപ്പെട്ടു എന്നു പറയാം.

നമ്മുടെ പേരു വച്ചുള്ള ഏറ്റവും വൃത്തിഹീനമായ രാഷ്ട്രീയവും അതിലെ നേട്ടവും ഞാന്‍ മനസിലാക്കുകയായിരുന്നു.  അടിച്ചും പിടിച്ചും ഭരിക്കണം. ഇവിടെ ആവശ്യം വിജയം മാത്രമാണ്. അതിനല്പം ചോര പൊടിഞ്ഞാലും കുഴപ്പമില്ല എന്ന ഭാവം. മൃഗങ്ങളുടെ സ്വഭാവം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. അവര്‍ വിശപ്പിനു മാത്രമാണ് ആക്രമണം നടത്തുന്നത്. എല്ലാറ്റിനും ഇങ്ങനെയാണ്, എന്നില്ല. പക്ഷെ നമുക്കു ചിരപരിചിതമായ രാഷ്ട്രീയത്തില്‍ ഇങ്ങനെ തന്നെയാണ്.

ഇങ്ങനെയെല്ലാം ഭരണം പിടിച്ചവർക്കു മറ്റെന്തു ചിന്തിക്കാൻ കഴിയും?

(ഓഫ്‌ ബീറ്റില്‍ പറയട്ടെ, അജി ഇപ്പോള്‍ ദുബായില്‍ സന്തോഷകരമായ പ്രവാസജീവിതം നയിക്കുന്നു. ജയിച്ച സ്ഥാനാര്‍ഥി പള്ളി സംബന്ധമായ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കളരിയില്‍ എവിടെയോ ഇപ്പോഴും ഉണ്ട്.)

1947ലെ വിഭജനകാലത്തെ ഒരു സംഭവം വായിച്ചതോര്‍ക്കുന്നു - തബല വിദ്വാനായ സാക്കിർ ഹുസൈന്‍റെ പിതാവ് അള്ളാ റാഖയെ പാകിസ്ഥാനിലേക്കുള്ള ട്രെയിനിലേക്കു ചിലരെല്ലാം ചേര്‍ന്നു പിടിച്ചു കയറ്റി. (അദ്ദേഹത്തിന് ഒരു മുസ്ലീം പേരാണല്ലോ... പോകേണ്ടത് പാകിസ്ഥാനിലേക്കെന്ന് അവര്‍ നിശ്ചയിച്ചു കാണും) ട്രെയിനിനുള്ളില്‍ പിടിച്ചുകയറ്റിയ അദ്ദേഹം മറ്റൊരു വാതിലിലൂടെ പുറത്തേക്കു വന്നു. അദ്ദേഹം പറഞ്ഞത് ഇതാണ് - എന്‍റെ നാടും എന്‍റെ വീടും ഇതാണ്. പോകേണ്ടവര്‍ പൊയ്ക്കൊള്ളു, ഞാനില്ല... എന്‍റെ മണ്ണ് ഇതാണ്... ഇവിടെത്തന്നെ ഞാന്‍ ജീവിച്ചു മരിക്കും!

ഭാരതരത്നം നല്‍കി ആദരിക്കപ്പെട്ട ഷെഹ്നായി വിദ്വാൻ ഉസ്താദ്‌ ബിസ്മില്ല ഖാനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെയും പാകിസ്ഥാനിലേക്ക് തള്ളിവിടാൻ അന്നു ശ്രമമുണ്ടായി. "മരണശേഷം നിങ്ങള്‍ക്കെന്നെ എവിടെയും കൊണ്ടുപോകാം...ജീവിക്കുന്നത് ഈ മണ്ണില്‍ തന്നെയായിരിക്കും!" എന്ന ഉറച്ച വാക്കില്‍ ഭാരതത്തിനു ലഭിച്ചത് എക്കാലവും അഭിമാനാര്‍ഹമായ ഒരു ജീവിതമാണ്. ഏറ്റവും കൂടുതല്‍ ഹൈന്ദവസ്തുതികള്‍ പാടിയിട്ടുള്ള ഒരു മഹാത്മാവ് കൂടിയാണ് ഇദ്ദേഹം.

ഇതെഴുതാനുണ്ടായ സാഹചര്യം കൂടി വിവരിക്കട്ടെ. തരക്കേടില്ലാതെ വരയ്ക്കുന്ന ഞങ്ങളുടെ മകന്‍ കഴിഞ്ഞ ദിവസം കൃഷ്ണഭഗവാന്റെ മനോഹരമായ ഒരു പെയിന്റിംഗ് ഗ്രാഫിക്സില്‍ ചെയ്തു. അതില്‍ അതിയായ അഭിമാനം തോന്നിയതിനാലാകണം ആ പെയിന്റിംഗ് അവന്‍ വിസിറ്റിംഗ് റൂമില്‍ തന്നെ കൊണ്ടുവന്നു വച്ചു.

"എടാ... പള്ളിയില്‍ നിന്നും ആരെങ്കിലും വന്ന് ഇതൊക്കെ കണ്ടാല്‍ മോശമാണ്. നീ ഇത് നിന്‍റെ റൂമില്‍ കൊണ്ടു പോയി വയ്ക്ക്" അമ്മയുടെ ഉപദേശത്തിനു അവന്‍ നല്‍കിയ മറുപടി എന്നെയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു-
"ഇത് എന്റെ ക്രീയേറ്റീവിറ്റിയാണ്... നമ്മുടെ വീട്ടില്‍ എനിക്കിഷ്ടമുള്ള സ്ഥലത്തു ഞാൻ ഇതു വയ്ക്കുന്നു... ഇത് ഇഷ്ടമില്ലാത്തവർ ഇങ്ങോട്ടു വരേണ്ട എന്നു ചിന്തിക്കുന്നതല്ലേ നല്ലത്? എന്നെ നോക്കുന്നവർ ഞാൻ വരച്ചതിനെയും നോക്കണം, അല്ലെങ്കിൽ നമ്മളും അവരെ കാണേണ്ട എന്നു തീരുമാനിക്കണം."

പ്രാദേശിക വാർത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നിവയെല്ലാം മലയാളിയുടെ ആസ്വാദനത്തിനു തന്ന കമൽ, താങ്കളെ ഏതൊക്കെ പേരിൽ വിളിച്ചാലും മലയാളിയുടെ മനസില്‍ അവ നശ്വരമാണ്. 'അഴകിയ രാവണനിലെ തയ്യൽക്കാരനായ നോവലിസ്റ്റ് എംപി അംബുജാക്ഷൻ കൈയില്‍ കൊണ്ടു നടക്കുന്ന ചിറകൊടിഞ്ഞ കിനാവുകൾ മാത്രമാണ് ഇവരുടെ നിനവുകൾ!