ഓര്‍ത്തഡോക്‌സുകാരനായതിനാല്‍ ഏറെ അഭിമാനം; പച്ചയ്ക്ക് ജാതി പറഞ്ഞ് അവതാരകന്‍ വിനു വി ജോണ്‍

ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി. ജോണാണ് ക്രിക്കറ്റ് താരം സോണി ചെറുവത്തൂരിന്റെ ജാതി ചേര്‍ത്ത് ആശംസ നേര്‍ന്ന് വിവാദത്തിലായത്

ഓര്‍ത്തഡോക്‌സുകാരനായതിനാല്‍ ഏറെ അഭിമാനം; പച്ചയ്ക്ക് ജാതി പറഞ്ഞ് അവതാരകന്‍ വിനു വി ജോണ്‍

ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി. ജോണ്‍ തന്റെ സമുദായക്കൂറ് തുറന്ന് പ്രഖ്യാപിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ പരിപാടിക്കിടെയാണ് ഓര്‍ത്തഡോക്‌സുകാരനായതിലുള്ള അഭിമാനം അദ്ദേഹം പ്രകടിപ്പിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ക്യാപ്റ്റന്‍ രാജു ക്രിക്കറ്റ് താരം സോണി ചെറുവത്തൂരിനേയും വിനു വി ജോണിനേയും സ്വാഗതം ചെയ്യുന്നതാണ് കാണുന്നത്. 'നമ്മുടെ കേരളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ ഇവിടെയെത്തിയിട്ടുണ്ട്. അദ്ദേഹത്തെ കൈയടിച്ച് സ്വീകരിക്കുക. അദ്ദേഹത്തെക്കുറിച്ച് രണ്ടക്ഷരം പറയാന്‍ നമ്മുടെ അനുവാദമില്ലാതെ രാത്രി ആറരയോടെ വന്നുകയറുന്ന മറ്റൊരു ഓര്‍ത്തഡോക്‌സ് സഹോദരനുണ്ട്. അദ്ദേഹത്തെക്കാണുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാണ്' എന്ന് ക്യാപ്റ്റന്‍ രാജു പറയുന്നു.


അതിന് ശേഷം ദൃശ്യങ്ങളില്‍ സോണി ചെറുവത്തൂരും വിനു വി ജോണും കടന്നുവരുന്നു. തുടര്‍ന്ന് സോണിയെക്കുറിച്ച് സംസാരിക്കാനായി മൈക്ക് വിനുവിന് കൈമാറുന്നു. 'സോണി ഒരു ക്രിസ്ത്യാനിയാണെന്നും ഓര്‍ത്തഡോക്‌സുകാരനാണെന്നും ഇപ്പോഴാണ് അറിയുന്നത്. ഓര്‍ത്തഡോക്‌സുകാരനാണെന്ന് അറിയുന്നതില്‍ വളരെ സന്തോഷം. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ഓര്‍ത്തഡോക്‌സുകാരനാകട്ടെ സോണി'യെന്ന് വിനു പറയുന്നു. ഒരു ഭാഗത്ത് സ്വതന്ത്രമെന്ന് അവകാശപ്പെടുന്ന മാധ്യമപ്രവര്‍ത്തനം നടത്തുന്ന വിനുവിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് നിരവധിപ്പേരാണ് നവമാധ്യമങ്ങളില്‍ രംഗത്തുവന്നിട്ടുള്ളത്.