പാപത്തിനു പരിഹാരം പിഴ; സഭയുടെ കീഴിലെ വിമൽജ്യോതി എൻജിനീയറിങ് കോളേജ് ഫൈനടിച്ചു സമ്പാദിക്കുന്നതു ലക്ഷങ്ങൾ; നാരദാ എക്സ്ക്ലൂസീവ്

മുടിവെട്ടിയില്ലെങ്കിലും ക്ലാസ്സിൽ നേരം വൈകിയാലും ധ്യാനം കൂടാതിരുന്നാലും കടുത്ത മാനസിക പീഡനവും ഉയർന്ന പിഴയും അടയ്ക്കേണ്ടി വരുന്ന സ്ഥാപനമാണ് തലശേരി അതിരൂപതയ്ക്ക് കീഴിലുള്ള കണ്ണൂർ ശ്രീകണ്ഠാപുരത്തിനടുത്തുള്ള ചെമ്പേരിയിലെ വിമൽജ്യോതി എൻജിനീയറിങ് കോളേജ്.

കായികവും മാനസികവുമായ പീഡനവുമാണ് കുട്ടികളെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴി എന്നു ചിന്തിക്കുന്നിടത്താണ് നെഹ്രു കോളേജിലെ ജിഷ്ണുവിന് മരിക്കേണ്ടി വരുന്നത്. സ്വകാര്യവ്യക്‌തിയോ ട്രസ്റ്റോ സംഘടനകളോ മതമോ ആരു സ്വാശ്രയ കോളേജ് നടത്തിയാലും അവയുടെ പ്രത്യേകത അച്ചടക്കം നടപ്പിലാക്കാൻ അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ ഒന്നാണ് എന്നതാണ്. മുടിവെട്ടിയില്ലെങ്കിലും ക്ലാസ്സിൽ നേരം വൈകിയാലും ധ്യാനം കൂടാതിരുന്നാലും കടുത്ത മാനസിക പീഡനവും ഉയർന്ന പിഴയും അടയ്ക്കേണ്ടി വരുന്ന സ്ഥാപനമാണ് തലശേരി അതിരൂപതയ്ക്ക് കീഴിലുള്ള കണ്ണൂർ ശ്രീകണ്ഠാപുരത്തിനടുത്തുള്ള ചെമ്പേരിയിലെ വിമൽജ്യോതി എൻജിനീയറിങ് കോളേജ്.


ഫൈൻ എന്ന വരുമാന മാർഗം

ഏതു പാപത്തിനും പ്രായശ്ചിത്തമുണ്ടെന്നാണു വെപ്പ്. എന്നാൽ പാപങ്ങൾക്കു ഫൈൻ അടയ്ക്കണമെന്നാണ് തലശേരി അതിരൂപതയ്ക്കു കീഴിലുള്ള കണ്ണൂർ ചെമ്പേരിയിലെ വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ നിയമം. ക്ലാസ് കട്ടു ചെയ്യുന്നത് പോലുള്ള വലിയ അപരാധങ്ങൾക്കും മുടി വെട്ടുന്നതിലെ പ്രശ്നങ്ങൾ പോലുള്ള ചെറിയ കുറ്റങ്ങൾക്കും എല്ലാം പല റേറ്റിലുള്ള ഫൈനുകൾ ആണ്.

2012-13 സാമ്പത്തിക വർഷത്തിൽ കോളേജ് ഫൈൻ ഇനത്തിൽ സമ്പാദിച്ചത് 333,422 രൂപയാണ്. 2013-14 സാമ്പത്തിക വർഷമെത്തുമ്പോഴേക്കും ഫൈൻ ഇനത്തിലെ വരുമാനം 621,936 രൂപയായി ഇരട്ടിച്ചു. 2014-15 അധ്യയന വർഷമാകുമ്പോഴേക്കും ഫൈൻ വരുമാനം 973,472 രൂപയായി ഉയർന്നു. കോളേജ് ഓഡിറ്റ് റിപ്പോർട്ടിൽ നിന്നും ലഭ്യമാകുന്ന വിവരമാണ് ഇത്.
കൃത്യമായ ആസൂത്രണത്തോടെ ഓരോ വർഷവും മാനേജ്‌മെന്റ് ഫൈൻ വരുമാനം കുത്തനെ ഉയർത്തുന്നു എന്നുവേണം കരുതാൻ. യൂണിവേഴ്സിറ്റി തലത്തിലും ദേശീയ-അന്തർദേശീയ തലങ്ങളിലും അക്കാദമിക് നേട്ടങ്ങൾ കൈക്കലാക്കുന്ന കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ഫൈൻ പിരിച്ചെടുക്കാൻ കഴിയുന്നു എന്ന യാഥാർത്ഥ്യത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?

തെറ്റു ചെയ്ത കുട്ടിയുടെ ഐഡി കാർഡ് അഴിച്ചു വാങ്ങുകയാണ് ആദ്യ ചടങ്ങ്. അതു കഴിഞ്ഞാൽ ഫൈൻ നിശ്ചയിക്കും. ഈ തുക കോളേജ് കോമ്പൗണ്ടിനകത്തെ ബാങ്ക് ശാഖയിൽ കെട്ടണം. അപ്പോൾ പണമടച്ചതായി കാണിച്ച് ഒരു 'സ്റ്റുഡന്റ് കോപ്പി' ലഭിക്കും. ഇതു ബന്ധപ്പെട്ട ആളുടെ കയ്യിൽ ഏൽപ്പിച്ച് ഐഡി കാർഡ് തിരികെ വാങ്ങാം. ഫൈൻ നൽകാതിരുന്നാൽ കാര്യങ്ങൾ ഗുരുതരമാവും. സസ്‌പെൻഷൻ പോലെ കടുത്ത ശിക്ഷാവിധികൾ ലഭിക്കുന്നവർക്കു മേമ്പൊടിയായി പിഴ ശിക്ഷയും ഉണ്ടാവും.

പ്രിൻസിപ്പലും വകുപ്പു തലവന്മാരുമൊക്കെ നോക്കുകുത്തികൾ ആണെന്നാണ് കുട്ടികൾ പറയുന്നത്. കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് അഡ്മിനിസ്ട്രേഷൻ ചുമതലയുള്ള അച്ചനാണ്. രാഷ്ട്രീയ ആശയങ്ങൾക്കും സംഘടനാ സ്വാതന്ത്ര്യത്തിനും ഈ മതിൽക്കെട്ടിനുള്ളിൽ വിലക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

കോളേജ് ഗേറ്റിൽ തുടങ്ങുന്ന ഗുണ്ടാ പിരിവ്

ഒരു ശരാശരി വിമൽ ജ്യോതി വിദ്യാർത്ഥിയുടെ 'ഫൈൻ ദിനം' ആരംഭിക്കുന്നത് ഗേറ്റിൽ നിന്നുമാണെന്നാണ് വിദ്യാർത്ഥികൾ നാരദാ ന്യൂസിനോട് പറഞ്ഞത്. കോളേജിൽ വൈകുന്നതിനും വരാതിരിക്കുന്നതിനും ഒക്കെ ഫൈൻ ഉണ്ട്. കട്ട് ചെയ്യുന്ന ഓരോ അവറിനും ഫൈൻ അടയ്ക്കേണ്ടുന്ന രീതിയാണ് ഇവിടെ.

സെറോക്സ് മെഷീനും മറ്റും ഉള്ള സ്റ്റോർ പ്രവർത്തിക്കുന്നത് മെയിൻ ബ്ളോക്കിലാണ്. ഇതിനു പ്രത്യേകം ഗേറ്റുകൾ ഉണ്ട്. ഫോട്ടോകോപ്പി എടുക്കാനോ നോട്ടു പുസ്തകം വാങ്ങാനോ വന്ന വിദ്യാർത്ഥി പെട്ടന്ന് തിരിച്ചു ചെന്നില്ലെങ്കിൽ ഗേറ്റ് അടക്കും. അവിടെ നിൽക്കുന്നത് ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ ഫൈൻ. ക്ലാസ്സിൽ എത്താതിരിക്കുന്നതിനാൽ അവിടെ ഫൈൻ. എല്ലാം പോട്ടെ, ഗെറ്റെടുത്ത് ചാടി ക്ലാസ്സിൽ പോകാം എന്നുവച്ചാൽ അതിനും ഫൈൻ!

യൂണിഫോമിന്റെ ബട്ടൺ ഇടാതിരുന്നാലോ ഷൂസ് ധരിക്കാതിരുന്നാലോ ഡ്രസ്സ് കോഡ് പാലിച്ചില്ലെന്ന് ആരോപിച്ച് ഫൈൻ അടക്കേണ്ടിവരും. തലമുടി വെട്ടിയതു ശരിയെല്ലെന്നു ചൂണ്ടിക്കാട്ടി ഫൈൻ അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നു. താടിയും മുടിയും വളർത്തുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും കനത്ത വിലക്കാണ് ഉള്ളത്. താടിക്കും മുടിക്കും കനത്ത ഫൈനാണ് ശിക്ഷയെങ്കിൽ മൊബൈൽ ഫോൺ എന്നെന്നേക്കുമായി പിടിച്ചെടുക്കുക എന്നതാണു ഫോണുപയോഗിക്കലിനുള്ള ശിക്ഷ.

കടുവയെന്ന പേരിൽ കുപ്രസിദ്ധനായ ഒരു വകുപ്പ് തലവനാണ് ഫൈൻ ഇനത്തിൽ ഏറ്റവും കൂടുതൽ പണം മാനേജ്‌മെന്റിന് സമ്പാദിച്ച് നൽകുന്നതത്രെ. തെറ്റുചെയ്യുന്ന കുട്ടികൾ ഏതു ഡിപ്പാർട്മെന്റിൽ പെട്ടവരായാലും ഇദ്ദേഹം കൃത്യമായി എത്തും കടുവയുടെ കയ്യിൽ ഒരു തവണ പെട്ടാൽ രണ്ടു മാസത്തേക്കുള്ള പോക്കറ്റ് മണി ഉടനെ പോയിക്കിട്ടുമെന്നാണ് കഥകൾ.

'ഡിപ്പാർട്മെന്റ് ഓഫ് ധ്യാനം'

ഹോസ്റ്റലിൽ താമസിക്കുന്ന ക്രിസ്ത്യൻ മതത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ധ്യാനം നിർബന്ധമാണെന്നാണ് നിയമം. ധ്യാനത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് നേരിടേണ്ടിവരുന്നത് കടുത്ത മാനസിക സമ്മർദമാണ്‌. ധ്യാനം കൂടാൻ വൈകിയെത്തിയ ഇരുപതോളം കുട്ടികൾക്ക് 2000 രൂപ വച്ചാണ് പിഴയൊടുക്കേണ്ടി വന്നത്. സംഭവം വിവാദമാകുമെന്നായപ്പോൾ ജനുവരി മൂന്നാം തീയതിക്കുള്ളിൽ ധ്യാനം കൂടിയാൽ കാശു തിരിച്ചു തരാമെന്നായി.എന്നാൽ ജനുവരി മൂന്നാം തീയതിക്കുള്ളിൽ ധ്യാനം കൂടിയിട്ടും എല്ലാവർക്കും കാശ് തിരിച്ചുകിട്ടിയില്ലെന്നത് മറ്റൊരു കഥ.

ധ്യാനം കൂടാതിരുന്ന മറ്റൊരു വിദ്യാർത്ഥിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനങ്ങൾ ആയിരുന്നു. പ്രസ്തുത കുറ്റത്തിന് ഹോസ്റ്റലിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോളേജിലേക്ക് രക്ഷിതാവിനെ വിളിച്ചു വരുത്തി കഠിനമായി അവഹേളിക്കുകയും ചെയ്തു. ഇതിനെതിരെ വിദ്യാർത്ഥി കുടിയാന്മല പോലീസിൽ പരാതി എഴുതി നൽകിയെങ്കിലും ഇത് പോലീസ് ഫയലിൽ സ്വീകരിക്കുകയോ നടപടിയെടുക്കുകയോ ഉണ്ടായില്ല.

പഠിച്ചാൽ മാത്രം മതി, കളിക്കേണ്ടാ, പാട്ടും പാടണ്ടാ..

കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റും രണ്ടു ട്രെയിനർമാരും ഉണ്ടെങ്കിലും സ്പോർട്സിൽ അഭിരുചിയുള്ള കുട്ടികൾക്ക് പോലും യാതൊരു പിന്തുണയും പരിഗണനയും ലഭിക്കാറില്ല. യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുൾപ്പെടെ സ്വന്തം നിലയിൽ അപേക്ഷയും മറ്റും അയച്ച് അർഹത തെളിയിച്ച് ക്ലാസ്സ് ഇൻ ചാർജ് മുതൽ അഡ്മിനിസ്ട്രേറ്റർ വരെ എല്ലാവരുടെയും അനുമതി വാങ്ങി വേണം പങ്കെടുക്കാൻ. ഇത്തരത്തിൽ മത്സരത്തിൽ പങ്കെടുത്തു വരുന്നവർക്ക് ചിലവിനുള്ള കാശ് മാനേജ്‌മെന്റിൽ നിന്ന് വാങ്ങിക്കൊടുക്കുക എന്ന കർമം മാത്രമാണ് പരിശീലകർ ചെയ്യുക.

അല്ലെങ്കിലും എന്തിനാണ് കളിക്കുന്നത്, പഠിച്ചാൽ പോരെ? കോളേജ് കലാമേള നടത്താൻ വിദ്യാർത്ഥികൾ തന്നെ ഇറങ്ങിത്തിരിക്കണം. കൾച്ചറൽസ്, സ്പോർട്സ് എന്നൊക്കെ പറഞ്ഞ് വിദ്യാർത്ഥികളിൽ നിന്നും വാങ്ങുന്ന പണത്തിന്റെ നാലിലൊന്നുപോലും പരിപാടി നടത്താൻ അനുവദിക്കില്ല. അല്ലെങ്കിലും ആടിയും പാടിയും നടക്കുന്ന നേരം കൊണ്ട് രണ്ടു ഇക്വേഷൻസ് പഠിക്കാലോ?

സമരത്തിലേക്ക് നീങ്ങിയ ഒരു സുന്ദര റാഗിംഗ് കഥ

അച്ചടക്കപ്രേമിയായ ഒരു അച്ചന് തന്റെ ഒരു വിദ്യാർത്ഥിയോട് തോന്നിയ വിദ്വഷമാണ് റാഗിംഗ് കഥയെന്നാണ് വിമൽ ജ്യോതിയിലെ ചുവരുകൾ പോലും പറയുന്നത്. ജൂനിയർ പെൺകുട്ടിയോട് പേരു ചോദിക്കുന്ന വിദ്യാർത്ഥിയെ കണ്ട അധ്യാപകൻ അതു റാഗിംഗ് ആണെന്നു വിധിച്ചു. മാത്രമല്ല വിദ്യാർത്ഥി റാഗ് ചെയ്തുവെന്ന് പെൺകുട്ടിയിൽ നിന്നും നിർബന്ധിച്ച് എഴുതി വാങ്ങി. പെൺകുട്ടി തന്നെ തിരുത്തിപ്പറഞ്ഞിട്ടും അധ്യാപകൻ പിന്നോക്കം പോയില്ല.

വിദ്യാർത്ഥി ശരിയല്ലെന്നും ഏതു വിധേനയും ശിക്ഷിക്കണമെന്നുമായിരുന്നു നിലപാട്. ഒടുവിൽ വിദ്യാർത്ഥിയെ ദീർഘകാലത്തേക്ക് സസ്‌പെന്റ് ചെയ്യുകയും പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുകയും കാര്യങ്ങൾ വിദ്യാർത്ഥി സമരത്തിലേക്ക് നീങ്ങുകയും കുട്ടികൾ കുത്തിയിരിക്കുകയും ഓഫീസിനു മുന്നിൽ ബഹളം വെക്കുകയും ചെയ്തു. വിദ്യാർത്ഥി തൽക്കാലത്തേക്ക് രക്ഷപ്പെട്ടെങ്കിലും സമരം നടത്തിയവർ ഇപ്പോഴും ഹിറ്റ്ലിസ്റ്റിൽ ആണെന്നാണ് വസ്തുത. മാത്രമല്ല ഇതു സംബന്ധിച്ച നിയമ പോരാട്ടം ഇപ്പോഴും നടക്കുകയാണ്.

ട്രോളാണെൻ സമരായുധം !!

വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ ഇടിമുറികൾ ഉണ്ടോ എന്ന ചോദ്യത്തിന്, ഇവിടെ ഇടിമുറികൾ ഇല്ല, പകരം പ്രഷർ കുക്കർ ആണെന്നാണ് കിട്ടിയ മറുപടി. മാനസികമായ സമ്മർദ്ദം കൂട്ടുന്ന പ്രഷർ കുക്കർ ആണ് കോളേജ്. പലരും പഠനം നിർത്തുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നാണ് കുട്ടികൾ പറയുന്നത്. കൗൺസിലിംഗ് ഉൾപ്പെടെ ചികിത്സക്ക് വിധേയരായ കുട്ടികളും കുറവല്ല.
പ്രെഷർകുക്കറിലെ സമ്മർദ്ദം കുറക്കാൻ കുട്ടികൾക്ക് തുണയാവുന്നത്‌ ട്രോളുകൾ തന്നെ. പ്രതികരിക്കാൻ അവകാശമില്ലാതായിപ്പോയവരുടെ സമരവേദിയായി ട്രോളുകൾ മാറുന്നു. അച്ചന്മാരെയും അധ്യാപകരെയും മാനേജ്‌മെന്റിനെയും കോളേജിന്റെ പൊള്ളയായ അവകാശവാദങ്ങളെയും കളിയാക്കി സൈബർ ലോകത്ത് ട്രോളുകൾ നിറയുകയാണ്.
വിമൽജ്യോതി കോളേജിലെ മാത്രമല്ല കേരളത്തിലെ ഓരോ സ്വാശ്രയ കോളേജിലെ കുട്ടികളും പ്രെഷർകുക്കറുകൾക്കകത്താണ്. പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണം സൂചിപ്പിക്കുന്നതും അതുതന്നെയാണ്.

Read More >>