ട്രാൻസ്‌ജെൻഡറെന്നാൽ ലൈംഗികത്തൊഴിലാളിയല്ല; ഞങ്ങൾക്കുമുണ്ട് ജീവിതസ്വപ്നങ്ങൾ

"ആണിന്റെ ശരീരത്തില്‍ തടവിലാക്കപ്പെട്ട പെണ്ണായിരുന്നു ഞാന്‍. ഒരു പെണ്ണായി ജീവിക്കാന്‍ ഞാന്‍ കൊതിച്ചു. ട്രാന്‍സ്‌ജെന്‍ഡറായി ജീവിക്കാന്‍ തീരുമാനമെടുക്കുന്ന സമയം മുതല്‍ വേദനകളുടേതാണ്. തുറിച്ചുനോട്ടങ്ങളും തൊട്ടുതലോടലുകളും ഇല്ലാതെ ആണും പെണ്ണും പരിഗണിക്കപ്പെടുന്നതുപോലെ ഞങ്ങളും പരിഗണിക്കപ്പെടണം; കുടുംബത്തിനുള്ളിലും പുറത്തും". ഇന്ത്യയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി ആദ്യത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ച മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി ജീവിതം പറയുന്നു.

ട്രാൻസ്‌ജെൻഡറെന്നാൽ ലൈംഗികത്തൊഴിലാളിയല്ല; ഞങ്ങൾക്കുമുണ്ട് ജീവിതസ്വപ്നങ്ങൾ

മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവയത്രി. അധ്യാപിക, ആക്ടിവിസ്റ്റ്... വിശേഷണങ്ങള്‍ ഒരുപാടുണ്ട് വിജയരാജ മല്ലികയ്ക്ക്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ മനു ജെ കൃഷ്ണന്‍ എന്ന പേരില്‍ ആണായി പിറന്ന് വിജയരാജ മല്ലികയായി തീര്‍ന്നതിന്റെ പിന്നില്‍ ചോരപൊടിയുന്ന യാതനകളുടെ ചരിത്രമുണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ലൈംഗിക തൊഴിലാളികളെന്ന പേരില്‍ മാറ്റിനിര്‍ത്തുന്നതിനെതിരെ ശക്തമായ പോരാട്ടമായിരുന്നു വിജയരാജ മല്ലികയുടേത്.


ഈ ഭൂമിയില്‍ തുറിച്ചുനോട്ടങ്ങളില്ലാതെ, മാറ്റിനിര്‍ത്തപ്പെടലുകളില്ലാതെ, ജീവിക്കാന്‍ അവകാശമുള്ളവരാണ് ട്രാൻസ്ജെൻഡറുകളും. അവർക്കുവേണ്ടി ഒരു റെസിഡന്‍ഷ്യന്‍ സ്‌കൂള്‍ - ഇന്ത്യയില്‍ ഇത്തരമൊരു ആശയം പുതുമയുള്ളതാണ്. പ്രമുഖ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കല്‍ക്കി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തതോടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കാക്കനാട് യാഥാര്‍ത്ഥ്യമായി. വിവിധ കാരണങ്ങളാല്‍ വിദ്യാഭ്യാസം മുടങ്ങിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അനുഗ്രഹമാകുകയാണ് വിജയരാജമല്ലികയുടെ സഹജ് ഇന്‍ര്‍നാഷണലെന്ന റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ആറു മാസമായി ഇതിന്റെ പുറകിലായിരുന്നു വിജയരാജ മല്ലിക.

ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പോലെതന്നെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും മാതാപിതാക്കളും സമൂഹവും അംഗീകരിക്കുന്ന കാലം സ്വപ്നം കാണുന്ന വിജയരാജ മല്ലിക സ്വന്തം ജീവിതം പറയുകയാണ്.മനു ജെ കൃഷ്ണന്‍ വിജയരാജ മല്ലികയായപ്പോള്‍ സമൂഹത്തിനുവന്ന മാറ്റം?


ഒരു ആണ്‍കുട്ടിയായി ഞാന്‍ ജനിച്ചു. എന്നാല്‍ ആണിന്റെ ശരീരത്തില്‍ തടവിലാക്കപ്പെട്ട പെണ്ണായിരുന്നു ഞാന്‍. ഒരു പെണ്ണായി ജീവിക്കാന്‍ ഞാന്‍ കൊതിച്ചു. എനിക്ക് ഒരു സ്ത്രീയാകണമെന്നു മാതാപിതാക്കളോടും സമൂഹത്തോടും തുറന്നുപറയാന്‍ ഞാന്‍ കൊതിച്ചു. ഞാന്‍ അശക്തയായിരുന്നു. എന്നെ മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 30 വര്‍ഷമാണ് ഒരു ആണിന്റെ ശരീരത്തില്‍ എനിക്കു ജീവിക്കേണ്ടി വന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം. പെണ്ണിന്റെ മനസുള്ള ഞാന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുക - ദുരിതമായിരുന്നു ആ ജീവിതം. അധികകാലം ആ ബന്ധം നീണ്ടില്ല. ചുരിദാറിട്ടു നടക്കുമ്പോള്‍ ഭാര്യ ചോദിക്കുമായിരുന്നു. ട്രാന്‍സ്‌ജെന്‍ഡറാണെങ്കില്‍ അതു സമൂഹത്തോടു വിളിച്ചു പറയേണ്ട കാര്യമുണ്ടോയെന്ന്.

കാര്യമുണ്ട്. നമ്മുടെ സ്വത്വത്തെ മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. മനുവിന്റെ ശരീരത്തില്‍ മല്ലിക ശ്വാസം മുട്ടുകയായിരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഒരു ട്രാന്‍സ്‌ജെന്‍ഡറായി ജീവിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ഞാന്‍ വീടുവിട്ടു. ആദ്യമായി ഒരു സ്ത്രീയുടെ വസ്ത്രം ധരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലും അപ്പുറത്തായിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു റാങ്കോടെയാണ് ബിരുദം പൂര്‍ത്തിയാക്കിയത്. എംഎസ്‌ഡബ്ല്യൂ പൂര്‍ത്തിയാക്കാന്‍ സാധിച്ചതും നേട്ടമായിരുന്നു. എന്നാല്‍ ഒരു ജോലി നേടിയെടുക്കുക എളുപ്പമായിരുന്നില്ല. എനിക്കു മീശയും താടിയും ഉണ്ട്. എത്ര വടിച്ചാലും അതു വളര്‍ന്നു വരും. സ്‌ത്രൈണതയുള്ള ഒരു ട്രാന്‍സ്‌ജെന്‍ഡറെ സമൂഹം എളുപ്പത്തില്‍ അംഗീകരിക്കും. അല്ലാത്തവര്‍ക്കു ജീവിതം ദുഷ്‌കരമാകും. എന്റെ തലമുടി വളര്‍ന്നപ്പോഴാണ് ഒരു സ്ത്രീയെന്ന നിലയിലുളള ഐഡന്റിറ്റി എനിക്കു ലഭിച്ചുതുടങ്ങിയതുതന്നെ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു തൊഴിലെടുത്തു മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഇവിടെ കുറവാണ്. വിദ്യാഭ്യാസം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു കരുത്താകണം. അതിനുവേണ്ടിയാണ് എന്റെ ശ്രമവും.

[caption id="attachment_70423" align="alignnone" width="960"] ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കല്‍ക്കി സുബ്രഹ്മണ്യം റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു[/caption]

മാംസക്കച്ചവടം നടത്തുന്നവരായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ചിത്രീകരിക്കപ്പെടുന്നുണ്ട്...

ട്രാന്‍സ്‌ജെന്‍ഡറായി ജീവിക്കാന്‍ തീരുമാനമെടുക്കുന്ന സമയം മുതല്‍ വേദനകളുടേതാണ്. നില്‍ക്കുന്ന മണ്ണ് പോലും നഷ്ടപ്പെടും. വേറേ നിവൃത്തിയില്ലാത്തതുകൊണ്ടാകും ചിലര്‍ ലൈംഗികവൃത്തി തെരഞ്ഞെടുക്കുന്നത്. എന്റെ അറിവില്‍ അങ്ങനെ ജീവിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ഒരു ജോലി കണ്ടുപിടിക്കുകയെന്നതു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സംബന്ധിച്ച് പ്രയാസമേറിയതാണ്. പല കാരണങ്ങള്‍ കൊണ്ടും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരാണ് പലരും. സ്‌കൂളിലും തൊഴിലിടത്തും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മാറ്റി നിര്‍ത്തപ്പെടുന്നു. തൊഴില്‍ ലഭിച്ചാല്‍തന്നെ കുറഞ്ഞ വേതനം. ലൈംഗിക പീഡനത്തിനും മാനസിക പീഡനത്തിനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എളുപ്പത്തില്‍ ഇരയാക്കപ്പെടുന്നു. സര്‍ക്കാര്‍ രേഖകളില്‍ മൂന്നാംലിംഗക്കാര്‍ എന്ന നിലയില്‍ അംഗീകാരം ലഭിച്ചതുകൊണ്ട് എല്ലാം ആയെന്നു വിചാരിക്കുന്നുമില്ല. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും എനിക്ക് ഇതുവരെ തൊഴില്‍ ലഭിച്ചിട്ടില്ല.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഒരുങ്ങി നടക്കുന്നവരാണ് എന്ന ചിന്തയുണ്ട് സമൂഹത്തിന്. അതു ശരിയല്ല. വില കൂടിയ ഒരു വസ്ത്രവും ഞാന്‍ ധരിക്കാറില്ല. ഒരു സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളും എനിക്കു നേടിയെടുക്കാനുണ്ട്. വില കൂടിയ വസ്ത്രമോ ഭക്ഷണമോ ഞാന്‍ ആഗ്രഹിക്കുന്നില്ല.പൊതുയിടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍?

ഇപ്പോള്‍ ഒരു സ്ത്രീയെ പോലെ ആളുകള്‍ എന്നെ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍പ് അതല്ലായിരുന്നു സ്ഥിതി. പലപ്പോഴും ഉപദ്രവിക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ട്.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അനുഭവിക്കേണ്ടി വരുന്ന മാനസിക വിഷമതകള്‍ പറഞ്ഞറിയിക്കാവുന്നതിലും ഭീകരമാണ്. അസാധാരണമായ ധൈര്യം എനിക്കുണ്ട്. സ്ത്രീകളെക്കാള്‍ കുറച്ചു കൂടി കരുതല്‍ പലപ്പോഴും ഞങ്ങള്‍ എടുക്കേണ്ടതായിട്ടുണ്ട്. എളുപ്പത്തില്‍ ശാരീരിക മാനസിക ആക്രമണത്തിനു വിധേയമാകുന്നതു കൊണ്ടാണിത്. സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍നിന്നു മാറിനില്‍ക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ട്രെയിന്‍ യാത്ര ഞാന്‍ മനഃപൂര്‍വ്വം ഒഴിവാക്കാറുണ്ട്. അമിതമായ സ്വാതന്ത്ര്യം ട്രെയിനില്‍ ഉണ്ട്. എവിടെ ചെന്നാലും മലയാളികളുടെ ആത്മരതി സെല്‍ഫിയുടെ രൂപത്തില്‍ വേട്ടയാടുന്നതും വലിയ പ്രയാസമാണ്.

സഹജ് ഇന്റര്‍നാഷണല്‍, ആ പേരില്‍ തന്നെ രാഷ്ട്രീയമുണ്ട്...

ഭിന്നലിംഗക്കാര്‍ എന്നാണ് ഞങ്ങളെ സമൂഹം വിളിക്കുക. സമൂഹത്തിന്റെ ഭാഗമായ ഞങ്ങള്‍ക്കും ഒരു സ്ത്രീയും പുരുഷനും ജീവിക്കുന്നതു പോലെതന്നെ ജീവിക്കാന്‍ അവകാശമുണ്ട്. ഞങ്ങളും ഈശ്വരന്റെ സൃഷ്ടിയാണ്. ശരീരമായല്ലാതെ വ്യക്തികളായി ഞങ്ങളെ പരിഗണിക്കാന്‍ സമൂഹത്തിനാകണമെന്നതു തന്നെയാണ് ഈ സംരംഭത്തിന്റെ പിന്നിലുള്ള ആശയം. ഞങ്ങളുടെ പിറവിയും സഹജമാണ്, സ്വാഭാവികമായി സംഭവിക്കുന്നത്...

ഭിന്നലിംഗം എന്ന പേരു തന്നെ ഞങ്ങളെ അസ്വസ്ഥരാക്കുന്നു. സഹജ് എന്നു വിളിച്ചു കേള്‍ക്കാനാണ് ഞങ്ങള്‍ക്കു താത്പര്യം. തുറിച്ചു നോട്ടങ്ങളും തൊട്ടുതലോടലുകളും ഇല്ലാതെ ആണും പെണ്ണും പരിഗണിക്കപ്പെടുന്നതുപോലെ ഞങ്ങളും പരിഗണിക്കപ്പെടണം. കുടുംബത്തിന്റെ ഉള്ളിലും പുറത്തും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പരിഗണിക്കപ്പെടണം. ലൈംഗിക തൊഴില്‍ ചെയ്ത് ജീവിക്കേണ്ട സ്ഥിതി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് എന്റെ പോരാട്ടം.

[caption id="attachment_70425" align="aligncenter" width="759"] സഹജ് ഇന്റർനാഷണലിന്റെ ഉദ്ഘാടനം[/caption]
സ്‌കൂള്‍ എന്നതിനു പകരം റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്ന ആശയം സ്വീകരിക്കാന്‍ കാരണം?

എത്രയൊക്കെ പുരോഗമനം അവകാശപ്പെട്ടാലും മതം, വിശ്വാസങ്ങള്‍ തുടങ്ങിയവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഒന്നു തുമ്മിയാല്‍തന്നെ അത് വേറേ ഒരുത്തന്റെ പ്രാക്കാണെന്നു പറയുന്നവരാണു ഭൂരിഭാഗം ആളുകളും. എല്ലാ മതഗ്രന്ഥങ്ങളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കുറിച്ചു വ്യക്തമായ പരാമര്‍ശമുണ്ട്. ഇടവക, പരദേവത, ആചാരങ്ങള്‍ എല്ലാം കുടുംബത്തിലേയ്ക്ക് എത്താനുള്ള ഉപാധികളാണ്.

സ്‌കൂള്‍ തുടങ്ങി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വിദ്യാഭ്യാസം നല്‍കുകയെന്നതു മാത്രമല്ല, അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണ് എന്റെ ആഗ്രഹം. Pooling to the society. ഒരു ഗ്രാമത്തില്‍ ചെന്നുതാമസിച്ച്, ആ ഗ്രാമത്തിന്റെ ഭാഗമായി മാറുക. ഇവിടെ ഒരു കല്യാണം നടന്നാല്‍ ഞങ്ങള്‍ അതിന്റെ ഭാഗമാകും. അമ്പലം, പള്ളി, ആചാരങ്ങള്‍ എല്ലാം ഞങ്ങളുടേതും കൂടിയാകും. സമൂഹത്തില്‍നിന്ന് ഒളിച്ചുമാറി ജീവിക്കേണ്ടവരല്ല ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്.

10 പേര്‍ക്കാണ് ആദ്യം പ്രവേശനം അനുവദിക്കുന്നത്. 17 പേര്‍ക്കു താമസിക്കാനുള്ള സൗകര്യം ഉണ്ട്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര് ഇവിടെ വന്നാലും അഭയം നല്‍കാന്‍ തയ്യാറാണ്. 24 മണിക്കൂറും ഭക്ഷണമുണ്ടാകും. സാമ്പത്തികമായി ക്ലേശമുണ്ട്. നാട്ടുകാര്‍ നല്‍കുന്നതുകൊണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടു തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെക്കുറിച്ചുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടു മാറ്റേണ്ടതെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സമൂഹത്തിന്റെ അജ്ഞതകൊണ്ടാണ് ഇതു സംഭവിക്കുന്നത്. സമൂഹത്തിന്റെ അജ്ഞതയിലേയ്ക്കു ടോര്‍ച്ച് അടിച്ചു കാണിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

[caption id="attachment_70426" align="alignnone" width="960"] സഹജ് ഇന്റർനാഷണലിന്റെ ഉദ്ഘാടനവേദി[/caption]

സ്ത്രീയ്ക്കും പരുഷനും താമസിക്കാന്‍ വീടുകള്‍ കൊടുക്കുന്നവര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു കൊടുക്കാന്‍ മടിക്കും. പഠനത്തോടൊപ്പം സൗജന്യതാമസവും ഭക്ഷണവും നല്‍കുമ്പോള്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരും. പത്താം ക്‌ളാസ്, പ്ലസ്ടു തത്തുല്യ വിദ്യാഭ്യാസം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നല്‍കുക എന്നതാണ് ഉദ്ദേശം. ഒപ്പം, പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ക്കു സ്വയം തൊഴില്‍ ചെയ്തു ജീവിതമാര്‍ഗം കണ്ടെത്തുന്നതിനായി തയ്യല്‍, ഡ്രൈവിംഗ്, കരകൗശല വസ്തുക്കളുടെ നിര്‍മാണം, ആഭരണ നിര്‍മാണം തുടങ്ങിയ സ്വയം തൊഴില്‍ പരിശീലനം കൂടി നല്‍കാനും പദ്ധതിയുണ്ട്. ജൂണ്‍ പത്തിനു തന്നെ ഇവിടെ ക്ലാസുകള്‍ ആരംഭിക്കും. നാഷണല്‍ ഓപ്പണ്‍ സിലബസിലായിരിക്കും സ്‌കൂളിന്റെ പ്രവര്‍ത്തനം. കുട്ടികളുടെ വ്യക്തിത്വ വികസനം, തൊഴില്‍ പരിശീലനം തുടങ്ങിയവയും പാഠ്യേതര പദ്ധതികളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠനം മുടങ്ങിയവര്‍ക്കു തുടര്‍പഠനത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി കോളം ഒഴിച്ചിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെങ്കിലും റിസര്‍വേഷന്‍ ഇല്ല...

റിസര്‍വേഷന്‍  ഞങ്ങള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. ഒബിസി കാറ്റഗറിയില്‍ റിസര്‍വേഷന്‍ നല്‍കാമെന്ന സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ റിസര്‍വേഷന്‍ സംവിധാനം പൊളിച്ചെഴുതേണ്ടി വരും. സ്ത്രീയെയും പുരുഷനെയും പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും അംഗീകരിക്കുകയും വിദ്യാഭ്യാസത്തിന് അവസരം നല്‍കുകയും ചെയ്യുക. പ്രൈവറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവേനമില്ലാതെ തൊഴില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാക്കുക. സെക്‌സ് ഐക്കണ്‍ അല്ലാതെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിന്റെ ഭാഗമായി മാറുന്ന കാലത്തിനു വേണ്ടിയാണ് എന്റെ പോരാട്ടം.

ഡിസംബര്‍ 30 നുതന്നെ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ പിന്നിലും വ്യക്തമായ കാരണം ഉണ്ട്?

ഉണ്ട്. 30.12.2016 വെള്ളിയാഴ്ച രാഗിണിയുടെ ജന്മദിനത്തില്‍ തന്നെയാണു ഞാന്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുന്നത്. പഴയ കാലഘട്ടത്തിന്റെ നടിയായ രാഗിണിയോടു പണ്ടേ ഒരു ഇഷ്ടമുണ്ട്. പ്രേം നസീര്‍ ആണ് എന്റെ ഹീറോ. തെലുങ്കില്‍ എന്‍ടി രാമറാവു. 32 വയസ് ആകുന്നതേയുള്ളു എനിക്ക്. അന്‍പതു വയസു കഴിഞ്ഞ ആളെപ്പോലെയാണ് ആളുകള്‍ എന്നെ പരിഗണിക്കുന്നത്. ഇഷ്ടങ്ങളിലും ആ പഴമയുണ്ട്. എല്ലാ വര്‍ഷവും രാഗിണി അനുസ്മരണം നടത്താറുണ്ട്. ആ ദിവസം സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. അന്നേ ദിവസം തന്നെ ഈ സ്‌കൂള്‍ തുറക്കണമെന്നുള്ളതും ഒരു മോഹമായിരുന്നു.[caption id="attachment_70421" align="aligncenter" width="640"] വിജയരാജമല്ലിക[/caption]

കലൂര്‍ പള്ളിയ്ക്കു മുന്‍പില്‍ ചീരക്കച്ചവടം നടത്തിയിട്ടുണ്ട്?


സത്യമാണ്. വിദ്യാഭ്യാസം ഉണ്ടായിട്ടും ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരിൽ തൊഴില്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്തു വന്നാലും ലൈംഗികവൃത്തിയ്ക്കില്ലെന്നു ഞാന്‍ തീരുമാനം എടുത്തിരുന്നു. തന്റെ ശരീരത്തെക്കുറിച്ചു വ്യക്തമായ അവബോധമുളള സ്ത്രീയ്ക്ക് തന്റെ ശരീരത്തിനു വിലപറഞ്ഞു വില്‍ക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

ഞാന്‍ ഈശ്വരവിശ്വാസിയാണ്. നല്ലതു ചെയ്താല്‍ ദൈവവും മനുഷ്യരും നമ്മുടെ കൂടെ നില്‍ക്കുമെന്നാണ് എന്റെ വിശ്വാസം. റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങാന്‍ കെട്ടിടം നോക്കി. 700 പേരെയാണ് ഞാന്‍ ഇതു വരെ കണ്ടത്. സ്‌കൂളിന്റെ മറവില്‍ മാംസക്കച്ചവടം നടത്താന്‍ വേണ്ടിയല്ലേയെന്നു പരിഹസിച്ചവരുണ്ട്. കൂടെ നടന്നു സഹായിച്ചവരുണ്ട്. ഈ കെട്ടിടം സിഎംസി സിസ്റ്റേഴ്‌സ് വെറുതെ തന്നതാണ്. കാത്തലിക്, നോണ്‍ കാത്തലിക് വിഭാഗത്തിന്റെ വലിയ സഹായം ലഭിച്ചിട്ടുണ്ട്. ഒരു തവണ ഭക്ഷണം കഴിക്കാന്‍ ഇല്ലാതെ വന്നപ്പോള്‍ ഞാന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. റേഷനരി വാങ്ങാത്തവരുണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് തരികയാണെങ്കില്‍ ഞങ്ങള്‍ വാങ്ങിച്ചോളാമെന്ന്. അരിയും പച്ചക്കറിയും കൊണ്ടുവന്നു തന്നവരുണ്ട്. റേഷന്‍ കാര്‍ഡുകള്‍ എല്‍പ്പിച്ചവരുണ്ട്. ദൈവത്തിന്റെ കരുണ ഞങ്ങള്‍ പല തരത്തിലും അനുഭവിക്കുന്നുണ്ട്.

Read More >>