പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള പ്രകടനപത്രികകള്‍ പറയുന്നത്...

പഞ്ചാബിന്റെ ഭരണം ഒരു കുടുംബത്തിന്റെ സ്വകാര്യ ബിസിനസ് കാര്യമായി മാറുന്നു എന്ന ഗുരുതര ആരോപണമാണ് ബാദൽ കുടുംബത്തെ പ്രധാനമായും കുഴയ്ക്കുന്നത്.

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള പ്രകടനപത്രികകള്‍ പറയുന്നത്...

വിപിന്‍ പുളിമൂടന്‍ 

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നല്ലവണ്ണം ഏകോപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഗുരുദ്വാരകൾക്ക് ഏറെ സ്വാധീനമുള്ള പഞ്ചാബ് രാഷ്ട്രീയത്തിൽ കാലേക്കൂട്ടിയുള്ള ഒരു പ്രവചനത്തിനും പ്രസക്തിയില്ല.

അകാലിദളിനെ പിന്തുണച്ചു വരുന്ന ഭൂരിപക്ഷം ഗുരുദ്വാരകളും ഒരു നിലപാടും പരസ്യമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.അതിനാല്‍ത്തന്നെ തെരഞ്ഞെടുപ്പ് കാറ്റ് ആര്‍ക്ക് അനുകൂലം എന്നുള്ളത് ഇപ്പോഴും പ്രവചനാതീതം.


പഞ്ചാബിന്റെ ഭരണം ഒരു കുടുംബത്തിന്റെ സ്വകാര്യ ബിസിനസ് കാര്യമായി മാറുന്നു എന്ന ഗുരുതര ആരോപണമാണ് ബാദൽ കുടുംബത്തെ മുഖ്യമായും കുഴയ്ക്കുന്നത്. ബസിനുള്ളില്‍ ദളിത് വിദ്യാർത്ഥിനിയുടെ കൊല്ലപ്പെട്ട സംഭവം നിലവിലെ ഭരണകൂടത്തിനെതിരെ എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ ആയുധമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

കർഷക ആത്മഹത്യ, നോട്ട് നിരോധനം, യുവാക്കളെ ഗുരുതരമായി സ്വാധീനിച്ചിരിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം, ഇവയെല്ലാം ബാദൽ കുടുംബത്തിനെതിരെ തെരഞ്ഞെടുപ്പില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിത്തുറക്കും.

ഒരാഴ്ചയ്ക്കപ്പുറം പഞ്ചാബിലെ ജനങ്ങൾ വിധിയെഴുതുമ്പോൾ അത് ഇന്ത്യാ രാജ്യത്തിന്റെ വരുംദിനങ്ങളുടെ ഭരണചക്രത്തിന്റെ തിരുത്തൽ കൂടിയാകുമെന്ന് ഉറപ്പാണ്.

രാഹുൽഗാന്ധിയും കോൺഗ്രസും അതിജീവനത്തിനായുള്ള പോരാട്ടമാണ് നടത്തുന്നതെങ്കിൽ സുഖ്ഭീർ സിംഗ് ബാദലും കുടുംബവും ഭരണ തുടർച്ചയ്ക്ക് വേണ്ടിയുള്ള തന്ത്രങ്ങൾ മെനയുകയാണ്

ദില്ലിക്കപ്പുറം തങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാൻ സാധിക്കുമെന്നും ജയിച്ചു കയറി വരാൻ കഴിഞ്ഞില്ലെങ്കില്‍ കൂടിയും മുഖ്യപ്രതിപക്ഷമായി മാറുകയുമാണ് ആപ്പിന്റെ ലക്ഷ്യം. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത പോരാട്ടം കാഴ്ച വയ്ക്കുകയും അതുവഴി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ആർക്കും നിഷേധിക്കാൻ പറ്റാത്ത കക്ഷിയായി മാറുന്നതിനും ആം ആദ്മി പാര്‍ട്ടിയും കെജരിവാളും തന്ത്രങ്ങള്‍ മെനയുന്നു.

ഭാവിയില്ലാത്ത പത്രികകള്‍:

സമകാലീനവിഷയങ്ങളില്‍ ഒരു സാധാരണപൗരന്‍ എന്ന കാഴ്ചപാടില്‍ പറയാന്‍ കഴിയുന്ന ഒന്നുണ്ട്: മൂന്നു മുന്നണികളുടെയും പ്രകടനപത്രിക രാജ്യത്തിന്റെ നല്ല ഭാവിയ്ക്കുതകുന്ന ദീർഘവീക്ഷണമുള്ളവയല്ല, മറിച്ച് വോട്ട് ലക്ഷ്യമാക്കി മാത്രമുള്ളവയാണ്.

'ജനപ്രിയ പദ്ധതികള്‍' എന്ന പേരിൽ പ്രഖ്യാപിച്ചുട്ടുള്ളവായില്‍ ഏറെയും വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യം വയ്ക്കുന്നു.

തെരഞ്ഞെടുപ്പ് അടുക്കുന്നതേയുള്ളൂ...വരും ദിനങ്ങളിൽ വ്യക്തിഹത്യയും പുതിയ വിവാദങ്ങളും വരുമെന്നതിലും സംശയമില്ല.