വേണുവും കഥയും വീണ്ടും സന്ധിക്കുന്നു; 15 വര്‍ഷത്തിനു ശേഷം കഥയുമായി വേണു ബാലകൃഷ്ണന്‍

വാര്‍ത്തയുടെ ചൂടന്‍ മുഖമാകുന്നതിനിടയില്‍ വേണുബാലകൃഷ്ണന് മുടങ്ങിപ്പോയ ഒന്നുണ്ട്; കഥയെഴുത്ത്. 15 വര്‍ഷങ്ങള്‍ക്കു ശേഷം വേണു എഴുത്തിലേയ്ക്ക് മടങ്ങിയെത്തുന്നു. സുഭാഷ് ചന്ദ്രന്‍റെ 'ഘടികാരങ്ങള്‍ നിലയക്കുന്ന സമയ'ത്തിനു ശേഷം മാതൃഭൂമി കഥാപുരസ്കാരം വേണുവിന്‍റെ'ഗൗരിയും ഹോംസും വരാന്തയില്‍ സന്ധിക്കുന്നു' എന്ന കഥയ്ക്കായിരുന്നു. ഈ ആഴ്ച സമകാലിക മലയാളത്തില്‍ 'ഉന്നം' പ്രസിദ്ധീകരിക്കുമ്പോള്‍, കഥയിലേയ്ക്കുള്ള തിരിച്ചുവരവിനെ കുറിച്ച് വേണു.

വേണുവും കഥയും വീണ്ടും സന്ധിക്കുന്നു; 15 വര്‍ഷത്തിനു ശേഷം കഥയുമായി വേണു ബാലകൃഷ്ണന്‍

ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും 'ഗൗരിയും ഹോംസും വരാന്തയില്‍ സന്ധിക്കുന്നു' എന്ന കഥ. വേണു ബാലകൃഷ്ണനെന്ന കലാലയ വിദ്യാര്‍ത്ഥിയുടെ ആദ്യകഥ. ഒരു കോളേജ് വിദ്യര്‍ത്ഥിയെഴുതിയ ആദ്യ കഥയ്ക്ക് ഇത്ര പ്രത്യേകത എന്താണെന്നു ചോദിച്ചാല്‍, മാതൃഭൂമിയില്‍ ആ കഥ വായിച്ചവരും നിരൂപകരും പറഞ്ഞു- ഇതാ ഒരു കഥാകൃത്തെന്ന്!

നാളുകള്‍ക്കു ശേഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് ഇറക്കാന്‍ തീരുമാനിച്ചു. വിഷുപ്പതിപ്പിനൊപ്പം കഥയെഴുത്തില്‍ മത്സരമുണ്ട്. ആ കഥാമത്സരത്തിലൂടെ വന്ന എത്രയോ എഴുത്തുകാര്‍. എന്‍.എസ് മാധവനും അയ്മനം ജോണുമെല്ലാം...


വീണ്ടും വിഷുപ്പതിപ്പും മത്സരവും ആരംഭിച്ചപ്പോള്‍ ഒന്നാം സമ്മാനം സുഭാഷ് ചന്ദ്രനായിരുന്നു. 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം' എന്നതായിരുന്നു ആ കഥ. ഇന്നും വായിച്ചു കൊണ്ടേയിരിക്കുന്ന കഥ. കെ. രേഖയെ പോലെ ശക്തരായ എഴുത്തുകാരാണ് ആ വര്‍ഷത്തെ മത്സരത്തിലൂടെ എഴുത്തിലേയ്ക്ക് തെളിഞ്ഞെത്തിയത്.

തൊട്ടു പിറ്റേ വര്‍ഷത്തെ ഒന്നാം സമ്മാനം വേണുബാലകൃഷ്ണന്റെ 'ഗൗരിയും ഹോംസും വരാന്തയില്‍ സന്ധിക്കുന്നു' എന്ന കഥയ്ക്കായിരുന്നു. അന്ന് ഒപ്പം പുരസ്കാരം നേടിയയാളാണ് നോവലിസ്റ്റും അധ്യാപകനുമായ അന്‍വര്‍ അബ്ദുള്ള.അവര്‍ക്കെല്ലാമൊപ്പം വേണുവും എഴുതി. സുഭാഷ് ചന്ദ്രന്‍ മുതലുള്ള തലമുറയുടെ എഴുത്തുകാലം...

അക്കാലം വരെ കവിതയെഴുതിക്കൊണ്ടിരുന്ന വേണു പൊടുന്നനെ എഴുതിയ കഥ. മാതൃഭൂമിയിലെ പുരസ്‌ക്കാരം വലിയ ആവേശമാണുണ്ടാക്കിയത്. കലാകൗമുദിയില്‍ അതിനു മുന്‍പ് കവിതകള്‍ അച്ചടിച്ചു വന്നിട്ടുണ്ട്. എഴുത്തുകാരനാകണമെന്നു മാത്രം മോഹിച്ച് സാഹിത്യ വിദ്യാര്‍ത്ഥിയായ വേണു, കഥയും കവിതയും സന്ധിച്ച കവലയില്‍ നിന്ന് കഥയുടെ വഴിയെ നടന്നു. അന്നു പിന്നിലാക്കിയതാണു കവിതയെ.

രണ്ടാമത്തെ കഥ, 'കാണാതായവരുടെ മന:ശാസ്ത്രം' കലാകൗമുദിയില്‍. കഥയെഴുത്തു തന്നെയാണ് തന്റെ ലോകമെന്നുറപ്പിച്ച് മൂന്നാമത്തെ കഥ ഇന്ത്യാടുഡേയ്ക്ക് അയച്ചു. സുന്ദര്‍ദാസാണ് എഡിറ്റര്‍. ഇന്ത്യാടുഡേ  എഴുത്തുകാരോട് അങ്ങോട്ട് കഥ ചോദിച്ചാണ് പ്രസിദ്ധീകരിക്കുന്നത്. പക്ഷെ ഈ കഥ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു, എന്നു പറഞ്ഞ് വേണുവിന്റെ മൂന്നാമത്തെ കഥ ഇന്ത്യാടുഡേയില്‍ വന്നു- 'വഴി കണ്ടുപിടിക്കാമോ'.

അപ്പോഴേയ്ക്കും സമകാലിക മലയാളം ആരംഭിച്ചു. 'മിഷണറി ഗദ്യത്തിലെ കുഴപ്പങ്ങളെ'ന്ന നാലാമത്തെ കഥ മലയാളത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

ഏതാണ്ട്, ആ നാലാമത്തെ കഥയോടെ എഴുത്ത് നിലയ്ക്കുകയും അപ്പോഴേയ്ക്കും സമകാലിക മലയാളം വാരികയില്‍ പ്രൂഫ് റീഡറായി ചേരുകയും ചെയ്തു. കലാകൗമുദിയില്‍ വെച്ച് കവിതപ്രസിദ്ധീകരിച്ച് എസ്. ജയചന്ദ്രരന്‍ നായര്‍ കണ്ടെത്തിയ വേണുവിലെ പ്രതിഭയ്ക്ക് ജേര്‍ണലിസത്തിന്റെ ദിനങ്ങള്‍ അദ്ദേഹം തന്നെ തുറന്നു കൊടുത്തു. ഗുരുസ്ഥാനീയനായി.

അക്ഷരം തിരുത്തിയും മാറ്റിയെഴുതിയും മാത്രമല്ല, അവസാനത്തെ സ്മാര്‍ത്ത വിചാരം പോലെയുള്ള സ്വതന്ത്രപരിഭാഷകളിലൂടെ ഭാഷയിലും ഭാവനയിലുമുള്ള സ്വാതന്ത്ര്യം പ്രകടിപ്പിച്ച നാളുകള്‍. മാഗസിന്‍ ജേര്‍ണലിസത്തിന്റെ ആ ദിനങ്ങളവസാനിച്ചത് ഏഷ്യനെറ്റില്‍ ടെസ്‌റ്റെഴുതി ജോലി നേടിയതോടെയാണ്.ഏഷ്യാനെറ്റില്‍ രണ്ടുവര്‍ഷം ജോലി ചെയ്തതിനു ശേഷം ഒരിക്കല്‍ കൂടി 2001ല്‍ കഥയെഴുതി- പ്രേം നസീറില്‍ നിന്നും പഠിക്കാനുള്ളത്. അഞ്ചു കഥകളെഴുതിയിരുന്നെങ്കിലും വാര്‍ത്തകളിലൂടെ വേണു പ്രശസ്തനായപ്പോഴും പ്രസാദകരാരും സമീപിച്ചില്ല. വേണു എഴുത്തുകാരനാണെന്ന് എല്ലാവരും മറന്നു പോയിരുന്നു. പ്രമോദ് രാമനെ പോലെ, വേണുവിലെ എഴുത്തുകാരനെ അടുത്തറിയാവുന്നവര്‍, അരികിലിരുന്ന് 'എഴുതെടാ' എന്നു നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.

വേണു വീണ്ടും കഥയെഴുതി എന്നറിയുമ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒപ്പമുണ്ടായിരുന്നവരെല്ലാം സന്തോഷിക്കുന്നുണ്ടാകും. കാരണം അവര്‍ വേണുവില്‍ ഒരു എഴുത്തുകാരനെയാണ് കണ്ടിട്ടുള്ളത്. തീപൊള്ളുന്ന ചോദ്യങ്ങളും വിചാരണകളുമായി ഇടപെടുന്ന വേണുവിനെ മാത്രമാണ് കൂടുതല്‍ മലയാളികളും കണ്ടിട്ടുണ്ടാവുക. ഇതല്ല വേണു, എഴുതുന്ന ഒരു വേണുവുണ്ട് എന്നറിയാവുന്നവരെല്ലാം സന്തോഷിക്കും ഉന്നം എന്ന ആറാമത്തെ കഥ വേണു എഴുതിയത് എറിയുമ്പോള്‍.

"ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എഴുത്തുകാരനാവുകയെന്ന്. വാര്‍ത്തയുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീണ്ടും വായിച്ച് തുടങ്ങിയിട്ടു പോലും ഒരുവര്‍ഷമേ ആകുന്നുള്ളു. ഓഫീസില്‍ ഉഴപ്പിക്കൊണ്ട് കഥയെഴുതാനാവുമായിരുന്നില്ല. വാര്‍ത്തയിലായിരുന്നു മുഴുവനായി. ഇനിയിപ്പോള്‍ കഥയോട് ആത്മാര്‍ത്ഥതയാകാം എന്നാണ് കരുതുന്നത്"- വേണു പറയുന്നു.

ഉന്നം എഴുതി കഴിഞ്ഞു. ഇനി വായനക്കാരിലാണ് ആ കഥ. മലയാള കഥ കൂടുതല്‍ കരുത്തു നേടുന്നതിനിടയില്‍, മാധ്യമപ്രവര്‍ത്തനത്തോട് ഒത്തുതീര്‍പ്പില്ലാത്തൊരാള്‍ കഥയിലേയ്ക്ക് മടങ്ങിയെത്തുന്നത് പ്രതീക്ഷയേറ്റുന്നു. എന്തായിരിക്കും ഉന്നം?

ഒരു വ്യത്യസ്തതയുമില്ലാത്ത പ്രത്യേകതയുമില്ലാത്ത കഥയാണ് ഉന്നം. കുറേ നാളായി പല കഥകളും എഴുതുന്നു. ചിലത് ഒരു പാരഗ്രാഫിന് അപ്പുറം പോകില്ല. ചിലതും കുറച്ചു കൂടി നീളും. എഴുതി പൂര്‍ത്തിയാക്കാനായ കഥയാണ് ഉന്നം എന്നു മാത്രമേയുള്ളു. ഒരു കഥ എഴുതി പൂര്‍ത്തിയാക്കി എന്നതാണ് സംതൃപ്തി- വേണു പറയുന്നു.