ഉത്തർപ്രദേശ്: ഉലയുന്ന എസ് പി – കോൺഗ്രസ്സ് സഖ്യം തിരിച്ചു പിടിക്കാൻ ശ്രമങ്ങൾ

എസ് പിയുമായുള്ള സഖ്യത്തിനെക്കുറിച്ചുള്ള തീരുമാനം ഞായറാഴ്ച അറിയിക്കുമെന്ന് അഖിലേന്ത്യാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു.

ഉത്തർപ്രദേശ്: ഉലയുന്ന എസ് പി – കോൺഗ്രസ്സ് സഖ്യം തിരിച്ചു പിടിക്കാൻ ശ്രമങ്ങൾ

ഉത്തർ പ്രദേശിൽ ഏറെ പ്രതീക്ഷയോടെ രൂപം കൊണ്ട സമാജ് വാദി പാർട്ടി – കോൺഗ്രസ്സ് സഖ്യത്തിൽ സീറ്റ് വിഭജനത്തിന്റെ പേരിൽ ഉണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ തുടരുന്നു. സമാജ് വാദി പാർട്ടി തലവനും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായി ചർച്ച ചെയ്യാൻ കോൺഗ്രസ്സ് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ സമീപിച്ചു.

എസ് പിയുമായുള്ള സഖ്യത്തിനെക്കുറിച്ചുള്ള തീരുമാനം ഞായറാഴ്ച അറിയിക്കുമെന്ന് അഖിലേന്ത്യാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു.


കോൺഗ്രസ്സിന്റെ പ്രിയങ്ക ഗാന്ധി അഖിലേഷ് യാദവുമായി ചർച്ച നടത്തിയെന്നും അറിയുന്നു. അതിനായി ഒരു പ്രത്യേക ദൂതനെ പ്രിയങ്ക ലഖ്നൗവിലേയ്ക്ക് അയച്ചിരുന്നു. കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയും പ്രസ്തുത വിഷയത്തിൽ ഇടപെടുന്നുണ്ടെന്ന് പാർട്ടി വൃന്ദങ്ങൾ പറയുന്നു.

കോൺഗ്രസ്സിന് സ്വാധീനമുള്ള അമേഥി, റായ് ബറേലി എന്നീ മണ്ഡലങ്ങൾ വിട്ടു കൊടുക്കാൻ സമാജ് വാദി പാർട്ടി വിസമ്മതിക്കുന്നതാണ് തർക്കത്തിന്റെ പ്രധാന കാരണം.

എന്നാൽ, കോൺഗ്രസ്സിന് ഉത്തർ പ്രദേശിൽ സ്വാധീനമുണ്ടെന്ന് നടിക്കുകയാണെന്ന് എസ് പി യുടെ നരേഷ് അഗർ വാൾ ആരോപിച്ചു. സഖ്യം ഏതാണ്ട് ഇല്ലാതായതായും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്കൊടുവിൽ കോൺഗ്രസ്സിന് 99 സീറ്റുകൾ കൊടുക്കാമെന്ന് അഖിലേഷ് സമ്മതിച്ചതായി വാർത്തകൾ ഉണ്ട്. ആ വാഗ്ദാനം സമ്മതിച്ചോ നിരസിച്ചോ എന്നു ഔദ്യോഗികമായ അറിയിപ്പ് കോൺഗ്രസ്സിൽ നിന്നും ഇതുവരയും ഉണ്ടായിട്ടില്ല.

Read More >>