ഇന്ത്യ 'ദുര്‍ദിന'ങ്ങള്‍ക്ക്‌ വഴിമാറുകയാണോ?

97 കമ്യൂണിക്കേഷന്‍ ലിമിറ്റഡ്‌ എന്ന കമ്പനിയാണ്‌ പേ ടിഎമ്മിന്റെ ഉടമസ്‌ഥര്‍. ആരാണ്‌ ഈ കമ്പനിയുടെ പിന്നിലുള്ളതെന്ന്‌ അറിയുമ്പോഴാണ്‌ മോദിയുടെ മൊത്തം നീക്കങ്ങളുടെയും നിഗൂഢത മനസ്സിലാകുക.

ഇന്ത്യ

സിബി അവിരപ്പാട്ട്‌

പേടിഎം പ്രചരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യങ്ങളില്‍ പോസ്‌ ചെയ്യുമ്പോള്‍ എന്തും കാണിക്കുന്ന ഒരു 'ഷോമാന്‍' എന്ന്‌ സമാധാനിക്കാന്‍ ജനങ്ങള്‍ക്ക്‌ കഴിയുമോ? ഒരു സ്വകാര്യ പണമിടപാടു കമ്പനിക്കുവേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി പരസ്യമോഡലാകാന്‍ തയ്യാറായതിന്റെ കാരണങ്ങള്‍ കൃത്യമായി ബോധ്യപ്പെടാന്‍ പേ ടി.എം കമ്പനിയുടെ വിശ്വരൂപം മനസ്സിലാക്കണം.

97 കമ്യൂണിക്കേഷന്‍ ലിമിറ്റഡ്‌ എന്ന കമ്പനിയാണ്‌ പേ ടിഎമ്മിന്റെ ഉടമസ്‌ഥര്‍. ആരാണ്‌ ഈ കമ്പനിയുടെ പിന്നിലുള്ളതെന്ന്‌ അറിയുമ്പോഴാണ്‌ മോദിയുടെ മൊത്തം നീക്കങ്ങളുടെയും നിഗൂഢത മനസ്സിലാകുക.


  • ഇതില്‍ 40 ശതമാനം പണം മുടക്കിയിട്ടുള്ളത്‌ 'അലിബാബാ' എന്ന ചൈനീസ്‌ കമ്പനിയാണ്‌.

  • 20 ശതമാനം ഓഹരി 'ആന്‍ഡ്‌ ഫിനാഷ്യല്‍' എന്ന ആലിബാബയുടെ തന്നെ ഉടമസ്ഥതയിലുള്ള  മറ്റൊരു ചൈനീസ്‌ കമ്പനിക്ക്‌.

  • രത്തന്‍ടാറ്റയും ഇതിന്റെ ഓഹരിയുടമയാണ്‌.

  • അമേരിക്കയിലെ വിവാദ ഫിനാന്‍ഷ്യല്‍ കമ്പനിയായ `ഗോള്‍ഡ്‌മാന്‍ സാക്സ്' ഇതിന്റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഉണ്ട്‌.


കൗതുകകരമായിരിക്കുന്നത്‌ ഈ കമ്പനിക്ക്‌ സ്വന്തമായി ഒരു ലാന്‍ഡ്‌ലൈന്‍ ഫോണ്‍ നമ്പര്‍ ഇല്ല എന്നതാണ്‌. കസ്‌റ്റമര്‍ക്ക്‌ കമ്പനിയുമായി ബന്ധപ്പെടാന്‍ വിശ്വസനീയമായ ആശയവിനിമയ സംവിധാനം ഇല്ലെന്നര്‍ഥം.

വിചിത്രമായ മറ്റൊരു കാര്യം കൂടിയുണ്ട്‌. കസ്‌റ്റമര്‍ക്ക്‌ 'റീഫണ്ട്‌' ആയി പണം അവരുടെ അക്കൗണ്ടിലേക്ക്‌ തന്നെ തിരികെ ഇടുന്ന സമ്പ്രദായം പേടിഎമ്മില്‍ ഇല്ല. ആ പണം പേടിഎമ്മിന്റെ തന്നെ അക്കൗണ്ടിലിട്ട്‌ മറ്റേതെങ്കിലും ഉല്‍പ്പന്നം വാങ്ങാനേ കഴിയൂ. വാങ്ങിയ 'സാധനം' എന്തെങ്കിലും തകരാറുള്ളതാണെങ്കിലോ? സഹിക്കുക മാത്രമേ വഴിയുള്ളു. ഉപഭോക്‌താവ്‌ ഇമെയില്‍ അയച്ചുവശം കെടും.

പേടിഎം എവിടെയൊക്കെയാണ്‌ വ്യാപാരം നടത്തുന്നതെന്ന്‌ കൂടി അറിഞ്ഞാല്‍ അവരുടെ സ്വഭാവം കുറേ കൂടി വ്യക്‌തമാകും. നൈജീരിയ, അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ പേ ടി.എമ്മിന്റെ കറവപ്പശുക്കളാണ്‌ എന്നു പറയാം.

  • നൈജീരിയ ഓണ്‍ലൈന്‍ തട്ടിപ്പിന്‌ കുപ്രസിദ്ധിയാര്‍ജിച്ച രാജ്യമാണ്‌. കേരളത്തില്‍ ഒറ്റ വരവിന്‌ രണ്ട്‌ നൈജീരിയക്കാര്‍ എ.ടി.എം കവര്‍ച്ചയിലൂടെ മലയാളികളുടെ പണം തട്ടിയത്‌ അടുത്തിടെയാണ്‌.

  • അഫ്‌ഗാനിസ്‌ഥാന്‍ ഭീകരവാദം, മയക്കുമരുന്ന്‌ തുടങ്ങി താലിബാനിസത്തിനും നീതിനിഷേധത്തിനും മനുഷ്യരെ ഇരകളാക്കുന്ന രാജ്യം.

  • ബംഗ്ലാദേശ്‌ ലോകം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹാക്കിങ്‌ നടന്ന രാജ്യം. 2016 ഫെബ്രുവരി നാലിനും അഞ്ചിനും ഇടക്ക്‌ അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ്വിന്റെ ബംഗ്ലാദേശ്‌ സെന്‍റര്‍ ബാങ്ക്‌ അക്കൗണ്ടില്‍ നിന്നും ഏകദേശം 81 മില്യണ്‍ കോടി ഡോളറാണ്‌ അപ്രത്യക്ഷമായത്‌. പണം എത്തിചേര്‍ന്നത്‌ മനിലയിലും. ഫിലിപൈന്‍സിലെ അക്കൗണ്ടുകളിലെത്തിയ പണം ഭൂരിഭാഗവും പോയത്‌ അവിടുത്തെ ചൂതാട്ട കേന്ദ്രങ്ങളിലേക്കാണ്‌.


ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്ക്‌ ഗവര്‍ണര്‍ രാജിവച്ചെങ്കിലും ആ രാജി വാര്‍ത്ത മാദ്ധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതുവരെ ലോകം അറിഞ്ഞില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ്‌ പറയുന്നത്‌ ഹാക്കര്‍മാര്‍ക്ക്‌ അവരുടെ സിസ്‌റ്റം ഭേദിക്കാന്‍ കഴിഞ്ഞില്ലെന്നാണ്‌.

ഫെഡറല്‍ റിസര്‍വ്വ്‌ ബാങ്ക്‌ ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടര്‍മാരില്‍ ഒരാള്‍ `ഗോള്‍ഡ്‌ മാന്‍ സാക്സ്' എന്ന ഇന്‍വെസ്‌റ്റ്‌മെന്‍റ്‌ കമ്പനിയാണ്‌. ഈയിടെ അമേരിക്കയിലെ പലിശനിരക്ക്‌ നിശ്ചയിച്ച ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ്‌ കമ്മിറ്റിയിലെ അഞ്ച്‌ പേരില്‍ നാല്‌ പേരും ഗോള്‍ഡ്‌മാന്‍ സാക്സ് എക്‌സിക്യൂട്ടീവിസ്‌ ആണ്‌ എന്നറിയുമ്പോഴാണ്‌ അവരുടെ വലിപ്പം മനസ്സിലാവുക.
അമേരിക്കയെ നടുക്കിയ ഗ്രേറ്റ്‌ ഡിപ്രഷന്റെ സൂത്രധാരകര്‍ എന്ന്‌ ലോകം ഇപ്പോഴും വിശ്വസിക്കുന്ന കുപ്രസിദ്ധ സ്‌ഥാപനമാണ്‌ `ഗോള്‍ഡ്‌മാന്‍ സാക്സ്'.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമോഡലാകുന്നത്‌ ഇത്തരം കമ്പനികളുടെ വളര്‍ച്ചക്ക്‌ വേണ്ടിയാകുമ്പോള്‍ അത്‌ നല്‍കുന്ന സന്ദേശം എന്താണ്‌ ? ചൈനക്കാര്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായിട്ടുള്ള ഇത്തരം ഒരു കമ്പനിക്ക്‌ യഥേഷ്‌ടം നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പറുകളും പാസ്‌വേഡുകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളപ്പോള്‍ എന്തിനാണ്‌ ഇന്ത്യന്‍ പ്രധാനമന്ത്രി അവരുടെ പരസ്യത്തിന്‌ മോഡലാകുന്നത്‌ ?



ചൈനയിലെ കുപ്രസിദ്ധരായ 'ഡാര്‍ക്‌ ആര്‍മി' എന്ന ഹാക്കേഴ്‌സിന്‌ പേടിഎം അക്കൗണ്ടുകള്‍ യഥേഷ്‌ടം ദുരുപയോഗം ചെയ്യാന്‍ കഴിയും. രാജ്യസുരക്ഷയെക്കുറിച്ചു വാചാലനാകുന്ന പ്രധാനമന്ത്രി, ഇത്രയും ഭീകരമായ സുരക്ഷാവിള്ളലിനു കൂട്ടുനില്‍ക്കുന്നതിന്റെ പിന്നിലെ സത്യാവസ്‌ഥ ദുരൂഹമായി തുടരുകയാണ്‌.

ഇന്ത്യ 'ദുര്‍ദിന'ങ്ങള്‍ക്കു വഴിമാറുകയാണോ?