ലക്ഷ്മി നായര്‍ക്കെതിരായ സര്‍വ്വകലാശാല നടപടി അഞ്ചുവര്‍ഷത്തെ വിലക്കില്‍ ഒതുങ്ങി; തുടര്‍നടപടികള്‍ സര്‍ക്കാരിനു വിട്ടു

വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍, ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള അക്കാദമിക് വിഷയങ്ങളില്‍ സര്‍വ്വകലാശാല തീരുമാനമെടുക്കും. മറ്റു കാര്യങ്ങളില്‍ സര്‍ക്കാരിനാണ് തീരുമാനമെടുക്കാന്‍ അവകാശമെന്നാണ് സിന്‍ഡിക്കേറ്റിന്റെ നിലപാട്. പ്രിന്‍സിപ്പലിനെതിരെ ഉചിതമായ നടപടി വേണമെന്നു മാത്രം ശുപാര്‍ശ ചെയ്യുന്ന പ്രമേയം ഉപസമിതി കണ്‍വീനറാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഈ പ്രമേയത്തെ ഒമ്പത് അംഗങ്ങളാണ് അംഗീകരിച്ചത്. എന്നാല്‍ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സിപിഐ അംഗവും എതിര്‍ത്തപ്പോള്‍ ഒരു കോണ്‍ഗ്രസ് അംഗവും ലീഗ് അംഗവും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

ലക്ഷ്മി നായര്‍ക്കെതിരായ സര്‍വ്വകലാശാല നടപടി അഞ്ചുവര്‍ഷത്തെ വിലക്കില്‍ ഒതുങ്ങി; തുടര്‍നടപടികള്‍ സര്‍ക്കാരിനു വിട്ടു

തിരുവനന്തപുരം ലോ അക്കാദമി വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ സര്‍വ്വകലാശാല നടപടി അഞ്ചുവര്‍ഷത്തെ വിലക്കില്‍ ഒതുങ്ങി. പരീക്ഷാ ചുമതലകളില്‍ നിന്നുമാത്രമാണ് അഞ്ചുവര്‍ഷത്തെ വിലക്ക്. അതേസമയം, തുടര്‍ നടപടികള്‍ സര്‍ക്കാരിനു തീരുമാനിക്കാമെന്ന പ്രമേയം സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. വോട്ടെടുപ്പിലൂടെയാണ് ഇക്കാര്യം പാസ്സായത്.

സ്ഥാപനത്തിലെ അക്കാദമിക വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മാത്രമാണ് സര്‍വ്വകലാശാലക്കു കഴിയുകയെന്നും മറ്റു കാര്യങ്ങളില്‍ സര്‍ക്കാരിനാണ് തീരുമാനമെടുക്കാന്‍ അവകാശമെന്നുമാണ് സിന്‍ഡിക്കേറ്റിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ലക്ഷ്മി നായരുടെ ഭാവി മരുമകളും ലോ അക്കാദമി വിദ്യാര്‍ത്ഥിയുമായ അനുരാധ പി നായരുടെ പരീക്ഷാ ഫലങ്ങള്‍ പുനഃപ്പരിശോധിക്കാനും ഹോസ്റ്റലിലെ ക്യാമറകള്‍ പുനഃക്രമീകരിക്കാനും സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്യാമറകള്‍ മാറ്റിസ്ഥാപിച്ച ശേഷം സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.


പ്രിന്‍സിപ്പലിനെതിരെ ഉചിതമായ നടപടി വേണമെന്നു മാത്രം ശുപാര്‍ശ ചെയ്യുന്ന പ്രമേയം ഉപസമിതി കണ്‍വീനറാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഈ പ്രമേയത്തെ ഒമ്പത് അംഗങ്ങളാണ് അംഗീകരിച്ചത്. എന്നാല്‍ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സിപിഐ അംഗവും എതിര്‍ത്തപ്പോള്‍ ഒരു കോണ്‍ഗ്രസ് അംഗവും ലീഗ് അംഗവും വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ശരിവെയ്ക്കുന്ന രീതിയില്‍ ഗുരുതരമായ നിയമലംഘനമാണ് പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടാണ് ഉപസമിതി സര്‍വ്വകലാശാലയ്ക്കു സമര്‍പ്പിച്ചത്. തുടര്‍ന്ന് ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ഐകകണ്‌ഠേന അംഗീകരിച്ചിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലിനെതിരായ നടപടിയില്‍ അംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്നും അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ അവരെ അഞ്ചുവര്‍ഷത്തേക്ക് ലോ അക്കാദമിയുടെ എല്ലാവിധ ചുമതലകളില്‍ നിന്നു മാറ്റിനിര്‍ത്തണമെന്നുള്ള നിര്‍ദേശമാണ് എല്‍ഡിഎഫ് അംഗങ്ങള്‍ മുന്നോട്ടുവച്ചത്.
രാജി തീരുമാനം സര്‍ക്കാരിനും മാനേജ്‌മെന്റിനും വിടണമെന്ന അഭിപ്രായവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് നടപടി സര്‍ക്കാരിനു വിടണമെന്ന കാര്യംതീരുമാനിക്കാന്‍ വോട്ടെടുപ്പ് നടത്തിയത്.

Read More >>