എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍: സമരം സംസ്ഥാനവ്യാപകമാക്കും; ക്ലാസ് ബഹിഷ്‌കരിക്കും

പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ സംയുക്ത സമരസമിതി സമരം തുടങ്ങിയതിനു ശേഷമെത്തിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിച്ചെന്ന് എഐഎസ്എഫും കെഎസ്‌യുവും ആരോപിച്ചു. ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നതാണ് ആദ്യംമുതല്‍തന്നെ കെഎസ് യു-എഐഎസ്എഫ്-എംഎസ്എഫ് സംയുക്ത സമര സമിതിയുടെ ആവശ്യമെന്നും ഇപ്പോഴും ആ നിലപാടില്‍നിന്നും പിന്നോട്ടുപോയിട്ടില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.

എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍: സമരം സംസ്ഥാനവ്യാപകമാക്കും; ക്ലാസ് ബഹിഷ്‌കരിക്കും

പ്രിന്‍സിപ്പില്‍ അഞ്ചുവര്‍ഷത്തേക്കു സ്ഥാനമൊഴിയുമെന്ന ഉറപ്പിന്മേല്‍ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചെങ്കിലും രാജിയില്‍ രാജിയില്ലെന്നുറച്ച് മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍. പ്രിന്‍സിപ്പല്‍ രാജി വയ്ക്കാതെ അഞ്ചുവര്‍ഷത്തേക്കു മാറിനില്‍ക്കാമെന്ന മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിച്ച് സമരം അവസാനിപ്പിച്ച എസ്എഫ്‌ഐ നിലപാടിനെതിരെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളും മറ്റു വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി.

പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ സംയുക്ത സമരസമിതി സമരം തുടങ്ങിയതിനു ശേഷമെത്തിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിച്ചെന്ന് എഐഎസ്എഫും കെഎസ്‌യുവും ആരോപിച്ചു. ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നതാണ് ആദ്യംമുതല്‍തന്നെ കെഎസ് യു-എഐഎസ്എഫ്-എംഎസ്എഫ് സംയുക്ത സമര സമിതിയുടെ ആവശ്യമെന്നും ഇപ്പോഴും ആ നിലപാടില്‍നിന്നും പിന്നോട്ടുപോയിട്ടില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.

നാളെ കെഎസ്‌യു-എഐഎസ്എഫ്-എംഎസ്എഫ്, എബിവിപി സംഘടനകള്‍ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാനും സംയുക്തസമര സമര സമിതി തീരുമാനിച്ചു.

മാനേജ്‌മെന്റിന്റെ തീരുമാനം സംയുക്തസമര സമിതിക്ക് അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ സമരം ശക്തമായി തുടരാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ലോ അക്കാദമി സമരം സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുമെന്നും എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്നും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റി മാത്യു നാരദാ ന്യൂസിനോടു പറഞ്ഞു.

സമര രംഗത്തുള്ള ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളും മാനേജ്‌മെന്റിന്റെ തീരുമാനത്തെ തള്ളി രംഗത്തെത്തി. രാജി എന്നതാണ് തങ്ങളുടെ ആവശ്യമെന്നും അതില്‍കുറഞ്ഞൊരു നടപടിക്കും വഴങ്ങില്ലെന്നും അവര്‍ പറഞ്ഞു. അത്രത്തോളം പീഡനം തങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും ഗുരുതരമായ നിയമലംഘനം കാണിച്ച പ്രിന്‍സിപ്പല്‍ താല്‍ക്കാലികമായി മാറിനിന്നാല്‍പ്പോരെന്നും വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ രാജി വച്ചുപുറത്തു പോവണമെന്നും അതുവരെ സമര രംഗത്തുണ്ടാവുമെന്നും എബിവിപിയും അറിയിച്ചു.

അതേസമയം, ലക്ഷ്മി നായര്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്താമെന്നാണ് ഉറപ്പുനല്‍കിയിരിക്കുന്നതെന്നും ഡയറക്ടര്‍ നാരായണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാലയളവില്‍ ഫാക്കല്‍റ്റിയായും ലക്ഷ്മി നായര്‍ ഉണ്ടാവില്ല. എന്നാല്‍ ക്യാമ്പസില്‍ പ്രേവേശിക്കില്ലെന്ന് ഉറപ്പുനല്‍കിയിട്ടില്ല.

എന്നാല്‍, ലോ അക്കാദമിയിലെ ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു എല്ലാവരുടേയും പിന്തുണ വേണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടു.അതേസമയം, പ്രിന്‍സിപ്പല്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ലോ അക്കാദമിയില്‍ നാളെ മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നു മാനേജ്‌മെന്റ് വ്യക്തമാക്കി. ക്ലാസില്‍ കയറുമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചപ്പോള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും സമരം തുടരുമെന്നും മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ തുറന്നടിച്ചു.

Read More >>