നദിക്കെതിരെ യുഎപിഎ: പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍; സര്‍ക്കാരും ഡിജിപിയും പറഞ്ഞത് നുണ

ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ നിന്നു സ്വതന്ത്രനാക്കിയ സ്വതന്ത്രമാധ്യമ പ്രവര്‍ത്തകന്‍ നദീറിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെന്ന വസ്തുത ഹൈക്കോടതിയിലൂടെ പുറത്തു വന്നു. മാവോയിസ്റ്റ് വിരുദ്ധ ലേഖനമെഴുതിയ നദീറിനെ മാവോയിസ്റ്റാക്കുകയാണ് പൊലീസ്- കേസെടുത്തിട്ടില്ലെന്ന നുണ പൊലീസ് പറഞ്ഞത് എന്തിന്?

നദിക്കെതിരെ യുഎപിഎ: പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍; സര്‍ക്കാരും ഡിജിപിയും പറഞ്ഞത് നുണ

സര്‍ക്കാരും ഡിജിപിയും പറഞ്ഞത് നുണ. മനുഷ്യാവകാശസ്വതന്ത്രമാധ്യമ പ്രവര്‍ത്തകനായ നദീറിനെതിരെ (27- നദി) യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലാണ് നദിക്കെതിരെ കേസെടുത്തിട്ടുണ്ട് എന്ന റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചത്.

ആറളത്ത് തോക്കു ചൂണ്ടി മാവോയിസ്റ്റു ലഘുലേഖ വിറ്റവരുടെ സംഘത്തിലെ 'കണ്ടാല്‍ തിരിച്ചറിയാവുന്ന' വ്യക്തിയാക്കാന്‍ വഴിയില്‍ നിന്നു പിടിച്ചു കൊണ്ടുപോയ നദിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല എന്ന നുണയാണ് ഇതോടെ പൊളിയുന്നത്.


ഐപിസി, യുഎപിഎ, ആയുധനിയമം എന്നിവയിലെ വകുപ്പുകളാണ് ആറളത്തെ കേസിലെ പ്രതികളുടെ പേരിലുള്ളത്. പ്രസ്തുത കേസില്‍ നദീറിനെ പ്രതിചേര്‍ക്കുന്നതിലൂടെ ആ വകുപ്പുകളെല്ലാമാണ്  ചുമത്തപ്പെടുക.

ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ കസ്റ്റഡിയിലെടുത്ത കമല്‍ സി ചവറയ്ക്ക് ആശുപത്രിയില്‍ കൂട്ടിരിക്കുകയായിരുന്ന നദീറിനെ, ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണ് എന്ന പേരിലാണ് പൊലീസ് പിടിച്ചു കൊണ്ടുപോയത്.

മാവോയിസ്റ്റ് വിരുദ്ധ ലേഖനങ്ങളെഴുതുകയും മാവോയ്‌സ്റ്റ് സായുധ പ്രവര്‍ത്തനങ്ങള്‍ വിഢിത്തമാണെന്ന് നിലപാടെടുക്കുകയും ചെയ്തിട്ടുള്ള നദിയെ മാവോയിസ്റ്റാക്കാന്‍ പൊലീസ് നടത്തിയ ശ്രമത്തിനെതിരെ കേരളം ശക്തമായാണ് പ്രതികരിച്ചത്.

എസ്എഫ്‌ഐ നേതാവായിരുന്ന നദീറിനെ കള്ളക്കേസില്‍ കുടുക്കാനും യുഎപിഎ ചുമത്താനുമുള്ള നീക്കത്തിനെതിരെ സിപിഎം, സിപിഐ തുടങ്ങി ഭരണപക്ഷത്തെ പ്രധാന പാര്‍ട്ടികളെല്ലാം തന്നെ രംഗത്തു വന്നു. ശക്തമായ പ്രതിഷേധമാണ് കേരളമെമ്പാടും ഉയര്‍ന്നത്. പൊലീസിനെ ഭരിക്കുന്നത് ആര്‍എസ്എസ് ആണെന്ന ഗൗരവമേറിയ വിമര്‍ശനത്തിന് അതിടയാക്കി. തുടര്‍ന്ന് പൊലീസിന്റെ തലപ്പത്ത് വന്‍അഴിച്ചു പണിയാണ് നടന്നത്.

നിരപരാധിയാണ് നദിയെന്ന് ആവര്‍ത്തിച്ച് ബോധ്യപ്പെട്ടിട്ടും യുഎപിഎ ചുമത്തിയെന്ന റിപ്പോര്‍ട്ട് സര്‍ക്കാരും പൊലീസും തമ്മിലുള്ള ഭിന്നത വ്യക്തമാക്കുന്നു. മന്ത്രിസഭയ്ക്ക് നിയന്ത്രണമില്ലാത്ത പൊലീസാണ് ബെഹ്‌റയുടെ നേതൃത്വത്തിലുള്ളത് എന്നതിന് നദീറിന്റെ കേസ് തന്നെയാകും ഇനിയുള്ള പ്രധാന ഉദാഹരണം

27 മണിക്കൂര്‍ നീണ്ട നാടകത്തിനു ശേഷം നദിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയായിരുന്നു കേസെടുത്തിട്ടില്ല എന്നു പറഞ്ഞ് സ്വതന്ത്രമാക്കി. ഡിജിപിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആറളത്ത് ആദിവാസികള്‍ നദിയെ തിരിച്ചറിഞ്ഞിട്ടില്ല എന്നും ഡിജിപി പറഞ്ഞിരുന്നു. പിന്നെ ഏതു തെളിവിന്‍റെ പേരിലാണ് നദിയെ പ്രതിചേര്‍ത്തതെന്ന് വ്യക്തമാക്കേണ്ടിവരും.
ജനുവരി നാലിന് ആറളം പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് നദിയെ സ്വതന്ത്രമാക്കിയത്. എതിര്‍പ്പിനെ തുടര്‍ന്ന് പൊലീസ് നടത്തിയത് നാടകം മാത്രമായിരിക്കും എന്ന സംശയത്തെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഈ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു പൊലീസില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടിലാണ് പ്രതിയാണെന്ന വിവരം പുറത്തുവന്നത്.

നദിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് നുണ പറഞ്ഞവരെല്ലാം മറുപടി പറയേണ്ടി വരും.

സിപിഎം കേന്ദ്രക്കമ്മറ്റി മുതല്‍ സകല ഇടതു പാര്‍ട്ടികളുടേയും നേതാക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും നദീറിന്റെ അമ്മ സുഹ്‌റ കത്തെഴുതിയിരുന്നു. ഈ കത്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്രക്കമ്മറ്റി പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്.

Read More >>