ട്രംപിന്റെ 'പരിഷ്‌കാരങ്ങള്‍' ഫലം കാണുന്നു; മുസ്ലീം വിമാന ജീവനക്കാരിക്ക് നേരെ ന്യൂയോര്‍ക്കില്‍ ആക്രമണം

ട്രംപ് നിങ്ങളെയൊക്കെ ചവിട്ടിപ്പുറത്താക്കും എന്ന് ആക്രോശിച്ചാണ് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു യാത്രക്കാരന്‍ യാതൊരു പ്രകോപനവുമില്ലാതെ ഹിജാബ് ധരിച്ച മുസ്ലീം വിമാന ജീവനക്കാരിയെ ആക്രമിച്ചത്.

ട്രംപിന്റെ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്ലീങ്ങളോട് സ്വീകരിക്കുന്ന വിദ്വേഷ നിലപാടിന്റെ ആദ്യ ഇരയായി അമേരിക്കയിലെ വിമാന ജീവനക്കാരി. ഡെല്‍റ്റ എയര്‍ലൈന്‍സിലെ ജീവനക്കാരിക്കാണ് ശാരീരിക ആക്രമണവും അധിക്ഷേപവും നേരിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് റോബിന്‍ റോഡ്‌സ് എന്ന വോചെസ്റ്റര്‍ സ്വദേശിയെ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹിജാബ് ധരിച്ച റാബിയ ഖാന്‍ എന്ന യുവതിയെ കണ്ട റോബിന്‍ യാതൊരു കാരണവുമില്ലാതെ പ്രകോപിതനാകുകയും ചീത്തവിളിയോടെ അവരെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇസ്ലാമിനേയും ഇസ്ലാമിക് സ്റ്റേറ്റിനേയും ചീത്ത വിളിച്ച ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയും ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടരുകയും ചെയ്തു.


'ഇവിടെ ട്രംപുണ്ട്. അദ്ദേഹം നിങ്ങളെ പുറത്താക്കും. നിങ്ങളെപ്പോലുള്ളവര്‍ക്ക് അഭയത്തിനായി ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങളോട് സഹായം ആവശ്യപ്പെടുക' എന്നാണ് ഇയാള്‍ യുവതിയോട് ആക്രോശിച്ചത്. വംശീയ വിദ്വേഷത്തിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. സംസ്‌കാരികമായി ഉന്നമനം പ്രാപിച്ച രാജ്യത്ത് വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റങ്ങള്‍ യാതൊരു കാരണവശാലും പൊറുക്കാനാവുന്നതല്ലെന്ന് ക്വീന്‍സ് ജില്ലാ അറ്റോര്‍ണി ജനറല്‍ റിച്ചാര്‍ഡ് പറഞ്ഞു. മസാച്വേറ്റ്‌സിലേ വിമാനത്തിനായി കാത്തിരിക്കുകയായിരുന്ന റോബിന്‍ ഡെല്‍റ്റ എയര്‍ലൈന്‍സ് ഓഫീസിന്റെ വാതില്‍ക്കലെത്തി റാബിയയോട് പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.

നിങ്ങള്‍ ഉറങ്ങുകയാണോ, നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണോ എന്നിങ്ങനെ ചോദിച്ച ശേഷം ഇയാള്‍ ഓഫീസിന്റെ വാതിലില്‍ ശക്തമായി ഇടിച്ചു. ഇതോടെ വാതില്‍ പൊളിഞ്ഞ് റാബിയ ഇരുന്ന കസേരയിലേക്ക് വീണു. ഇത് ചോദ്യം ചെയ്ത റാബിയയോട് ഞാന്‍ നിന്നെ തൊഴിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് റോബിന്‍ അവരുടെ ഇടതുകാലില്‍ തൊഴിച്ചു. ഇതോടെ ഭയന്ന് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ച റാബിയയെ ഇയാള്‍ തടഞ്ഞുവെച്ചു. ഇതിനിടെ സംഭവത്തില്‍ ഒരാള്‍ ഇടപെട്ടതോടെ റാബിയ ഓഫീസിന് പുറത്തിറങ്ങി ഓടി. അതോടെ റോബിന്‍ ഇസ്ലാം മതത്തെ ചീത്ത വിളിച്ചകൊണ്ട് യുവതിയെ പിന്തുടര്‍ന്നു. കുറ്റം തെളിഞ്ഞാല്‍ റോബിന് നാല് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും.