ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്നും പഠിച്ച പാഠങ്ങളും പെന്റഗണില്‍ ജീവന്‍ നഷ്ടവരേയും മറക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അവരോട് ആദരവു കാണിക്കുന്നത് വാക്കുകള്‍ കൊണ്ടു മാത്രമല്ലെന്നും പ്രവര്‍ത്തികൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സോമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളെ രാജ്യത്തു കടക്കുന്നതു തടയുന്നതിന്റെ ഭാഗമായാണു ഈ നടപടിയെന്നു ട്രംപ് പറഞ്ഞു.

സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യാനികളായവര്‍ക്കു പ്രഥമ പരിഗണന നല്‍കുമെന്നും ട്രംപ് അറിയിച്ചു. 'തീവ്രവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള നടപടിയാണിത്. തീവ്രവാദ മനോഭാവമുള്ളവര്‍ അമേരിക്കയില്‍ വേണ്ട. അമേരിക്കയെ സ്‌നേഹിക്കുകയും അകമഴിഞ്ഞു പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ക്കു ഇവിടെ ജീവിക്കാം'- ട്രംപ് പറഞ്ഞു.


വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നിന്നും പഠിച്ച പാഠങ്ങളും പെന്റഗണില്‍ ജീവന്‍ നഷ്ടവരേയും മറക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അവരോട് ആദരവു കാണിക്കുന്നത് വാക്കുകള്‍ കൊണ്ടു മാത്രമല്ലെന്നും പ്രവര്‍ത്തികൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു. 'പ്രൊട്ടക്ഷന്‍ ഓഫ് ദി നേഷന്‍ ഫ്രം ഫോറിന്‍ ടെററിസ്റ്റ് എന്‍ട്രി ഇന്‍ടു ദി യുഎസ്' എന്ന പേരിലാണ് ഉത്തരവു പുറത്തിറങ്ങിയിരിക്കുന്നത്.

ലോകത്തെ ഞെട്ടിച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷവും തീവ്രവാദികള്‍ രാജ്യത്തു കടന്നിരുന്നുവെന്നും ട്രംപ് പറഞ്ഞു. രാജ്യത്തേക്കുള്ള തീവ്രവാദികളുടെ പ്രവേശനം തടയാന്‍ മുന്‍ അമേരിക്കന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്ന് ഉത്തരവില്‍ ട്രംപ് കുറ്റപ്പെടുത്തി.

ഡെമോക്രാറ്റുകളും മനുഷ്യാവകാശ സംഘടനകളും ട്രംപിന്റെ ഉത്തരവിനെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീമുങ്ങളോടുള്ള വിവേചനം ഉത്തരവില്‍ പ്രകടമാകുന്നുവെന്നും ക്രിസ്ത്യാനികളായ അഭയാര്‍ത്ഥികള്‍ക്കു പ്രഥമ പരിഗണന നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.