ബിഎ പട്ടിണി; അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ക്കായി മഹാരാജാസില്‍ 'പ്രത്യേക' കോഴ്‌സ്!

മഹാരാജാസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്ന അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ ഏഴുമാസമായി പട്ടിണിയില്‍. ഇടമലക്കുടിയിലെ കുട്ടികള്‍ വിശപ്പ് സഹിക്കാതെ മടങ്ങിപ്പോയി- ഉറങ്ങാനോ, പഠിക്കാനോ, ഇടമില്ലാതെ പട്ടിണിയും അലച്ചിലും മൂലം ഇവര്‍ ആകെത്തളര്‍ന്നു.

ബിഎ പട്ടിണി; അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ക്കായി മഹാരാജാസില്‍

പാലക്കാട് നഗരത്തിലേയ്ക്ക് എത്താന്‍ മൂന്നു മണിക്കൂര്‍. അവിടെ നിന്നു ട്രെയിനിലോ ബസിലോ എറണാകുളത്തെത്താനുള്ള സമയം അതിലുമേറെ. അത്രയേറെദൂരം താണ്ടി, കാടിറങ്ങി, അട്ടപ്പാടിയിലെ വടക്കേത്തറയില്‍ നിന്നും സ്വപ്നങ്ങള്‍ സ്വരുക്കൂട്ടി എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കാന്‍ വന്ന നാല് ആണ്‍കുട്ടികള്‍.

അവര്‍ പ്രവേശനം നേടിയത് ഇക്കണോമിക്‌സിനും പൊളിറ്റിക്സിനും ഫിലോസഫിക്കുമാണെങ്കിലും ഇപ്പോള്‍ അറ്റന്‍ഡ് ചെയ്യുന്നത് ബി.എ പട്ടിണിക്കാണ് - ആദിവാസി കുട്ടികള്‍ക്കുള്ള 'പ്രത്യേക' കോഴ്‌സ്. നാലു നേരവും പട്ടിണിയുടെ  ക്ലാസുണ്ട്. വിശപ്പിന്‍റെ  സിലബസ് താങ്ങാനാവാതെ സംസ്ഥാനത്തെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ നിന്നും വന്ന രഘുവും ശിവകുമാറും ആരോടും പറയാതെ  തിരികെ കാടുകയറി.


നവജാത ശിശുക്കള്‍ മരിക്കുന്ന അട്ടപ്പാടിയില്‍, ഭാവിയിലേയ്ക്ക് ഉദിക്കാനുള്ള പ്രേരണയായി ചിലരുണ്ട്. ഡോക്ടര്‍ ഗോപിയെ പോലെ ചിലര്‍. പുതിയ തലമുറയിലെ ദന്തിസ്റ്റായ ദീപ. എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ രംഗസ്വാമി. ഈ കുട്ടികള്‍ വളര്‍ന്നത് അവരെ കണ്ടാണ്. അട്ടപ്പാടിയിലെ ഊരുകളില്‍ നിന്ന്  അവര്‍ കാടിറങ്ങി പഠിക്കാന്‍ പോയ വഴികളിലൂടെ കോളേജുകളിലേയ്ക്ക് ഇറങ്ങി വന്ന തലമുറയാണിത്. അവരെയാണ് മെട്രോ നഗരത്തിലെ പട്ടിണി മടങ്ങിപ്പോകാനായി വിരട്ടുന്നത്.

[caption id="attachment_76739" align="aligncenter" width="572"] ജയറാം, വിഘ്നേഷ്, മല്ലേഷ്, ഹരീഷ്[/caption]

ഈ വിദ്യാർത്ഥികൾ ഏഴുമാസമായി പട്ടിണിയിലാണ്.
'ക്ളാസിലെ കൂട്ടുകാര് അവരുടെ പത്രത്തീന്നു 
തരുന്ന ഷെയറ് ഉച്ചയ്ക്ക് കഴിക്കും. അത്ര തന്നെ' - പറയുമ്പോള്‍ ജയറാമിന്റെ മുഖത്ത് ഒരു ചിരിയായിരുന്നു. അതേസമയം അതൊരു ചിരിയല്ലായിരുന്നു!

മല്ലേഷ്, ജയറാം, വിഗ്നേഷ്- മഹാരാജാസിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍. ഏഴുമാസമായി ഇവര്‍ പട്ടിണിയിലാണ്. താമസിക്കാന്‍ ഇടമില്ലാതെ അലയുകയാണ്. നാലാമനായ ഹരീഷിന് തല്‍ക്കാലം ഒരഭയം കിട്ടി.

സൗജന്യമായി ഭക്ഷണം കിട്ടും എന്നു കേട്ട് ഇവര്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി. രണ്ടുമാസം അവിടെയായിരുന്നു. അവിടെ നിന്നും പുറത്തുകടക്കാനുള്ള വഴി നോക്കിയിരിക്കുമ്പോഴാണ്, ബി.എസ്.പിയുടെ ആലുവയിലെ പാര്‍ട്ടി ഓഫീസ് ഇവര്‍ക്കായി സ്ഥലം കൊടുത്തത്. മല്ലേഷും ജയറാമും അവിടെയാണ് അന്തിയുറങ്ങുന്നത്.

വിഗ്നേഷ് ഇവിടെ നിന്നു ട്രെയിന്‍ കയറി തൃശൂരിലെത്തും. അവിടെ കോളേജില്‍ പഠിക്കുന്ന കൂട്ടുകാരന്റെ ഹോസ്റ്റല്‍ റൂമില്‍ തങ്ങും.

കൂട്ടത്തിലെ നാലാമന്‍ രണ്ടാം വര്‍ഷക്കാരന്‍ ഹരീഷ്. പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥിയാണ്. ആദ്യവര്‍ഷം ഹോസ്റ്റലുണ്ടായിരുന്നു. രണ്ടാം വര്‍ഷം ഇറക്കി വിടപ്പെട്ടു. ബന്ധത്തിലുള്ള ഒരു ചേച്ചി റെയില്‍വേയിലുണ്ട്. അവര്‍ അഭയം കൊടുത്തതിനാല്‍ തെരുവിലായില്ല.

'വലിയ കോളേജി പഠിക്കണമെന്നൊക്കെ നമുക്കും സ്വപ്നങ്ങളൊക്കെയുണ്ട്. ഞങ്ങളും അതൊക്കെ പ്രതീക്ഷിച്ചാ മഹാരാജാസില്‍ വന്നത്. കുറേ നടന്മാര് പഠിച്ചു പോയിട്ടുണ്ട്. അങ്ങനൊക്കെ പറയുമ്പോ നാട്ടിലൊക്കെ ഒരഭിമാനം പോലെ. ഇവിടെ വരമ്പോഴല്ലെ അറിയൂള്ളു'-
മഹാരാജാസിലെ പട്ടിണി അവരെ തളര്‍ത്തിയിരിക്കുന്നു. കോളേജിലെ പ്രശസ്തരായ ദളിതര്‍ പോലും ഇതൊന്നുെ അറിയാതെ പോയി... പലരും അറിയില്ലെന്ന് ഭാവിച്ചു. 

വകുപ്പ് മന്ത്രി എ.കെ ബാലനെ ഫോണില്‍ വിളിച്ചു നോക്കി. കിട്ടാതായപ്പോള്‍ ഓഫീസിലെ ഫാക്സ് നംപര്‍ സംഘടിപ്പിച്ച്. പരാതി അയച്ചു. എസ് ടിയുടെ ഒഴിവ് കഴിഞ്ഞു. എസ് സിയുടെ ഒഴിവിലേയ്ക്ക് പരിഗണിക്കാന്‍ മന്ത്രി പറയണമെന്ന് ഹോസ്റ്റലിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോളേജിന്ന് നടക്കാനുള്ള ദൂരമേയുള്ളു. ഭക്ഷണവും താമസവുമെല്ലാം അവിടെ സൌജന്യമാണ്. ആ പ്രതീക്ഷയിലാണ് ഇവിടേക്ക് പഠിക്കാനെത്തിയത്.

പട്ടിണിക്കാലം തുടങ്ങിയപ്പോള്‍ സ്ഥലം എംഎല്‍എ ഹൈബി ഈഡനെ കണ്ടു കാര്യം പറഞ്ഞു. വകുപ്പ്  ഉദ്യോഗസ്ഥരെ കാണാന്‍ പറഞ്ഞ് അദ്ദേഹം കാറില്‍ കയറിപ്പോയി.

മന്ത്രിയ്ക്ക് അയച്ച പരാതിയില്‍- ഹോസ്റ്റല്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ പട്ടിണിയിലാണ് എന്നു വ്യക്തമായി പറയുന്നു. പരാതി അയച്ച ശേഷം കിട്ടിയോ എന്നറിയാന്‍ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍, അവര്‍ ദേഷ്യപ്പെട്ടു. കുട്ടികള്‍ പേടിച്ച് ഫോണ്‍ വെച്ചു. ഫാക്സ് അവിടെ കിട്ടി എന്നതിന്‍റെ രസീതുണ്ട്.

[caption id="attachment_76742" align="aligncenter" width="653"] മന്ത്രി എ.കെ ബാലന് മൂന്നു വിദ്യാര്‍ത്ഥികള്‍ സംയുക്തമായി ഫാക്സ് ചെയ്ത പരാതി. പട്ടിണിയിലാണ് എന്ന് പരാതിയില്‍ പറയുന്നുണ്ട്. ഈ ഫാക്സ് കിട്ടിയില്ല എന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്[/caption]

ജാതിയുടെ പലതരം അകറ്റി നിര്‍ത്തലുകള്‍ സഹിച്ച് പൊരുതിപ്പഠിച്ചു. എല്ലാം സഹിച്ച് പഠിച്ചു. മണ്ണില്ല, കാടില്ല- ആകെയുള്ളത് സംവരണം മാത്രം എന്നു തിരിച്ചറിഞ്ഞുള്ള പഠനം.

മക്കളുടെ പഠനം തന്നെയാണ് രക്ഷയെന്നറിയാവുന്നതിനാല്‍, കുറച്ചു നേരം കൂടി കൂടുതല്‍ പണിയെടുക്കും ലച്ചിയും രാജമ്മയും മരുതനും വള്ളിയും ആറുമുഖനും ശെല്‍വനും ചെല്ലിയും. മക്കള്‍ പഠിക്കണം എന്ന് ആഗ്രഹമുള്ളവര്‍- എല്ലാവരുടേയും രക്ഷകര്‍ത്താക്കള്‍ ഇരുളാ വിഭാഗത്തില്‍പ്പെട്ട  അട്ടപ്പാടിയിലെ   കൂലിപ്പണിക്കാര്‍.

പാലക്കാട് വിക്ടോറിയയും തൃശൂര്‍ കേരള വര്‍മ്മയുമടക്കം ഉണ്ടായിട്ടും മഹാരാജാസ് കോളേജില്‍, കേരളത്തിലെ ഏക സര്‍ക്കാര്‍ സ്വയംഭരണ കോളേജില്‍ പഠിക്കാനെത്തി.


അങ്ങനെ നിങ്ങള്‍ മഹാരാജാസ് കോളേജില്‍ എത്തി. എന്നിട്ട്?

മല്ലേഷ്: ആദ്യം തന്നെ ഹോസ്റ്റലില്ല എന്നറിഞ്ഞിരുന്നു. ഞങ്ങള് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അപേക്ഷിച്ചിട്ടാണ് അഡ്മിഷനെടുത്തത്. വേഗം കിട്ടുമെന്നാണ് കരുതിയത്. ആറുമാസം കഴിഞ്ഞേ, അതായത് ഡിസംബറിലൊക്കെ (2016) ആകുമെന്നാണ് അവര് പറഞ്ഞത്. ഇനിയും അത് നടന്നില്ല. (ഇപ്പോള്‍ ഏഴുമാസമാകുന്നു)

ആദ്യം മഹാരാജാസില്‍ വരുമ്പോള്‍ തന്നെ ഭയങ്കര കഷ്ടപ്പാടായിരുന്നു. ഹോസ്റ്റലില്ലാത്തതിനാല്‍ ഒരു മാസമൊക്കെ ഫുഡില്ലാതെയാണ് നിന്നത്. ഞങ്ങളെ ഹെല്‍പ്പ് ചെയ്തതൊരു ദീപു സാറാണ്. പൈസയൊക്കെ തന്ന്.

 മല്ലേഷ് പ്ലസ്ടു വരെ ഷോളയാറില്‍ പഠിച്ചു. പത്തില്‍ 55 ശതമാനം മാര്‍ക്കുണ്ടായിരുന്നു. ഓട്ടമത്സരങ്ങളിലെ ചാമ്പ്യനാണ്. ബിരുദത്തിന് ഇക്കണോമിക്സാണു വിഷയം. ചേട്ടന്‍  കോഴിക്കോട് സര്‍വ്വകലാ ശാലയില്‍ നിന്ന് ബിടെക് എടുത്തു. മല്ലേഷിനെ സഹായിക്കാനുള്ള പാങ്ങായിട്ടില്ല. ടെസ്റ്റെഴുതി ജോലിക്ക് കാത്തിരിക്കുന്നു. ഫുഡില്ലാ എന്നു പറഞ്ഞാല്‍, നിങ്ങളെന്തു ചെയ്യും ഇത്രയും നേരം? രാവിലെ മുതല്‍ ഭക്ഷണം കഴിക്കാതെ നടക്കുമോ?

എല്ലാവരും: രാവിലെയൊന്നും കഴിക്കാറില്ല. രാവിലെയൊക്കെ കഴിച്ചിട്ട് കുറേക്കാലമായി. കഴിക്കാതെ അതിപ്പോ മറന്നു പോയി.

വിഗ്നേഷ്:
ഉച്ചയ്ക്ക് ക്ലാസിലെ പിള്ളേര് തരും. പിന്നെ രാത്രി,  കടേന്നു കഴിച്ചാലായി.

വിഗ്നേഷ്  ഫിലോസഫി വിദ്യാര്‍ത്ഥിയാണ്. കോളേജിലെ ക്രിക്കറ്റ് ടീമിലുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ കാലടി ശ്രീരാമ അദ്വൈത ആശ്രമത്തില്‍ പഠിച്ചു. വിശപ്പ് സഹിക്കേണ്ടി വന്നിട്ടില്ല അവിടെയൊരിക്കലും. അനിയന്‍ ദിനേഷ് പ്ലസ് ടുവിന് പഠിക്കുന്നു. 

[caption id="attachment_76746" align="aligncenter" width="614"] മന്ത്രി എ.കെ ബാലന്‍റെ ഓഫീസില്‍ ഫാക്സ് കിട്ടി എന്നതിനു തെളിവായി വിദ്യാര്‍ത്ഥികളുടെ കയ്യിലുള്ള ബില്ല്[/caption]

ജയറാം: പട്ടിണി മരണമൊക്കെ ഒണ്ടാകും. അതേ പോലത്തെ സിറ്റുവേഷനാണ്. അവ്ടന്നു വന്നു പഠിക്കുകാന്നു പറഞ്ഞാല്‍ ഗവണ്‍മെന്‍റ്  നമുക്കിവിടെ സൗകര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടാകും എന്ന പ്രതീക്ഷയാണ്. പക്ഷെ അതൊന്നും നമുക്കിവിടെ  തരണില്ല.

നമ്മളിവിടെ വരുമ്പോ ഉദ്യോഗസ്ഥര് പൈസയില്ലാത്തവരിപ്പോ പഠിക്കണ്ട, അങ്ങനത്തൊരു സിറ്റുവേഷനായി മാറി. കേരളമൊക്കെ അങ്ങനെ മാറീട്ടുണ്ട്.

നാട്ടീന്ന് മാറിപ്പഠിക്കുകാന്നു പറഞ്ഞാല്‍ ഒരു ഹോസ്റ്റല്‍ സൗകര്യം ചെറുതായിട്ടാണെങ്കിലും വേണ്ടേ? ഒന്നുമില്ലെങ്കില് നമ്മുടെ കോളജിന്റെ ഹോസ്റ്റല്. അതിനത്ര വലിയ കുഴപ്പമൊന്നുമില്ലെന്നു തോന്നുന്നു. പക്ഷെ അതൊക്കെ ഇങ്ങനെ അടച്ചിട്ടു കളഞ്ഞാ, നമ്മളെ പോലെ കുറെ പേരെ അത് ബാധിക്കും.

ഇവിടെ വരമ്പോഴല്ലെ അറിയൂള്ളു, ഇവിടെ ഹോസ്റ്റലില്ല, ഒന്നൂല്ല.

നമ്മള് പൊറത്ത് റൂമെടുത്ത് ആരുടെയെങ്കിലും കൂടെപ്പോയി നില്‍ക്കുമ്പോ അവരൊക്കെ എന്തെങ്കിലും ദേഷ്യത്തിലൊക്കെയാണെങ്കില്‍, എന്തങ്കിലുമൊക്കെ പറയും. മറ്റുള്ളവരുടെ റൂമ് യൂസ് ചെയ്യുമ്പോ എന്തെങ്കിലുമൊക്കെ പറയും.

അങ്ങനെ കുറച്ചു ദിവസം ഞങ്ങള് ആര്‍എസ്എസിന്റെ കാര്യാലയത്തിലൊക്കെ നിന്നിട്ടുണ്ടായിരുന്നു. അവിടന്നു പിന്നെ ദീപു സാറ് ഹെല്‍പ്പ് ചെയ്തിട്ടാണ് ഇപ്പോ സമാധാനമായൊരു സ്ഥലത്തേയ്ക്ക് ഞങ്ങളെത്തിയത്. ഇപ്പോ ഞങ്ങള് ബിഎസ്പിയുടെ പാര്‍ട്ടി ഓഫീസിലാണ്. അവിടെ കുഴപ്പമില്ല ഞങ്ങള്‍ക്ക്. എല്ലാമുണ്ട്.

പിന്നെ രാവിലെ ഫുഡ് കഴിക്കാറില്ല ഞങ്ങള്. അതിപ്പോ ശീലിച്ചു പോയി. ഫുഡ് കഴിക്കാതെ... ഫുഡ് കഴിക്കാതെ... രാവിലെ കഴിക്കുന്നേയില്ല. എല്ലാവര്‍ക്കുമൊന്നും ഞങ്ങടെ അവസ്ഥ അറിയില്ല.

ജയറാം, പാലക്കാട് പോളി ടെക്‌നിക്കില്‍ മൂന്നു വര്‍ഷം കംപ്യൂട്ടര്‍ ഡിപ്ലോമ പഠിച്ചു. ചില പേപ്പറുകള്‍ കൂടി കിട്ടാനുണ്ട്. അതെഴുതി എടുക്കുന്ന സമയം വെറുതെ കളയണ്ട എന്നു കരുതിയാണ് ഇക്കണോമിക്‌സ് പഠിക്കാനെത്തിയത്. സര്‍ക്കാര്‍ ജോലിയാണ് ഉദ്ദേശം. അനുജന്‍ ദിനേഷ് ഒപ്പം മഹാരാജാസില്‍ ചേര്‍ന്നു. രണ്ടാള്‍ക്കും താമസവും ഭക്ഷണവും നല്‍കാനുള്ള ശേഷി വീട്ടിലില്ലാത്തതിനാല്‍ അഡ്മിഷനെടുക്കാതെ അനുജന്‍
അട്ടപ്പാടിക്ക് മടങ്ങിപ്പോയി പണിയെടുക്കുകയാണ്. അടുത്ത വര്‍ഷമെങ്കിലും കോളേജില്‍ ചേരാന്‍.
വിഗ്നേഷ്, ഇവിടെ നിന്ന് തൃശൂരിലെ വേറെ  കോളേജിന്‍റെ ഹോസ്റ്റലില്‍ പോയി താമസിച്ചാണല്ലേ പഠിക്കുന്നത്?

വിഗ്നേഷ്: കൂട്ടുകാരുള്ളതു കൊണ്ട് അവിടെ കുഴപ്പമില്ല. ദിവസവും പോയ് വരുകയാണ്. രണ്ടു മണിക്കൂറ് തന്നെ അപ്പോ ട്രെയിനിന് പോകും, ഒരു ദിവസം. പാസില്ലാതെ വന്നിട്ട് 65 രൂപയൊക്കെ ട്രെയിനിന് കൊടുത്ത് പോകേണ്ട അവസ്ഥയൊക്കെ വന്നു.

[caption id="" align="aligncenter" width="641"]Image result for മഹാരാജാസ് കോളേജ് മഹാരാജാസ് കോളേജ്[/caption]
അങ്ങനെ ക്ലാസില് വരാണ്ടിരിക്കേണ്ടിയൊക്കെ വന്നോ?

ഫസ്റ്റ് കുറേ വരാണ്ടിരുന്നു. അങ്ങനെ ഞാനിവിടെ സെം ഔട്ടായി. 58 ശതമാനം അറ്റന്‍ഡന്‍സേ ഉണ്ടായിരുന്നുള്ളു. അവസാനം പ്രിന്‍സിപ്പളിനോട് പോയി കാര്യം പറഞ്ഞപ്പോ, കണ്ടോണേഷനാക്കി തരാന്നു പറഞ്ഞു. അതിനടയ്ക്കാന്‍ ഫീസില്ലായിരുന്നു. അപ്പോ ഞാന്‍ കാശില്ലന്നു പറഞ്ഞപ്പോ പ്രിന്‍സിപ്പള് തന്നെ കാശ് തരാമെന്നു പറഞ്ഞു.
എത്ര രൂപ തന്നു?

500 രൂപ തന്നു. 800 ആണ് അടയ്‌ക്കേണ്ടത്. 300 എന്റെ കയ്യിലുണ്ട് ടീച്ചറേയെന്നു പറഞ്ഞു. 1000 തരാന്ന് പറഞ്ഞതാണ്. പക്ഷെ ടീച്ചറിന്റെ കയ്യിലപ്പോ കാശില്ലായിരുന്നു.
ഫസ്റ്റ് ഇയറ് ഹരീഷ് ഹോസ്റ്റലിലായിരുന്നില്ലേ. പിന്നെന്താണ് സംഭവിച്ചത്?

ഹരീഷ്: എന്റെ അനിയനാണ് കേരള വര്‍മ്മയില്‍ പഠിക്കുന്നത്. എന്റെ ഒരു കസിന്‍ ചേച്ചി ഇവിടെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ ഉള്ളതു കൊണ്ട് എനിക്ക് കുഴപ്പമൊന്നുമില്ല. ഹോസ്റ്റല്‍ ഇല്ലാതെ പോയതാണ് ഒരു പ്രശ്‌നമായി എനിക്ക് തോന്നുന്നത്. ഹോസ്റ്റലില്ലാതായാല്‍ എവിടുന്ന് വല്ലതും കഴിക്കും.

ഹരീഷിന്റെ അനുജന്‍ ബിഎസ്സി മാത്ത്സിന് തൃശൂര്‍ കേരളവര്‍മ്മയിലുണ്ട്. പോള്‍വാട്ടില്‍ ചാമ്പ്യനുമാണ്. മുളവടിക്കു പകരം റബ്ബര്‍ സ്റ്റിക്കായിരുന്നെങ്കില്‍ റെക്കോര്‍ഡ് ഇടുമായിരുന്നുവെന്ന് ഉറപ്പുള്ള കായിക താരം. പക്ഷെ ഇവിടെ കോളേജില്‍ അതിനൊന്നുമുള്ള സൌകര്യമില്ല.


ജയറാം: രാവിലെ തളര്‍ന്നിരിക്കുമ്പോ ടീച്ചറന്മാര് എന്താടാ ജയറാമേ രാവിലെ നീ ഒന്നും കഴിക്കാതെ വന്നിട്ട് ക്ലാസിലിരിക്കുന്നോ എന്നു ചോദിക്കുമ്പോ, നമുക്കിങ്ങനെ തൊറന്ന് പറയാന്‍ തോന്നുമോ. നാണക്കേട് തോന്നും, ടീച്ചറേ കഴിച്ചിട്ടില്ലാന്നൊക്കെ പറയാന്‍.

നമുക്ക് ഓട്ടോമാറ്റിക്കായിട്ട്, ഇല്ല കഴിച്ചിട്ടുണ്ട്. അങ്ങനെ പറഞ്ഞ് ഒപ്പിച്ചൊക്കെ ഇരിക്കും. രാവിലെ നല്ല വിശപ്പുണ്ടാകും. കാണിക്കുന്നില്ല പൊറത്ത്, അത്രയേ ഉള്ളു. ഫുഡിന്റെ കാര്യം വളരെ ബുദ്ധിമുട്ടാണ് ഞങ്ങള്‍ക്ക്. ആരോഗ്യകരമായ ഫുഡ് ഇവിടെയും കിട്ടുന്നില്ല, അവിടെയുമില്ല (അട്ടപ്പാടിയില്‍).

പൈസയൊള്ള വീട്ടിലൊക്കെയാണെങ്കില് നമുക്ക് റൂമൊക്കെ എടുത്തിട്ട് നിക്കാം. ഇത് നമ്മള് പൈസയില്ലാത്തവര്...


ആര്‍എസ്എസ് കാര്യാലയത്തിന്ന് തിരിച്ചു പോന്നത് എന്തുകൊണ്ടാണ്?

രണ്ടുമൊസമൊക്കെ ഞങ്ങളവിടെ ഉണ്ടായിരുന്നു. പിടിച്ചു നിക്കാന്‍ പറ്റാത്ത ഒരു സാഹചര്യമായിരുന്നു. കാരണം, അവരുടെ പരിപാടിക്കൊക്കെ നമുക്ക് പോകേണ്ടി വരും. അപ്പോ നമുക്ക് പഠിക്കാന്‍ സമയമുണ്ടാകില്ല.
എന്തൊക്കെ പരിപാടി?

അവരുടെ പ്രചാരകന്മാരൊക്കെ വരുമ്പോ പരിപാടിക്കു പോയി നമ്മള് ഹെല്‍പ്പ് ചെയ്ത് കൊടുക്കണം. റൂമിലാണ് നിക്കുന്നതെങ്കിലും കോളേജില്‍ പോയ് വരാന്‍ മാത്രമേ സമയമുണ്ടാകൂ. കുറേ പണി ചെയ്യണം.പഠിക്കാനൊന്നും സമയമുണ്ടാകില്ല. ഞങ്ങടെ ഒരു സെം അങ്ങനെ പോയിട്ടുണ്ട്. ഞാനൊക്കെ എക്‌സാം എഴുതിയതെന്നു വെച്ചാ, ക്ലാസി കേട്ടത് വെച്ചേ എക്‌സാം എഴുതിയിട്ടുള്ളു. ഒന്നും പഠിച്ചിട്ടൊന്നുമില്ല. കാരണം പഠിക്കാനുള്ള സമയം കിട്ടീട്ടില്ല. പഠിക്കാന്‍ തീരെ സമയമില്ല. ഞങ്ങക്ക് അങ്ങനത്തൊരു സിറ്റുവേഷന്‍ കിട്ടുന്നില്ല. ഹോസ്റ്റലിലാരുന്നെങ്കില്‍ ഇരുന്നു പഠിക്കാം... എത്ര നേരം വേണമെങ്കിലും ഇരുന്നു പഠിക്കാം...


ജയറാം: ടീച്ചറമ്മാര് പറയും മരത്തിന്റടീല് കൂത്തീരുന്ന് പഠിച്ചവരൊക്കെ ജവഹര്‍ലാല്‍ നെഹ്‌റുവായി, അംബേദ്കറായി എന്നൊക്കെ. പക്ഷെ, ഇവിടെയൊക്കെ മരത്തിന്റടീലിരുന്ന് പഠിച്ചാ കഞ്ചാവാന്നു പറഞ്ഞ് പിടിച്ചോണ്ട് പോകും.

നമുക്ക് പഠിക്കാനുള്ള സാഹചര്യം കിട്ടുന്നില്ല. ടീച്ചറന്മാര് ക്ലാസില് പറയണത് കേട്ട്, ജെസ്റ്റൊന്നു പഠിക്കണതേയുള്ളു. പിന്നെയീ പോയ് വരവിന്റെ ഇടയില് പഠിക്കല് നടക്കുകയേയില്ല. നല്ല ക്ഷീണമുണ്ട് പോയ് വരുമ്പോഴേയ്ക്കും. ഹോസ്റ്റലിന്റെ കാര്യം എന്തെങ്കിലുമൊക്കെ റെഡിയാവുകയാണെങ്കില്‍ ഞങ്ങള്‍ക്കൊരു സമാധാനമായേനെ.
നിങ്ങള്‍ക്കു മാത്രമാണോ കുഴപ്പങ്ങള്‍?

ഹരീഷ്: ബ്ലൈന്‍ഡായ ഒരു ചേട്ടന്‍. ഞങ്ങളുടെ നാട്ടിലുള്ളതു തന്നെ. എസ്ടി അല്ല. ആ ചേട്ടനും ക്ലാസുകള് കുറേ നഷ്ടപ്പെട്ടു. പിജി ഇപ്പോ കഴിഞ്ഞതു കൊണ്ട് രക്ഷപെട്ടു. പുള്ളീടെ പേര് ലിജോ എന്നായിരുന്നു. പൊളിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു.

പുള്ളിയൊക്കെ വരുന്ന പ്ലേസ്, ആനയൊക്കെ ഇറങ്ങുന്ന പ്ലേസാണ്. പുള്ളിയൊക്കെ കുറേ കഷ്ടപ്പെട്ടിട്ടാണ്. ഞാനും മല്ലേഷുമായിരുന്നു പുള്ളീടെ വീട്ടിലൊക്കെ പോയി കൂട്ടിക്കൊണ്ടു വരുന്നതും വണ്ടി കേറ്റുന്നതും എക്‌സാം ഹാളിലൊക്കെ കൊണ്ടുപോകുന്നതും സ്‌ക്രൈബ് എഴുതാന്‍ ആളുകളെ കണ്ടെത്തി കൊടുക്കുന്നതുമൊക്കെ. കാട്ടിന്റെ ഉള്ളില്‍ നിന്ന് രണ്ടു കിലോമീറ്ററൊക്കെ നടന്ന്. ബസും കിട്ടൂല്ല. അങ്ങനത്തെ പ്ലേസില്‍ നിന്നാണ് പുള്ളിയൊക്കെ ഇവിടെ വന്ന് പഠിച്ചത്. ഹോസ്റ്റലില്ലാതെ പുള്ളി കുറേ ബുദ്ധിമുട്ടി.

ഞങ്ങള് വീട്ടിന്ന് അകന്ന് നില്‍ക്കുവല്ലേ. നമ്മള് ഒരു നെലേലെത്തണം എന്നല്ലേ അവര്‍ക്ക്. അതുകൊണ്ട് ഞങ്ങള്‍ ഇതൊന്നും വീട്ടിലറിയിച്ചിട്ടില്ല. 


പെട്ടെന്ന് ചോദിച്ചു നിങ്ങള്‍ക്ക് സങ്കടമുണ്ടോ?
എല്ലാവരും ഒന്നിച്ചാണ് പറഞ്ഞത്- പിന്നെ നല്ല സങ്കടമുണ്ട്. ജയറാമാണ് കൂട്ടിച്ചേര്‍ത്തത്- ഇതെല്ലാം തുറന്നു പറയാനൊരു സിറ്റുവേഷന്‍ കിട്ടാതെ ഞങ്ങളിരിക്കുകയായിരുന്നു.ഹരീഷ്: എസ് സി ഓഫീസുമായി ബന്ധപ്പെടാന്‍ പറഞ്ഞപ്പോള്‍, എസ്‌സി ഓഫീസര്‍ മോശമായാണ് ഇവരോട് ബിഹേവ് ചെയ്തത്.

ജയറാം: അവര് പറഞ്ഞ് പൈസയില്ലെങ്കില് നമ്മളിത്തരം കാര്യങ്ങള്‍ക്കൊന്നും നിക്കാമ്പാടില്ല. പൈസയില്ലാത്തവരൊന്നും പഠിക്കരുത്. അങ്ങനത്തൊരു സിറ്റുവേഷനാണ്. പിന്നെ, ഇവിടുത്തെ ഒരു എസ് ടി ഓഫീസറാണ്. അദ്ദേഹത്തിന്റെ പേരറിയില്ല.
പേരൊന്നു കൂടി ഓര്‍ത്തു നോക്കിക്കേ?

പുള്ളി ഇവിടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പിന്നെ, നമുക്കാരെയും ഉപദ്രവിക്കാനൊന്നും ഇഷ്ടമല്ല.
നമുക്കു മാത്രം ഉപദ്രവം കിട്ടിയാല്‍ മതിയോ?

അത്, കിട്ടിക്കിട്ടി ശീലിച്ചു എന്നേ എനിക്കു തോന്നുന്നുള്ളു.

ഹോസ്റ്റലിന്റെ കാര്യത്തിലൊരു സൗകര്യം വേണം. ഇപ്പോ ഒരു സെം കഴിഞ്ഞു. എക്‌സാമിന്റെ റിസല്‍റ്റ് വരുമ്പോ എന്തായാലും ഞാനൊക്കെ പൊട്ടും എന്നുള്ളത് ഉറപ്പായി. കാരണം എനിക്ക് പഠിക്കാനൊരു സാഹചര്യം കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം. ഗവര്‍ണമെന്റ് നമുക്കായിട്ട് ഹോസ്റ്റലുകള് കൊടുത്തിട്ടുണ്ട്... കോളേജുകളില് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്, എന്നൊക്കെ പറയുന്നത് ചുമ്മാതാ. ഇതൊക്കെ നമ്മളിവിടെ വന്നപ്പോ അനുഭവിച്ചറിയുന്നു. ഇതൊന്നും നമുക്ക് എത്തിപ്പെടുന്നില്ല എന്ന് ഉറപ്പായി.

പഠിക്കാന്‍ പറ്റണൊരു സാഹചര്യം ഞങ്ങള്‍ക്ക് കിട്ടണില്ല. പിന്നെ പൈസയുടെ ബുദ്ധിമുട്ടുകള്.  കോളേജില് എല്ലാവരും രാവിലെ നല്ല എനര്‍ജറ്റിക്കായിട്ട് വരും നമ്മള് ഫുഡ് കഴിക്കാതെ എന്ത് എനര്‍ജറ്റിക്കായിട്ട് അവിടെ പോയിരിക്കാനാണ്. രാവിലെ ഒന്നും കഴിക്കാറൊന്നുമില്ല. ഫുഡ് കഴിച്ചിട്ടില്ലെന്ന് തുറന്നു പറയാനുള്ള മടിയൊക്കെയുണ്ട്. സങ്കടകരമായ കുറേയിതൊക്കെയുണ്ട്. മാനസികമായ ഒത്തിരി പിരിമുറക്കത്തിലൊക്കെയാണ്, അങ്ങനത്തെ സമയത്തൊക്കെ. അത്തരം സിറ്റുവേഷനിലൊക്കെ കരയണം, പക്ഷെ കരയാറു പോലുമില്ല.

ആത്മഹത്യയൊന്നും നമ്മള് ചെയ്യില്ല. ചെറുപ്പം തൊട്ടേ വീട്ടീന്ന് മാറിനിന്ന് പഠിച്ചിട്ട് ഞങ്ങള്‍ക്ക് നല്ല ഇതാണ്. ഏതൊരു സിറ്റുവേഷനില് പോയാലും പിടിച്ചുനിക്കുക, കൊഴിഞ്ഞു പോകാതിരിക്കുക- അതു പഠിച്ചെടുത്തതു കൊണ്ടു മാത്രമാണ് ഞങ്ങളിപ്പോഴും എറണാകുളത്ത് പിടിച്ചുനിക്കുന്നത്. അല്ലേലെപ്പോഴേ പഠിത്തം നിര്‍ത്തി പോയേനെ.

ഇടുക്കീലെ രണ്ടു ചെക്കന്മാര് പഠിത്തം നിര്‍ത്തിപ്പോയി, ഹോസ്റ്റലില്ലാണ്ട് (ഇടമലക്കുടിയില്‍ നിന്നുള്ള രഘുവും ശിവകുമാറും). അവര് പകുതിവരെ ഞങ്ങളുടെ കൂടെ പിടിച്ചുനിന്നു. പിന്നെ അവര് പറഞ്ഞു, എനിക്കു വയ്യെടാ, എന്റെ വീട്ടുകാരുടെ പൈസ വെറുതെ പോകുവാ. മാസാമാസം അയ്യായിരവും നാലായിരവും അയച്ചുതരാന്‍ വീട്ടുകാര് അംബാനിമാരൊന്നുമല്ലല്ലോ. അവര് ഒരു മുന്നറിയിപ്പും തരാണ്ട് പഠിത്തം നിര്‍ത്തി പോവുകേം ചെയ്തു.
കോളേജിലെ ടീച്ചര്‍മാര്‍ക്കൊന്നും നിങ്ങടെയീ അവസ്ഥ അറിയില്ലേ?

ട്യൂട്ടറിനൊക്കെ അറിയാം. ഫസ്റ്റ് ഇയറില് കുറച്ച് അറ്റന്‍ഡന്‍സ് തന്ന് സഹായിച്ചിട്ടുണ്ട്. പ്രിന്‍സിപ്പളിന്റെ അടുത്ത് ഇക്കാര്യം എത്തിക്കണമെന്നൊക്കെ വിചാരിച്ചതാണ്. പക്ഷെ പ്രിന്‍സിപ്പളിന്റെ അടുത്ത് നമ്മള് പോയി പറഞ്ഞു കഴിഞ്ഞാല്‍ പറയും ആദ്യമേ ഞാന്‍ പറഞ്ഞതല്ലേ ഹോസ്റ്റലില്ലെന്ന്. നിങ്ങള്‍ക്കു മാത്രമായിട്ട് ഹോസ്റ്റല് തുറന്നു തരാന്‍ പറ്റൂല്ലാന്ന് പ്രിന്‍സിപ്പള് പറഞ്ഞാല്‍ ഞങ്ങള്‍ക്കും ഒരു ഇതാകും. അതുകൊണ്ട് ചോദിക്കാന്‍ നിന്നില്ല. പിന്നെ ഞങ്ങടെ പ്രതീക്ഷ മുഴുവന്‍ പോസ്റ്റ് മെട്രിക്കായിരുന്നു. അപ്പോ ഞങ്ങള്‍ക്കേതാണ്ടുറപ്പായി ഈ വര്‍ഷമെന്തായാലും ഹോസ്‌ററലില്ലെന്ന്. പഠിക്കാനുള്ള സൗകര്യങ്ങള്‍ മൊത്തത്തില്‍ നഷ്ടപ്പെട്ടു.

മഹാരാജാസിനു മുന്നിലെ സുഭാഷ് പാര്‍ക്കിലേയ്ക്ക് അവര്‍ നാലുമൊത്ത് കയറുകയായിരുന്നു. ബെഞ്ചുകളിലും മരച്ചോടുകളിലുമുണ്ടായിരുന്ന  പെണ്‍കുട്ടികള്‍ ഉറക്കെ ചിരിക്കുന്നു. ജയറാം പറഞ്ഞു- അവരൊക്കെ സന്തോഷിക്കുന്നതു കണ്ടോ. ഞങ്ങള്‍ക്കൊന്നും അതില്ല. സന്തോഷമില്ല.

നാലു നേരവും പട്ടിണി കിടക്കുന്നവര്‍ക്ക് എന്ത് സന്തോഷം. അടിവയറ്റില്‍ അണയാത്തൊരു കനല്‍ എരിഞ്ഞു കൊണ്ടേയിരിക്കും. രാവിലെ വയറു നിറയെ പച്ചവെള്ളം കുടിച്ചാലോ, കൂട്ടുകാര്‍ അടപ്പു പാത്രത്തില്‍ പകുത്തു നില്‍കുന്ന ഇത്തിരി വറ്റ് കഴിച്ചാലോ തീരുന്നതല്ല വിശപ്പ്. അകത്തെ വിശപ്പ് പുറത്തു കാണാത്തത് കീറിപ്പറിയാത്ത ഉടുപ്പുകളിടുന്നതു കൊണ്ടു മാത്രം.

സംവരണ വിരുദ്ധ ചോദ്യം കേട്ടു: അപ്പോ ഇവര്‍ക്ക് സ്‌റ്റൈപ്പെന്റ് ഇല്ലേ എന്ന്. ഉണ്ട്, എന്നോ കിട്ടുമെന്നു പ്രതീക്ഷിക്കുന്ന സ്റ്റൈപ്പെന്റ് കണ്ട് ഈ ചെറുപ്പക്കാർക്ക് ആരാണ് താമസവും ഭക്ഷണവും നല്‍കുക. കോളേജ് ഹോസ്റ്റലുണ്ടായിരുന്നെങ്കില്‍ കടത്തിന് ഭക്ഷണവും താമസവും കിട്ടുമായിരുന്നു.

മെട്രോ റെയില്‍വെയുടെ ഒരു സ്റ്റേഷന്‍ മഹാരാജാസ് മൈതാനമാണ്. ആകാശപ്പാതയിലൂടെ കേരളം വികസനത്തിലേയ്ക്ക് കുതിക്കുമ്പോള്‍ താഴെ ഇവരുണ്ടാകും.

ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍ ഭരിക്കുന്ന ഈ ഇന്ത്യാമഹാരാജാസിനോട് ഈ കോളേജ് കുമാരന്മാര്‍ക്ക്  പറയാനൊന്നേയുള്ളു- വിശക്കുന്നു!

വീഡിയോ അഭിമുഖം കാണാം

https://www.youtube.com/watch?v=c23lFiAl50o

Read More >>